കോവിഡും ലോക്ക് ഡൗണും സൃഷ്‌ടിച്ച മടുപ്പിൽ നിന്നും ചാടി ഓടാൻ വെമ്പുന്ന യാത്രക്കാരുടെ പുതിയ കണ്ടെത്തലാണ് പുന്നയാർ വെള്ളച്ചാട്ടം.
വെള്ളച്ചാട്ടങ്ങളുടെ വസന്തം ഒരുക്കി ഓരോ മഴക്കാലത്തും സജീവമാകുന്ന ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയിലാണ് ഈ വെള്ളച്ചാട്ടമുള്ളത്.കഞ്ഞിക്കുഴി എന്ന് കേൾക്കുമ്പോൾ കഞ്ഞി പോലെ ആണോ വെള്ളച്ചാട്ടം എന്ന് കരുതണ്ട..സ്ഥലവും വെള്ളച്ചാട്ടവും നാട്ടുകാരും പൊളിയാണ്..
ഇടുക്കിയുടെ വിനോദ സഞ്ചാര മേഖല മൂന്നാറിനെ കേന്ദ്രീകരിച്ചാണ് വളരുന്നത്.തേക്കടിയും ഡാമും പിന്നെ മൂന്നാറും.എന്നാൽ ചെറുപ്പക്കാരായ യാത്രക്കാരാണ് ഇടുക്കിയുടെ വെള്ളച്ചാട്ടങ്ങളുടെ മനോഹാരിതയിലേക്ക് പിന്നാലെ വന്ന യാത്രക്കാരെ ആനയിച്ചത്.
ടൂറിസം വകുപ്പ് ഇടുക്കിയിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങളിൽ എല്ലാം ടിക്കറ്റുകൾ വെച്ചിട്ടുണ്ട് എങ്കിലും പുന്നയാർ വെള്ളച്ചാട്ടത്തിൽ പ്രവേശന ഫീസൊന്നും ഇല്ല.കാരണം ഈ സ്ഥലം ടൂറിസം വകുപ്പിന് നൽകിയിട്ടില്ല.അത് കൊണ്ടുതന്നെ ഇടുക്കിയുടെ സഞ്ചാര ഭൂപടത്തിൽ പുന്നയാർ വെള്ളച്ചാട്ടം കയറിപ്പറ്റാൻ അല്പം വൈകി എന്ന് തന്നെ പറയേണ്ടി വരും.
കോവിടിന്റെ ആരംഭം വരെയും പരിസരവാസികളും ജില്ലയിലെ തന്നെ മറ്റു സഞ്ചാരികളും മാത്രം എത്തിയിരുന്ന പുന്നയാർ വെള്ളച്ചാട്ടം ലോക്ക് ഡൗൺ കഴിഞ്ഞതോടെ ആണ് പ്രശസ്തമായി മാറിയത്.ഇൻസ്റ്റൻഗ്രാമിലും ഫേസ്ബുക്കിലും ഈ സ്ഥലം ഏതാണ് എന്ന ചോദ്യങ്ങൾ ഉയർന്നു ..കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങി..
പാറക്കെട്ടുകളും, ഒഴുക്കും കൂടുതലായതിനാൽ ശ്രദ്ധയോടെ വേണം വെള്ളച്ചാട്ടത്തിന് അടുത്തെത്താൻ. കഞ്ഞിക്കുഴിയില്‍നിന്നും ആലപ്പുഴ- മധുര സംസ്ഥാന പാതയിലെ വട്ടോന്‍പാറ ജംഗ്ഷനില്‍നിന്നും ഇടത്തോട്ട് ഇറക്കമിറങ്ങി രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ പുന്നയാര്‍ എത്താം. ഇവിടെനിന്ന് ഓഫ് റോഡില്‍ ഒരു കിലോമീറ്ററോളം താഴേക്ക് ഇറങ്ങിയാല്‍ വെള്ളച്ചാട്ടമായി. ഇതില്‍ അര കിലോമീറ്ററോളം നടവഴിയാണ്.
പതഞ്ഞൊഴുകി താഴേക്ക് പതിക്കുന്ന പുന്നയാർ വെള്ളച്ചാട്ടം പെട്ടെന്നുള്ള നോട്ടത്തിൽ അതിരപ്പള്ളിയുടെ ചെറു പതിപ്പായിട്ട് തോന്നിയാലും അത്ഭുതമൊന്നുമില്ല.ഈ വെള്ളച്ചാട്ടത്തിന്റെ തണുപ്പും,ജലം പതിക്കുന്ന ഉയരവും മാത്രമല്ല,പുന്നയാർ വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള മരങ്ങളും പച്ചപ്പും കൂടെയാണ് ഇത്രമേൽ ആകർഷണം ഈ ജലപാതത്തിനു നൽകുന്നത്.
റൂട്ട് തൊടുപുഴ- വണ്ണപ്പുറം വഴി 40 കി.മീ സഞ്ചരിച്ചാൽ പുന്നയാർ വെള്ളച്ചാട്ടത്തിലെത്താം. വണ്ണപ്പുറം - വെണ്മണി - കഞ്ഞിക്കുഴി - വട്ടോ വാന്‍പാറ ജംഗ്ഷന്‍ - പുന്നയാര്‍ വെള്ളച്ചാട്ടം.
അല്ലെങ്കിൽ അടിമാലിയിൽനിന്നും 25 കിലോമീറ്റര്‍. അടിമാലി - കല്ലാറുട്ടി - കീരിത്തോട് - പുന്നയാര്‍ വെള്ളച്ചാട്ടം.
പുന്നയാർ സുന്ദരമായ സമ്മാനമാണ്..ഇടുക്കിയുടെ മലനിരകൾ പ്രിയപ്പെട്ട സഞ്ചാരികൾക്കായി ഒരുക്കുന്ന സമ്മാനം...