സുമംഗല..കഥകളുടെ മിട്ടായി പൊതി !

' സുമംഗല '.. മലയാള വായനയിലേക്ക് കൈപ്പിടിച്ചു കേറ്റിയ വ്യക്തികളിൽ ഒരാൾ എന്ന നിലയിൽ മിക്കവരുടെയും മനസ്സിൽ മായാതെ കിടക്കുന്ന നാമം..
മലയാള ഭാഷയെ അടുത്തറിയാൻ തുടങ്ങുമ്പോൾ.. അതായത് വായനയിലേക്ക് കടക്കുമ്പോൾ ആദ്യം കിട്ടുന്ന ചില പുസ്തകങ്ങളിൽ ഒന്ന്..
 പാഠപുസ്തകങ്ങളിൽ കുട്ടികൾ ഏറ്റവും വായിക്കാനും, കേൾക്കാനും ഇഷ്ടപെടുന്ന കഥകൾ...
മുത്തശ്ശി, മുത്തശ്ശൻ, അമ്മ, അച്ഛൻ തുടങ്ങി ഏവരും വളരെ ഉത്സാഹത്തോടെ പറഞ്ഞ് തരുന്ന കഥകൾ...
sumangala writer


"പഞ്ചതന്ത്രം "...
യഥാർത്ഥ കൃതി, സംസ്‌കൃതത്തിലാണ്, രചിച്ചിരിക്കുന്നത് വിഷ്ണു ശർമയും... എന്നാൽ നമ്മൾ മലയാളികൾ ഒരുചിലർ എങ്കിലും പുറംചട്ടയിൽ കാണുന്ന 'സുമംഗല' എന്ന അവരാണ് പുസ്തകത്തിന്റെ ഉപജ്ഞാത്താവ് എന്ന് കരുതിക്കാണും...
90's kid എന്ന് വിശേഷിപ്പിക്കുന്ന നമ്മൾ സുമംഗല മുത്തശ്ശി പറഞ്ഞു തരുന്ന കഥകൾ എന്ന നിലക്കാവും കഥകൾ കേൾവികൊണ്ടതും..
സുമംഗല മുത്തശ്ശി ഇന്നില്ല...2021 ഏപ്രിൽ 27 ചൊവ്വാഴ്ച വൈകുന്നേരം 6.5 ഓടെ പാലക്കാട്‌ വടക്കാഞ്ചേരിയിലെ മകന്റെ വീട്ടിൽ വെച്ച് അന്തരിച്ചു...

സുമംഗല എന്നത് തുലികാനാമം ആകുന്നു.. യഥാർത്ഥ നാമം, ലീല നമ്പൂതിരിപ്പാട് എന്നാണ്.. മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരിയായിരുന്നു...
1934 മെയ് 16-ന്‌ പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കൽ ജനിച്ചു..
വെള്ളിനേഴിയിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് ഒറ്റപ്പാലം ഹൈസ്കൂളിലായിരുന്നു സുമംഗലയുടെ വിദ്യാഭ്യാസം..
അച്ഛന്റെ കീഴിൽ സംസ്കൃതവും ഇംഗ്ലീഷും പഠിച്ചു.
1948-ൽ പത്താം ക്ലാസ്സ് പാസ്സായെങ്കിലും തുടർന്നു കോളേജിൽ പഠിക്കാൻ പ്രായം തികഞ്ഞിരുന്നില്ല..അത്കൊണ്ട് കോളേജിൽ ചേരുകയുണ്ടായില്ല...

sumangala writer

കേരളകലാമണ്ഡലത്തിൽ ചെറിയൊരു ജോലിയിൽ പ്രവേശിച്ച സുമംഗല പിന്നീട് അവിടത്തെ പബ്ലിസിറ്റി ഓഫീസർ ചുമതല വഹിച്ചു...അങ്ങനെ,1972 മുതൽ കേരളകലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിൽ പ്രവർത്തിച്ചു...
ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചു സുമംഗല 'സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു' വേണ്ടി ശക്തിഭദ്രന്റെ 'ആശ്ചര്യചൂഡാമണി' കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു..

സുമംഗലയുടെ ബാലസാഹിത്യം 
• തത്ത പറഞ്ഞ കഥകൾ (ശുകസപ്തതിയുടെ പുനരാഖ്യാനം)
• കുറിഞ്ഞിയും കൂട്ടുകാരും
• നെയ്‌പായസം
• തങ്കക്കിങ്ങിണി
• മഞ്ചാടിക്കുരു
• മിഠായിപ്പൊതി
• കുടമണികൾ
• മുത്തുസഞ്ചി
• നടന്നു തീരാത്ത വഴികൾ

നിഘണ്ടു 
• പച്ചമലയാളം നിഘണ്ടു (രണ്ടു ഭാഗം)

സുമംഗലയുടെ നോവലുകൾ 
• കടമകൾ
• ചതുരംഗം
• ത്രയ്യംബകം
• അക്ഷഹൃദയം

ചെറുകഥാസമാഹാരം 
• നുണക്കുഴികൾ

ചരിത്രം 
• കേരളകലാമണ്ഡലം ചരിത്രം
......തുടങ്ങിയവയാണ് മറ്റു കൃതികൾ.
sumangala writer

കേരളസർക്കാരിന്റെ സാമൂഹ്യക്ഷേമവകുപ്പ് അവാർഡ് (നെയ്‌പായസം), കേരളസാഹിത്യഅക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി അവാർഡ് (മിഠായിപ്പൊതി), ബാലസാഹിത്യത്തിനുള്ള 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നടന്നു തീരാത്ത വഴികൾ എന്ന പുസ്തകത്തിന്, 
കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം - 2013,
ശൂരനാട് കുഞ്ഞൻപിള്ള പുരസ്ക്കാരം (2017)
പൂന്താനം ദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ പൂന്താനം-ജ്ഞാനപ്പാന പുരസ്‌കാരത്തിന് പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അർഹയായി, 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
മാർച്ച് 10-ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ വെച്ച് സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പുരസ്‌കാരം സമ്മാനിച്ചു..

' അധികാരത്തെയും സമ്പത്തിനെയും ആണ്‍മേല്‍ക്കോയ്മയെയും കുറിച്ചുള്ള ആദ്യ തിരിച്ചറിവുകള്‍ പഞ്ചതന്ത്രമാണു നല്‍കിയത്..ലോകം എത്ര സ്ത്രീവിരുദ്ധമാണെന്നും ആണത്തം എന്ന ആശയം വാസ്തവത്തില്‍ എന്താണെന്നും കുട്ടിക്കാലത്തുതന്നെ വായിച്ചെടുത്തത് ആ പുസ്തകത്തില്‍നിന്നാണ്. പഞ്ചതന്ത്രത്തിന്‍റെ അഞ്ചു ഭാഗങ്ങളും ഒരു സ്ത്രീയുടെ കാഴ്ചപ്പാടില്‍ പുനരാഖ്യാനം ചെയ്യുക എന്നത് എന്‍റെ ഒരു സ്വപ്നമായിരുന്നു. അതില്‍, ‍ മിത്രഭേദം മാത്രം പൂര്‍ത്തിയായി. ‘പെണ്‍പഞ്ചതന്ത്രവും മറ്റു കഥകളും’ എന്ന പേരില്‍ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ആ പുസ്തകം ശ്രീമതി ലീലാ നമ്പൂതിരിയെ നേരില്‍ക്കണ്ടു സമ്മാനിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു.
sumangala writer
സാധിച്ചില്ല. 
എങ്കിലും, രണ്ടു പെണ്‍കുട്ടികളുടെ ജീവിതത്തിനു‍ ഭാഷയുടെയും ഭാവനയുടെയും ഉള്‍ക്കാഴ്ചയുടെയും മധുരം പകര്‍ന്നതിനു സുമംഗല എന്ന ലീലാനമ്പൂതിരിപ്പാടിനോടുള്ള കടപ്പാടു മായുന്നില്ല. മായുകയുമില്ല..'
                                        - കെ. ആർ. മീര.

പഞ്ചതന്ത്രം, ജീവിതവിജയത്തിന്ന് അത്യന്താപേക്ഷിതമായ ധർമതത്വങ്ങളും നീതിസാരങ്ങളും കഥാരൂപത്തിൽ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷ്ണു ശർമ എഴുതിയ പുസ്തകമാണ് എങ്കിലും സുമംഗല എന്ന വ്യക്തിയുടെ പുനരാഖ്യാനത്തിലൂടെ നമ്മൾ പലകോണിലൂടെയും ചിന്തിച്ചുപോവും എന്നുള്ളതാണ് സത്യം.. കെ. ആർ. മീരയുടെ അഭിപ്രായത്തിൽ ലോകം എത്ര സ്ത്രീ വിരുദ്ധമാണ് എന്ന് തുടങ്ങി പല പല കാര്യങ്ങളും നമ്മെ ഉള്ളു തുറന്ന് ചിന്തിപ്പിക്കുന്ന ഒന്ന്..

എന്താണ് പഞ്ചതന്ത്രം.. എങ്ങനെയാണ് ഈ കൃതിയുടെ ഉത്ഭവം...

ബൈബിൾ കഴിഞ്ഞാൽ ഏറ്റവും പ്രചാരം സിദ്ധിച്ചതും 200ലധികം ഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടതുമായ കൃതിയാണിത്...
എ.ഡി.മൂന്നാം ശതകത്തിൽ ആണ് ഇതിന്റെ രചന നടന്നിരിക്കുന്നത് എന്ന് വിശ്വസിക്കുന്നു..

ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഇതിന്റെ ഉത്ഭവത്തിനു നിദാനമായ സംഭവം പ്രതിപാദിച്ചിട്ടുണ്ട്..
മഹിളാരോപ്യം എന്ന പട്ടണത്തിലെ അമരശക്തി എന്ന രാജാവിന് മൂന്നു പുത്രന്മാർ ജനിച്ചു. വസുശക്തി, ഉഗ്രശക്തി, അനേകശക്തി എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ.. ബുദ്ധിഹീനരായിരുന്ന അവർ കുബുദ്ധികളായി മാറുകയായിരുന്നു. ഈ അവസ്ഥയിൽ വിഷണ്ണനായ രാജാവ് സഭ വിളിച്ചു കൂട്ടി പരിഹാരം ആരാഞ്ഞു. സഭാവാസികളിൽ പലർക്കും പല അഭിപ്രായങ്ങളായിരുന്നു. കൂട്ടത്തിൽ സുമതി എന്ന മന്ത്രി വിഷ്ണുശർമ എന്ന വിദ്വാനെപ്പറ്റി പറയുകയും രാജാവ് കുമാരന്മാരെ ആ ഗുരുവിൻറെയടുക്കൽ വിദ്യാഭ്യാസത്തിനയക്കാൻ ഏർപ്പാടാക്കുകയും ചെയ്തു. വിഷ്ണുശർമ്മ രാജകുമാരന്മാരെ ആറുമാസം കൊണ്ട് തന്റെ കഥകളിലൂടെ ധർമ്മവും നീതിയും മറ്റു ശാസ്ത്രങ്ങളും പഠിപ്പിച്ച് അവരെ മിടുക്കന്മാരാക്കി എന്നാണ് ഖ്യാതി.."ഈ കഥകളുടെ സമാഹാരമാണ് പഞ്ചതന്ത്രം."

പഞ്ചതന്ത്രത്തിൽ അഞ്ച് തന്ത്രങ്ങൾ ഉൾപ്പെടുന്നു. ഓരോ തന്ത്രത്തിലും വിവിധശാസ്ത്രവിഷയങ്ങളെ സംബന്ധിച്ച അനേകം കഥകൾ അടങ്ങിയിരിയ്ക്കുന്നു. അഞ്ച് തന്ത്രങ്ങൾ ഇവയാണ്.

1. മിത്രഭേദം
2. മിത്രലാഭം
3. കാകോലൂകീയം
4. ലബ്ധപ്രണാശം
5. അപരീക്ഷിതകാരിതം

• മിത്രഭേദം
മിത്രങ്ങളെ തന്ത്രപൂർവം ഭിന്നിപ്പിച്ചു തൻകാര്യം നേടാമെന്നാണ് ഈ തന്ത്രത്തിലൂടെ വ്യാഖ്യാനിയ്ക്കുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ കരടകൻ എന്നും ദമനകൻ എന്നും പേരായ രണ്ട് കുറുക്കന്മാരാണ്. വളരെ സ്നേഹത്തിൽ കഴിഞ്ഞിരുന്ന ഒരു സിംഹത്തേയും കാളയേയും ഏഷണികൾ പറഞ്ഞ് ഭിന്നിപ്പിച്ച് കാര്യസാധ്യം നടത്തുന്നതാണ് ഇതിന്റെ ഉള്ളടക്കം.

• മിത്രലാഭം
ഈ തന്ത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ആമ, മാൻ, കാക്ക, എലി ഇവയാണ്. ശരിയായി വിവേചിച്ചറിഞ്ഞതിനുശേഷമല്ലാതെ ആളുകളെ മിത്രങ്ങളാക്കിയാലുണ്ടാകുന്ന ഭവിഷ്യത്തുകൾ ഇതിൽ ചർച്ച ചെയ്യപ്പെടുന്നു.

• കാകോലൂകീയം 
പ്രകൃത്യാശത്രുക്കളായവർ മിത്രങ്ങളായിത്തീർന്നാൽ സംഭവിയ്ക്കുന്ന ദൂഷ്യവശങ്ങളാണ് ഇതിൽ പ്രതിപാദ്യം. കാക്കയും മൂങ്ങയും ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ.

• ലബ്ധപ്രണാശം 
ചീങ്കണ്ണിയും കുരങ്ങനും മുഖ്യകഥാപാത്രങ്ങളായ ഈ തന്ത്രത്തിൽ കയ്യിൽ കിട്ടിയ വസ്തുക്കൾ നഷ്ടപ്പെടാതിരിക്കാൻ ആരെന്തു പറഞ്ഞാലും ഉടനെ വിശ്വസിക്കാതെ, ബുദ്ധിപൂർവം പെരുമാറേണ്ടതിന്റെ പ്രാധാന്യം വിവരിക്കുന്നു..

• അപരീക്ഷിതകാരിതം 
എല്ലാവശവും ചിന്തിയ്ക്കാതെ ഒരു അഭിപ്രായം പറയുമ്പോൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ആണ് ഇതിലെ പ്രതിപാദ്യവിഷയം..

പഞ്ചതന്ത്രത്തിന്റെ രണ്ട് വ്യഖ്യാനങ്ങൾ ലഭ്യമായിട്ടുണ്ട്. തന്ത്രാഖ്യായിക എന്നപേരിൽ കശ്മീരി ഭാഷയിലുള്ള വ്യഖ്യാനവും കഥാസരിത്‌സാഗരത്തിൽ കാണപ്പെടുന്ന മറ്റൊരു വ്യാഖ്യാനവും. ഇവയെ അടിസ്ഥാനപ്പെടുത്തിയാണ് പിൽക്കാലത്തെ വ്യാഖ്യാനങ്ങളെല്ലാം ഉണ്ടാകുന്നത്..

എ.ഡി 531നും 575നും ഇടയ്ക്ക് സംസ്കൃതത്തിൽ നിന്നും പഹ്ലവി ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടു..
എ.ഡി 570ൽ സിറിയൻ ഭാഷയിലേയ്ക്ക് ബഡ് എന്ന പണ്ഡിതൻ തർജ്ജമ ചെയ്തു...
എ.ഡി 750ൽ അറബി ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടു...
പിൽക്കാലത്ത് ഗ്രീക്(എ.ഡി1080),എബ്രായ (എ.ഡി1100),ലാറ്റിൻ (എ.ഡി1280),ജർമ്മൻ (എ.ഡി1460),ഇറ്റാലിയൻ (എ.ഡി1552),ഫ്രെഞ്ച് (എ.ഡി1678) എന്നീ ഭാഷകളിലും ഇതിനു തർജമകൾ ഉണ്ടായി....

sumangala writer

മലയാളത്തിൽ കുഞ്ചൻ നമ്പ്യാരുടെ പ്രസിദ്ധമായ പുനരാഖ്യാനത്തിനു ശേഷം സുമംഗല അടക്കം നിരവധി പേർ പഞ്ചതന്ത്രകഥകൾ പുനരാഖ്യാനം ചെയ്തിട്ടുണ്ട്..
എങ്കിലും നമ്മൾ മലയാളികളുടെ പ്രിയപ്പെട്ട പഞ്ചതന്ത്രം പുനരാഖ്യാനം സുമംഗല അവർകളുടേതാണ് എന്നതിൽ ഒരു തർക്കവുമില്ല....
രസകരമായ ഒരുപാട് കഥകൾ പറഞ്ഞു തന്ന് നമ്മൾ ഓരോരുത്തരുടെയും കുട്ടിക്കാലം മനോഹരമാക്കി തീർത്ത ലീല നമ്പൂതിരിപ്പാടിന്.. സുമംഗല മുത്തശ്ശിക്ക്... ആദരാഞ്ജലികൾ...

Previous Post Next Post