ഇന്ത്യയുടെ ഫ്ലാഗ് കാരിയർ എയർലൈൻ ആണ് എയർ ഇന്ത്യ. ലോകത്ത് ആദ്യമായി ജെറ്റ് വിമാന സർവീസുകൾ ആരംഭിച്ച, ഒരുപക്ഷേ ലോകത്തെ തന്നെ ആദ്യകാല ബ്രാൻഡഡ് വിമാനകമ്പനി. 1932ൽ ജെ.ആർ.ഡി. ടാറ്റയാണ്, ടാറ്റ എയർലൈൻസ് എന്ന പേരിൽ രാജ്യത്തെ ആദ്യ ഷെഡ്യൂൾഡ് വിമാനക്കമ്പനി സ്ഥാപിച്ചത്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കന്‍ വ്യോമസേന ഇന്ത്യന്‍ താവളങ്ങളില്‍ അവശേഷിപ്പിച്ച ഡക്കോട്ട വിമാനങ്ങള്‍ വാങ്ങിക്കൊണ്ട് ഉന്നത നിലവാരം പുലര്‍ത്തുന്ന രീതിയില്‍ സര്‍വീസ് നടത്തി ജെ.ആര്‍.ഡി ടാറ്റ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും ലോകത്തെ തന്നെ ഏറ്റവും മികച്ച വിമാനസര്‍വീസുകളിലൊന്നായി ഇതിനെ മാറ്റുകയും ചെയ്തു. 1952-ല്‍ വ്യോമയാന മേഖല ദേശസാത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതോടെ ടാറ്റ എയർലൈൻസ് എയർ ഇന്ത്യയായി മാറി. എയര്‍ ഇന്ത്യ ഇന്റര്‍നാഷണലിന്റെ ചെയര്‍മാനായിരിക്കാന്‍ ടാറ്റയെ തന്നെ സര്‍ക്കാര്‍ നിര്‍ബന്ധിച്ചു. തുടര്‍ന്ന് 1978 വരെ അദ്ദേഹമായിരുന്നു എയര്‍ ഇന്ത്യയെ നയിച്ചത്.
കോവിഡ് സമ്മാനിച്ച പ്രതിസന്ധിയിൽ ലോകത്തെ ഒട്ടുമിക്ക വിമാനകമ്പനികളും ചിറകറ്റ് നിൽക്കുകയാണ്. വ്യവസായി റിച്ചാർഡ് ബ്രാൻസണിന്റെ 'വെർജിൻ ഓസ്ട്രേലിയ' യും, ഇസ്രായേലിന്റെ ഫ്ലാഗ് കാരിയർ 'എൽ-ആൽ'ഉം എല്ലാം വിൽപ്പനയ്ക്ക് വെക്കുകയോ, പലരും വാങ്ങുകയോ ചെയ്തിട്ടുണ്ട്. നഷ്ടം സഹിക്കാനാവാതെ ലുഫ്താൻസ, ബ്രിട്ടീഷ് എയർവേയ്‌സ്, ക്വന്റാസ്, എയർ ഫ്രാൻസ്, KLM റോയൽ ഡച്ച് മുതലായ കമ്പനികളെല്ലാം അവരുടെ ഭീമൻ വിമാനങ്ങളായ എയർബസ് A380യും ബോയിങ് 747ഉം എല്ലാം സർവീസിൽ നിന്ന് എന്നെന്നേക്കുമായി പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ കോവിഡ് കാലത്തിനും മുൻപ് തുടങ്ങിയതാണ് എയർ ഇന്ത്യയുടെ പ്രതിസന്ധി. അറുപതിനായിരം കോടി രൂപയോളം കടം. വർഷം തോറും നാലായിരം കോടി രൂപയുടെ അധികബാധ്യത. ഇത്രയേറെ വലിയൊരു ഭാരത്തെ ഇനിയും കൊണ്ടുനടക്കേണ്ടതില്ല എന്ന നിഗമനത്തിലാണ് നീതി ആയോഗ്, കമ്പനിയെ പൂർണമായും വില്പനയ്ക്ക് വെക്കാം എന്ന നിർദേശം നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം മാർച്ചിലാണ് ധനകാര്യമന്ത്രി ശ്രീ നിർമല സീതാരാമൻ ഇതിനെക്കുറിച്ച് ഔദ്യോഗിക സൂചനകൾ നൽകുന്നത്. ലേലത്തിന് താൽപര്യപത്രം നൽകാനുള്ള അവസാന തീയതി ഈ മാസം 31 ആയിരിക്കെ, നിലവിൽ ടാറ്റ ഗ്രൂപ്പ് മാത്രമേ മുന്നോട്ടുവന്നിട്ടുള്ളൂ.
എയർ ഇന്ത്യ ലിമിറ്റഡിന് കീഴിലുള്ള ലോ-കോസ്റ്റ് കാരിയർ ആയ എയർ ഇന്ത്യ എക്സ്പ്രസ്സ് ഉൾപ്പെടെയാണ് വിൽപന. എന്നാൽ എക്‌സ്പ്രസ് മാത്രം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് ചില കമ്പനികൾ മുന്നോട്ട് വന്നിരുന്നെങ്കിലും നിലവിൽ അതിന് സാധ്യത കാണുന്നില്ല. കച്ചവടത്തെ ടാറ്റ ഗ്രൂപ്പ് സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വേറൊരു സാമ്പത്തികപങ്കാളികളുമില്ലാതെ ടാറ്റ ഒറ്റയ്ക്ക് തന്നെയാണ് ലേലത്തിൽ പങ്കെടുക്കുന്നതെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നുകഴിഞ്ഞു.എയർലൈനുകൾ പ്രവർത്തിപ്പിക്കുന്നതിലെ മുന്‍കാല പരിചയവും ടാറ്റയ്ക്ക് മുതല്‍ക്കൂട്ടാണ്. ആഗസ്റ്റിന് ശേഷം സമയപരിധി നീട്ടിക്കൊണ്ടുപോകാൻ കേന്ദ്രസർക്കാർ താല്പര്യപ്പെടുന്നില്ല. ഈ രീതിക്ക് കാര്യങ്ങൾ മുന്നോട്ടുപോവുകയാണെങ്കിൽ കൈമാറ്റത്തിനുള്ള സമയപരിധി ഏകദേശം നവംബർ അല്ലേൽ ഡിസംബർ മാസം വരെയാവും. അതിന് ശേഷം ടാറ്റ എയർ ഇന്ത്യയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് കരുതാം.
2019ലേ കണക്ക് പ്രകാരം എയർ ഇന്ത്യയ്ക്കുള്ള കടം 60,074 കോടി രൂപയാണ്. അതിലേക്ക് ഏകദേശം 24,000 കോടി രൂപയോളം ടാറ്റ നിക്ഷേപിക്കേണ്ടതായിവരും. ബാക്കിയുള്ള തുക ഇതിനായി രൂപീകരിക്കുന്ന എയർ ഇന്ത്യ അസറ്റ് ഹോൾഡിങ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് ട്രാൻസ്ഫർ ആകും.
മുൻപ് സൂചിപ്പിച്ചതുപോലെ, വ്യോമയാന മേഖലയിൽ പാദമുദ്രയുള്ള കമ്പനി തന്നെയാണ്, ഉപ്പുമുതൽ ഉരുക്ക് വരെ എല്ലാത്തിലും കൈവെച്ചിട്ടുള്ള ടാറ്റ. രണ്ട് വിമാനക്കമ്പനികൾ ഇപ്പോൾ തന്നെ ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നു. ഫുൾ സർവീസ് എയർലൈനായ 'വിസ്താര' ആണ് ഒന്ന്. 2014ൽ ആരംഭിച്ച ഈ സംരംഭത്തിൽ സിംഗപ്പൂർ എയർലൈൻസ് ആണ് ടാറ്റായുടെ പാർട്ണർ. മലേഷ്യൻ കമ്പനിയായ എയർ ഏഷ്യ ബെർഹാദ് പങ്കാളിയായ ലോ-കോസ്റ്റ് കാരിയർ 'എയർ ഏഷ്യ ഇന്ത്യ'യാണ് മറ്റൊന്ന്. ഇതിൽ ടാറ്റയ്ക്ക് 51 ശതമാനം ഓഹരികളുണ്ട്. ശേഷിക്കുന്ന ഓഹരികൾ വാങ്ങിയ ശേഷം എയർ ഇന്ത്യയുമായി പ്രസ്തുത കമ്പനിയെ ലയിപ്പിക്കാനാവും ടാറ്റായുടെ തീരുമാനം. താരതമ്യേന മികച്ച ഫ്ലീറ്റുമായി ആഭ്യന്തര മാർക്കറ്റ് ഷെയറിൽ ഏറെ മുന്നിലുള്ള 'ഇൻഡിഗോ'യുമായി നേരിട്ടൊരു മത്സരത്തിന് ഇത് വഴിവെക്കും. അതുകൂടാതെ എയർ ഇന്ത്യയുടെ നിലവിലുള്ള വിദേശ സ്ലോട്ടുകൾ, പ്രീമിയം എയർലൈൻ ആയ 'വിസ്താര'യ്ക്കും ലഭ്യമാവും. ഇത്തരം സർവീസുകൾ നടത്താനുള്ള ബോയിങ്ങിന്റെ വൈഡ് ബോഡി ലോങ്ഹോൾ മോഡലായ 787-9ന് വിസ്താര ഇതിനകം ഓർഡറുകൾ നൽകിക്കഴിഞ്ഞു.
എയർ ഇന്ത്യ ടാറ്റ ഏറ്റെടുത്താല്‍ അത് ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഒരു മധുര പ്രതികാരം കൂടിയായിരിക്കും. അന്ന് കമ്പനിയെ വിട്ടുകൊടുക്കുന്നതിൽ ടാറ്റയ്ക്ക് വൈമുഖ്യമുണ്ടായിരുന്നു. ജെആര്‍ഡി ടാറ്റയ്ക്ക് ഏറെ മനോവിഷമമുണ്ടാക്കിയ തീരുമാനമായിരുന്നു അത്. അദ്ദേഹം ഭയപ്പെട്ട പോലെ എയര്‍ ഇന്ത്യയ്ക്ക് സംഭവിക്കുകയും ചെയ്തു. ഒടുവിൽ എയർ ഇന്ത്യ അതിന്റെ തറവാട്ടിലേക്ക് തന്നെ മടങ്ങുന്നു എന്നു കരുതാം.
SyamMohan
@teamkeesa