കൊലയും, കൊലയിലെ കലയും

ഈ ലോക്ക് ഡൗൺ കാലത്തു കേരളത്തിൽ മാത്രം ആത്മഹത്യ ചെയ്തത് 118 ആൾക്കാരാണ്.അതിൽ തന്നെ 23  പേർ വീട്ടമ്മമാരും 18 പേർ കുട്ടികളുമാണ്.
എന്നാൽ കാലാകാലങ്ങളായി കേരളത്തിലെ ആത്മഹത്യകളിലും കൊലപാതകങ്ങളും സ്വീകരിച്ചുപോന്നിരുന്ന ക്‌ളീഷേ രീതികളിൽ നിന്നും മാറ്റം വന്നു കഴിഞ്ഞു.


തൂങ്ങിമരണം,വിഷംകഴിച്ചുള്ള മരണം,സ്വന്തം മരണം കളർ ഫുള്ളാക്കാൻ മണ്ണെണ്ണ ഒഴിച്ച് തീ ഇട്ടവർ പോലും കുറച്ചൊക്കെ ഉണ്ട്.. 
അപൂർവം ചില പൊട്ടിത്തെറികൾ ഒഴിവാക്കിയാൽ ഗ്യാസ് അത്ര അപകടകാരിയായിരുന്നില്ല.. ആത്മാക്കളുടെ എണ്ണം കൂട്ടണ്ട എന്ന് കൊലപാതകിക്ക് തോന്നിക്കാണണം.. 
കത്തി കുത്ത്, പെട്രോൾ ഒഴിച്ച് കത്തിക്കൽ, ശാസ്ത്ര കുതുകി എങ്കിൽ അല്പം ആസിഡ്.. ഒരു കാലം അങ്ങനെ ആയിരുന്നു.. 

കയ്യും കാലും നോക്കി വെട്ടുന്നതിന്റെ ഹരം ഒന്ന് ഒതുങ്ങിയപ്പോൾ ടി പി ചന്ദ്രശേഖരന്റെ മുഖത്തെ വെട്ടുകൾ എണ്ണി തീർക്കാൻ നോക്കിയ, വെട്ടിയവർ തന്നെ വെട്ടിലായി സമയമെടുത്തെണ്ണിയപ്പോൾ 51 ഓളമത്രേ.. 

പലരുടെയും  കൗമാര തുടക്കങ്ങളെ ഭാവനാ ലോകങ്ങളിലേക്ക് നയിച്ച പീഡനവാർത്തകൾ പത്രങ്ങളിലെ മുൻപേജുകളിൽ നിന്നും പുറകോട്ടിറങ്ങുന്നതും കാണാൻ കഴിഞ്ഞു (മലയാളിക്ക് ബോറടിച്ചു കാണും..എന്നും ഇത് തന്നെ. ഹല്ല പിന്നെ.)കറുപ്പും ചുവപ്പും കോളങ്ങളിലെ റൂട്ട് മാപ്പും അവിഹിത കഥകളും എത്രയെത്ര  കൗമാരങ്ങളെയാണ് തരളിതമാക്കിയത്.. 
 കേരളത്തിലെ ആദ്യത്തെ സൈക്കോ കില്ലർ എന്ന സ്ഥാനപ്പേര് മൊട്ട നവാസിന് ഉള്ളതാണ്.2012 ൽ 7 പേരെയാണ് മൂപ്പർ ഒറ്റയ്ക്ക് ഒരു കല്ലുകൊണ്ട് തലക്കടിച്ചു കൊന്നത്.

Motta Navas

പിന്നെ ഒരു കാലം ചുറ്റിക, എസ് കത്തി തുടങ്ങി ടൂൾസ് വെച്ചുള്ള കളികളായിരുന്നു.. റിപ്പർ ജയാനന്ദൻ 7 പേരെ 35 കവർച്ചാശ്രമങ്ങൾക്കിടയിൽ കൊന്നു ഫേമസ് ആയി മാറുന്നതും കേരളം കണ്ടു.
പുഴയിൽ തള്ളിയിടലും, വണ്ടി ഇടിപ്പിക്കലും, ഇന്നോവയും, കിണറ്റിലെയും കിടപ്പ് മുറികളിലെയും 'ദുരൂഹ മരണങ്ങളും' ഒക്കെ ഇതിനിടയിലൂടെ സ്ലോ മോഷനിൽ പോയ്‌കൊണ്ടുമിരുന്നു.. 
പരലോക ജീവിതത്തിലെ സുഖവാസത്തിനായി ബന്ധുക്കളെ പറഞ്ഞു വിട്ട കേദാൽ ജെൻസൺ ഇതുവരെയും അവരുടെ പുനരുദ്ധാനം കണ്ടിട്ടില്ല.
ഒടുവിൽ ജോളിയുടെ ആഗമനത്തോടെ കൊലക്ക് കഥയും തിരക്കഥയും ട്വിസ്റ്റും ആവിശ്യമാണെന്നു കണ്ടു.. സയനേഡ് അങ്ങനെ ടൂൾ ബോക്സിലെ മറ്റൊരംഗമായി മാറി.. 


 6 പേരെ കൊല്ലാൻ 14 വര്ഷം കാത്തിരുന്ന ജോളിയാണ് ഇതൊരു ജീവിത സപര്യകൂടെയാണെന്നു തെളിയിച്ചത്.

ഇതിനിടയിൽ ദൃശ്യം സ്റ്റൈൽ പയറ്റാൻ നോക്കി ഷോപ്പിംഗ് കോംപ്ലെക്സിനുള്ളിൽ ശരീരം വെട്ടിമൂടിയവരും ഉണ്ട്.
ഇപ്പോൾ സൂരജ് ന്റെ വരവോടെ അണലിയും മൂർഖൻ പാമ്പും ടൂൾ ബോക്സിൽ കേറിപ്പറ്റി.. 

ഈ തിരക്കുകൾക്കിടയിൽ  കൊല്ലപ്പെട്ടു ഫ്രിഡ്ജിനുള്ളിലും, സ്യുട്ട് കേസിനുള്ളിലും കയറിയിരുന്നവരും ചിലരുണ്ട്.. 
ഒടുവിൽ ഭാര്യക്കും മക്കൾക്കും മുന്നിൽ മെഷീൻ വാള് കഴുത്തിൽ വച്ച് മരിച്ച സംഭവവും അരങ്ങേറി.
ദളിത് ബാലന്റെ മരണം വാഴയിൽ തൂങ്ങി മരിച്ചാണെന്നു എഫ് .ഐ .ആർ തയ്യാറാക്കിയ പോലീസുകാർക്കും വലിയൊരു സല്യൂട്ട് .
ഇൻഷുറൻസ് കാശ് കിട്ടാൻ സ്വയം മരിച്ചു,ജീവിച്ച സുകുമാരക്കുറുപ്പ് ജി ഇതെല്ലാം കണ്ടു ധൃതങ്ക പുളകിതനാകുന്നുണ്ടാവും.. 
 മരണങ്ങളിലും ട്രെൻഡ് ആഗ്രഹിക്കുന്ന മലയാളിയുടെ ചിന്തകൾ അവസരങ്ങളുടെ പുതിയ വാതായനമാണ് തുറന്നിട്ടിരിക്കുന്നത്.

അങ്ങനെ  ഒക്കെ നോക്കിയാൽ ഈ കാണുന്ന കലാ ലോകം അവരുടേത് കൂടിയാണ്.. കൊലയിലും കലകൾ ഒളിപ്പിച്ചവർ...കലാകാരൻമാർ. 

👤ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലുന്നതിനേക്കാൾ വിചിത്രമായി മറ്റെന്തുണ്ട്.കൊല്ലാതിരിക്കുക.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.