രാജീവ് ഗാന്ധിയുടെ ധീരമരണം ഓർക്കുമ്പോഴൊക്കെ പേരറിവാളനെ ഓർക്കേണ്ടി വരുന്നതും വല്ലാത്ത കഷ്ടമാണ്,ദുഖകരമാണ്..!

 പേരറിവാളൻ ,ജയിലിന് പുറത്തു കഴിഞ്ഞതിനേക്കാള്‍ കൂടുതല്‍ വര്‍ഷങ്ങള്‍ ജയിലിനകത്ത് കഴിഞ്ഞ മനുഷ്യൻ.രാജീവ് ഗാന്ധിവധക്കേസിലെ പ്രതികളിൽ ഒരാൾ.



1991 മെയ് മാസത്തിലാണ് രാജീവ് ഗാന്ധിയും മറ്റ് 14 പേരും തമിഴ്‍നാട്ടിലെ ശ്രീ പെരുംബത്തൂരില്‍ വെച്ച് എൽ.ടി.ടി യുടെ മനുഷ്യ ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്നത്.

രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണില്‍ അറസ്റ്റിലായപ്പോള്‍ പേരറിവാളനെന്ന അറിവിന് 19 വയസായിരുന്നു. ഗൂഢാലോചനയുടെ സൂത്രധാരനും എല്‍ടിടിഇ പ്രവര്‍ത്തകനുമായ ശിവരശനു പേരറിവാളന്‍ രണ്ട് ബാറ്ററി സെല്‍ വാങ്ങിനല്‍കിയതായും ഇതാണു രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബില്‍ ഉപയോഗിച്ചതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. 

വധശിക്ഷയാണു പേരറിവാളനു കോടതി വിധിച്ചത്. 23 വര്‍ഷത്തിനുശേഷം 2014 ഫെബ്രുവരി 18 ന് അന്നത്തെ ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ശിവകീര്‍ത്തി സിങ് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് പേരറിവാളന്റെയും മുരുകന്‍, സന്തന്‍ എന്നീ പ്രതികളുടെയും വധശിക്ഷ ജീവപര്യന്തം തടവായി കുറച്ചു.


കസ്റ്റഡിയിലായിരുന്നപ്പോഴുള്ള പേരറിവാളന്റെ മൊഴി താന്‍ തിരുത്തി കുറ്റസമ്മതം പോലെയാക്കുകയായിരുന്നുവെന്നു വിരമിച്ചതിന് ശേഷം ത്യാഗരാജന്‍ 2013 നവംബറില്‍ വെളിപ്പെടുത്തിയിരുന്നു. 1991 ല്‍ പേരറിവാളന്റെയും മറ്റു പ്രതികളുടെയും മൊഴി സിബിഐ എസ്പി വി ത്യാഗരാജനാണു രേഖപ്പെടുത്തിയത്. താനാണു ബാറ്ററികള്‍ കൈമാറിയതെന്നു പേരറിവാളന്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും അവ ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കുമെന്ന് തനിക്കറിയാമെന്ന് പറഞ്ഞിട്ടില്ലെന്നാണു ത്യാഗരാജന്‍ വെളിപ്പെടുത്തിയത്.

തിരുത്തിയ മൊഴിഅടങ്ങിയ CBI കുറ്റപത്രമാണ് പേരറിവാളനു വധശിക്ഷ ലഭിക്കുന്നതില്‍ നിര്‍ണായകമായതെന്നും ത്യാഗരാജന്‍ പറഞ്ഞിരുന്നു.

ബാറ്ററി വാങ്ങിയതെന്തിനാണ് എന്നറിയില്ല എന്ന മൊഴി അതേപടി രേഖപ്പെടുത്തിയിരുന്നുവെങ്കില്‍ പേരറിവാളന്‍ ശിക്ഷിക്കപ്പെടുകയില്ലായിരുന്നു.

പേരറിവാളന്റെ മൊഴിയില്‍ ”ഇതുതാന്‍ രാജീവ് ഗാന്ധിയിന്‍ കൊലക്കു പയാന്‍ പദുത്തപ്പെട്ടത്” എന്നു തമിഴില്‍ ത്യാഗരാജന്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഇതാണ് (ബാറ്ററികൾ) അയാൾ ബോംബ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്’എന്ന് വിവർത്തനം ചെയ്യപ്പെട്ടത്.


അടുത്ത ദിവസം വിട്ടയക്കും എന്ന് 'അമ്മ അൻപുതമ്മാളിനോട് പറഞ്ഞുകൊണ്ടാണ് പോലീസ് ഇലെക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയായ(അതും അറസ്റ്റിനു കാരണമായി) അറിവിനെ കസ്റ്റഡിയിൽ എടുക്കുന്നത്.എന്നാൽ നീണ്ട 26 വർഷത്തെ ആ അമ്മയുടെ നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് മകന് ഒരു മാസത്തെ പരോൾ പോലും ലഭിക്കുന്നത്.

താൻ ശിക്ഷിക്കപ്പെട്ട,ജീവപര്യന്തം തടവ് പോലും 12 വർഷം ആണെന്നിരിക്കെ,ഒരു പരോളിന്‌ വേണ്ടിപോലും 26 വര്ഷം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ മനുഷ്യാവകാശ ലംഘനം അല്ലാതെ മറ്റെന്താണ് ..?

വിട്ടയക്കണമെന്ന് തമിഴ്നാട് സർക്കാർ 2 വര്ഷം മുൻപ് നിർദ്ദേശം നൽകിയിട്ടും ഗവർണർ ആ ഉത്തരവിന് അംഗീകാരം നൽകാത്തതിനാൽ പേരറിവാളൻ ജയിലിൽ തുടരുകയാണ്. 


രാജീവ് ഗാന്ധിയുടെ ധീരമരണം ഓർക്കുമ്പോഴൊക്കെ പേരറിവാളനെ ഓർക്കേണ്ടി വരുന്നതും വല്ലാത്ത കഷ്ടമാണ്,ദുഖകരമാണ്..!

Previous Post Next Post