1450 രൂപ 50 പൈസയുടെ രാഷ്ട്രീയം വേണോ..?

ഇന്നത്തെ ഇടതു അനുകൂല പ്രൊഫൈലുകളിലെ പോസ്റ്റുകളും സ്റ്റാറ്റസ്സുകളും കണ്ടപ്പോൾ വെട്ടം സിനിമയും 1450 രൂപ 50 പൈസയും പെട്ടെന്ന് ഓര്മ വരുന്നു..

അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ,ആദ്യമായി ദേവസ്വം മന്ത്രിയാകുന്ന അവർണൻ (എന്ന് ജാതിയും മതവുമില്ലാത്ത പാർട്ടി പോലും കരുതുന്ന) സഖാവ് കെ.രാധാകൃഷ്ണൻ  അല്ല എന്നതാണ്.

തൃത്താല മുൻ MLA ആയിരുന്ന വെള്ള ഈച്ചരൻ 1970-77 അച്യുതമേനോൻ മന്ത്രിസഭയിൽ ദേവസ്വം കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു.ദളിത് പശ്ചാത്തലമുള്ള അദ്ദേഹം കോൺഗ്രസ്സ് പ്രതിനിധിയായിട്ടാണ് തൃത്താലയിൽ നിന്നും പിന്നീട് വണ്ടൂരിൽ നിന്നും വിജയിച്ചത്.

1977 എ കെ ആൻറണി മന്ത്രിസഭയിൽ ദേവസ്വം മന്ത്രിയായ കെ.കെ ബാലകൃഷ്‌ണൻ ദളിത് സമൂഹത്തിൽ നിന്നായിരുന്നു.കെ.രാധാകൃഷ്‌ണൻ ഇപ്പോൾ പ്രതിനിധീകരിക്കുന്ന ചേലക്കരയുടെ പ്രതിനിധിയായിരുന്നു അദ്ദേഹം അന്ന്.ആ നിയമസഭയിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും അംഗമായിരുന്നു.

എന്നാൽ ആ കാര്യത്തിൽ വാദത്തിനുള്ള കഷ്ണം ഇരിക്കുന്നത് അന്നൊക്കെ ദേവസ്വം ഒരു ഉപവകുപ്പ് ആയിരുന്നു.സ്വതന്ത്ര ചുമതലയുള്ള വകുപ്പായി ദേവസ്വം മാറിയത് 1996-2001 സമയത്താണ്.

ഇനി രണ്ടാമത്തെ കാരണം;ഇപ്പോഴത്തെ മന്ത്രിസഭയിൽ സിപിഎം പ്രതിനിധികളായ 12 പേരിൽ 5 പേരും സ്പീക്കറും ,സിപിഐ യുടെ ലിസ്റ്റിലുള്ള 4 മന്ത്രിമാരിൽ 3 പേരും നായരാണല്ലോ എന്നൊരു മറുചോദ്യം ഉള്ളതുകൊണ്ടാണ്,ചോദിക്കാൻ പേടിയാണ് ..വർഗ്ഗീയവാദിയാകാൻ സാധ്യത ഉണ്ട്.

ജാതിമത സാമുദായിക സമവാക്യങ്ങൾ ഏറെയുള്ള മുന്നണിയിൽ നിന്നും C H വരെ നോക്കിയ വകുപ്പാണ് ദേവസ്വം.

സത്യത്തിൽ കേരള രാഷ്ട്രീയത്തിൽ അല്ല മാറ്റം,സ്വന്തം മുന്നണിയിൽ തന്നെയാണെന്ന് തിരിച്ചറിയുന്നത് നല്ലതാണ്.

ഇനി മൂന്നാമത്തെയും ഒടുവിലത്തേയും കാരണം;എതിരാളികൾ ജാതി പറഞ്ഞു അധിക്ഷേപിക്കുമ്പോൾ മാത്രമല്ല പോരാളികൾ ജാതിപറഞ്ഞു ആഘോഷിക്കുമ്പോഴും ഫലത്തിൽ അടി വീഴുന്നത് ജാതിയിൽ താണവരുടെ  മുഖത്ത് തന്നെയാണ് ..(പ്രയോഗത്തിന് കടപ്പാടുണ്ട്)
അവിടെയാണ് 1450 രൂപ 50 പൈസ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നത്..

നിയുക്ത ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് എല്ലാ ഭാവുകങ്ങളും ആശംസകളും...
Previous Post Next Post