"ദൗർഭാഗ്യകരമല്ല ഈ ആരോഗ്യ കേരളം.."

kk shailaja dr najma kalamassery medical college kerala health

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രോഗി മരിച്ച സംഭവം സ്വാഭാവികമായ ഒന്നായിരുന്നില്ല എന്ന് കേരളം കേട്ടത് ഞെട്ടലോടെ ആണ്.അത് പുറത്തറിയുന്നത് തന്നെ നഴ്സിങ്‌ ഓഫിസർ ജലജാ ദേവി പറഞ്ഞ ശബ്ദസന്ദേശത്തിലൂടെയും.അധികൃതരുടെ ഗുരുതര കൃത്യവിലോപത്തിൽ  വെന്റിലേറ്റർ ട്യൂബുകൾ മാറി കിടന്നു...ഓക്സിജൻ കിട്ടാതെയാണ് കോവിഡ് രോഗിയായ ഹാരിസ് മരണത്തിലേക്ക് എടുത്തെറിയപ്പെട്ടത്.ഇതേ പോലെ പല രോഗികൾ മരിച്ചിട്ടുണ്ടെന്ന് അവർ തന്നെ പറയുന്നുമുണ്ട്..സംഭവത്തെ കുറിച്ച് സുതാര്യമായ അന്വേഷണം എന്നതിനേക്കാൾ ആ നഴ്സിംഗ് ഓഫിസറെ സസ്‌പെൻഡ് ചെയ്ത് സർക്കാർ മാന്യത വ്യക്തമാക്കി.ഒപ്പം ആരോഗ്യവകുപ്പിലെ വീഴ്ചകളെ കുറിച്ച് ആരും ഒന്നും പറയാൻ പാടില്ലെന്നുള്ള ഓര്മപ്പെടുത്തലും.ഈ വെളിപ്പെടുത്തലുകൾക്ക് ശേഷം കോവിഡ് കാലത്തു ആശുപത്രികളിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി ഒട്ടേറെ പേർ മുന്നോട്ട് വരുന്നുണ്ട്.

ഇതിൽ കുറ്റക്കാരായവരെ കണ്ടെത്തുന്നതിനോ  മാതൃകാപരമായി ശിക്ഷിക്കുന്നതിനോ പകരം അനീതിക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ  മനസാക്ഷി മരവിച്ചിട്ടില്ലാത്ത ഡോ.നജ്മ യെ അധിക്ഷേപിക്കാനും വേട്ടയാടാനും. മറ്റുള്ളവരുടെ തെറ്റുകളും വീഴ്ചകളും മൂടി വെയ്ക്കുവാനും സംഘടിതമായ ശ്രമമാണ് ഇവിടെ  നടക്കുന്നത്.

ക്വാറന്റൈനിൽ കഴിഞ്ഞ  പെൺകുട്ടിയെ  ആക്രമിച്ച കേസിൽ പരാതിക്കാരിയായ പെൺകുട്ടിയ്ക്കെതിരെ തന്നെ കേസെടുത്ത ആഭ്യന്തര വകുപ്പുള്ള നാടാണ് കേരളം.കോവിഡ് ചികിത്സക്ക്‌ വന്ന രോഗിയെ പുഴുവരിച്ച നിലയില്‍ തിരികെ വിട്ടതും ഇതേ കേരളത്തിൽ തന്നെയാണ്.തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കാലത്തു സാമൂഹികമാധ്യമങ്ങൾ വിഷയം ഗൗരവത്തോടെ എടുത്തതോടെ കുറച്ചു സസ്പെന്ഷൻ അവിടെയും കൊടുത്തു.അവർ അതിനോട് പ്രതിഷേധിച്ചതോടെ അതിലും ഉരുണ്ടുകളി നടത്തി സർക്കാർ രക്ഷപ്പെട്ടു.

ആശുപത്രിയിലേക്കുള്ള യാത്രയ്ക്ക് ഇടയിൽ ആംബുലൻസിൽ വെച്ച് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടപ്പോളും ആരോഗ്യമന്ത്രി ശൈലജ ടീച്ചർ പറഞ്ഞത് "നിർഭാഗ്യകരം" എന്നാണു ആർക്കാണ് ഭാഗ്യം ഇല്ലാതെ പോയത്..പെണ്കുട്ടിക്കോ ..പെൺകുട്ടി തുറന്നു പറഞ്ഞതിൽ പ്രതിക്കോ ..അതോ ഇത്തരം സംഭവങ്ങൾ തടയാനാകാതെ പോയ സർക്കാരിനോ..?

5 ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ പേരിൽ ഇരട്ടക്കുട്ടികളെ ഗർഭാവസ്ഥയിൽ നഷ്ടമാകേണ്ടി വന്ന മാതാപിതാക്കൾ ഈ നാട്ടിൽ തന്നെയല്ലേ.ആശുപത്രികൾക്കെതിരെ അന്വേഷണം ഉണ്ടാകും എന്ന് രാവിലെ ബന്ധുക്കളോടും മാധ്യമങ്ങളോടും പറഞ്ഞ ആരോഗ്യമന്ത്രി വൈകുന്നേരം ആയപ്പോഴേക്കും ബന്ധുക്കൾ പറഞ്ഞിട്ടാണ് അത്യാധുനിക സംവിധാനങ്ങൾ ഉള്ള ആശുപത്രിയിൽ നിന്നും മാതാവിനെ മാറ്റിയത് എന്ന വിചിത്ര വാദവുമായി രംഗത്തു എത്തി.ഒപ്പം ഒരു ഡയലോഗും "നിർഭാഗ്യകരം"ഹത്രാസിലെ പെണ്‍കുട്ടി ബലാല്‍സംഗത്തിനു വിധേയമായിട്ടുണ്ടെന്നു സ്ഥിരീകരിച്ച ഡോക്ടറെ യു പിയിലെ യോഗിസര്‍ക്കാര്‍ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. മുമ്പ് ഇതിലും ക്രൂരമായ വേട്ടയാടലിന് മറ്റൊരു ഡോക്ടറെ വിധേയമാക്കിയത് നാം കണ്ടതാണ്. ഡോ കഫീല്‍ഖാനെ.2017 ആഗസ്തില്‍ ഗോരഖ്പൂരിലെ ബാബാ രാഘവ ദാസ് മെഡിക്കല്‍ കോളേജില്‍ എഴുപതോളം കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരണം നേരിട്ട സന്ദര്‍ഭത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ ആളാണ് അവിടത്തെ ശിശുരോഗ വിഭാഗം ഡോക്ടറായ കഫീല്‍ ഖാന്‍. അത് അദ്ദേഹത്തിനുതന്നെ വിനയാവുകയായിരുന്നു. ആശുപത്രി അധികാരികള്‍ പണമടയ്ക്കാത്ത സാഹചര്യത്തിലാണ് ഓക്സിജന്‍ വിതരണം നിലച്ചതാണ് കുട്ടികളെ മരണത്തിലേക്ക് തള്ളിവിടാന്‍ ഇടയാക്കിയത്. ഈ വേദനാകരമായ സന്ദര്‍ഭത്തില്‍ ഡോക്ടര്‍ കഫീല്‍ഖാന്‍ സ്വന്തം ചെലവില്‍ പല ഏജന്‍സികളില്‍നിന്നു ഓക്സിജന്‍ സിലിണ്ടറുകളെത്തിച്ചു. ഇത് യോഗി ആദിത്യനാഥ് സര്‍ക്കാറിനെ ചൊടിപ്പിച്ചു. അദ്ദേഹത്തെ കള്ളക്കേസുകള്‍ ചുമത്തി തടവിലാക്കുന്നതാണ് പിന്നീട് കണ്ടത്.

ഹത്രാസ് പെൺകുട്ടി ബലാത്സംഘം ചെയ്യപ്പെട്ടില്ല എന്ന സംസ്ഥാന എ ഡി ജി പി പ്രശാന്ത്കുമാര്‍ നടത്തിയ പ്രസ്താവനയ്ക്കു വിരുദ്ധമായി പ്രസ്താവന നടത്തുകയും,12 ദിവസങ്ങൾക്ക് ശേഷമാണ് സാമ്പിളുകൾ ശേഖരിച്ചത് എന്ന് തുറന്നു പറയുകയും ചെയ്ത അലിഗഢ് ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അസീം മാലിക്കിനെയാണ് ജോലിയില്‍നിന്നു പുറത്താക്കിയത്.

ഹത്രാസിലെ പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായെന്നു കണ്ടെത്തിയ ഡോക്ടറെ പിരിച്ചുവിടുമ്പോള്‍, അതു യു പിയിലല്ലേ എന്ന് അലസമാവാന്‍ നമുക്കു കഴിയുന്നില്ല. വാളയാറില്‍ കേസ് അട്ടിമറിച്ച ഡി വൈ എസ് പിയ്ക്ക് പ്രമോഷന്‍ നല്‍കുന്നത് നമ്മുടെ കണ്‍മുന്നിലാണ്. കേരളത്തിലാണ്. 

ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിനുള്ളിലെ പാലത്തായി പെൺകുട്ടിയുടെ നിയമപോരാട്ടത്തിൽ ശൈലജ ടീച്ചറുടെ അലസമായ മറുപടികൾ കേരളം കണ്ടതാണ്.എത്ര വിദഗ്ധമായാണ് സർക്കാർ കുറ്റാരോപിതനെ രക്ഷിച്ചെടുക്കാൻ ശ്രമിച്ചത്.എന്നാൽ കോടതി നിലവിലുള്ള അന്വേഷണസംഘം മാറ്റി പുതിയ അന്വേഷണ സംഘത്തിനെ ഏൽപ്പിച്ചു പുനരന്വേഷണം നടത്തുവാനും ,നിലവിൽ അന്വേഷണസംഘത്തിലുള്ള ഒരാളും പുതിയതിൽ  ഉണ്ടാകരുതെന്നും പ്രത്യേകം പറയുന്നതിലുണ്ട് ആ കേസിലെ ഒത്തുകളിയുടെ ആഴവും അർത്ഥവും.അതും "നിർഭാഗ്യകരം"

ഡോ.നജ്മക്കെതിരെ സൈബർ ഇടങ്ങളിൽ ആക്രമണം തുടങ്ങിക്കഴിഞ്ഞു.അധികാരം വിമർശനങ്ങളെ അല്ല നേരിടുന്നത്.വിമര്ശകരെയാണ് നേരിടുന്നത്.കേരളത്തിലെ ആരോഗ്യരംഗം ഒന്നാമതാണ് എന്ന് പറഞ്ഞത് കൊണ്ട് മാത്രമായില്ല.അതിനുള്ളിലെ പുഴുക്കുത്തുകളെ മനസ്സിലാക്കുവാനുള്ള ആർജ്ജവം കൂടെ സർക്കാർ കാണിക്കേണ്ടതുണ്ട്.സർക്കാർ സംവിധാനത്തിലെ,ജീവനക്കാരുടെ വീഴ്ച ചൂണ്ടി കാണിക്കുന്നവരെ പുറത്താക്കുകയും സൈബർ ഇടങ്ങളിൽ അക്രമത്തിനു ഇരയാക്കുകയും ചെയ്യുമ്പോൾ എന്താണ് സർക്കാർ നൽകുന്ന സന്ദേശം എന്ന് കൂടെ വ്യക്തമാക്കേണ്ടതുണ്ട്.

ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന സാമൂഹിക ധാർമികത സർക്കാർ സൗകര്യപൂർവം നിര്ഭാഗ്യകരമാക്കി മാറ്റുന്നു.പ്രതിക്ഷേധങ്ങളെ,ചൂണ്ടികാണിക്കലുകളെ നിഷ്‌കരുണം ഒതുക്കുന്നു.കേരളം ഉത്തർപ്രദേശിൽ നിന്നും നിന്നും അകലെ അല്ലാതെ ആകുന്നത് ഈ സാഹചര്യത്തിലാണ്.കേരളത്തിലെ ആരോഗ്യസംവിധാനം കോവിടിന്റെ ആരംഭത്തിൽ നേടിയ എല്ലാ മേൽകൈയും ഇപ്പോൾ നഷ്ടമായിരിക്കുന്നു.മെഡിക്കൽ അസോസിയേഷൻ നിർദ്ദേശങ്ങളെ സർക്കാരിന് ഉൾകൊള്ളാൻ കഴിയുന്നില്ല.കോവിഡ് നിയന്ത്രണത്തിൽ പലപ്പോഴും വീഴ്ചകൾ സംഭവിച്ചിട്ടുണ്ട് എന്ന് സർക്കാർ തന്നെ സമ്മതിക്കുന്നു.എന്നാൽ ക്രിയാത്മകമായ നടപടികൾ എടുക്കാൻ സർക്കാർ ശ്രമിക്കുന്നില്ല ,എന്ന് തന്നെ പറയേണ്ടി വരുന്ന സംഭവങ്ങളാണ് തുടർന്നും ഉണ്ടാകുന്നത്.

ശൈലജ ടീച്ചർ എന്ന ആരോഗ്യമന്ത്രിയെ വാനോളം പുകഴ്ത്തിയ കേരളം സമൂഹം അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് ഇടതുപക്ഷം മനസ്സിലാക്കേണ്ടതുണ്ട്.പുകഴ്ത്തലും അവാർഡുകളുമല്ലാതെ,വിമർശനങ്ങളുടെ രാഷ്ട്രീയം നോക്കാതെയുള്ള മുൻകാല ഇടത് സർക്കാരുകളുടെ സഹിഷ്ണുതാ മനോഭാവം പ്രവർത്തികമാക്കപ്പെടേണ്ടതും അത്യാവശ്യമാണ്.

വിമർശനങ്ങളെ നേരിടൂ..മറുപടികളും നടപടികളും എടുക്കൂ..വിമർശകരെ ഒതുക്കുന്ന ഫാസിസത്തിൽ നിന്നും അധികദൂരെയല്ല ഇപ്പോഴത്തെ ഇടതുപക്ഷ രാഷ്ട്രീയം എന്നത് കേരളീയരെ എങ്കിലും ഓര്മിപ്പിക്കേണ്ടതല്ലേ..?


Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.