ബാബരി ഇന്ത്യയുടെ ചരിത്രത്തിലെ മറക്കാനാവാത്ത ഓർമപ്പെടുത്തലാണ്.അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി തറക്കല്ലിടുമ്പോൾ ഭാരതീയ ജനത പാർട്ടി അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്ന് കൂടെ പൂർത്തിയാക്കുന്നു.
എന്നാൽ ഈ ചരിത്ര ക്രൂരതക്ക് ആക്കം കൂട്ടിയതിൽ ഒരു മലയാളി ദമ്പതികളുടെ കയ്യുണ്ട്..!
ബാബരി മസ്ജിദിനകത്ത് രാമ വിഗ്രഹം സ്വയം പ്രത്യക്ഷപ്പെട്ടത് മുതലാണ് ബാബരി ഒരർത്ഥത്തിൽ പൂർണ്ണമായും മുസ്‌ലിംകൾക്ക് അന്യമായത്. 1949 ഡിസംബർ 22 രാത്രി പതിനൊന്നു മണിക്ക് പള്ളിയുടെ പാറാവുകാരുടെ സഹായത്തോടെ രണ്ടുപേർ പള്ളിക്കകത്ത് ഏഴ് ഇഞ്ച് നീളമുള്ള ഒരു രാമവിഗ്രഹം സ്ഥാപിക്കുന്നു. വാർത്ത കാട്ടുതീ പോലെ പരന്നു. അത്ഭുതം ദർശിക്കാനായി ഭക്തർ ഒഴുകിയെത്തി. ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.കെ നായർ ഉൾപ്പെടെയുള്ള ഹിന്ദുത്വ വാദികളും സ്ഥലത്ത് ഉണ്ടായിരുന്നു. നായരുടെ ഭാര്യ ശകുന്തള നായരുടെ നേതൃത്വത്തിൽ പള്ളിക്കകത്ത് ശ്രീരാമ ഭജനയും തുടങ്ങി. യഥാസമയം വിവരം മേൽ ഉദ്യോഗസ്ഥരെ അറിയിക്കാൻ അവർ ബോധപൂർവ്വം താമസം വരുത്തി.
വിവരം അറിഞ്ഞ ഉടൻ തന്നെ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, യുപി മുഖ്യമന്ത്രി ജി.ബി പന്ത് മുഖേന, ആ വിഗ്രഹം നീക്കം ചെയ്യാനും പള്ളി മുസ്‌ലിംകൾക്ക് തിരികെ നൽകാനുമുള്ള ഉത്തരവ് താഴേക്ക് കൈമാറി. ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ പ്രത്യേക പവർ ഉപയോഗപ്പെടുത്തി മിസ്റ്റർ നായർ പള്ളി പൂട്ടി സീൽ ചെയ്ത് റിസീവർ ഭരണത്തിന് കീഴിലാക്കി. പ്രധാനമന്ത്രിയുടെ ഉത്തരവ് ലംഘിച്ച നായരെ പിന്നീട് സസ്പെന്റ് ചെയ്തു. അപ്പോഴേക്കും ഇതൊരു അത്ഭുത വിദ്യയെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടവരും 'അല്ലാത്തവരുമായ' വിശ്വാസികൾ രംഗം ഏറ്റെടുത്തു. അവിടം മുതൽ തുടങ്ങുന്നുണ്ട് ബാബരി വിഷയത്തിൽ ന്യൂനപക്ഷങ്ങളുടെ കാര്യത്തിലുള്ള ഭരണകൂടത്തിന്റെ നിസ്സഹായാവസ്ഥ. അത് അവസാനത്തെ സുപ്രീം കോടതി വിധിവരെ എത്തി നിൽക്കുന്നു. അങ്ങനെയൊരു ക്ഷേത്രം പള്ളിക്കടിയിൽ ഇല്ലെന്ന് പറയുന്ന സുപ്രീം കോടതിക്ക് പോലും മറ്റൊരു തീരുമാനം കൈക്കൊള്ളാൻ ആയില്ല.
ഇൗ നായർക്കും, ഭാര്യക്കും, ഹിന്ദു മഹാസഭ നേതാവും മുൻ കമ്യൂണിസ്റ്റ് നേതാവ് സോമനാഥ് ചാറ്റർജിയുടെ പിതാവുമായ NC ചാറ്റർജി ഉൾപ്പെടെ ബാക്കി സഹായികളായി ഉണ്ടായിരുന്നവർക്കും പിന്നീട് ഹിന്ദു മഹാസഭ വഴി ലോക്സഭാ സീറ്റ് ലഭിക്കുകയുണ്ടായി.
ഭൂരിപക്ഷ മനസ്കത, അതിനി നല്ലതോ ചീത്തയോ ആവട്ടെ, അത് പരിഗണിക്കാതെ മുന്നോട്ടൊരു അടി വെക്കാനാവില്ലെന്ന രാഷ്ട്രീയ യാഥാർഥ്യമുണ്ട്. പക്ഷേ പലപ്പോഴും അതിനു ബലിയാടാവേണ്ടി വന്നത് ഇവിടുത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകളാണ്. അതിനി കോൺഗ്രസ് ആയാലും മറ്റുള്ളവർ ആയാലും അതാണവസ്ഥ. ന്യൂനപക്ഷ രാഷ്ട്രീയ സംഘടനകൾ പിരിച്ചു വിട്ട് ഇടത് രാഷ്ട്രീയത്തോടൊപ്പം ചേർന്നുനിന്ന് മുന്നേറ്റം നടത്തണം എന്നു ബാബരിയുടെ പാശ്ചാത്തലത്തിൽ തന്നെ പറഞ്ഞ ഇ.എം.എസിന്റെ സംഘടനക്ക് പോലും "Let the trust do its job." എന്ന് വ്യംഗ്യമായ ഭാഷയിൽ പറയേണ്ടി വന്നത് അത്തരം രാഷ്ട്രീയ നിസ്സഹായാവസ്ഥ കാരണം തന്നെയാണ്.
ജനാധിപത്യ സംവിധാനത്തിലുടനീളം താഴെ തട്ടുതൊട്ട് പ്രധാനമന്ത്രി വരെ, എല്ലാ കാലത്തും കാവി വത്‌ക്കരണം നടന്ന സ്ഥിതിക്ക്, പല ത്രാസിലുമിട്ട് തൂക്കിനോക്കി ഒട്ടുമിക്ക പാർട്ടികളും നിലപാട് പറയുന്ന സമയത്ത് തൂക്കം കുറവായി മാറ്റി നിറുത്തപെടുന്നത് മുസ്ലിം സമുദായമാണ്. മുസ്ലിമായ ഒരാൾ പ്രധാനമന്ത്രി ആവണമെന്ന് ആരും ആവശ്യപ്പെടില്ല. പക്ഷേ, ഇതുവരെ ആരും അവാതിരുന്നത് മുസ്ലിം ആയതുകൊണ്ടാണെങ്കിൽ ആ ആശങ്കയും ആവശ്യവും അസ്ഥാനത്തല്ല.
മുസ്ലിം വിദ്വേഷ വാക്കുകൾ പറയാത്ത കമൽനാഥ്, പ്രിയങ്ക ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പോലും ഇൗ നിസ്സഹായാവസ്ഥയുടെ ഭാഗമായി രാമക്ഷേത്രത്തെ അനുകൂലിച്ച് സംസാരിക്കുമ്പോൾ കോൺഗ്രസ് പാർട്ടിയിൽ മുന്നണി പ്രതീക്ഷ കാണുന്ന മുസ്ലിം ലീഗ് അടക്കമുള്ള പലർക്കും അത് നൽകുന്ന അരക്ഷിത ബോധം ചെറുതാവില്ല. മുരളിയും പ്രതാപനും അടക്കം ശക്തമായി പ്രതിരോധിച്ചെങ്കിലും അതെല്ലാം ചെറിയ ശബ്ദങ്ങൾ മാത്രമാണ്. ലീഗും കോൺഗ്രസും പല കാര്യങ്ങളിലും വിയോജിപ്പുകൾ ഉണ്ടെങ്കിലും അടിസ്ഥാനപരമായ ചില കാര്യങ്ങളിലെ യോജിപ്പുകളാണ് ഒന്നിച്ചു നിൽക്കാൻ പ്രേരിപ്പിക്കുന്നത്. ആ യോജിപ്പിന്റെ ഇടം ഇല്ലാതാക്കുന്ന പ്രസ്താവനകൾ കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ല.
മറ്റൊരു പ്രായോഗിക ബദൽ വരാത്ത കാലത്തോളം കോൺഗ്രസിൽ തന്നെയാണ് പ്രതീക്ഷ. പക്ഷേ, രാഷ്ട്രീയത്തിൽ മേൽക്കോയ്മ ലഭിക്കും വിധം ന്യൂനപക്ഷ ഏകീകരണങ്ങൾ കൂടുതൽ ഉണ്ടാവേണ്ടിയിരിക്കുന്നു.
ആസാദ് ഒരിക്കൽ നെഹ്റുവിനോട് പറഞ്ഞു, നിങ്ങളുടെയും ഗാന്ധിയുടെയും ശേഷം ഇന്ത്യൻ മതേതരത്വത്തിന്റെ അവസ്ഥ ഓർത്ത് എനിക്ക് ആശങ്കയുണ്ട്. ഒരിക്കൽ നെഹ്റു ഖാഇദേ മില്ലത്തിനോട് മുസ്ലിം ലീഗ് പ്രവർത്തനം നിറുത്തണം നിങ്ങളുടെ കാര്യം ശ്രദ്ധിക്കാൻ ഇവിടെ ഞങ്ങളില്ലെ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം തിരിച്ചു പങ്കുവെച്ച അതേ ആശങ്കയാണ് ആസാദിനും ഉണ്ടായിരുന്നത്. ഇവർക്കൊക്കെ ശേഷം ആരുണ്ട്...
വിഭജനാനന്തര മുസ്‌ലിംകൾ പിന്നീട് ഒരിക്കലും അവരുടെ പഴയ പ്രതാപത്തിലേക്ക് തിരികെ പോയിട്ടില്ല. അവിഭാജ്യ ഇന്ത്യ ഇന്നുണ്ടായിരുന്നെങ്കിൽ, മുസ്ലിംകൾ ആർക്കും അവഗണിക്കാനാവാത്ത വിധം മൂന്നിലൊന്ന് ജനതയും, മികച്ച രാഷ്ട്രീയ നേതൃത്വം ഉള്ളവരും ആകുമായിരുന്നു. വിഭജനം തൊട്ട് വർഗ്ഗീയ വാദികൾ ജയിക്കാനും നമ്മൾ തോൽക്കാനും തുടങ്ങി.
വിഭജനാനന്തരം ഉറുദു കവി ഫൈസ് അഹമ്മദ് ഫൈസ് ഇങ്ങനെ പാടി:
ഈ പുലർകാലത്തിനു വേണ്ടിയായിരുന്നില്ലഞങ്ങൾ കാത്തുനിന്നത്...ഇതിനായിരുന്നില്ല ഞങ്ങൾ ആഗ്രഹിച്ചത്..ഈ വെളിച്ചത്തിൽ ഇരുട്ടിന്റെ അംശങ്ങളുണ്ട്.നിഷ്കളങ്കരുടെ രക്തം കൊണ്ട്കറപിടിച്ചിരുന്നു സ്വാതന്ത്ര്യം..!
ലേഖകൻ :Nishan Parappanangadi