ഒരു സെറ്റ് ദോശയ്ക്കും ചമ്മന്തിയ്ക്കും എന്തുവില വരും? മുപ്പത് രൂപ, കൂടിപ്പോയാൽ അമ്പത് രൂപ. അല്ലെ?
എന്നാൽ തമിഴ്നാട്ടുകാരൻ പ്രേം ഗണപതി പറയുന്നത് കോടികളുടെ കണക്കാണ്.വെറും 200 രൂപയുമായി തൂത്തുക്കുടിയിൽ നിന്നും മുംബൈയിലേക്ക് നാടുവിട്ടുപോയ 17 വയസ്സുകാരനിൽ നിന്നും ,ദോശ പ്ലാസയെന്ന മുപ്പത് കോടി രൂപ അറ്റാദായമുള്ള വൻകിട വ്യവസായ ശ്രിംഖലയുടെ അധിപനിലേക്കുള്ള പ്രേം ഗണപതിയുടെ യാത്ര അത്ര സുഖകരം ആയിരുന്നില്ല.
1990ല്‍ പതിനേഴാം വയസില്‍ എല്ലാ കുട്ടികളും ഉയര്‍ന്ന വിദ്യാഭ്യാസത്തിനായി പരിശ്രമിക്കുന്ന പ്രായത്തില്‍ പ്രേംഗണപതിയ്ക്കും ഉന്നത വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പാവപ്പെട്ട കുടുംബമായതിനാല്‍ മാതാപിതാക്കളെ സഹായിക്കാന്‍ ചെന്നൈയില്‍ ജോലിയ്ക്ക് പരിശ്രമിച്ചു. എന്നാല്‍ വെറും 250 രൂപയായിരുന്നു മാസശമ്പളം . ഇതേതുടര്‍ന്ന് പ്രേംഗണപതി തന്റെ മാതാപിതാക്കളോ,സുഹൃത്തുക്കളോ അറിയാതെ തൂത്തുക്കുടിയിലെ നാഗല്‍പുരത്ത് നിന്ന് നാടുവിട്ടു.
മുംബൈയില്‍ ചെന്നാല്‍ 1200 രൂപയ്ക്ക് പ്രതിമാസം ശമ്പളത്തില്‍ ജോലി നല്‍കാമെന്ന് ഒരു സുഹൃത്ത് നല്‍കിയ ഉറപ്പു വിശ്വസിച്ചായിരുന്നു കയ്യിൽ 200 രൂപയുമായി ഈ പതിനേഴ് വയസുകാരന്റെ നാടുവിടല്‍. എന്നാല്‍ മുംബൈയിലെത്തിയപ്പോൾ ആ കാശും അടിച്ച് മാറ്റി ആ സുഹൃത്ത് മുങ്ങി.
ഭാഷ അറിയില്ലെങ്കിലും നാട്ടിലേക്ക് തിരിച്ചുവണ്ടി കയറാന്‍ പ്രേംഗണപതി തയ്യാറായില്ല.
ഏറെ അന്വേഷിച്ച്,മാഹിമിലെ ഒരു ബേക്കറിയിൽ മാസം 150 രൂപ ശമ്പളത്തിൽ പാത്രം കഴുകൽ പണി ലഭിച്ചു.
രണ്ടു വർഷത്തിനുള്ളിൽ എത്രയോ ഹോട്ടലുകൾ,ഡെലിവറി ബോയ്..ഒടുവിൽ
1992ല്‍ അദ്ദേഹം തന്റെ സമ്പാദ്യമെല്ലാം കൂട്ടിവെച്ചും,സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയും 150
രൂപയ്ക്ക് ഒരു ഉന്തുവണ്ടി വാടകയ്ക്ക് എടുത്തു. വാഷി റെയില്‍വേ സ്റ്റേഷന് എതിർവശത്ത് അങ്ങനെ കച്ചവടത്തിന് തുടക്കമിട്ടു. ദോശയും ഇഡ്ഢലിയുമായിരുന്നു വില്‍പ്പന. രുചിയേറിയ ദോശകളും ,തന്റെ നാട്ടിലെ രുചി പകരുന്ന സാമ്പാറും നല്‍കാന്‍ തുടങ്ങിയതോടെ കച്ചവടം പച്ചപ്പിടിക്കാന്‍ തുടങ്ങി. 20,000 രൂപവരെ വരുമാനം ഉണ്ടായി.എന്നാൽ വിൽപ്പന മുൻസിപ്പൽ അധികാരികൾ പൂട്ടിച്ചു.വണ്ടി അടക്കം കൊണ്ടുപോയി.
അന്ന് തന്റെ കടയിൽ കഴിക്കാൻ വന്നിരുന്ന വിദ്യാർത്ഥികളിൽ നിന്നും ഇന്റർനെറ്റിനെ കുറിച്ച് മനസ്സിലാക്കിയ അദ്ദേഹം,ഇന്റർനെറ്റ് കഫേകളിൽ പോയിരുന്നു,പുതിയ രുചിക്കൂട്ടുകൾ തേടി കണ്ടുപിടിച്ചു.അവയെല്ലാം സ്വയം പരീക്ഷിച്ചു.
തന്റെ ഉന്തുവണ്ടിക്ക് സമീപമുള്ള ഡൊണാള്‍ഡ് എന്ന റസ്റ്റോറന്റിന്റെ വിജയം സ്വന്തമായി ഒരു റസ്റ്റോറന്റ് എന്ന പ്രേം ഗണപതിയുടെ ചിന്തകൾക്ക് അടിസ്ഥാനമായി. 1997-ൽ ഒരു ചെറിയ കട പാട്ടത്തിനെടുക്കാൻ അദ്ദേഹം തീരുമാനിച്ചു. 50,000 രൂപ നിക്ഷേപിച്ച് കടയെടുത്ത് റസ്റ്റോറന്റിന് പ്രേം സാഗർ ദോസ പ്ലാസ എന്ന് പേരിടുകയും ചെയ്തു. സഹോദരങ്ങളെയും നാട്ടിൽ നിന്ന് ഒപ്പം കൂട്ടി, കുറച്ച് ജീവനക്കാരെയും നിയമിച്ചു.
പനീര്‍ ചില്ലി,ഷെസ്വാന്‍ ദോശ, സ്പ്രിങ് റോള്‍ ദോശ എന്നിങ്ങനെ 26 ദോശ വെറൈറ്റികള്‍ ദോശപ്ലാസയിൽ ഉണ്ടാക്കാൻ തുടങ്ങി. കൈപുണ്യവും രുചിയും കാരണം ദോശപ്ലാസ തേടി മുംബൈയുടെ വിവിധ മേഖലകളിൽ നിന്നും ആളുകൾ എത്തി. 2002 ആയപ്പോഴേക്കും 105 ലധികം വെറൈറ്റി ദോശകളാണ് ദോശപ്ലാസയുടെ മാത്രമായി മുംബൈക്കാർ കഴിച്ചത്.
ധാരാളം റസ്റ്റോറന്റുകൾ ഉള്ള മുംബൈ മഹാ നഗരത്തിൽ ദോശ പ്ലാസ വളരുന്നതിന് പിന്നിൽ രുചിയിൽ മികവും ജീവനക്കാരുടെ ആത്മാർത്ഥതയും കൊണ്ട് മാത്രമാണെന്ന് പ്രേം തന്റെ ഇന്റർവ്യൂകളിൽ ആവർത്തിക്കാറുണ്ട്.
‘സെന്റര്‍ വണ്‍ മാള്‍ ഞങ്ങളുടെ റസ്റ്റോറന്റിന്റെ അടുത്ത് തുടങ്ങാന്‍ തീരുമാനിച്ചതോടെ എന്റെ ഭാഗ്യം തെളിഞ്ഞു. അവരുടെ മാനേജ്‌മെന്റ് ടീമിലുള്ള പലരും ഞങ്ങളുടെ റെസ്റ്റോറന്റില്‍ നിന്ന് ആഹാരം കഴിക്കുന്നലരാണ്. ആ പരിചയം വച്ച് മാളില്‍ ഒരു ഔട്ടലെറ്റ് ഒരുക്കി തരാമെന്ന് അവര്‍ സമ്മതിച്ചു.’ പ്രേം പറയുന്നു. വൈകാതെ നിരവധി ഫ്രാഞ്ചൈസുകള്‍ ലഭിക്കാന്‍ തുടങ്ങി. വിദേശത്ത് നിന്ന് പോലും അവസരങ്ങല്‍ വന്നു.
ഇന്ന് ഇന്ത്യയില്‍ 11 സംസ്ഥാനങ്ങളിലായി 45 ഔട്ട്‌ലെറ്റുകളാണ് ദോശ പ്ലാസയ്ക്കുള്ളത്. കൂടാതെ യു എ ഇ, ഒമാന്‍, ന്യൂസിലന്റ് എന്നിവിടങ്ങളിലായി ഏഴ് അന്താരാഷ്ട്ര ഔട്ട്‌ലെറ്റുകളുമുണ്ട്. ആയിരം രൂപ മുതല്‍മുടക്കി ആരംഭിച്ച ബിസിനസ് 30 കോടിയിലധികം രൂപ വരുമാനം തരുന്ന സംരംഭമായി മാറിയപ്പോഴും തന്റെ ബ്രാൻഡ് ഐഡന്റിറ്റി ഫ്രാഞ്ചെസികളിൽ പോലും അദ്ദേഹം ശ്രദ്ധയോടെ കാത്ത് സൂക്ഷിക്കുന്നുണ്ടായിരുന്നു .
പെലെ പറഞ്ഞ ഒരു വാചകമുണ്ട് വിജയം എന്നത് യാദൃശ്ചികമല്ല,അത് കഠിനാധ്വാനവും,നിരന്തരപ്രയത്നവും,അറിവും ത്യാഗവും അതിലെല്ലാം ഉപരി ചെയ്യുന്ന പ്രവൃത്തിയോടുള്ള സ്നേഹവുമാണ്