ഇടുക്കി ജില്ലയിൽ നിന്നും അടിമാലി മൂന്നാർ റൂട്ടറിനു ഇടയിലുള്ള ഒരു സ്ഥലമാണ് പെട്ടിമുടി.അധികം സഞ്ചാരികൾ ഇപ്പോഴും എത്തിപ്പെടാത്ത, മനോഹരമായ ഉയരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഒരു കിടിലൻ വ്യൂ പോയിന്റാണ് പെട്ടിമുടി.
അടിമാലിയിൽ നിന്നും രണ്ടു കിലോമീറ്റർ മാറി കൂമ്പൻ പാറയിലാണ് പെട്ടിമുടിയുടെ സ്ഥാനം.ചുറ്റും നിറഞ്ഞു നിൽക്കുന്ന മലനിരകൾ ചെറിയൊരു ഹിമാലയത്തിനെ സഞ്ചാരികളുടെ മനസ്സിലേക്ക് കൊണ്ടുവരും.മഞ്ഞിൽ പുതച്ചു കിടക്കുന്ന അടിമാലിയുടെ വശ്യസൗന്ദര്യം ഇവിടെ മുകളിൽ നിന്നും ആസ്വദിക്കാനാകും.
ധാരാളം സഞ്ചാരികൾ മൂന്നാറിലേക്ക് എത്താറുണ്ടെങ്കിലും അധികമാരും ഈ പ്രദേശത്തെ കുറിച്ച് അറിയാറില്ല എന്നതാണ് വാസ്തവം.
പെട്ടിമുടിയിലേക്ക് കൂമ്പൻപാറ മുഹിയുദ്ധീൻ ജുമാ മസ്ജിദിന്റെ അടുത്തുള്ള കോൺക്രീറ്റ് റോഡ് വഴി കയറുക.കുറച്ചു ദൂരം വണ്ടികൾ പോകും.പിന്നെ വാഹനം സുരക്ഷിതമായി പാർക്ക് ചെയ്തതിനു ശേഷം മല നടന്നു കയറണം.രണ്ടു മീറ്ററോളം ഉയരമുള്ള തെരുവ പുല്ലിന്റെ തലപ്പുകൾക്ക് ബ്ലേഡിനേക്കാൾ മൂർച്ച ഉണ്ടാകും എന്ന് ഓർക്കണം.
പരമാവധി അവയെ ദേഹത്ത് തട്ടാതെ വകഞ്ഞു മാറ്റി 1 .5 കിലോമീറ്ററോളം ദൂരം മലമുകളിലൂടെ നടന്നാൽ ഏറ്റവും ഉയരത്തിലുള്ള ഈ വ്യൂ പോയിന്റിലേക്ക് എത്തിച്ചേരാം.ഈ യാത്രയിൽ നമ്മൾ രണ്ടു വൻ മലകളെയാണ് നടന്നു കീഴടക്കുന്നത്.
രണ്ടു മലകളുടെയും ഇരു വശങ്ങളും ചെങ്കുത്തായ ചെരിവുകളാണ്.ഈ തടസ്സങ്ങൾ എല്ലാം മറികടന്നു നമ്മൾ ഒടുവിൽ വ്യൂ പോയിന്റിലേക്ക് എത്തുന്നു.ഇവിടെ നിൽക്കുമ്പോഴും നല്ല കരുതൽ വേണം കേട്ടോ..അല്ലെങ്കിൽ പൊടി പോലും കിട്ടത്തില്ല.പക്ഷെ ഇവിടെ നിന്നുള്ള കാഴ്ച വര്ണനാതീതമാണ്.
മഞ്ഞിന്റെ ആലിംഗനത്തിൽ മയങ്ങി കിടക്കുന്ന വശ്യ സുന്ദരിയായ അങ്കമാലിയും പ്രൗഢ ഗംഭീരമായ മലനിരകളും..
എറണാകുളം,ഇടുക്കി,കോട്ടയം,തൃശൂർ ജില്ലകളിൽ ഉള്ളവർക്ക് വളരെ പെട്ടെന്ന് എത്തിച്ചേരാൻ ആകുന്ന,ഒരു ദിവസം കൊണ്ട് സഞ്ചരിച്ചു മടങ്ങാനാവുന്ന സ്ഥലം കൂടെയാണ് ഇവിടം.
ഇപ്പോഴത്തെ ലൊക്കേഷൻ ഗൂഗിൾ മാപ്പിൽ കിടക്കുന്നത് ജി ൽ പി സ് പെട്ടിമുടി എന്നാണ്.
രാത്രി ക്യാമ്പിങ്ങിനു മഞ്ഞു വീഴുന്ന ഇവിടേക്ക് ചെറിയൊരു ടെന്റ് ഒക്കെ ആയി വന്നാൽ അതിരാവിലെ സൂര്യോദയവുമൊക്കെ കണ്ടു കുശാലായി മലയിറങ്ങാം.