Edited
ind_auto
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള നമ്പർ പ്ലേറ്റിനെക്കുറിച്ചറിയാമോ?
നിങ്ങളുടെ വാഹനത്തിന് ഇഷ്ടപ്പെട്ട നമ്പർ വേണമെന്നാഗ്രഹിച്ചാൽ എത്ര പണം നിങ്ങൾ ചെലവഴിക്കും? രണ്ടായിരം? പതിനായിരം? ഒരുപക്ഷേ ആഗ്രഹം കൊണ്ട് ഒരു ലക്ഷമെങ്കിലും? എന്നാൽ കോടികളുടെ വിലയുള്ള ഒരു നമ്പർ പ്ലേറ്റ് സങ്കൽപ്പിക്കാൻ കഴിയുന്നുണ്ടോ? - ലക്ഷങ്ങൾ വരെ ചിലവഴിച്ച് കേരളത്തിൽ തന്നെ ഇഷ്ട നമ്പർ സ്വന്തമാക്കിയവരെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കോടികൾ ഒരു നമ്പറിന് ചോദിക്കുന്നത് ഒന്നാലോചിക്കാൻ പറ്റുമോ? ഒന്നോ രണ്ടോ കോടിയല്ല, 132 കോടി രൂപ! ലോകത്തെ ഏറ്റവും കൂടുതൽ പേർ ആവശ്യപ്പെടുന്ന നമ്പർ പ്ലേറ്റായ 'എഫ്1' ന് ഉടമ ആവശ്യപ്പെടുന്നത് നികുതിയടക്കം 132 കോടി രൂപയാണ്. ബ്രിട്ടനിൽ ആണ് ശതകോടി വിലയുള്ള നമ്പർ പ്ലേറ്റ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.
132 കോടിക്കു വാങ്ങാൻ സ്വർണ്ണം കൊണ്ടോ, ഡയമണ്ടു കൊണ്ടോ ഒന്നും ഉണ്ടാക്കിയതല്ല ഈ നമ്പർ പ്ലേറ്റ് . ഫോർമുല 1 കാറോട്ട മത്സരത്തിനെ ഓർമിപ്പിക്കുന്ന എഫ് 1 എന്ന നമ്പർ അതിൻറെ പ്രശസ്തിയും ആരാധനയും കൊണ്ട് മാത്രമാണ് ഈ കണ്ണുതള്ളിക്കുന്ന വില.
ബ്രിട്ടൻ ആസ്ഥാനമായുള്ള കാൻ ഡിസൈനിന്റെ ഉടമ അഫ്സൽ കാൻ ആണ് തന്റെ കാറിന്റെ നമ്പർ പ്ലേറ്റ് വിൽപ്പനയ്ക്കു വച്ചതായി പരസ്യം ചെയ്തത്. നിലവിൽ അദ്ദേഹത്തിന്റെ ബുഗാട്ടി വെയ്‌റോൺ കാറിന്റെ നമ്പർ പ്ലേറ്റ് ആണ് F1. 10.52 കോടി രൂപയ്ക്കാണ് കാൻ തന്നെ ഈ നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത്.
പരസ്യം അനുസരിച്ച് 110 കോടി രൂപ മാത്രമാണ് നമ്പർ പ്ലേറ്റിന്റെ വില. ഇതിനോടൊപ്പം 20% വാറ്റും ട്രാൻസ്ഫർ ഫീസും ചേർത്ത് വാങ്ങുന്നയാൾക്ക് 132 കോടി രൂപയോളം ചിലവാക്കേണ്ടി വരും.
ഇന്ത്യയിൽ നിന്ന് വ്യത്യസ്ഥമായി ബ്രിട്ടനിൽ പൗരന്മാർക്ക് അവരുടെ സ്വന്തമാണ് നമ്പർ പ്ലേറ്റുകൾ. അതുകൊണ്ടു തന്നെ അവ കൈമാറ്റം ചെയ്യുകയോ ലേലത്തിൽ വയ്ക്കുകയോ ചെയ്യാം. യു കെയിലെ ഔദ്യോഗിക നമ്പർ പ്ലേറ്റുകളുടെ പ്രമുഖ വിതരണക്കാരായ റെഗ്ട്രാൻസ്ഫഫേഴ്സിൽ അഫ്സൽ കാൻ തന്നെ മറ്റ് പല നമ്പർ പ്ലേറ്റുകളും വിൽപ്പനയ്‌ക്ക് വച്ചിട്ടുണ്ട്. വെബ്‌സൈറ്റിന്റെ ഉപഭോക്താക്കളിൽ ഡേവിഡ് ബെക്കാം, വെയ്ൻ റൂണി തുടങ്ങിയ സെലിബ്രിറ്റികളും ഉൾപ്പെടുന്നു.
ഇന്ത്യൻ വ്യവസായി ആയ ബൽവീന്ദർ സഹാനി സ്വന്തമാക്കിയ 'D5' നമ്പർ പ്ലേറ്റാണ് നിലവിൽ ലോകത്തിലെ ഏറ്റവും വില കൂടിയ നമ്പർ പ്ലേറ്റ്. 67 കോടി രൂപയ്ക്കാണ് ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൽവീന്ദർ സാഹ്‌നി തന്റെ റോൾസ് റോയ്സ് കാറിന് വേണ്ടി പുതിയ നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത്.
ഇന്ത്യയിൽ ഒരു കസ്റ്റമൈസ്ഡ് നമ്പർ പ്ലേറ്റ് വാങ്ങാൻ കഴിയില്ലെങ്കിലും, ഒരാൾക്ക് ഇഷ്ടപ്പെട്ട നമ്പർ വാഹനരജിസ്ട്രഷൻ സമയത്ത് ലേലത്തിലൂടെ വാങ്ങാൻ കഴിയും. 3000 രൂപമുതലാണ് ലേലത്തിൽ പങ്കെടുക്കാൻ ഈടാക്കുന്ന ഫീസ്.
#നമ്പർപ്ലേറ്റ് #എഫ്1 #ബൽവീന്ദർസാഹ്‌നി #അഫ്സൽകാൻ #വാഹനരജിസ്ട്രഷൻ #D5 #numberplate #F1 #balveendersahani #afsalkhan #vehicleregistration