technology_infotech
എന്താണ് ക്യാമറയിലെ മെഗാപിക്സൽ ?
ഒരു ഫോൺ വാങ്ങുമ്പോഴും ക്യാമറ വാങ്ങുമ്പോഴും നമ്മൾ ആദ്യം ചോദിക്കുന്ന ചോദ്യം, ഇതെത്ര മെഗാ പിക്സൽ ആണെന്നായിരിക്കും. എന്താണ് ഈ മെഗാപിക്സൽ എന്നറിഞ്ഞിട്ടാണോ എല്ലാവരും ഇതു ചോദിക്കുന്നത്? ക്യാമറയുമായി ബന്ധപ്പെട്ട പദമാണിതെന്ന് കൊച്ചു കുഞ്ഞിനു പോലുമറിയാം. ശരിക്കും എന്താണ് ഈ പദം അർത്ഥമാക്കുന്നത്?
ഒരു ഡിജിറ്റൽ ക്യാൻവാസ് സൃഷ്‌ടിക്കാൻ പസിലിന്റെയോ മൊസൈക്കിന്റെയോ കഷ്ണങ്ങൾ പോലെ ഒരുമിച്ച് ചേർത്തിരിക്കുന്ന ചെറിയ ചതുരങ്ങളാണ് പിക്സലുകൾ. ഒരു നിശ്ചിത യൂണിറ്റിൽ ഒരുമിച്ച് പാക്ക് ചെയ്യുന്ന പിക്സലുകളാണ് സാധാരണയായി ഇമേജ് റെസലൂഷൻ നിർണ്ണയിക്കുന്നത് . ഉയർന്ന പിക്സൽ ചിത്രങ്ങൾക്ക് മികച്ച റെസല്യൂഷൻ നൽകുന്നു. എന്നാൽ പിക്സലുകൾ വളരെ ചെറിയ യൂണിറ്റ് ആയതിനാൽ മെഗാപിക്സൽ ഫോർമാറ്റിൽ ആണ് പൊതുവെ പറയുന്നത്. പത്തുലക്ഷം (1 മില്യൺ) പിക്സലുകളാണ് ഒരു മെഗാപിക്സൽ കൊണ്ട് അർത്ഥമാക്കുന്നത്.
ഒരു ഇഞ്ചിൽ എത്ര പിക്സലുകളും മെഗാപിക്സലുകളും എന്ന തോത് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ ഇമേജ് റെസലൂഷൻ നിർണ്ണയിക്കുന്നത്. ഉദാഹരണത്തിന്, 12-മെഗാപിക്സൽ ക്യാമറ സെൻസറുപയോഗിച്ച് ഒരു ഇഞ്ചിന് 12 ദശലക്ഷം പിക്സലുകൾ (PPI) ഉള്ള ചിത്രങ്ങൾ എടുക്കാൻ കഴിയും. അതുപോലെ, 8 എംപി ക്യാമറ സെൻസറിന് എട്ട് ദശലക്ഷം പി പി ഐ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കാൻ കഴിയും. 12എംപി സെൻസർ ഒരു ഇഞ്ചിന് കൂടുതൽ മെഗാപിക്സൽ ഉൾക്കൊള്ളിക്കുന്നതിനാൽ, 8എംപി സെൻസറുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ക്ലാരിറ്റിയുള്ള ചിത്രങ്ങളാണ് ഉണ്ടാകുന്നത്. എന്നിരുന്നാലും, ചിത്രത്തിന്റെ ഗുണനിലവാരം മെഗാപിക്‌സലിന്റെ എണ്ണത്തെ മാത്രമല്ല നിർണ്ണയിക്കുന്നത്. കളർ ശ്രേണി, പ്രകാശ സംവേദനക്ഷമത, ഡീറ്റെയ്ൽ ഒപ്റ്റിമൈസേഷനുകൾ എന്നിവയും ചിത്രത്തിന്റെ ഗുണനിലവാരം നിർണ്ണയിക്കുന്ന മറ്റ് ചില ഘടകങ്ങളാണ്.
ഉയർന്ന മെഗാപിക്സലുകളുള്ള ഫോണുകളിൽ മാത്രമേ ഒരു ഫോട്ടോ സൂം ഇൻ ചെയ്യാനും ക്രോപ് ചെയ്യാനും സാധിക്കുന്നുള്ളൂ. ചില ഫോണുകൾ ഒപ്റ്റിക്കൽ സൂം ലെൻസ് ഇല്ലാതെ തന്നെ ഗുണനിലവാരം നഷ്ടപ്പെടാതെ "സൂം ഇൻ" ചെയ്യാൻ അനുവദിക്കുന്നു. ഉദാഹരണത്തിന്, ക്യാമറ പകർത്തിയ യഥാർത്ഥ 23 മെഗാപിക്സൽ ചിത്രത്തിന്റെ മധ്യഭാഗത്ത് നിന്ന് 8 മെഗാപിക്സൽ ഫോട്ടോ ക്രോപ്പ് ചെയ്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.
കൂടുതൽ മെഗാപിക്സലുകളുള്ള ഫോട്ടോകൾക്ക് ക്വാളിറ്റി കൂടുതൽ ആണ് . ഇത്തരം ഫോട്ടോകളുടെ ഫയൽ സൈസും വലുതായിരിക്കും. അതിനാൽ കൈമാറ്റം ചെയ്യുമ്പോഴും അയക്കേണ്ടി വരുമ്പോഴും കൂടുതൽ സമയമെടുക്കുന്നു. ഇവയുടെ സൈസ് വലുതായത് കൊണ്ടു തന്നെ ഫോണിൽ സൂക്ഷിക്കാൻ കുറച്ചധികം സ്പേസും വേണ്ടി വരുന്നു.
മിക്ക ക്യാമറകൾക്കും ക്യാമറ ഫോണുകൾക്കും വേണമെങ്കിൽ കുറഞ്ഞ റെസല്യൂഷനിൽ (ചെറുത്) ഫോട്ടോകൾ എടുക്കാനുള്ള ഓപ്ഷൻ ഉണ്ട്. നിങ്ങളുടെ ഫോൺ മെമ്മറി കുറവാണെങ്കിൽ സ്ഥലം ലാഭിക്കാൻ ഇത്തരം കുറഞ്ഞ റെസല്യൂഷനിൽ ഫോട്ടോ എടുക്കുന്നത് ഉപയോഗപ്രദമാകും.
tag: മെഗാപിക്സൽ, ക്യാമറ, റെസല്യൂഷൻ, പിക്സൽ, ഡിജിറ്റൽഇമേജ്റെസലൂഷൻ, megapixel, resolution, camera, mobilephone, pixel, digitalimage