പശ്ചിമഘട്ടം മടിയിൽ ഒളിപ്പിച്ചുവെച്ച അനേകം വിസ്മയങ്ങളിൽ ഒന്നാണ് ദൂധ്സാഗർ വെള്ളച്ചാട്ടം. വളഞ്ഞും പുളഞ്ഞും ഇരമ്പിയാർത്തും സഹ്യനെ പകുത്തുപായുന്ന മണ്ഡോവി നദി മഴക്കാലത്ത് തീർക്കുന്ന വിസ്മയമാണ് ഈ പാൽക്കടൽ. അനന്തകോടി ജീവജാലങ്ങളും സസ്യലതാദികളും നിറഞ്ഞ കാടിനുള്ളിലൂടെ വെളുത്ത് ചിരിച്ച് 310 മീറ്റർ താഴേക്ക് പതിക്കുന്ന സർപ്പഗാമിനി.
ഇന്ത്യയിലെ ഏറ്റവും സുന്ദരമായ വെള്ളച്ചാട്ടം തന്നെയാണ് ദൂഡിധ്സാഗർ, ഒരു തവണയെങ്കിലും ഇവിടം സന്ദർശിച്ചവർ അങ്ങനെയേ പറയൂ. ഗോവയിൽ കർണാടക അതിർത്തിയോട് ചേർന്ന് ഭഗവാൻ മഹാവീർ നാഷണൽ പാർക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഗോവയിലെ എല്ലായിടങ്ങൾക്കും ഉള്ളതുപോലെ ദൂധ്സാഗറിനുമുണ്ട് ഒരൈതീഹ്യം.
നൂറ്റാണ്ടുകൾക്ക് മുൻപ് പശ്ചിമഘട്ടത്തിലെ ഈ പ്രദേശം ഒരു രാജാവ് ഭരിച്ചിരുന്നു. രാജാവിന്റെ അതിസുന്ദരിയായ മകൾ എന്നും ദൂധ്സാഗർ വെള്ളച്ചാട്ടത്തിൽ നീരാട്ടിനായി എത്തും. നീരാട്ടിന് ശേഷം സ്വർണ്ണകുടത്തിൽ കൊണ്ടുവരുന്ന പാൽ കുടിക്കുന്ന ശീലവുമുണ്ടായിരുന്നു രാജകുമാരിയ്ക്ക്. അങ്ങനെയൊരിക്കൽ അവൾ പാൽ കുടിക്കുന്നത് മറ്റൊരു രാജ്യത്തെ രാജകുമാരൻ ഒളിഞ്ഞുനിന്ന് കണ്ടു. കുമാരിയുടെ വശ്യസൗന്ദര്യത്തിൽ മയങ്ങിയ അയാൾ ഇമവെട്ടാതെ അവളെത്തന്നെ നോക്കിനിന്നു.
വിവസ്ത്രയായ തന്നെയാരോ കാണുന്നുണ്ടെന്നറിഞ്ഞ കുമാരി തന്റെ നഗ്നത മറയ്ക്കാനായി കൈയ്യിലുണ്ടാരുന്ന പാൽക്കുടം ദേഹത്തൂടെ കമഴ്ത്തി. അങ്ങനെ പാൽ വെള്ളച്ചാട്ടത്തിനൊപ്പം ഒഴുകി. പാലിന് സമാനമായി ദൂധ്സാഗർ ഒഴുകുന്നതിന് പിന്നിലെ ഐതീഹ്യം ഇതാണ്.
|
കൊങ്കൺ റെയിൽവേയിലെ മഡ്ഗാവോൺ - ബെളഗാവി റൂട്ടിലാണ് ഈ വെള്ളച്ചാട്ടം. കാസ്റ്റിൽ റോക്ക് ആണ് ഈ വെള്ളച്ചാട്ടത്തിലേക്ക് എത്തിപ്പെടാൻ പറ്റിയ ഏറ്റവും അടുത്ത റെയിൽവെ സ്റ്റേഷൻ. അവിടന്ന് ട്രെയിൻ കേറിയാൽ ദൂധ്സാഗർ ന് സമീപം ട്രെയിനിന് ഒരു മിനിറ്റ് സ്റ്റോപ്പ് ഉണ്ട്, അവിടെ നിന്നും ഏകദേശം ഒരുകിലോമീറ്ററോളം റെയിൽവേ ട്രാക്കിലൂടെ നടന്നാൽ വെള്ളച്ചാട്ടത്തിൽ എത്താം.
വഴിയേ 200 മീറ്റർ നീളമുള്ള ഒരു ടണലുമുണ്ട്. ട്രെയിനിലാണ് യാത്രയെങ്കിൽ കർണ്ണാടക അതിർത്തി തീരുമ്പോൾ വണ്ടി ഒരു പാലത്തിലേക്കു പ്രവേശിക്കും. മഴക്കാലമാണെങ്കിൽ ആകാശത്തുനിന്നുംഇരമ്പി വീഴുന്ന പാൽക്കടൽ പോലെ വെള്ളച്ചാട്ടം വീണൊഴുകുന്ന കാഴ്ച്ച തീവണ്ടിയിൽ നിന്നും ഒരു നോക്കു കാണാം. ജലപാതയിലൂടെ പാലൊഴുകുന്നത്പോലെ വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്ന കാഴ്ച കണ്ണിനൊപ്പം മനസ്സിനും കുളിർമയേകുന്നതാണ്.
|
മഴക്കാല ട്രക്കിങ്ങിനൊരുങ്ങുന്നവർക്ക് ദൂധ്സാഗറിലേക്കുള്ള റെയിൽ ട്രാക്ക് ട്രക്കിങ്ങ് അവിസ്മരണീയമായ ഒരനുഭവമായിരിക്കും. മഴനുകർന്നുകൊണ്ട് ടണലുകൾ കടന്ന്, കാടും ഈ കുന്നുകളും കണ്ട്, അരുവികൾക്ക് അരികിലൂടെ അവിസ്മരണീയമായ ഒരു യാത്ര.മഴക്കാലത്ത് ശക്തിപ്രാപിക്കുന്നതിനാൽ ഈ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെക്കാറുണ്ട്.ഒക്ടോബറോടെ പ്രവേശനം പുനഃസ്ഥാപിക്കും.
|
ഏറ്റവും അമ്പരിപ്പിക്കുന്ന ട്രക്കിങ്ങ് യാത്ര റോക്ക് കാസിൽ – ദൂധ്സാഗര്‍ വഴിതന്നെ. കുന്നുകൾ തുരന്നും പിളർന്നും തുരങ്കങ്ങളും, സ്റ്റേഷനുകളും നിർമ്മിച്ച ആ എഞ്ചിനിയറിങ്ങ് വൈദഗ്ധ്യത്തിനു മുന്നിൽ നാം നമിച്ചു പോവും. 1880- ഇൽ നിർമ്മിച്ച ആർച്ച് രൂപത്തിലുള്ള റെയിൽ പാലത്തിന്റെ അടിയിലൂടെയാണ് വെള്ളച്ചാട്ടം കടന്നു പോകുന്നത്. നിബിഡ വന പ്രദേശവും തുരങ്കങ്ങളും വളവുകളും ഉള്ള ഈ ട്രാക്കിൽ, മുൻപിലും പുറകിലും ലോക്കോകൾ ഘടിപ്പിച്ച ട്രെയിനിൻ്റെ യാത്ര വ്യത്യസ്ഥ കാഴ്ച്ച തന്നെയാണ്. റെയിൽവേ ഈ ഭാഗത്തെ ബ്രഗാൻസ ഘട്ട് എന്നാണ് വിളിക്കുന്നത്.
|
ഷാരൂഖിന്റെ ചെന്നൈ എക്സ്പ്രസ് എന്ന സിനിമയിൽ മുഖം കാണിച്ചതോടെ ഇന്ന് നൂറ്കണക്കിന് സഞ്ചാരികളുടെ സ്ഥിരം സന്ദർശനപ്രദേശമാണ് ദൂധ്സാഗര്‍. പർവ്വതാരോഹകരുടെ സ്വപ്നഭൂമിയും.
ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും 60 കി.മീ അകലെയായാണ് ദൂധ്സാഗര്‍ സ്ഥിതിചെയ്യുന്നത്ഉയരത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ അഞ്ചാമതും ലോകത്തിൽ 227ആമതുമാണ് ദൂധ്സാഗറിന്റെ സ്ഥാനം.ബെളഗാവി റൂട്ട് ബ്രോഡ്ഗേജ് ആക്കിയപ്പോൾ ദൂധ്സാഗറിന് സമീപം ഇപ്പോൾ ട്രെയിൻ നിർത്താറില്ല.ഗോവൻ ഗ്രാമമായ മോളേം ൽ നിന്നും ഭഗവാൻ മഹാവീർ പാർക്കിന്റെ ടാക്സി ഉപയോഗിച്ച് മാത്രമേ ഇപ്പൊൾ ഇങ്ങോട്ടേക്ക് എത്തുവാൻ സാധിക്കൂ.
കാട്ടിലൂടെയുള്ള അവിസ്മരണീയയാത്ര അവസാനിക്കുന്നത് വെള്ളച്ചാട്ടത്തിന്റെ പൂർണമായ കാഴ്ച്ചയിൽ ആയിരിക്കും. മനസ്സില്ലാമനസ്സോടെ മാത്രമേ നമുക്ക് തിരികെ പോകാൻ സാധിക്കൂ 😊
SyamMohan
@teamkeesa