ഇന്ത്യൻ ഉപഭൂഖണ്ഡം എങ്ങനെ ഉണ്ടായി..?

 അഞ്ചുകോടി വർഷം മുമ്പ് ഹിമാലയമേ ഇല്ലായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും യൂറേഷ്യൻ ഫലകത്തിനും ഇടയ്ക്കുണ്ടായിരുന്ന 'ടീതസ് കടലിൽ' നിന്ന് ഉയർന്നുവന്നതാണ് ഹിമാലയം! ഫലകചലനങ്ങളുടെ ഫലമായി ഇന്ത്യൻ ഉപഭൂഖണ്ഡം വടക്കോട്ട് നീങ്ങി യൂറേഷ്യൻ ഫലകവുമായി കൂട്ടിയിടിച്ചതിന്റെ ഫലം.

രാജസ്ഥാനിൽ ജെയ്സാൽമർ പ്രദേശത്തെ താർ മരുഭൂമിയുടെ ഭാഗം. ഇവിടം ഒരിക്കൽ സമുദ്രമായിരുന്നു എന്നാണ് ഫോസിലുകൾ നൽകുന്ന സൂചന.
ഇന്ത്യയിൽ കടലാമഗവേഷണത്തിന് അടിത്തറയിട്ട സതീഷ് ഭാസ്കർ എന്ന ചെറായി സ്വദേശി, തന്റെ പഠനത്തിന്റെ ഭാഗമായി ഗുജറാത്തിൽ ഭാവ്നഗർ തീരത്തെ പിറം ദ്വീപിൽ പോയ അനുഭവം വിവരിച്ചത് ഓർക്കുന്നു. ഗുജറാത്ത് തീരത്ത് ജൈവവൈവിധ്യത്താൽ അനുഗ്രഹീതമായ 42 ദ്വീപുകളുണ്ട്. അതിലൊന്നാണ് പിറം ദ്വീപ് (Piram Island). 'ആ ദ്വീപിൽ വേലിയേറ്റ വേളയിലേ തീരത്തിനടുത്ത് കടലെത്തൂ, വേലിയിറക്കമാകുമ്പോൾ കടൽ വളരെ അകലേക്ക് പിൻവാങ്ങും. അതിനാൽ, 'വേലിയേറ്റ സമയത്ത് മാത്രമേ കടലാമകൾക്ക് മുട്ടയിടാൻ ദീപിലേക്ക് എത്താനാകൂ...വരുന്നവർ തന്നെ തിരക്കുകൂട്ടണം, മുട്ടയിട്ട് വേഗം മടങ്ങിപ്പോകാൻ. അല്ലെങ്കിൽ ദ്വീപിൽ കുടുങ്ങും!'
1980 കളുടെ തുടക്കത്തിൽ പിറം ദ്വീപിലെത്തിയ സതീഷിനെ കടലാമകൾ കഴിഞ്ഞാൽ, ഏറെ ആകർഷിച്ച മറ്റൊരു സംഗതി, കടൽപ്പാരുകളിൽ കുടുങ്ങിക്കിടക്കുന്ന വലിയ ജീവികളുടെ അസ്ഥികൂടങ്ങളായിരുന്നു. 'എങ്ങനെ അവ ആ ദ്വീപിലെത്തിയെന്ന് ആദ്യം ഞാൻ അമ്പരന്നു. പിന്നീട് മനസിലായി, ഒരുകാലത്ത് ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായ ജീവികളുടെ ഫോസിലുകളാണ് അവയെന്ന്'.
ഏതാണ്ട് 15 കോടി വർഷം പഴക്കമുള്ള 'മത്സ്യഗൗളി' (fish lizard) യുടെ അസ്ഥികൂടം ഗുജറാത്തിലെ കച്ച് മേഖലയിൽ ഒരു ഇന്തോ-ജർമൻ ഗവേഷകസംഘം കഴിഞ്ഞ വർഷം കണ്ടെത്തിയ കാര്യംഅറിഞ്ഞപ്പോൾ എനിക്ക് പിറം ദ്വീപിലെ ഫോസിലുകളെക്കുറിച്ച് ഓർമവന്നു. 'ഇത്തിസോർ' (Ichthyosaur) വിഭാഗത്തിൽ പെടുന്ന ജീവിയാണ് മത്സ്യഗൗളി. ദിനോസറുകൾക്കൊപ്പം ഭൂമിയിൽ കഴിഞ്ഞിരുന്ന ജീവിവർഗ്ഗം.
ഗുജറാത്തിൽ കച്ച് മേഖലയിൽ കണ്ടെത്തിയ മത്സ്യഗൗളിയുടെ ഫോസിലിനൊപ്പം ഗവേഷകർ. .
ഡൽഹി സർവകലാശാലയിലെ ഭൗമശാസ്ത്രജ്ഞൻ കച്ച് മേഖലയിൽ ഭുജ് പട്ടണത്തിൽ നിന്ന് 30 കിലോമീറ്റർ തെക്കുകിഴക്ക് പ്രാചീന ജുറാസിക് ശിലാപാളികളിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. ഏതാണ്ട് അഞ്ചര മീറ്റർ നീളമുള്ള മത്സ്യഗൗളിയുടെ അവശിഷ്ടമായിരുന്നു അത്. സ്രാവുകളെയും തിമിംഗലങ്ങളെയും പോലുള്ള ഉരഗങ്ങളായിരുന്നു ഇത്തിസോറുകളെന്ന് ഗവേഷകർ പറയുന്നു. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരു ഇത്തിസോർ ഫോസിൽ ലഭിക്കുന്നത്.
ഗുജറാത്തിലെ കച്ച് മേഖല ഒരുകാലത്ത് സമുദ്രമായിരുന്നു എന്ന സൂചനയാണ് മത്സ്യഗൗളിയുടെ കണ്ടെത്തൽ നൽകിയത്. ഗുജറാത്തിലെ കച്ച് പ്രദേശം മാത്രമല്ല, അയൽപ്രദേശമായ രാജസ്ഥാനിലെ ജെയ്സാൽമർ ജില്ലയും ഒരുകാലത്ത് സമുദ്രമായിരുന്നു എന്ന്, ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (GSI) യിലെ ഗവേഷകർ കഴിഞ്ഞ മാസം പുറത്തുവിട്ട പഠനവിവരം വ്യക്തമാക്കുന്നു. ജെയ്സാൽമറിലെ ബൻധാ ഗ്രാമത്തിൽ നിന്ന് തിമിംഗലങ്ങൾ, സ്രാവുകൾ, ചീങ്കണ്ണികൾ, ആമകൾ തുടങ്ങിയ സമുദ്രജീവികളുടെ 4.7 കോടി വർഷം പഴക്കമുള്ള ഫോസിലുകളാണ് ഗവേഷകർ കണ്ടെത്തിയത്. സീനിയർ ജിയോളജിസ്റ്റ് കൃഷ്ണകുമാർ, പ്രാഗ്യ പാണ്ഡെ എന്നിവർ പാലിയന്തോളജി ഡിവിഷൻ ഡയറക്ടർ ദേബശിഷ് ഭട്ടാചാര്യയുടെ മേൽനോട്ടത്തിലാണ് പഠനം നടത്തിയത്.
പ്രാചീനകാലത്ത് രാജസ്ഥാനിലും സമുദ്രമോ എന്ന് അതിശയിക്കും മുമ്പ്, 1998 ൽ അന്നത്തെ റൂർക്കി യൂണിവേഴ്സിറ്റിയിലെ (ഇപ്പോൾ 'ഐഐടി റൂർക്കി') സുനിൽ ബാജ്പേയി, യു.എസിൽ മിഷിഗൺ സർവകലാശാലയിലെ ഫിലിപ്പ് ഗിൻഗെരിച്ച് എന്നിവർ അവതരിപ്പിച്ച ഒരു ഫോസിലിനെക്കുറിച്ച് കൂടി അറിയുക. 'ലോകത്തെ ഏറ്റവും പഴക്കമുള്ള തിമിംഗല ഫോസിൽ'ആണ് അവതരിപ്പിച്ചത്. 5.35 കോടി വർഷം പഴക്കമുള്ള H. subathuensis എന്ന ആ തിമിംഗലത്തിന്റെ ഫോസിൽ കണ്ടെത്തിയത് ഹിമാലയത്തിൽ നിന്നായിരുന്നു!
Indian subcontinent

അതെ, ഇന്ന് ഹിമാലയം സ്ഥിതിചെയ്യുന്നയിടവും ഒരിക്കൽ സമുദ്രമായിരുന്നു! ശരിക്കു പറഞ്ഞാൽ, അഞ്ചുകോടി വർഷം മുമ്പ് ഹിമാലയമേ ഇല്ലായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും യൂറേഷ്യൻ ഫലകത്തിനും ഇടയ്ക്കുണ്ടായിരുന്ന 'ടീതസ് കടലിൽ' (Tethys Sea) നിന്ന് ഉയർന്നുവന്നതാണ് ഹിമാലയം! ഫലകചലനങ്ങളുടെ ഫലമായി ഇന്ത്യൻ ഉപഭൂഖണ്ഡം വടക്കോട്ട് നീങ്ങി യൂറേഷ്യൻ ഫലകവുമായി കൂട്ടിയിടിച്ചതിന്റെ ഫലം! ഇത് വെറുതെ പറയുന്നതല്ല. ഇതിന് ഏറ്റവും വലിയ തെളിവ് എവറസ്റ്റ് കൊടുമുടിയിൽ തന്നെയുണ്ട്. വേനലിൽ മഞ്ഞുപാളികൾ ഉരുകി മാറുമ്പോൾ, എവറിസ്റ്റിന്റെ മുകൾ ഭാഗത്ത് മഞ്ഞനിറമുള്ള അടരുകൾ കാണാം. 35 കോടി വർഷം മുമ്പ് സമുദ്രതീരങ്ങളിൽ വസിച്ചിരുന്ന ചെറുജീവികളുടെ ഫോസിലുകളാണ്, ഇന്ന് സമുദ്രനിരപ്പിൽ നിന്ന് 8500 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ആ ശിലാപാളികളിൽ ഉള്ളത്!
നമ്മൾ കാണുംപോലെ ആയിരുന്നില്ല കാര്യങ്ങൾ എന്നാണ് ഫോസിൽ തെളിവുകൾ വ്യക്തമാക്കുന്നത്. 450 കോടി വർഷംമുമ്പാണ് ഭൂമി രൂപപ്പെട്ടത്. അതിന് ശേഷം എത്രയോ തവണ ഭൂമി അതിന്റെ മുഖംമിനുക്കിയിരിക്കുന്നു എന്ന് മനസിലാക്കിയാൽ, മേൽസൂചിപ്പിച്ച സംഗതികളിൽ അത്ര അത്ഭുപ്പെടാനൊന്നുമില്ല എന്ന് ബോധ്യമാകും. ഭൂമിയുടെ മുഖം മിനുക്കലിനെക്കുറിച്ച് ധാരണ കിട്ടാൻ, 1912 ൽ ജർമൻ ഭൗമശാസ്ത്രജ്ഞൻ ആൽഫ്രഡ് വേഗണർ മുന്നോട്ടുവെച്ച 'ഫലകചലന സിദ്ധാന്തം' സഹായിക്കും. പിൽക്കാലത്ത് 'പ്ലേറ്റ് ടെക്റ്റോണിക്സ്' (plate tectonics) എന്ന പേരിൽ പരിഷ്ക്കരിക്കപ്പെട്ട ആ സിദ്ധാന്തം പറയുന്നത്, ഭൂമിയുടെ മേൽപ്പാളി എട്ടു മുതൽ 12 വരെ വലിയ ഫലകങ്ങൾ (plates) കൊണ്ടും ഇരുപതോളം ചെറുഫലകങ്ങൾ കൊണ്ടും നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നാണ്.
Indian subcontinent

ജലപ്പരപ്പിൽ ഇലകൾ ഒഴുകി നീങ്ങുന്നതുപോലെ ഈ ഫലകങ്ങൾ പല വേഗത്തിൽ പല ദിക്കുകളിലേക്ക് പരസ്പരം സമ്മർദ്ദം ചെലുത്തി തെന്നി നീങ്ങുന്നതാണ് സമുദ്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും സൃഷ്ടിക്ക് കാരണം. ഫലകചലനങ്ങളുടെ നേരിട്ടുള്ള ഫലമാണ് ഭൂകമ്പങ്ങൾ. ഈ സിദ്ധാന്തപ്രകാരം ഭൗമചരിത്രത്തിന്റെ ഒരു ശതമാനത്തിന്റെ വെറും പത്തിലൊന്ന് മാത്രമേ നമ്മൾ ഇപ്പോൾ കാണുന്ന ഭൂഖണ്ഡങ്ങളുടെ സ്ഥിതി വെളിപ്പെടുത്തുന്നുള്ളൂ! വെറും 15 കോടി വർഷം മുമ്പ് ഇപ്പോഴത്തെ പല ഭൂഖണ്ഡങ്ങളും മഹാസമുദ്രങ്ങളും ഇല്ലായിരുന്നു. 'പാൻജിയ' (Pangea) എന്ന ഭീമൻ ഭൂഖണ്ഡം മാത്രമാണ് ഭൂമുഖത്തുണ്ടായിരുന്നത്. അത് പിന്നീട് തെക്ക് 'ഗോണ്ട്വാനാലാൻഡ്' എന്നും, വടക്ക് 'ലോറേഷ്യ'യെന്നും രണ്ട് ഭൂഖണ്ഡങ്ങളായി പിളർന്നു.
വടക്കേഅമേരിക്ക, ഗ്രീൻലൻഡ്, യൂറോപ്പ് എന്നീ ഭൂഭാഗങ്ങളും ഇന്ത്യയൊഴികെയുള്ള ഏഷ്യയും ഒന്നുചേർന്നുള്ളതായിരുന്നു ലോറേഷ്യ. ഗോണ്ട്വാനാലാൻഡിൽ ആഫ്രിക്കൻ ഭൂഖണ്ഡം തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തോടു ചേർന്നിരുന്നു. തെക്കുഭാഗത്ത് അന്റാർട്ടിക്കയും അതിനോട് ചേർന്ന് ഓസ്ട്രേലിയയും നിലകൊണ്ടു. മഡഗാസ്ക്കർ മുഖേന ഇന്ത്യൻ ഉപഭൂഖണ്ഡം ഗോണ്ട്വാനാലാൻഡുമായി ബന്ധിപ്പിക്കപ്പെട്ട നിലയിലായിരുന്നു. ഏതാണ്ട് പത്തുകോടി വർഷം മുമ്പ് ആ പ്രാചീനഭൂഖണ്ഡങ്ങൾ പൊട്ടിപ്പിളർന്ന് ഭാവിയിലേക്കു പ്രയാണം ആരംഭിച്ചു. ദിനോസറുകളുടെ യുഗമായിരുന്നു അത്.

ഏതാണ്ട് 8.8 കോടി വർഷംമുമ്പ് ഗോണ്ട്വാനയിൽ മഡഗാസ്കറിൽ നിന്ന് ഇന്ത്യൻ ഫലകം വേർപെട്ടു. സമുദ്രാന്തർഭാഗത്തുണ്ടായ അതിശക്തമായ ലാവാസ്ഫോടനം, ഇന്ത്യൻ ഫലകത്തെ ശക്തിയായി വടക്കോട്ട് തള്ളിവിട്ടു. പത്തുലക്ഷം വർഷത്തിൽ 230 കിലോമീറ്റർ എന്ന തോതിലായിരുന്നു ഇന്ത്യയുടെ ചലനവേഗം. എന്നുവെച്ചാൽ, പ്രതിവർഷം 31 സെന്റീമീറ്റർ. ഇതത്ര വേഗമാണോ എന്ന് തോന്നാം. എങ്കിൽ അറിയുക, ചരിത്രത്തിൽ വേറൊരു വലിയ ഭൗമഫലകവും ഇത്ര വേഗത്തിൽ സഞ്ചരിച്ചിട്ടില്ല. വടക്കോട്ട് നീങ്ങിയ ഇന്ത്യൻ ഫലകം, ഏതാണ്ട് 6000 കിലോമീറ്റർ സഞ്ചരിച്ച് യൂറേഷ്യൻ ഫലകവുമായി അഞ്ചുകോടി വർഷംമുമ്പ് കൂട്ടിമിട്ടിയപ്പോൾ ടീതസ് കടൽ സ്ഥിതിചെയ്തിടത്ത് ഹിമാലയം പൊന്തിവന്നു. ഇന്ത്യയുടെ ഭൗമചരിത്രത്തിലെ നിർണായക വഴിത്തിരിവായിരുന്നു ഹിമാലയത്തിന്റെ ആവിർഭാവം. സിന്ധുനദി പിറന്നതും ഇന്നത്തെ നിലയ്ക്ക് ഇന്ത്യൻ മൺസൂൺ ശക്തിപ്രാപിച്ചതുമൊക്കെ അതോടെയാണ്.
Indian subcontinent

ഇതൊക്കെ സത്യമാണോ എന്ന് സംശയം തോന്നാം. അത് സ്വാഭാവികവുമാണ്. പക്ഷേ, ഫോസിൽ തെളിവുകൾക്കൊപ്പം 'ഗ്ലോബൽ പൊസിഷനിങ് സംവിധാനങ്ങൾ' പോലുള്ള പുതിയ സാങ്കേതികവിദ്യകളും ഇക്കാര്യങ്ങൾ വളരെ കൃത്യതയോടെ പഠിക്കാൻ സഹായിക്കുന്നു. ഭൂഖണ്ഡങ്ങൾ അവയുടെ ചലനം തുടരുകയാണ്. ഇന്ത്യൻ ഉപഭൂഖണ്ഡം ഇപ്പോൾ പ്രതിവർഷം അഞ്ചു സെന്റീമീറ്റർ എന്ന കണക്കിന് വടക്കോട്ട് നീങ്ങുന്നു. വർഷം തോറും ഒരു നഖത്തിന്റെ നീളത്തിൽ (ഒരായുഷ്ക്കാലത്ത് രണ്ടുമീറ്റർ വീതം) യൂറോപ്പും വടക്കേ അമേരിക്കയും പരസ്പരം അകലുന്നത് തുടരുന്നു.

കാര്യങ്ങൾ ഇന്നത്തെ നിലക്ക് തുടർന്നാൽ, അത്ലാന്റിക് സമുദ്രം വലുതായി ഭാവിയിൽ ശാന്തസമുദ്രത്തെ കടത്തവെട്ടും. കാലിഫോർണിയ അമേരിക്കയിൽ നിന്ന് വേർപെട്ട്, മഡഗാസ്ക്കർ ആഫ്രിക്കയിൽ നിന്ന് അകന്നു കഴിയുംപോലെ, കടലിൽ ഒഴുകി മാറും. ആഫ്രിക്ക വടക്കോട്ടു നീങ്ങി യൂറോപ്പിനോട് ചേരും. മെഡിറ്റനേറിയൻ സമുദ്രം അപ്രത്യക്ഷമാകും.അതിന്റെ ഫലമായി ഹിമാലയത്തിന്റെ ദൈർഘ്യം പാരീസ് മുതൽ കൊൽക്കത്ത വരെ നീളും! കോടിക്കണക്കിന് വർഷം കഴിയുമ്പോൾ ഭൂഖണ്ഡങ്ങളെല്ലാം ഒത്തുചേർന്ന് 'പുതിയ പാൻജിയ' രൂപപ്പെടുമെന്ന് ഗവേഷകർ പ്രവചിക്കുന്നു.
കടപ്പാട് ;വീണ സി
Previous Post Next Post