ചെര്‍ണോബില്‍ : നുണകളുടെ വില എന്താണ്? Chernobyl review

ചെര്‍ണോബില്‍ : നുണകളുടെ വില എന്താണ്? Chernobyl review


സോവിയറ്റ് യൂണിയനിലെ ഉക്രൈന്‍ റിപ്പബ്ലിക്കില്‍ ഉള്‍പ്പെട്ട പ്രിപ്യാറ്റ് നഗരവാസിയായ ല്യുഡ്മിള ഇഗ്നാറ്റെങ്കോയ്ക്ക് അറിയില്ലായിരുന്നു 1986 ഏപ്രില്‍ 26 എന്ന ആ ദിവസം തന്റെ ജീവിതത്തെ എങ്ങിനെയൊക്കെയാണ് മാറ്റിമറിക്കുക എന്നത് . തന്റെ ജാലകത്തിലൂടെയാണ് അവള്‍ ആ സ്ഫോടനം കാണുന്നതും അതിന്റെ ഘോരശബ്ദം കേട്ട് നടുങ്ങുന്നതും . അഗ്നിരക്ഷാ സേനാംഗം ആയ വാസിലി ഇഗ്നാറ്റെങ്കോയുടെ ഭാര്യ ആയ ല്യുഡ്മിള ഗര്‍ഭിണിയായിരുന്നു . അപ്പോള്‍ സമയം ക്യത്യം 1 : 23 : 45 ആയിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ആണവദുരന്തത്തിന്റെ , ആദ്യ നിമിഷത്തിനാണ് താന്‍ സാക്ഷി ആകുന്നത് എന്ന് അവള്‍ അറിഞ്ഞിരുന്നില്ല.


ചെര്‍ണോബില്‍ ആണവനിലയദുരന്തത്തെ ആസ്പദമാക്കി ജൊഹാന്‍ റെന്‍കിന്റെ സംവിധാനത്തില്‍ എച്ച് ബി ഒ ചാനലും സ്കൈ യു കെ യും ചേര്‍ന്ന് നിര്‍മ്മിച്ച 'ചെര്‍ണോബില്‍' മിനി സീരീസ് , കാണിയെ സൂക്ഷ്മമായി അനുഭവിപ്പിക്കുന്നത് ല്യുഡ്മിള ഇഗ്നാറ്റെങ്കോയെ പോലുള്ള ആയിരക്കണക്കിന് മനുഷ്യരുടെ ദുരന്തത്തെയും നിസ്സഹായാവസ്ഥയെയും ആണ് . മേലധികാരിയുടെ ആജ്ഞ അനുസരിച്ച് ദുരന്തസ്ഥലത്തേക്ക് പോകാനൊരുങ്ങുന്ന തന്റെ ഭര്‍ത്താവിന്റെ - തന്റെയും – വിധി എന്താണ് എന്നതിനെ കുറിച്ച് ഒന്നും തന്നെ അറിയാതിരുന്ന ല്യുഡ്മിളയെ പോലെ ആയിരുന്നു ആ പുലരാന്‍ കാലത്ത് , പ്രിപ്യാറ്റിന്റെ ആകാശത്ത് നിന്നും വീണുകൊണ്ടിരുന്ന ലോഹരുചിയുള്ള പൊടി ശരീരത്തില്‍ ഏറ്റുവാങ്ങിക്കൊണ്ട് , സ്ഫോടനസ്ഥലത്ത് നിന്ന് ആളിക്കത്തുന്ന അഗ്നിസ്ഫുലിംഗങ്ങളെ നോക്കി നില്‍ക്കുകയായിരുന്ന നഗരവാസികളും .


'ചെര്‍ണോബില്‍' പറയുന്നത് യഥാര്‍ഥ രക്തസാക്ഷികളുടെ കഥ കൂടിയാണ് , ആണവനിലയത്തിലെ തീ കെടുത്താനും ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനും പൊട്ടിത്തെറി നടന്ന സമയം മുതല്‍ സ്വജീവന്‍ ത്യജിച്ചു കൊണ്ട് പണിയെടുത്ത കുറേ മനുഷ്യരുടെ കഥ . അവരില്‍ ഒരാളായിരുന്നു ല്യുഡ്മിളയുടെ ഭര്‍ത്താവ് വാസിലിയും . അയാള്‍ ഏറ്റുവാങ്ങിയത് അതീവ ദൈന്യതയാര്‍ന്ന മരണം ആയിരുന്നു . കൂടിയ അളവിലും , നേരിട്ടുമുള്ള ആണവ വികിരണം ഏറ്റ് മരിച്ചവർ ആണവനിലയം ജോലിക്കാരും അഗ്നിരക്ഷാ സേനാംഗങ്ങളുംആയിരുന്നെങ്കിലും ദുരന്തത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചത് ഏതാണ്ട് എല്ലാ നഗരവാസികളും ആയിരുന്നു : ചെറുതും വലുതും ആയ ശാരീരിക അസ്വസ്ഥതകള്‍ മുതല്‍ മാരകമായ ക്യാന്‍സര്‍ വരെ . അവിടെയും തീർന്നില്ല ദുരന്തത്തിന്റെ വ്യാപ്തി . യൂറോപ്പ് മുഴുവൻ അതിന്റെ സൂക്ഷ്മ പ്രത്യാഘാതങ്ങൾ ഉണ്ടായിട്ടുണ്ട് , ക്യാൻസറിന്റെ , അബോർഷന്റെ , അംഗവൈകല്യത്തിന്റെ ഒക്കെ രൂപത്തിൽ , ഒരു പക്ഷെ ഇന്നും തുടരുന്ന ദുരിതങ്ങള്‍.




ഒരു മണിക്കൂര്‍ വീതമുള്ള അഞ്ച് ഭാഗങ്ങള്‍ ആയാണ് ചെര്‍ണോബില്‍ സീരീസിന്റെ ഘടന . ഓരോ ഭാഗവും പിരിമുറുക്കമുള്ളതും സൂക്ഷ്മവും കെട്ടുറപ്പുളളതുമായ പ്രതിപാദന രീതി കൊണ്ട് ആസ്വാദകരെ അതിലേക്ക് നിമഗ്നര്‍ ആക്കുന്നുണ്ട് . ആണവ ദുരന്തം പോലുള്ള , വിരസവും , സംഭവപരമ്പരകളുടെ കുറവ് മൂലം സ്പെക്ടാക്യുലര്‍ അല്ലാത്തതുമായ ഒരു പ്രമേയത്തെ , ഉദ്വേഗഭരിതവും ഒരു നിമിഷം പോലും ടിവി സ്ക്രീനില്‍ നിന്നും കണ്ണെടുക്കാന്‍ ആകാത്ത വിധം കൊളുത്തി വലിക്കുന്നതും ആക്കിത്തീര്‍ത്തതില്‍ ആഖ്യാനരീതിയ്ക്ക് വലിയ പങ്കുണ്ട് . ‘ഗെയിം ഓഫ് ത്രോണ്‍സ്’ പോലെ വമ്പന്‍ ജനപ്രീതി നേടിയ സീരീസുകളില്‍ നിന്നും ചെര്‍ണോബില്ലിനെ വ്യത്യസ്ഥം ആക്കുന്നതും ഇതാണ് . വിവരണത്തിനും അപ്പുറമുളള യാതനകളിലൂടെ മരണത്തിലേക്ക് നടന്നു പോകുന്ന , തങ്ങള്‍ ശരീരത്തില്‍ പേറുന്നത് മരണം വരെ പിന്തുടരുന്ന ദുരിതത്തിന്റെ ലോഹകണങ്ങളെ ആണ് എന്ന് തിരിച്ചറിയുക പോലും ചെയ്യാതെ രക്ഷാപ്രവര്‍ത്തനത്തിനും ശുചിയാക്കലിനും ഒക്കെ തയ്യാറാകുന്ന മനുഷ്യരുടെ കഥ ആര്‍ദ്രതയോടെ സ്വന്തം മനസ്സില്‍ ഏറ്റുവാങ്ങാന്‍ കാണിക്ക് കഴിയുന്നത് കൊണ്ട് കൂടിയാണ് 'ചെര്‍ണോബില്‍' ചലച്ചിത്ര സീരീസുകളുടെ കൂട്ടത്തിലെ മികച്ച കലാസൃഷ്ടി ആകുന്നത് . 'ചെര്‍ണോബില്ലി'നെ ഒരു ടിവി സീരീസ് ആയല്ല , 5 മണിക്കൂര്‍ ദൈര്‍ഘ്യമുളള ഒരു സിനിമയായാണ് കാണേണ്ടത് എന്ന് തോന്നുന്നു.



ചെർണോബില്ലിൽ പ്രധാന കഥാപാത്രങ്ങള്‍ ആയി വരുന്നവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും ജീവിച്ചിരുന്നവരും മരിച്ചു പോയവരും ആയ യഥാര്‍ഥ വ്യക്തികള്‍ തന്നെയാണ് . നോബല്‍ പുരസ്കാരം നേടിയിട്ടുളള ബൈലോറഷ്യന്‍ ജേര്‍ണലിസ്റ്റും വാചിക ചരിത്രകാരിയുമായ സ്വെറ്റ് ലാന അലക്സീവിച്ചിന്റെ ‘വോയ്സസ് ഫ്രം ചെര്‍ണോബില്‍‘ എന്ന പുസ്തകത്തില്‍ കൊടുത്തിട്ടുളള പ്രിപ്യാറ്റ് നിവാസികളുടെ സ്മരണകള്‍ ആണ് സിനിമയുടെ പ്രധാന പ്രമേയ ഉറവിടം. പറയുന്ന കാര്യങ്ങളുടെ കൃത്യത ഉറപ്പു വരുത്താന്‍ സംവിധായകന്‍ നന്നായി ശ്രമിച്ചിട്ടുണ്ടെന്ന് ചെര്‍ണോബില്‍ ദുരന്തവുമായി ബന്ധപ്പെട്ട് പൊതുമണ്ഡലത്തില്‍ ലഭ്യമായ വസ്തുതകളിലൂടെ കടന്നു പോകുന്ന ഏതൊരാള്‍ക്കും ബോധ്യമാകും. തിരക്കഥ എഴുതിയ ക്രൈഗ് മേസിന്‍ അസാധാരണമായ മിഴിവാണ് കഥാപാത്രങ്ങൾക്കും സംഭവങ്ങൾക്കും നൽകിയിട്ടുള്ളത്. സൂക്ഷ്മതല സ്പർശിയും സമഗ്രവുമായ തിരക്കഥ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ ശക്തി.




'ചെര്‍ണോബില്‍ ' ആരംഭിക്കുന്നത് വലേറി ലെഗാസോവിന്റെ ആത്മഹത്യയിലൂടെയാണ് . ദുരന്തം ഉണ്ടായ ഉടന്‍ രാഷ്ട്രത്തലവന്‍ ആയ ഗോര്‍ബച്ചേവിന്റെ നിര്‍ദ്ദേശാനുസരണം അതിന്റെ വ്യാപ്തി കുറയ്ക്കാനും വികിരണം മൂലം മലിനമായ പ്രിപ്യാറ്റ് നഗരവാസികളെ ഒഴിപ്പിക്കാനും വികിരണ സാധ്യതകള്‍ കുറയ്ക്കാനും ഉള്ള ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി നിയുക്തമായ കമ്മിറ്റിയിലെ അംഗം ആയിരുന്നു ആണവ ശാസ്ത്രജ്ഞൻ ആയ ലെഗാസോവ് . നമ്മുടെ കഥയുടെ നായകസ്ഥാനത്ത് നില്‍ക്കുന്ന ലെഗാസോവിന്റെ പാത്രസ്യഷ്ടിയില്‍ ഹോളിവുഡ്ഡിന്റെ ഭാവുകതയുടെ അംശങ്ങളാണ് മുന്നിട്ട് നില്‍ക്കുന്നത് എങ്കിലും അയാളും ഒടുവില്‍ കീഴടങ്ങുകയാണ്, ഹോളിവുഡ്ഡ് നായകനില്‍ നിന്ന് വ്യത്യസ്തമായി . ലെഗാസോവ് എന്തിന് ആത്മഹത്യ ചെയ്തു , മരിക്കും മുമ്പ് അയാള്‍ പറഞ്ഞ് റെക്കാര്‍ഡ് ചെയ്ത് ഒളിപ്പിച്ചു വെയ്ക്കുന്ന ഓഡിയോ കാസറ്റുകളില്‍ എന്താണ് ഉള്ളത് എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങള്‍ക്ക് കാണി കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടി വരും.




ലെഗാസോവിന്റെ ആത്മഹത്യാ സീനില്‍ നിന്ന് നമ്മൾ പോകുന്നത് കൃത്യം 2 വര്‍ഷം , 2 മിനിട്ട് പിറകിലേക്കാണ് . നാലാം നമ്പര്‍ റിയാക്ടറിന്റെ കണ്ട്രോള്‍ റൂം ആണ് രംഗം. ഒരു സുരക്ഷാ പരീക്ഷണം ആരംഭിച്ചിരിക്കുന്നു. സമയം പുലര്‍ച്ചെ ഒരു മണി കഴിഞ്ഞിരിക്കുന്നു . രാത്രി ഷിഫ്റ്റിന്റെ മേല്‍നോട്ടക്കാരന്‍ ആയ അലക്സാണ്ടര്‍ അകിമോവിന്റെയും പരീക്ഷണം നടത്താന്‍ ചുമതലപ്പെട്ട സീനിയര്‍ എഞ്ചിനീയര്‍ ലിയോനിഡ് ടോപ്റ്റുനോവിന്റെയും മുഖങ്ങളില്‍ പരിഭ്രമം , ആത്മവിശ്വാസക്കുറവ് , പരാജയഭീതി , നിസ്സഹായാവസ്ഥ എന്നിവ മിന്നി മായുന്നു . റിയാക്ടറിന്റെ ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ആയ അനാറ്റൊലി ദിയാറ്റ് ലോവ് കര്‍ക്കശമായി നിര്‍ദ്ദേശങ്ങള്‍ വാക്കാല്‍ നല്‍കുന്നു . പരീക്ഷണം പരാജയത്തിലേക്ക് നീങ്ങുന്നു , റിയാക്ടര്‍ അടിയന്തിര നിര്‍ത്തിവെക്കലിന് വിധേയമാക്കുന്നെങ്കിലും അത് പരാജയപ്പെട്ട് റിയാക്ടര്‍ പൊട്ടിത്തെറിക്കുന്നു, മാനവരാശി കണ്ട ഏറ്റവും വലിയ ആണവദുരന്തത്തിന്റെ തിരശീല ഉയരുകയായിരുന്നു അവിടെ . ഈ സീനുകള്‍ വളരെയേറെ പിരിമുറുക്കത്തോടെയും ഉദ്വേഗം നിറച്ചുമാണ് അവതരിപ്പിച്ചിരിക്കുന്നത് .



സീരീസിന്റെ ഛായാഗ്രഹണം , എഡിറ്റിങ് , ശബ്ദമിശ്രണം , പശ്ചാത്തല സംഗീതം എന്നിവയെല്ലാം പ്രമേയത്തിന്റെ ദുരന്തസ്വഭാവത്തെയും കഥാപാത്രങ്ങളുടെ മ്ലാനവും വ്യസനസാന്ദ്രവുമായ ജീവിതപരിണതികളെയും പ്രേക്ഷകരില്‍ എത്തിക്കാന്‍ പാകത്തില്‍ തന്മയത്വത്തോടെയാണ് നിര്‍വഹിച്ചിട്ടുള്ളത് . എണ്‍പതുകളുടെ ഒടുവിലെ സോവിയറ്റ് ജീവിതം , സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം ഒക്കെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട് .

സ്ഫോടനം നടന്ന ഉടന്‍ തന്നെ റിയാക്ടറിന്റെ ചുമതലക്കാരന്‍ ആയ അനാറ്റൊലി ദിയാറ്റ് ലോവ് മേലുദ്യോഗസ്ഥര്‍ക്ക് അയയ്ക്കുന്ന റിപ്പോര്‍ട്ടുകളില്‍ ഒന്നും തന്നെ നടന്നതിന്റെ യഥാര്‍ഥ അവസ്ഥ പറയുന്നുണ്ടായിരുന്നില്ല . റിയാക്ടറിലെ ജോലിക്കാര്‍ യാതൊരു വികിരണ മുന്‍കരുതലുകളും ഇല്ലാതെ തന്നെ സ്ഫോടനസ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു . നാം മുമ്പ് കണ്ട ല്യുഡ്മിളയുടെ ഭര്‍ത്താവ് ആയ വാസിലി ഇഗ്നാറ്റെങ്കോ അടക്കമുള്ള അഗ്നിരക്ഷാ സേനാംഗങ്ങള്‍ അതീവ വികിരണം ഉള്ള അപകട സ്ഥലത്ത് തീ കെടുത്തുന്ന ജോലിയിലും . ആ സമയത്ത് തന്നെ ചിലര്‍ക്ക് വികിരണം മൂലമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇവിടെ ഒക്കെ തങ്ങള്‍ ഭീകരമായ ഒരു ആണവദുരന്തത്തിന്റെ വക്കിലാണ് എന്ന അറിവ് പോലും ആണവനിലയത്തിന്റെ മേധാവികള്‍ക്ക് ഉണ്ടായിരുന്നില്ല , അല്ലെങ്കില്‍ അതവര്‍ മറച്ചു വെച്ചു എന്നത് കൃത്യമായി സിനിമ കാണിച്ചു തരുന്നുണ്ട്.



സ്ഫോടനം നടന്ന് ഏഴ് മണിക്കൂറിന് ശേഷമാണ് ചെര്‍ണോബില്ലില്‍ നിന്നും 400 കി.മീ അകലെയുള്ള ‘മിന്‍സ്ക് ‘ നഗരത്തിലെ ന്യൂക്ലീയര്‍ ഫിസിസിസ്റ്റ് ആയ ഉലാനാ ഖോംക്യുക് , ആണവവികിരണത്തിന്റെ തോതില്‍ വലിയ വര്‍ദ്ധനവ് തന്റെ ഉപകരണത്തില്‍ കണ്ടെത്തുന്നത് . ചെര്‍ണോബില്ലില്‍ നിന്നാണ് വികിരണം ഉണ്ടായത് എന്ന് മനസ്സിലാക്കുന്ന ഖോംക്യുക് ഈ വിവരം പ്രാദേശിക പാര്‍ട്ടി നേതാക്കളെ അറിയിക്കുന്നു എങ്കിലും യാതൊരു നടപടികളും ഉണ്ടാകാത്ത സാഹചര്യത്തില്‍ അവര്‍ ചെര്‍ണോബില്ലിലേക്ക് യാത്രയാകുന്നു. ഖോംക്യുക്ക് മാത്രമാണ് സിനിമയിലെ ഏക സാങ്കല്പിക കഥാപാത്രം. ദുരന്തത്തില്‍ സ്വന്തം ജീവന്‍ പോലും അപകടത്തില്‍ ആക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം കൊടുത്ത ശാസ്ത്രജ്ഞരുടെ പൊതു പ്രതിനിധി ആയാണ് ഖോംക്യുക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രസൃഷ്ടി തിരക്കഥാകൃത്തിന്റെ വലിയൊരു വിജയമായി കണക്കാക്കണം. ഒരു സമഗ്രാധിപത്യ വ്യവസ്ഥയായ സോവിയറ്റ് യൂണിയനിലെ ശാസ്ത്രലോകം പൊതുവെ പേറുന്ന ആശങ്കകളും അത് കൃത്യമായി മനസ്സിലാക്കാനുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ പരാജയത്തെയും ആവിഷ്കരിക്കാൻ ഈ പാത്ര സൃഷ്ടിയിലൂടെ കഴിഞ്ഞിട്ടുണ്ട്. ഖോംഖ്യുക് പ്രിപ്യാറ്റിലെ ആശുപത്രിയില്‍ വികിരണം ഏറ്റ് ചികിത്സയില്‍ കിടക്കുന്ന റിയാക്ടര്‍ ജീവനക്കാര്‍ , അഗ്നിരക്ഷാ സേനാംഗങ്ങള്‍ എന്നിവരെ കണ്ടെത്തുകയും അവരുടെ മൊഴികള്‍ എഴുതിയെടുക്കുകയും ചെയ്യുന്നു. എന്താണ് സംഭവിച്ചത് , എന്ത് കൊണ്ടത് സംഭവിച്ചു എന്നതൊക്കെ കണ്ടെത്തുകയാണ് ഖോംക്യുക്കിന്റെ ലക്ഷ്യം. അവരുടെ പിറകെ കെ ജി ബിയും ഉണ്ട്, അതൊന്നും പുറത്ത് പോകരുത് എന്ന ലക്ഷ്യത്തോടെ...





ചെര്‍ണോബില്‍ കമ്മിറ്റിയിലെ പ്രധാന അംഗമായ , മന്ത്രിസഭയുടെ ഡെപ്യുട്ടി ചെയര്‍മാന്‍ ബോറിസ് ഷെര്‍ബിന ആദ്യമൊന്നും ലെഗാസോവിന്റെ ആവര്‍ത്തിച്ചുള്ള അപകട മുന്നറിയിപ്പുകള്‍ ഗൌരവമായി എടുക്കുന്നില്ല . ആണവനിലയം സ്ഥിതി ചെയ്യുന്ന പ്രിപ്യാറ്റ് നഗരത്തിലെ ജനങ്ങളെ ഉടന്‍ തന്നെ ഒഴിപ്പിക്കണം എന്ന ലെഗാസോവിന്റെ നിര്‍ദ്ദേശം ആദ്യം ഷെര്‍ബിനയും പാര്‍ട്ടി നേത്യത്വവും അവഗണിക്കുകയാണ്. പിന്നീട് നിര്‍ണ്ണായകമായ 36 മണിക്കൂറുകളും കഴിഞ്ഞ് മാത്രമാണ് ഒഴിപ്പിക്കല്‍ തുടങ്ങുന്നത് .നഗരം കടുത്ത ആണവ വികിരണത്തിന്റെ പിടിയില്‍ ആയ ആദ്യ പ്രഭാതത്തില്‍ പോലും കുട്ടികള്‍ സ്കൂളില്‍ പോകുന്നുണ്ടായിരുന്നു ,ആളുകള്‍ പതിവു പോലെ ജോലിയ്ക്കും . വികിരണത്തെ തടുക്കാന്‍ കഴിക്കേണ്ട അയഡിന്‍ ഗുളികകള്‍ പോലും വിതരണം ചെയ്യുന്നത് പിന്നെയും കുറേ സമയം കഴിഞ്ഞാണ് . ദുരന്തത്തിന്റെ ഭീകരത ജനങ്ങളില്‍ നിന്നും ലോകത്തില്‍ നിന്നും മറച്ചു വെക്കുന്നതിന് വേണ്ടിയാണ് ഇത് പോലുള്ള കുറ്റകരമായ അനാസ്ഥ ഭരണകൂടം പിന്തുടര്‍ന്നത് എന്ന കാര്യം സിനിമ ഊന്നിപ്പറയുന്നുണ്ട്. നുണകളുടെ വില ജനത അനുഭവിക്കാന്‍ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ലെഗാസോവ് പറയുന്ന പോലെ ‘നാം പറയുന്ന ഓരോ നുണയും സത്യവുമായി ഒരു കടം വരുത്തി വെക്കുന്നുണ്ട് , ഇന്നല്ലെങ്കില്‍ നാളെ അത് വീട്ടപ്പെടും’.




ബോറിസ് ഷെര്‍ബിന എന്ന കഥാപാത്രവും കാ‍ണിയുടെ മനസ്സില്‍ നിന്നും പെട്ടെന്ന് മറഞ്ഞു പോകില്ല . അയാള്‍ ഒരു ടിപ്പിക്കല്‍ രാഷ്ട്രീയക്കാരനാണ് , ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥനായ മന്ത്രിസഭാംഗവും . ദുരന്തം ഷെര്‍ബിനയെ പതുക്കെ മാറ്റുകയാണ് . ജനതയുടെ സുരക്ഷയുടെ കാര്യത്തില്‍ ഭരണകൂടം കാണിക്കുന്ന കുറ്റകരമായ അനാസ്ഥയെ കുറിച്ചുള്ള ലെഗാസോവിന്റെയും ഖ്യോംകുകിന്റെയും വാക്കുകള്‍ അയാളില്‍ ഉണ്ടാക്കുന്നത് ഒരു കാഴ്ച്ചപ്പാട് മാറ്റത്തിന്റെ സൂചനകള്‍ ആണ് . സ്റ്റേറ്റ് പറയുന്ന നുണകളുടെയും കെടുകാര്യസ്ഥതയെ മറച്ചു വെക്കുന്ന തെറ്റിന്റെയും വില ഒടുക്കുന്ന ആയിരങ്ങളുടെ ഒപ്പം ഷെര്‍ബിനയും ഒടുവില്‍ ചെന്നു ചേരുന്നുണ്ട് എന്നത് കാണിയെ നടുക്കുന്ന മറ്റൊരു കാഴ്ചയാണ് .

സ്ഫോടനത്തില്‍ തകര്‍ന്ന റിയാക്ടര്‍ അറ മണല്‍ , ബോറോണ്‍ പോലുള്ളവ ഉപയോഗിച്ച് മൂടി വികിരണം തടയാനുള്ള ശ്രമം നടത്തുന്നെങ്കിലും അത് പരാജയപ്പെടുന്നു. റിയാക്ടറിന്റെ അടിത്തറയുടെ ഭാഗത്ത് ഒരു നീരാവി വിസ്ഫോടനം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് ഖോംക്യുക്ക് മുന്നറിയിപ്പ് നല്‍കുന്നു . ഈ പ്രശ്നം പരിഹരിക്കപ്പെടുമ്പോഴാണ് മറ്റൊന്ന് ഉണ്ടാകുന്നത് : റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളും ഭൂഗര്‍ഭ ജലവും ആയുള്ള സമ്പര്‍ക്കം ഉണ്ടാകും എന്നും അത് ഭീകരമായ മറ്റൊരു ദുരന്തത്തിന് വഴി തുറക്കും എന്നും. ‘ടുല’ എന്ന സ്ഥലത്തെ ഒരു കല്‍ക്കരി ഖനിയില്‍ നിന്നുള്ള തൊഴിലാളികളുടെ സഹായത്തോടെ ടണല്‍ കുഴിച്ച് ഒരു ഹീറ്റ് എക്സ്ചേഞ്ചര്‍ ഉണ്ടാക്കുക എന്ന കഠിന ജോലി ആണ് പരിഹാരമായി വരുന്നത്. വികിരണം നേരിടാന്‍ എന്ന് പറഞ്ഞ് ഒരു മാസ്ക് മാത്രമാണ് ആ തൊഴിലാളികള്‍ക്ക് നല്‍കുന്നത് . വികിരണത്തെ കുറിച്ച് യാതൊരു ബോധ്യങ്ങളും ഇല്ലാതിരുന്ന അവര്‍ ടണലിലെ കടുത്ത ചൂടില്‍ പൂര്‍ണ നഗ്നര്‍ ആയാണ് ദിവസങ്ങളോളം പണിയെടുക്കുന്നത് . ഭരണകൂടം അവരെ കാണുന്നത് എങ്ങിനെ ആണെന്ന സൂചന ഈ സീനുകളില്‍ തെളിയുന്നു. നാഗസാക്കിയില്‍ ഇട്ട ആണവബോംബിന്റെ 100 മടങ്ങ് ശക്തിയുള്ള ആണവവികിരണം ആണ് ദുരന്തത്തിന്റെ ഭാഗമായി ഉണ്ടായത് എന്ന കടുത്ത വസ്തുത പരിഗണിക്കുമ്പോള്‍ ജനങ്ങളുടെ സുരക്ഷയില്‍ എന്തൊക്കെ അനാസ്ഥകള്‍ ആണ് അവിടെ ഭരണകൂടം പുലര്‍ത്തിയത് എന്നത് ചിന്തനീയം ആണ്. ‘ഏത് വിജയവും കുറച്ച് വില നല്‍കിയാല്‍ മാത്രമേ വരൂ’ എന്ന് സിനിമയില്‍ ഒരിടത്ത് ഗോര്‍ബച്ചേവ് പറയുന്നുമുണ്ട്.




1975 ല്‍ സമാനമായ ഒരപകടം ലെനിന്‍ഗ്രാഡ് ആണവനിലയത്തില്‍ ഉണ്ടായി എന്നും അത് സര്‍ക്കാര്‍ മറച്ചു വെക്കുകയായിരുന്നും എന്നുമുള്ള ഉലാനാ ഖോംക്യുക്കിന്റെ വെളിപ്പെടുത്തലും രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സമാനമായ എല്ലാ റിയാക്ടറുകളിലും അടിയന്തരമായ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്നുള്ള അവരുടെ നിര്‍ദ്ദേശവും ഷെര്‍ബിനയ്ക്ക് മനസ്സിലാകുന്നുണ്ട് എങ്കിലും ഭരണകൂടം തിരിച്ചറിയാന്‍ ഇനിയും സമയം എടുക്കുന്നുണ്ട് .



ഖോംക്യുകില്‍ നിന്ന് കിട്ടുന്ന അറിവ് അനുസരിച്ച് മോസ്കോയിലെ ആശുപത്രിയില്‍ ഭര്‍ത്താവിനെ തേടിയെത്തുന്ന ല്യുഡ്മിള ഇഗ്നാറ്റെങ്കോ കാണുന്ന കാഴ്ച അവളെയും കാണിയേയും ഒരേ പോലെ ഞെട്ടിക്കുന്നതാണ് . ഗുരുതരമായ ആണവവികിരണം ഏറ്റ വാസിലി ചര്‍മ്മം മുഴുവന്‍ ഉരുകിയൊലിച്ച് പോയി വേദനാപൂര്‍ണമായ മരണത്തിന്റെ വക്കില്‍ കിടക്കുന്ന രംഗം കണ്ണുകളെ ഈറനണിയിക്കുന്നതാണ് . ല്യുഡ്മിള അറിയുന്നില്ല , ദുരന്തം കൊണ്ടു പോകുന്നത് വാസിലിയെ മാത്രമല്ല , തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ കൂടിയായിരിക്കും എന്നത്. സിനിമയിലെ ഏറ്റവും ദു:ഖാര്‍ദ്രമായ ജീവിത മുഹൂര്‍ത്തത്തിലൂടെയാണ് പ്രേക്ഷകര്‍ കടന്നു പോകുന്നത്.



പ്രിപ്യാറ്റ് നഗരവാസികളെ മുഴുവന്‍ ഒഴിപ്പിച്ചതിന് ശേഷമാണ് ലിക്വിഡേറ്റര്‍മാര്‍ രംഗത്ത് വരുന്നത്. അവരുടെ ദൌത്യം ആളൊഴിഞ്ഞ നഗരത്തിലെ ആണവവികിരണം കണ്ടെത്തി അങ്ങിനെയുള്ള വസ്തുക്കള്‍ നശിപ്പിക്കുകയും വളര്‍ത്തു മ്യഗങ്ങളെ കൊന്നൊടുക്കുകയും ആണ്. ഈ സംഘത്തില്‍ ചേര്‍ന്ന് ജോലിയ്ക്ക് എത്തുന്ന കൌമാരം അപ്പോള്‍ മാത്രം കടന്ന പാവേലിന്റെ അനുഭവങ്ങള്‍ സിനിമയിലെ അവിസ്മരണീയമായ ഒന്നാണ്.


ദുരന്തം നടന്ന് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന വിചാരണയില്‍ കുറ്റക്കാരായി ആരോപിക്കപ്പെടുന്നത് നാലാം നമ്പര്‍ റിയാക്ടറിന്റെ ചുമതലക്കാരന്‍ ആയ അസിസ്റ്റന്റ് ചീഫ് എഞ്ചിനീയര്‍ അനാറ്റൊലി ദിയാറ്റ് ലോവ്, ആണവനിലയത്തിന്റെ മാനേജര്‍ ആയ വിക്ടര്‍ ബ്ര്യുഖാനോവ് , ചീഫ് എഞ്ചിനീയര്‍ ആയ നികോളായ് ഫോമിന്‍ എന്നിവര്‍ ആണ്. ഈ വിചാരണയില്‍ തെളിവ് നല്‍കാന്‍ വരുന്ന വലേറി ലെഗാസോവിനോട് എല്ലാ സത്യവും തുറന്ന് പറയണം എന്ന് ഖോംക്യുക് അപേക്ഷിക്കുന്നു. ഒന്നും വിളിച്ചു പറയരുത് എന്ന , കെ ജി ബി യുടെ കടുത്ത നിര്‍ദേശവും ലെഗാസോവിന്റെ നിഴലായി കൂടെ ഉണ്ട്.


ലെഗാസോവ് എല്ലാം തുറന്നു പറയുക തന്നെ ചെയ്തു, അത് വഴി തന്റെ തന്നെ നാശത്തിന് തുടക്കം കുറിക്കുകയും . സോവിയറ്റ് യൂണിയന്‍ രാജ്യമെമ്പാടും പ്രവര്‍ത്തിപ്പിച്ചു വരുന്ന ഗ്രാഫൈറ്റ് മോഡറേറ്റഡ് ന്യൂക്ലിയര്‍ പവര്‍ റിയാക്ടറുകളുടെ ഡിസൈനില്‍ അപകടകരമായ പിഴവുകള്‍ ഉണ്ടെന്നും അതേ പിഴവ് തന്നെയാണ് ചെര്‍ണോബില്‍ ദുരന്തത്തിന് കാരണം എന്നും , അതിന് ആക്കം കൂട്ടിയ , ഉദ്യോഗസ്ഥരുടെ പരിചയക്കുറവും അനാസ്ഥയും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള കെടുകാര്യസ്ഥത മൂലമാണ് എന്നും ആണ് ലെഗാസോവ് കോടതിയില്‍ തുറന്ന് പറയാന്‍ ശ്രമിക്കുന്നത് .




ഒരു ആണവ നിലയത്തെ സംബന്ധിച്ച് അതിന്റെ സുരക്ഷ പരമപ്രധാനമായ ഒന്നാണ് . അതിനായി ഒട്ടേറെ പരിശോധനകളും ന്യൂനതകള്‍ കണ്ടെത്തിയാല്‍ അത് പരിഹരിച്ച് പരീക്ഷണങ്ങള്‍ നടത്തുകയും വേണം . എന്തെങ്കിലും കാരണവശാല്‍ റിയാക്ടര്‍ അടിയന്തിരമായി നിര്‍ത്തി വെക്കേണ്ടി വരുമ്പോള്‍ ഇന്ധന അറയിലെ ചൂട് തണുപ്പിക്കാനായി ജലം നല്‍കുന്ന എമര്‍ജന്‍സി പമ്പുകള്‍ക്ക് പവര്‍ നല്‍കുന്ന ഡീസല്‍ ജനറേറ്ററുകള്‍ അവയുടെ പൂര്‍ണ പ്രവര്‍ത്തനത്തില്‍ എത്താന്‍ ഒരു മിനിട്ട് സമയം എടുക്കുന്നു . 

30 സെക്കന്റുകള്‍ക്കകം പൂര്‍ണ ശേഷി കൈവരിച്ച് തണുപ്പിക്കല്‍ തുടരേണ്ട സ്ഥാനത്ത് ആണ് ഇങ്ങനെ വൈകുന്നത്. റിയാക്ടര്‍ പെട്ടെന്ന് നിര്‍ത്തുമ്പോള്‍ ടര്‍ബൈനുകള്‍ കുറച്ച് സമയം കൂടി കറങ്ങും എന്നും ഈ കറക്കത്തില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ആ ഒരു മിനിറ്റ് നേരത്തേക്ക് പമ്പുകള്‍ പ്രവര്‍ത്തിക്കും എന്നും അപ്പോഴെക്കും ഡീസല്‍ ജനറേറ്ററുകള്‍ പൂര്‍ണപ്രവര്‍ത്തനത്തില്‍ എത്തും എന്നും ഉള്ള നിഗമനം ശരിയാകുന്നുണ്ടൊ എന്നത് പരിശോധിക്കുന്ന പരീക്ഷണം ആണ് മൂന്ന് തവണ പരാജയപ്പെട്ടത്. നാലാമതും ആ പരീക്ഷണം നടത്താനുള്ള സമ്മര്‍ദ്ധം ദിയാറ്റ് ലോവിന്റെ മേല്‍ ഉണ്ടായിരുന്നു . എത്രയും പെട്ടെന്ന് പരീക്ഷണം വിജയിപ്പിക്കണം എന്നത് അയാളുടെ ആവശ്യം ആയിരുന്നു .

ദുരന്തം നടന്നതിന് തൊട്ടുമുമ്പുള്ള ദിവസത്തെ പകല്‍ ഷിഫ്റ്റില്‍ തന്നെ പരീക്ഷണം ആരംഭിച്ചിരുന്നു. ആ ഷിഫ്റ്റുകാര്‍ റിയാക്ടറിന്റെ പവര്‍ കുറേശ്ശെ ആയി കുറച്ച് 1600 മെഗാവാട്ടില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള രാത്രി ഷിഫ്റ്റിലും പരീക്ഷണം തുടരാന്‍ നിശ്ചയിച്ചിരുന്നു . ആ സമയത്താണ് കീവിലെ ഇലക്ട്രിക്കല്‍ ഗ്രിഡ് കണ്ട്രോളറുടെ ടെലിഫോണ്‍ സന്ദേശം ചെര്‍ണോബില്‍ അധികാരികള്‍ക്ക് കിട്ടുന്നത് . സമീപ പ്രദേശത്തുള്ള ഏതോ വൈദ്യുതി നിലയം തകരാറ് മൂലം നിര്‍ത്തി വെക്കേണ്ടി വന്നു എന്നും ചെര്‍ണോബില്ലിലെ വൈദ്യുതി ഉത്പാദനം ഇനിയും കുറച്ചാല്‍ വൈദ്യുതി വിതരണത്തില്‍ വലിയ തടസ്സം ഉണ്ടാകും എന്നും പരീക്ഷണം കുറച്ച് കൂടി നീട്ടി വെയ്ക്കണം എന്നുമായിരുന്നു ആ അപേക്ഷ. അങ്ങിനെ പരീക്ഷണം നിര്‍ത്തി വെച്ചു , അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും തെല്ലും അറിവില്ലാതെ.





സുരക്ഷാ പരീക്ഷണം എത്രയും പെട്ടെന്ന് നടത്തണം എന്ന , ദിയാറ്റ് ലോവിന്റെ നിര്‍ബന്ധത്തില്‍ അത് വേറൊരു ദിവസത്തേക്ക് മാറ്റി വെക്കാതെ 1986 ഏപ്രില്‍ 25 ലെ ആ രാത്രി ഷിഫ്റ്റില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു . അന്നത്തെ പകല്‍ ഷിഫ്റ്റുകാര്‍ കൂടൂതല്‍ പരിചയം ഉള്ളവര്‍ ആയിരുന്നെങ്കില്‍ രാത്രി ഷിഫ്റ്റുകാര്‍ പരീക്ഷണം സംബന്ധിച്ച് യാതൊരു മുന്നൊരുക്കവും ഇല്ലാത്തവര്‍ ആയിരുന്നു . ഖോംക്യുക് കോടതിയില്‍ പറഞ്ഞത് പോലെ ‘യാതൊന്നും പറയാതെ ഒരു നിര്‍ദ്ദേശക്കടലാസ് മാത്രം നല്‍കി യൂറി ഗഗാറിനോട് സ്പേസ് യാത്ര നടത്താന്‍‘ പറയും പോലെ ആയിരുന്നു അത് . ഈ പരിചയക്കുറവും ദിയാറ്റ് ലോവിന്റെ പിടിവാശിയും കാര്യങ്ങളെ വഷളാക്കി.

പരീക്ഷണം ആരംഭിച്ചു. അതിന്റെ ഭാഗമായി ടര്‍ബൈനുകളുടെ വേഗത കുറഞ്ഞതോടെ തണുപ്പിക്കുന്ന ജലം നല്‍കുന്ന പമ്പുകളുടെ ശേഷി കുറയുകയും ചൂട് കൂടുകയും ചെയ്യുന്നു. അകത്തെ ജലം നീരാവി ആയി മാറി . നീരാവി കൂടിയത് ന്യൂട്രോണ്‍ ആഗിരണശേഷി കുറയ്ക്കുകയും നിമിഷങ്ങള്‍ക്കുള്ളില്‍ ന്യൂക്ലിയര്‍ ഫിഷന്‍ സ്ഫോടനാത്മകമായ നിലയില്‍ ഉയരുകയും ചെയ്യുന്നു. അടിയന്തിര ഷട്ട് ഡൌണ്‍ പ്രവര്‍ത്തിപ്പിച്ചെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോകുന്നു. പിന്നെ നടന്നത് ഭയാനകമായ വിസ്ഫോടനം ആയിരുന്നു , അവസാനത്തിന്റെ ആരംഭം ആയിരുന്നു അത്.


ലെഗാസോവ് കോടതി മുമ്പാകെ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത് , പരീക്ഷണം മുന്നോട്ട് കൊണ്ടു പോകാന്‍ പറ്റാത്ത രീതിയില്‍ അസ്ഥിരതയില്‍ ആയിപ്പോയ റിയാക്ടറില്‍ പരീക്ഷണം തുടര്‍ന്ന ദിയാറ്റ് ലോവിന്റെ തെറ്റിന് പുറമേ റിയാക്ടറിന്റെ ഡിസൈനില്‍ ഉള്ള സുരക്ഷാപഴുതുകള്‍ രഹസ്യമായി വച്ചിരുന്ന , റിയാക്ടറുകളിലെ സുരക്ഷ മെച്ചപ്പെടുത്താന്‍ യാതൊന്നും ചെയ്യാതിരുന്ന ഭരണകൂടം ആണ് യഥാര്‍ഥ പ്രതി എന്നതും കൂടിയായിരുന്നു . ലെഗാസോവിന്റെ മൊഴി കോടതി അംഗീകരിക്കുന്നില്ല, കൂടുതല്‍ പറയുന്നതില്‍ നിന്ന് ലെഗാസോവിന് വിലക്ക് വരുകയും ചെയ്യുന്നു.

ഭരണകൂടം ലെഗാസോവിനെ വെറുതെ വിടുന്നില്ല . എല്ലാത്തരത്തിലും ഒറ്റപ്പെട്ടു പോകുന്ന അയാള്‍ക്ക് അവസാനത്തെ അഭയം മരണം മാത്രമായിരുന്നു , എല്ലാം തുറന്നു പറഞ്ഞു കൊണ്ടുള്ള മരണം. അല്ലെങ്കിലും ലെഗാസോവിന് ആയുസ്സ് ഇനി അധികം ഉണ്ടായിരുന്നില്ല . തുറന്നു കിടക്കുന്ന ഒരു റിയാക്ടറിലേക്ക് കടന്നു ചെന്ന ആ ദിനം തന്നെ ലെഗാസോവ് അത് മനസാ അറിയുകയും ചെയ്തിരുന്നു. ലെഗാസോവ് തന്റെ ഒടുവിലത്തെ ആത്മഭാഷണങ്ങളില്‍ ഒരിടത്ത് പറയുന്നത് പോലെ ‘ ചെര്‍ണോബിലി’നെ സംബന്ധിച്ച് എല്ലാം തന്നെ ഭ്രാന്തായിരുന്നു , അവിടെ അപ്പോള്‍ സംഭവിച്ചത് , പിന്നീട് നടന്നത് , ഞങ്ങള്‍ അവിടെ ചെയ്ത നല്ല കാര്യങ്ങള്‍ പോലും.’ കടുത്ത നിരാശയില്‍ പറയുന്ന ഈ വാക്കുകളെ ശരിവെക്കുന്നതായിരുന്നു വിചാരണയില്‍ നടന്നത്.


‘ചെര്‍ണോബില്‍‘ പറയുന്നത് ലെഗാസോവിന്റെ വൈയക്തിക ദുരന്തത്തിന്റെയോ അനേകായിരം മനുഷ്യരുടെ മഹാദുരിതങ്ങളുടെയോ കഥ മാത്രമല്ല , ഭരണകൂടം പറയുന്ന നുണകളുടേതുമാണ് . ദുരന്തത്തിന്റെ ഭീകരതയെ , അതിന് കാരണമായ സംഗതികളെ ജനതയ്ക്കും ലോകത്തിനും മുമ്പാകെ മറച്ചു വെക്കുക എന്ന ഭരണകൂട അജണ്ട അധിക കാലം മുന്നോട്ട് കൊണ്ടു പോകാന്‍ സോവിയറ്റ് യൂണീയന് സാധിച്ചില്ല എന്ന് മാത്രമല്ല ഭരണത്തിലും പൊതുമണ്ഡലത്തിലും സുതാര്യത കൊണ്ട് വരാനുള്ള ആശയമായ ‘ ഗ്ലാസ്നോസ്തി’ന് ലെഗാസോവിന്റെ ആത്മഹത്യ അടക്കമുള്ള സംഭവങ്ങള്‍ ആക്കം കൂട്ടുകയും അത് വഴി ആത്യന്തികമായി ദുരന്തം സോവിയറ്റ് യൂണീയന്റെ ശിഥിലീകരണത്തിന്റെ കാരണങ്ങളില്‍ ഒന്നാവുകയും ചെയ്തു എന്ന് നിരീക്ഷിക്കപ്പെടുന്നു .


കലാകൗമുദി വാരികയിൽ പ്രസിദ്ധീകരിച്ചത്
Jafar s pulpally
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.