ജെയ്സൺ എന്ന മിന്നലടിച്ച നായക കഥാപാത്രത്തിന്റെ കൂടെ പെങ്ങളുടെ മോനെ കണ്ടപ്പോൾ, പെട്ടെന്ന് കരിക്ക് ടീമിന്റെ 'ഫാമിലി പാക്കിലെ' ജോർജിനെയും പട്ടിയെയും ആണ് ഓർമ വന്നത്. ഇത് അത്ര സുഖകരമായ താരതമ്യപ്പെടുത്തലല്ല എന്ന് എനിക്കും അറിയാം.
പക്ഷേ.. മലയാളി യുവാക്കൾ വലിയ തോതിൽ ആഗ്രഹിക്കുന്ന 'കൂടെ നിൽക്കൽ' പലപ്പോഴും ഇത്തരം വഴികളിലൂടെയാണ് അവരിലേക്കെത്തുന്നത്.ജോലി ഇല്ലാത്തവൻ, നാട്ടിൽ ചെറിയ ജോലികൾ ചെയ്ത് നില നിൽക്കുന്നവൻ, പ്രണയം പൊളിഞ്ഞവൻ അങ്ങനെ അവർ നേരിടുന്ന സകലമാന അപമാനവും ഒറ്റപ്പെടുത്തലും പലപ്പോഴും ക്രൂരമായി മാറുന്നത് പോലും നാട്ടുകാർ ഓർക്കാറില്ല.. പലപ്പോഴും വീട്ടുകാരും..
ജോലി നേടിയ വിവരം ജോർജ് തന്റെ കൂടെ എന്നും നിന്നിട്ടുള്ള വളർത്തു നായയുമായി അഭിമാനത്തോടെ പങ്ക് വെക്കുന്ന 'ഫാമിലി പാക്കിലെ 'സീൻ കണ്ണീരോടെ കണ്ടിരുന്ന ആളാണ് ഞാൻ.
മിന്നൽ ജെയ്സൺ നാടിനെ രക്ഷിക്കാൻ വരുമ്പോൾ പെങ്ങളുടെ മോന്റെ മുഖത്ത് വിരിയുന്ന ചിരി ഉണ്ട്.. കാരണം തന്റെ മാമന് ഇത് കഴിയും എന്ന ബോധ്യം അവനുണ്ട്.
നമ്മുടെ വീടുകളിൽ വളർത്തുന്നതും, സംരക്ഷിക്കുന്നതും പെണ്മക്കളെ ആണ്. ആൺകുട്ടികളെ എത്രത്തോളമുണ്ട്..?
അവരുടെ കഴിവുകൾ തിരിച്ചറിയാൻ, പലതും അവർക്ക് സാധിക്കും എന്ന് ഓർമപ്പെടുത്താൻ, ഞങ്ങൾ കൂടെയുണ്ട് എന്ന് ഉറപ്പിച്ചു പിന്തുണ കൊടുക്കുവാൻ എത്ര കുടുംബാംഗങ്ങൾക്ക് കഴിയുന്നുണ്ട്?
എത്ര സുഹൃത്തുക്കൾക്ക് കഴിയുന്നുണ്ട്.?
കൂടെ നിൽക്കാൻ, മനസ്സിലാക്കാൻ ആളുകൾ ഉണ്ടാവുക എന്നത് ഏറെ പ്രധാനമാണ്.
അതിപ്പോൾ മാമന്റെ മോനായിട്ടാണെങ്കിലും പട്ടിയായിട്ടാണെങ്കിലും...