കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലാണ് മാടത്തുമല എന്ന് കൂടെ അറിയപ്പെടുന്ന റാണിപുരം ഹിൽ സ്റ്റേഷൻ നിലകൊള്ളുന്നത്.കാസർഗോഡിന്റെ ഊട്ടി എന്ന് ഈ മലനിരകൾ അറിയപ്പെടുന്നു.കാസർഗോഡ് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ,ജനങ്ങൾ കൂട്ടമായി എത്തുന്ന ഇടമായി റാണിപുരം മാറിക്കഴിഞ്ഞു.
പൊതുവെ വരണ്ട കാലാവസ്ഥ ഉള്ള ജില്ലയുടെ ഹരിതാഭമായ വിസ്മയമാണ് റാണിപുരം.മംഗളൂരു നിന്ന് 107 കിലോമീറ്റർ ദൂരവും കാഞ്ഞങ്ങാട് നിന്ന് 48 കിലോമീറ്റർ ദൂരവും റാണിപുരത്തേക്ക് ഉണ്ട്.
ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്ക് റാണിപുരം ഒരുപാടു ഇഷ്ടപ്പെടും.. ഇടതൂർന്ന മരങ്ങൾ നിറഞ്ഞ കാടിനുള്ളിലൂടെ ഉള്ള യാത്ര ഒരുപാട് മനോഹര നിമിഷങ്ങൾ സമ്മാനിക്കുമെന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല.മുട്ടൊപ്പം ഉയർന്നു നിൽക്കുന്ന പുൽനാമ്പുകൾക്ക് ഇടയിലൂടെയുള്ള ,നടന്നു ,നടന്നു തെളിഞ്ഞ വഴികളാണ്.ചിലർ ബൈക്കുകൾ കൊണ്ടും മല കയറാൻ ശ്രമിക്കാറുണ്ട്.
മലയുടെ മുകളിൽ നിന്നുള്ള കാഴ്ചകളാണ് റാണിപുരത്തേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.കാസർഗോഡ് ജില്ലയിൽ തന്നെ ഏറ്റവും ഉയരമുള്ള,സഞ്ചാരയോഗ്യമായ ഹിൽ സ്റ്റേഷൻ ആണ് ,സമുദ്രനിരപ്പിൽ നിന്നും 2560 അടി ഉയരത്തിലുള്ള റാണിപുരം ഹിൽ സ്റ്റേഷൻ.കർണാടകയുമായിട്ടാണ് റാണിപുരത്തിന്റെ അതിരുകൾ ബന്ധിക്കപ്പെട്ടിരിക്കുന്നത്.
മഴക്കാടുകളുടെ സൗന്ദര്യം ആസ്വദിക്കാനും ചോല വനങ്ങളെ അടുത്തറിയുവാനും റാണിപുരം മികച്ച സ്ഥലമാണ്.പതിഞ്ഞു കിടക്കുന്ന ധാരാളം പ്രദേശങ്ങൾ ഉള്ളതിനാൽ ,മരങ്ങൾ ഇല്ലാതെ കാഴ്‌ചകൾ കാണുവാനാകും.പലപ്പോഴും ഈ മൊട്ടകുന്നുകൾക്കിടയിലൂടെ ആനക്കൂട്ടങ്ങളുടെ യാത്രയും കാണുവാൻ കഴിയും.
കാഞ്ഞങ്ങാട് നിന്നും ഒരു KSRTC ബസും, ഒരു Privet ബസും റാണിപുരത്തേക്ക് സർവീസ് നടത്തുന്നുണ്ട്. അതല്ലങ്കിൽ സംസ്ഥാന പാതയിലെ പനത്തടി ടൗണിൽ നിന്നും 10 കിലോമീറ്റർ ദൂരത്തു സ്ഥിതിചെയ്യുന്ന സഞ്ചാരികളുടെ പറുദീസ ആയ ഈ സ്ഥലത്തേക്ക് Privet ടാക്സികളും സർവീസ് നടത്തുന്നുണ്ട്.