കെ.ആർ ഗൗരിയമ്മ ജീവ ചരിത്രം K R GOURI AMMA LIFE STORY

 കെ.ആര്‍.ഗൌരിയമ്മ നൂറു പിന്നിട്ടിരിക്കുന്നു. ഗൌരിയമ്മയുടെ നൂറ്റാണ്ട് കേരളത്തില്‍ സ്ത്രീശക്തിയുടെ ഉയര്‍ച്ചയും താഴ്ച്ചയും കണ്ട കാലമാണ്. ഉയര്‍ച്ചയുടെ ഘട്ടത്തില്‍ ഇച്ഛാശക്തികൊണ്ട് ഉയരുകയും താഴ്ചയുടെ ഘട്ടത്തില്‍ ചവിട്ടിത്താഴ്ത്തപ്പെടുകയും ചെയ്ത കഥയാണ് ഗൌരിയമ്മയുടേത്.

k r gouriamma life story

കെ.ആർ ഗൗരിയമ്മ വിദ്യാഭ്യാസം K R GOURIYAMMA EDUCATION

ഗൌരിയമ്മ 1919ല്‍ ജനിക്കുമ്പോള്‍ കേരളം വലിയ സാമൂഹിക മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു. ആ മാറ്റങ്ങളില്‍ സ്ത്രീമുന്നേറ്റവും ഉള്‍പ്പെട്ടിരുന്നു. മാറ്റങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും സമൂഹത്തിലെ ചലനങ്ങള്‍ സൂക്ഷ്മമായി നീരീക്ഷിക്കുകയും ചെയ്തിരുന്ന അച്ഛന്‍, കെ.എ. രാമന്‍, അന്നു സ്ത്രീമുന്നേറ്റത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്ന ഗൌരി എന്ന യുവതിയുടെ പേരാണ് മകള്‍ക്ക് നല്‍കിയത്. ആ യുവതി 1917ല്‍ ബി.എ പരീക്ഷ പാസായപ്പോള്‍ ബിരുദം നേടുന്ന ആദ്യ ഈഴവ വനിതയെന്ന നിലയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എസ്.എന്‍.ഡി. പി. യോഗം സമ്മേളനത്തില്‍ വെച്ച് സ്ത്രീ സമാജം അവര്‍ക്ക് ഒരു സ്വര്‍ണ്ണ മെഡല്‍ സമ്മാനിക്കുകയുണ്ടായി. അവര്‍ പഠനം തുടര്‍ന്ന് 1919ല്‍ ഇംഗ്ലീഷില്‍ എം.എ ബിരുദം നേടി. അന്ന് ആ ബിരുദം നേടുന്ന ആദ്യ മലയാളി വനിതയെന്ന നിലയില്‍ പലയിടങ്ങളിലും  അവര്‍ക്ക്  സ്വീകരണങ്ങള്‍ നല്കപ്പെട്ടു. അതിലൊന്നില്‍ പങ്കെടുത്തശേഷം വീട്ടില്‍ മടങ്ങിയെത്തിയ രാമന്‍ ഗര്‍ഭിണിയായ ഭാര്യ പാര്‍വതിയോട് കുഞ്ഞ് പെണ്ണാണെങ്കില്‍ 
ഗൌരി എന്ന് പേരിടണമെന്ന ആഗ്രഹം അറിയിച്ചു.

വിവാഹശേഷം ഗൌരി ശങ്കുണ്ണി എന്നറിയപ്പെട്ട ഗൌരി എം.എ. കോളെജ് അധ്യാപികയായും പ്രിന്സിപ്പലായും മദ്രാസ് പ്രസിഡന്സിയില്‍ സേവനം അനുഷ്ടിച്ചു. ഈ സമയത്ത് മറ്റൊരു ഗൌരിയും പൊതുമണ്ഡലത്തില്‍ ശ്രദ്ധ നേടുന്നുണ്ടായിരുന്നു. അത് ഗൌരി ശങ്കുണ്ണിയുടെ സഹോദരന്‍ ബാരിസ്റ്റര്‍ എ.കെ. പവിത്രന്റെ ഭാര്യ ഗൌരി പവിത്രന്‍ ആയിരുന്നു. കൊച്ചി രാജഭരണകൂടം 1928ല്‍ അവരെ സ്ത്രീകളുടെ പ്രതിനിധിയായി ലെജിസ്ലേറ്റീവ് കൌണ്‍സിലിലേക്ക് നോമിനേറ്റു ചെയ്തു. നിയമസഭയിലെ അവരുടെ മൂന്നു കൊല്ലത്തെ പ്രവര്ത്തനത്തില്‍ ആ തലമുറയുടെ പുരോഗമനപരമായ കാഴ്പ്പാട് പ്രതിഫലിച്ചു. കൊച്ചി സര്‍ക്കാര്‍ വിദ്യാഭ്യാസ, മെഡിക്കല്‍ വകുപ്പുകളില്‍ മാത്രമാണ് അന്ന്‍ സ്ത്രീകള്‍ക്ക് ജോലി നല്‍കിയിരുന്നത്. മറ്റ് വകുപ്പുകളും തുറന്നു കൊടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറച്ചു കൊണ്ടാണെങ്കിലും കീഴ്തട്ടിലുള്ളവര്‍ക്ക് ജീവിക്കാനാവശ്യമായ വേതനം നല്‍കണമെന്ന് അവര്‍ വാദിച്ചു.

വി.ടി. ഭട്ടതിരിപ്പാടിന്റെ “അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്” പ്രകാശിതമായ 1929ല്‍ ഇല്ലങ്ങളില്‍ നരകജീവിതം നയിക്കുന്ന അന്തര്‍ജ്ജനങ്ങളുടെ മോചനത്തിനായി ഗൌരി പവിത്രന്‍ കൌണ്‍സിലില്‍ നമ്പൂതിരി റിഫോം ബില്‍ അവതരിപ്പിച്ചു. മിതമായ ചില നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ഒരു ബില്‍ സഭ നേരത്തെ പാസാക്കിയിരുന്നു. മഹാരാജാവ് അതില്‍ ഒപ്പിട്ടില്ല. ഗൌരി പവിത്രന്റെ ബില്‍ ബഹുഭാര്യാത്വം അവസാനിപ്പിക്കാനും ഇതരജാതികളില്‍ പെട്ട സ്ത്രീകളുമായി സംബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരായ ഇളംതലമുറക്കാര്‍ക്ക് സ്വജാതിയില്‍ പെട്ടവരെ വിവാഹം ചെയ്ത് കുടുംബജീവിതം നയിക്കാന്‍ അവസരം നല്‍കാനും വ്യവസ്ഥ ചെയ്യുന്നതായിരുന്നു. 
 
അക്കാലത്ത് കേരളം കണ്ട സ്ത്രീമുന്നേറ്റത്തെ ഏതാനും വ്യക്തികളുടെയൊ ജാതിമത വിഭാഗങ്ങളുടെയൊ കണക്കില്‍ ഒതുക്കാവുന്നതല്ല. അത് സാധ്യമാക്കിയത്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം ക്രൈസ്തവ മിഷനറിമാര്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ലണ്ടന്‍ മിഷന്‍ സൊസൈറ്റി (എല്‍.എം.എസ്) പ്രവര്‍ത്തകനായ വില്യം തോബിയാസ് റിംഗെല്‍ടോബ് തെക്കന്‍ തിരുവിതാംകൂറില്‍ (ഇപ്പോള്‍ ഈ പ്രദേശം തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയാണ്)  1806നും 1809നും ഇടയ്ക്ക് സ്ഥാപിച്ച സ്കൂളുകളിലെ 60 കുട്ടികളില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഉള്‍പ്പെട്ടിരുന്നു. അദ്ദേഹം ആറു വര്‍ഷത്തില്‍ ഏകദേശം 300 പേരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. മിഷനറിമാരുടെ മതപരിവര്ത്തന പ്രവര്ത്തനങ്ങളെ മാത്രം  കാണുന്നവര്‍ ഹിന്ദു സമൂഹത്തിലെ അസമത്വവും അനീതിയുമാണ് അതിനു കളമൊരുക്കിയതെന്നത്‌ സൌകര്യപൂര്‍വം മറച്ചുപിടിക്കുന്നു.

ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ മദ്ധ്യ തിരുവിതാംകൂറില്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയും (സി.എം.എസ്) സജീവമായി. സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ ആംഗ്ലിക്കന്‍ ചര്‍ച്ച് സ്ഥാപിച്ച സെനാന മിഷനറി സൊസൈറ്റിയും ഈ ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഉപഭൂഖണ്ഡത്തിന്റെ മറ്റ് ഭാഗങ്ങളിലും മിഷനറിമാര്‍ സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ രംഗത്തു വന്ന സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ പ്രവര്‍ത്തനഫലമായാണ് കേരള സമൂഹം മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ വികസിച്ചത്.

കെ.ആർ ഗൗരിയമ്മ-രാഷ്ട്രീയ ജീവിതം K R GOURIYAMMA POLITICAL LIFE

ആ കാലഘട്ടത്തില്‍ വിദ്യാഭ്യാസം നേടിയ വനിതകളുടെ എണ്ണം ചെറുതല്ല. അത് കണക്കിലെടുത്തു കൊണ്ടാണ് തിരുവിതാംകൂര്‍ ഭരണകൂടം  1921ല്‍ ഡോ.മേരി പുന്നന്‍ ലൂക്കോസിനെ നിയമസഭയിലേക്ക്‌ നോമിനേറ്റ് ചെയ്തത്. പെണ്ണായതുകൊണ്ട് കോളെജില്‍ സയന്‍സ്‌ വിഭാഗത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട മേരി 1909ല്‍ ചരിത്രത്തില്‍ ബിരുദം എടുത്തശേഷം ഇംഗ്ലണ്ടില്‍ പോയി മെഡിസിനില്‍ ബിരുദവും ബിരുദാനന്തര യോഗ്യതകളും നേടുകയായിരുന്നു. നാട്ടില്‍ തിരിച്ചെത്തി 1916ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്ന് സര്‍ജന്‍ ജനറലായി (അതായിരുന്നു അന്ന് വകുപ്പ് മേധാവിയുടെ സ്ഥാനപ്പേര്‍) ഉയര്‍ന്ന അവര്‍ 1944 വരെ നിയമസഭാംഗമായും പ്രവര്‍ത്തിച്ചു. ഇതിനിടെ മറ്റ് പത്ത് സ്ത്രീകളും സഭയിലേക്ക് പലപ്പോഴായി നോമിനേറ്റു ചെയ്യപ്പെട്ടു. പില്‍ക്കാലത്ത് രാജ്യത്തെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജിയായ അന്നാ ചാണ്ടി അക്കൂട്ടത്തില്‍ പെടുന്നു. ത്രേസ്യാമ്മ കോര എന്നൊരു വനിത 1937-47  കാലത്ത് തെരഞ്ഞെടുപ്പിലൂടെ ലെജിസ്ലെറ്റീവ് കൌണ്‍സിലില്‍ എത്തി.

കൊച്ചി ഭരണകൂടം 1925ല്‍ നിയമസഭയിലേക്ക് നോമിനേറ്റു ചെയ്ത ആദ്യ വനിത പണ്ഡിതയായ തോട്ടക്കാട്ട് മാധവി അമ്മ ആയിരുന്നു. ഗൌരി പവിത്രനു ശേഷം നോമിനേറ്റു ചെയ്യപ്പെട്ട നാലു പേരില്‍ ഒരാള്‍ നമ്പൂതിരി സമുദായത്തിലെ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ പാര്‍വതി നെന്മേനിമംഗലം ആയിരുന്നു. കൊച്ചിയില്‍ 1938ല്‍ മൂന്നു സ്ത്രീകള്‍  തെരഞ്ഞെടുപ്പിലൂടെ ലെജിസ്ലെറ്റീവ് കൌണ്‍സിലിലെത്തി. അതിനുശേഷം, 1945ല്‍, നാലു സ്ത്രീകള്‍  തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട്‌ ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കിയ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലെ ഏക ദലിത്‌ വനിതാംഗമായ ദാക്ഷായണി വേലായുധന്‍ ആയിരുന്നു അതിലൊരാള്‍.

സര്‍ക്കാര്‍ രേഖകളനുസരുച്ച് 1918ല്‍ മലബാര്‍ ജില്ലയിലെ സെക്കന്‍ഡറി സ്കൂളുകളില്‍ 1,421  പെണ്‍കുട്ടികളുണ്ടായിരുന്നു. മദ്രാസ് പ്രസിഡന്‍സിയില്‍ മദ്രാസ് നഗരത്തില്‍ മാത്രമാണ് അതിലധികം പെണ്‍കുട്ടികളുണ്ടായിരുന്നത്. മറ്റ് ജില്ലകളിലെ പെണ്‍കുട്ടികളുടെ എണ്ണം രണ്ടോ മൂന്നോ അക്കങ്ങളിലൊതുങ്ങി. അന്താരാഷ്‌ട്രതലത്തില്‍ പ്രശസ്തി നേടിയ സസ്യശാസ്ത്രജ്ഞ ഇ.കെ. ജാനകി അമ്മാള്‍, മദ്രാസ് നീയമസഭാംഗവും കോണ്ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ എ.വി. കുട്ടിമാളുഅമ്മ, കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി അംഗമായ അമ്മു സ്വാമിനാഥന്  എന്നിവര്‍ ഈ കാലത്ത് ആ പ്രദേശത്തു നിന്ന്‍ ഉയര്‍ന്നുവന്നവരാണ്.
  
മേരി പുന്നന്‍ ലൂക്കോസ് വകുപ്പ് മേധാവിയും അന്നാ ചാണ്ടി ഹൈക്കോടതി ജഡ്ജിയും ആകുമ്പോള്‍ അമേരിക്കയിലോ ബ്രിട്ടനിലോ സമാനപദവിയില്‍ ഒരു വനിത ഉണ്ടായിരുന്നില്ലെന്ന് മനസിലാക്കുമ്പോഴാണ് കേരളം കണ്ട സ്ത്രീമുന്നേറ്റത്തിന്റെ   ചരിത്രപരമായ പ്രാധാന്യം വ്യക്തമാകുന്നത്. ആ സ്ത്രീമുന്നേറ്റം ഇന്ന് ചിലര്‍ എന്തുകൊണ്ടോ അംഗീകരിക്കാന്‍ മടിക്കുന്ന കേരള നവോത്ഥാനത്തിന്റെ ഭാഗമായിരുന്നു. ശ്രീനാരായണ ഗുരു പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മുന്നോട്ടു വെച്ച ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന മാതൃകസ്ഥാനം എന്ന സങ്കല്‍പം നവോത്ഥാനതിന്റെ ലക്ഷ്യമായി വ്യാപകമായി അംഗീകാരം നേടിയിരുന്നു. സമത്വ സുന്ദരമായ സമൂഹം വാഗ്ദാനം ചെയ്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരള നവോത്ഥാനത്തിന്റെ രാഷ്ട്രീയ ഗുണഭോക്താവായി. സ്വാതന്ത്ര്യത്തിന്റെ പത്താം വര്ഷം, രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പില്‍, രാജ്യത്തെയും ലോകത്തെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കേരളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തിലേറ്റി. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ കെ.ആര്‍.ഗൌരി ഭൂപരിഷ്കരണ നിയമത്തിനു ചുക്കാന്‍ പിടിക്കാന്‍ ചുമതലപ്പെട്ട റവന്യു മന്ത്രിയായി. ആ സര്‍ക്കാരിന്റെ ചുരുങ്ങിയ കാലത്തെ ഇന്ന്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഉച്ചകോടിയായും ഗൌരിയമ്മയുടെ മന്ത്രിസഭാപ്രവേശത്തെ സ്ത്രീശാക്തീകരണത്തിന്റെ ഉച്ചകോടിയായും അടയാളപ്പെടുത്താനാകും. ആ സര്‍ക്കാരിന്റെ ഭൂപരിഷ്കരണവും വിദ്യാഭ്യാസ പരിഷ്കരണവും സംബന്ധിച്ച നിയമങ്ങള്‍ക്കെതിരായ    പ്രക്ഷോഭത്തില്‍ രാഷ്ട്രീയ എതിരാളികളും ജാതിമത ശക്തികളും കൈകോര്‍ത്തു. സാമ്രാജ്യത്വചേരിയും അവരെ സഹായിക്കാനെത്തി.


കമ്മ്യുണിസ്റ് പാര്‍ട്ടിയില്‍ നിലനിന്ന                                                   പുരുഷാധിപത്യം Patriarchal BEHAVIOR OF COMMUNIST PARTY
  
കേന്ദ്രം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചു വിട്ടശേഷമുള്ള രണ്ട് പതിറ്റാണ്ടുകാലം കേരളത്തില്‍ പുരോഗമന-പ്രതിലോമ ചേരികള്‍ തമ്മില്‍ മേല്കോയ്മയ്ക്കുവേണ്ടി കടുത്ത മത്സരം നടന്നു. അത്‌ അവസാനിച്ചത് ഒരു ചേരിയുടെ വിജയത്തിലല്ല, മാറി മാറി ഭരിക്കുന്ന രണ്ട് മുന്നണികളടങ്ങുന്ന സംവിധാനത്തിന്റെ ആവിര്‍ഭാവത്തിലാണ്. അത് ഇടത് വലത് എന്ന വിശേഷണങ്ങള്‍ ക്രമേണ അപ്രസക്തമാക്കി. ആ പ്രക്രിയ തുടങ്ങിയത് 1967ലാണ്. അക്കൊല്ലത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സപ്തമുന്നണി വിജയിക്കുകയും ഇ.എം.എസ് രണ്ടാം തവണ മുഖ്യമന്ത്രി ആവുകയും ചെയ്തു. മന്ത്രിസഭയില്‍ സി.പി.ഐക്കും ആര്‍.എസ്. പിക്കും കെ.എസ്.പിക്കും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിക്കുമൊപ്പം മുസ്ലിം ലീഗും ഫാദര്‍ വടക്കന്റെ കര്‍ഷക തൊഴിലാളി പാര്‍ട്ടിയും ഉള്‍പ്പെട്ടിരുന്നു. അതിലൂടെ മുസ്ലിം ക്രൈസ്തവ വിഭാഗീയത അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി.. ആ സര്‍ക്കാരിന്റെ പതനശേഷം സി.പി.ഐ നേതാവ് സി. അച്യുത മേനോന്റെ നേതൃത്വത്തില്‍ രൂപീകൃതമായ മന്ത്രിസഭയില്‍ കോണ്ഗ്രസും ഉള്‍പ്പെട്ടിരുന്നു. സി.പി.എം. വീണ്ടും അധികാരത്തിലേറിയപ്പോള്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായി. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി വിട്ട കോണ്ഗ്രസുകാരും കെ.എം. മാണിയുടെ കേരള കോണ്ഗ്രസും പങ്കാളികളായി. അതോടെ ആര്‍ക്കും ആരുമായും കൂട്ടുകൂടാമെന്ന അവസ്ഥയായി. 

ഇരുമുന്നണി സമ്പ്രദായത്തിന്റെ ആവിര്‍ഭാവത്തോടെ കേരള രാഷ്ട്രീയത്തില്‍ ഒരു പുതിയ ഘട്ടം ആരംഭിച്ചു. ജാതിമത താല്പര്യങ്ങളുടെ സംരക്ഷകരുടെ സാന്നിധ്യം ഇരുമുന്നണികളെയും നവോത്ഥാന പാതയില്‍ നിന്നകറ്റി. സ്ഥിതിസമത്വവും ലിംഗസമത്വവും കേരളത്തിന്റെ അജണ്ടയ്ക്ക് പുറത്തായി.  ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ചു കൊടുക്കാന്‍ 1975ല്‍ നിയമസഭ എതിരില്ലാതെ പാസാക്കിയ നിയമം അട്ടിമറിക്കാന്‍ രണ്ട് മുന്നണികളും കൈകോര്ത്തത് മുന്നണി രാഷ്ട്രീയത്തിന്റെ സ്വഭാവം കൃത്യമായി വെളിപ്പെടുത്തി. ആ ചതിക്കെതിരെ ശബ്ദമുയര്‍ത്തിയ ഏക നിയമസഭാംഗം ഗൌരിയമ്മ ആയിരുന്നു.

നവോത്ഥാനത്തിന്റെ ആരോഹണത്തെപ്പോലെ അവരോഹണവും ഗൌരിയമ്മയുടെ ജീവിതത്തില്‍ പ്രതിഫലിച്ചു. സി.പി.എം. 1967നും  1987നും ഇടയ്ക്ക് രൂപീകരിച്ച എല്ലാ മന്ത്രിസഭകളിലും ഗൌരിയമ്മ അംഗമായിരുന്നു. കൂടാതെ അവര്‍ 1960 മുതല്‍ 1984 വരെ കേരള കര്‍ഷക സംഘം പ്രസിഡന്റും   1967 മുതല്‍ 1976 വരെ കേരള മഹിളാ സംഘത്തിന്റെ പ്രസിഡന്റും അതിനുശേഷം 1987 വരെ അതിന്റെ സെക്രട്ടറിയും ആയിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ അവര്‍ ഏറെ ഉയര്‍ന്നില്ല. സംസ്ഥാനത്തു മാത്രമല്ല ദേശീയതലത്തിലും പാര്‍ട്ടിയില്‍ നിലനിന്ന പുരുഷാധിപത്യം അതനുവദിച്ചില്ല. ഉന്നത ഘടകത്തില്‍ സ്ത്രീപ്രാതിനിധ്യമില്ലാത്തത് ചര്ച്ചയായപ്പോള്‍  സി.പി.എം. 2005ല്‍ വൃന്ദ കാരാട്ടിനെ പോളിറ്റ്ബ്യൂറോയില് ഉള്‍പ്പെടുത്തി. പി. കൃഷ്ണപിള്ള ഗൌരിയമ്മയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കുമ്പോള്‍ വൃന്ദ ജനിച്ചിരുന്നില്ല. പി. സുന്ദരയ്യ വൃന്ദക്ക് പാര്‍ട്ടി അംഗത്വം നല്‍കുമ്പോള്‍ ഗൌരിയമ്മ മന്ത്രിയെന്ന  നിലയില്‍ ഭൂപരിഷ്കരണ വിഷയത്തില്‍ തന്റേതായ സംഭാവനകള്‍ നല്‍കിയ നേതാവാണ്‌. കേരളത്തില്‍ 1987ലെ തെരഞ്ഞെടുപ്പില്‍ മുഴങ്ങി കേട്ട എല്‍.ഡി.എഫ് മുദ്രാവാക്യം കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍.ഗൌരി മുഖ്യമന്ത്രിയാകും എന്നതായിരുന്നു. പാര്‍ട്ടി ഔപചാരികമായി അങ്ങനെയൊരു മുദ്രാവാക്യം മുന്നോട്ടു വെച്ചിരുന്നില്ലെന്ന്‍ അതിന്റെ വക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാര്‍ട്ടി അത് നിരുത്സാഹപ്പെടുത്തിയിരുന്നുമില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ മത്സര രംഗത്തില്ലായിരുന്ന ഇ.കെ. നായനാര്‍ വീണ്ടും മുഖ്യമന്ത്രിയായി. ഗൌരിയമ്മ പഴയപോലെ മന്ത്രിയും. എല്‍.ഡി.എഫിന്റെ അടുത്ത ഊഴം വരും മുമ്പ് 1994ല്‍ ഗൌരിയമ്മ പാര്‍ട്ടിക്ക് പുറത്തുമായി.

മുന്നണി കാലത്ത് സി.പി.എം. പുറത്താക്കുകയും തുടര്‍ന്ന് സ്വന്തം പാര്‍ട്ടികളുണ്ടാക്കി യു.ഡി.എഫില്‍ ഇടം നേടുകയും ചെയ്ത രണ്ട് നേതാക്കളാണ് ഗൌരിയമ്മയും എം.വി.രാഘവനും. പാര്‍ട്ടിയുടെ ഔദ്യോഗിക നയത്തിനെതിരെ മുസ്ലിം ലീഗുമായും കേരള കോണ്ഗ്രസുമായും സഖ്യമുണ്ടാക്കണമെന്ന്‍ ആവശ്യപ്പെടുന്ന ബദല്‍ രേഖ തയ്യാറാക്കിയതിന്റെ പേരിലാണ് രാഘവനെതിരെ അച്ചടക്ക നടപടി എടുത്തത്. എന്നാല്‍ ഗൌരിയമ്മയെ പുറത്താക്കിയത് എന്ത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിനാണെന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നു. തന്നെ പുറത്താക്കിയത് എന്തിനാണെന്ന് ഗൌരിയമ്മ ഈയിടെയും പരസ്യമായി ചോദിക്കുകയുണ്ടായി. ആ ചോദ്യത്തിനു ഉത്തരം നല്‍കാന്‍ ഈ വിഷയത്തില്‍ ഗൌരിയമ്മ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഇ.എം.എസ് ഇന്നില്ല. അവര്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ പഞ്ചപുച്ഛമടക്കി ഇരുന്നവര്‍ ഇപ്പോള്‍ ഗൌരിയമ്മയെ ഉത്തമ കമ്മ്യൂണിസ്റ്റ് ആയി വാഴ്ത്തുന്നു. ഗൌരിയമ്മയുടെ ചോദ്യത്തിനുള്ള ഉത്തരം അവര്‍ക്ക് അറിയാത്തതല്ല. അത് പരസ്യമായി പറയാന്‍ കൊള്ളുന്നതല്ല എന്നതാണ് അവരുടെ പ്രശ്നം.

അവര്‍ പുറത്തായതിന്റെ കാരണം ഗൌരിയമ്മ തന്റേടിയാണ്, ധാര്ഷ്ട്യക്കാരിയാണ് എന്നിങ്ങനെയുള്ള അടക്കംപറച്ചിലുകളിലൂടെ പരക്കെ അറിയപ്പെടുന്നതാണ്. പുരുഷമേധാവിത്വത്തിന്റെ ചട്ടവ്യവസ്ഥ പ്രകാരം തന്റേടവും ധാര്ഷ്ട്യവും ആണിന് മാത്രം അവകാശപ്പെട്ട ഗുണങ്ങളാണ്. ആണിനെ അവ ആണാക്കുന്നു. പെണ്ണിനെ അവ ‘ഒരുമ്പെട്ടവളാ’ക്കുന്നു. ചൊല്പടിക്ക് നില്‍ക്കുന്ന സ്ത്രീയെയാണ് പുരുഷമേധാവിത്വത്തിനു വേണ്ടത്‌. സാമൂഹിക വികസനത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തിനു സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ സ്ത്രീമുന്നേറ്റം തുടരുകയാണെന്ന് ഇപ്പോഴും അവകാശപ്പെടാനാകും. കൂടുതല്‍ സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നു, കൂടുതല്‍ പേര്‍ ഉന്നത തസ്തികകളില്‍ എത്തുന്നു. ഇതെല്ലാം എണ്ണത്തിലുള്ള വളര്‍ച്ചയെ കുറിക്കുന്നു. സ്ത്രീശാക്തീകരണത്തില്‍ പോക്ക് 
പിന്നോട്ടാണ്.
   
കേരളത്തിലെ സി.പി.എമ്മിന് ഗൌരിയമ്മയേക്കാള്‍ പ്രാഗത്ഭ്യമുള്ള ഒരു മന്ത്രിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒപ്പം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരുടെ ബഹുമാനം വലിയ തോതില്‍ ആര്‍ജ്ജിച്ച മന്ത്രിയാണവര്‍. ആ നിലയ്ക്ക് നല്ല മുഖ്യമന്ത്രിയാകാന്‍ അവര്‍ക്ക് കഴിയുമായിരുന്നെന്ന്‍ കരുതാന്‍ ന്യായമുണ്ട്. ഇരുമുന്നണികാലത്തെ നവോത്ഥാനത്തില്‍ നിന്നുള്ള പിന്‍വാങ്ങല്‍ തടയാന്‍ അവര്‍ക്കും ഒരുപക്ഷെ ആകുമായിരുന്നില്ല. പക്ഷെ അതിന്റെ തിക്തഫലങ്ങള്‍, പ്രത്യേകിച്ച് കീഴ്തട്ടുകളിലുള്ളവരുടെ മേലുള്ള അതിന്റെ ആഘാതം, കുറയ്ക്കാന്‍ ശ്രമിക്കുമായിരുന്നെന്ന് ആദിവാസി ഭൂമി വിഷയത്തില്‍ അവരെടുത്ത തത്വാധിഷ്‌ഠിത നിലപാട് സൂചിപ്പിക്കുന്നു.
Previous Post Next Post