IPC,CrPC,Evidence Act എന്നിവയിൽ വൻ മാറ്റങ്ങൾക്ക് കേന്ദ്ര സർക്കാർ |Reforming the Criminal Law


law reforms


കോവിഡ് 19നും അതിനെ തുടർന്നുള്ള ലോക്ക്ഡൗണും വഴി ഇന്ത്യൻ ജനതയെ വീട്ടിലിരുത്തിയ കേന്ദ്രസർക്കാർ ഇന്ത്യൻ പീനൽ കോഡ് (Indian Penal Code-IPC), ക്രിമിനൽ പ്രൊസീജ്യർ കോഡ് (Criminal Procedure Code-CRPC), ഇന്ത്യൻ എവിഡൻസ് ആക്ട് ((Indian Evidence Act) എന്നീ അടിസ്ഥാന നിയമങ്ങളിൽ മാറ്റം വരുത്താൻ പോവുകയാണ്. EIA ആക്ടിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചതുപോലെ അതീവ രഹസ്യമായിട്ടാണ് ഈ നടപടികളും മുന്നോട്ട് പോകുന്നത്. 

ഐപിസി,സി ആർ പി സി, ഇന്ത്യൻ എവിടെൻസ് ആക്ട് എന്നിവയിലെ സുപ്രധാന ഭേദഗതികൾ നിർദ്ദേശിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാഷണൽ ലോ യൂണിവേഴ്സിറ്റി ദില്ലിയിലെ വൈസ് ചാൻസലർ Dr. രൺബീർ സിംഗ് ന്റെ നേതൃത്വത്തിലുള്ള 5 അംഗ സമിതി രൂപീകരിച്ചു. അവർ പ്രൊപോസൽ റിപ്പോർട്ടും സമർപ്പിച്ചു. ഇനി ഡ്രാഫ്റ്റ് ആകും,അധികം വൈകാതെ നിയമവും ആകും.. 

ഭരണഘടനയുടെ അടിസ്ഥാനപരമായ ഘടനയെയും, ന്യായ വിചാരണ എന്ന പരമ പ്രധാനമായ ആശയത്തെയും അട്ടിമറിക്കുവാനുള്ള എല്ലാ സാധ്യതയും ഈ മാറ്റങ്ങളിൽ ഉണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടികാണിക്കുന്നു. 

1860 ൽ രൂപീകരിക്കപ്പെട്ട ഇന്ത്യൻ പീനൽ കോഡ് 1973 ൽ മാറ്റി എഴുതപ്പെട്ട ക്രിമിനൽ നടപടിക്രമങ്ങളുടെ കോഡ്, 1872 മുതൽ ആരംഭിക്കപ്പെട്ട ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയിൽ മാറ്റങ്ങൾ വരുത്താനുള്ള നിർദ്ദേശം Malimath Committee 2003 ൽ സർക്കാരിന് സമർപ്പിച്ചിരുന്നു. N. R Madhava Menon Committee ഈ വിഷയത്തിൽ ഒരു ദേശീയ നയത്തിന്റെ കരട് രൂപപ്പെടുത്തുന്നതുവരെയും കാര്യങ്ങൾ എത്തിയിരുന്നു. 

എന്നാൽ... 
സമഗ്രമായ ഒരു നിയമ പരിഷ്കരണം എന്നത് ശ്രദ്ധാപൂർവമുള്ള പരിഗണനയോടു കൂടെ, വേണ്ടത്ര ചർച്ചകൾക്ക് ശേഷം നടപ്പിലാക്കേണ്ടതാണ്. എന്നാൽ ഒരു മഹാമാരിയുടെ നടുവിൽ ഇന്ത്യയിലെ കോടതികൾ പോലും പ്രവർത്തിക്കാത്ത ഈ സാഹചര്യത്തിൽ ഈ കമ്മിറ്റിക്ക് രൂപം നൽകുക വഴി കൂടിയാലോചനകൾക്കും ചർച്ചകൾക്കും ഉള്ള സാഹചര്യങ്ങൾ കുറക്കുവാനാണ് ശ്രമിക്കുന്നത്. 

  • നിയമ പരിഷ്കരണം സാധാരണ നടത്തുന്നത് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ്.സർക്കാർ ജീവനക്കാർ, അഭിഭാഷകർ, ഏതു മേഖലയുമായാണോ ബന്ധപ്പെട്ട മാറ്റം അതിലെ വിദഗ്ധർ തുടങ്ങിയവർ ഉൾപ്പെട്ട നിയമ കമ്മീഷനുകൾ അതിനായി രൂപീകരിക്കും. മൂന്ന് വർഷം രാജ്യവ്യാപകമായി ചർച്ചകളും പഠനങ്ങളും നടത്തിയതിനു ശേഷം കമ്മീഷൻ റിപ്പോർട്ട്‌ നിയമ മന്ത്രാലയത്തിന് നൽകുന്നു.
22 മത് നിയമ കമ്മീഷൻ നിലവിലുള്ളപ്പോൾ  ഡൽഹി നിയമ സർവ്വകലാശാലയെ മാത്രമായി ഈ ദൗത്യം നിയമിച്ചത് എന്തിനാണെന്ന് വ്യക്തമായ ഉത്തരം സർക്കാർ നൽകിയിട്ടില്ല.അതും അവ്യകതമായ ലക്ഷ്യത്തോടെ ആറുമാസമായി വെട്ടിക്കുറച്ച സമയ പരിധിക്കുള്ളിൽ.. 


നാഷണൽ ലോ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ Dr. രൺബീർ സിങ്ങിന് പുറമെ ഇതേ യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ.  C S ബാജ്പേയ്, ഇതേ യൂണിവേഴ്സിറ്റി മറ്റൊരു പ്രൊഫസർ  മൃണാൾ സതീഷ്,മുൻ സെഷൻസ് ജഡ്ജി ജി. പി ത്രെജ, സുപ്രീം കോടതി അഭിഭാഷകൻ മഹേഷ്‌ ജത്മലാനി എന്നിവരാണ്. 

  • ഈ സമിതിയിൽ നിയമ ചരിത്രകാരന്മാരില്ല, ഭരണഘടനാ വിദഗ്ദരുമില്ല. ഈ പാനലിൽ ഒരു സ്ത്രീ പോലുമില്ല. ദില്ലി, ബോംബെ, കൊൽക്കത്ത, ബാംഗളൂർ, മദ്രാസ് ഹൈകോടതികളിൽ നിന്നുള്ള 112 വനിതാ അഭിഭാഷകർ ഈ കമ്മിറ്റിയുടെ ഘടന അംഗീകരിക്കാൻ വിസമ്മതിച്ചു പുനർ നിർമാണം ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് സമിതി ചെയർമാന് കത്ത് എഴുതുകയുണ്ടായി. 
കൊളോണിയൽ പുരുഷാധിപത്യ പശ്ചാത്തലമുള്ള ഇന്ത്യയുടെ ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കാൻ നിയോഗിക്കപ്പെട്ട ഒരു കമ്മിറ്റി സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രതിനിധികളെയും ഒഴിവാക്കുന്നു. 

  •   പരിചയ സമ്പന്നത  ആവശ്യമുള്ള നിയമജ്ഞർ ഉൾപ്പെടേണ്ട ഈ കമ്മിറ്റിയിൽ സുപ്രീം കോടതിയിൽ നിന്നോ, ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ഒരു ജഡ്ജിയും ഇല്ല. 

6 മാസത്തിനുള്ളിൽ പൂർത്തിയാക്കേണ്ടുന്ന തരത്തിലുള്ള ഓൺലൈൻ കൂടികാഴ്ചകളാണ് സമിതി  നടത്തുന്നത്.സമിതിക്ക് ഒരു വെബ്സൈറ്റ് ഉണ്ട്. അതിൽ മാറ്റങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചോദ്യങ്ങളും. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബന്ധപ്പെട്ടവരോട് നിർദ്ദേശം നൽകുന്നു. 
എന്നാൽ ഈ ചോദ്യങ്ങൾക്ക് ആമുഖ കുറിപ്പോ, റഫറൻസ് നിബന്ധനകളോ ഒന്നും ഇല്ല. വളരെ പൊതുവായ ചോദ്യങ്ങൾ.. 

  • നിയമത്തിന്റെ സൂഷ്മതയെക്കാൾ അവ സൃഷ്ടിക്കുന്ന സമൂഹത്തിന്റെ ആശങ്കകളിലേക്കാണ് ചോദ്യങ്ങൾ നീളുന്നത്. ഈ വിഷയത്തിൽ യാതൊരു ഗവേഷണവും നടത്താതെ തയ്യാറാക്കിയത് പോലെ തോന്നും ചോദ്യങ്ങൾ എന്നാണ് സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ Dr.പി വി ദിനേശ് പറയുന്നു. 

ക്രിമിനൽ നിയമങ്ങൾ ക്രിമിനൽ ആയിട്ടുള്ള പ്രവർത്തനങ്ങളെ തടയുകയും, സമൂഹത്തിനും രാജ്യത്തിനും സുരക്ഷ ഒരുക്കാനും മാത്രമല്ല, പൗരന്മാർക്ക് അവർക്ക് അർഹതപ്പെട്ട നടപടിക്രമപരമായിട്ടുള്ള സുരക്ഷ നൽകുകയും നിരപരാധികളെ നിയമ പീഡനങ്ങളിൽ നിന്നും സംരക്ഷിക്കാൻ കൂടിയുള്ളതാണ്. 

  • നിയമത്തിനു മുന്നിലെ തുല്യത, നിരപരാധിത്വം, പോലീസിന്റെ മുന്നിൽ നൽകിയ പ്രസ്താവനകൾ കോടതി മുൻപാകെ പിൻവലിക്കാനുള്ള അവകാശം,പിടിച്ചെടുക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റവാളിയാക്കുവാനുള്ള നിയമങ്ങൾ, എന്നിവയുടെ കാര്യത്തിലും അടിസ്ഥാനപരമായ മാറ്റങ്ങൾ വേണമെന്ന് സ്വന്തമായി 3 അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട് എന്നത് ആശങ്കയോടെ  നാം നോക്കി കാണേണ്ട വസ്തുതയാണ്. 

ആദ്യം തന്നെ ചോദ്യാവലി പ്രഖ്യാപിച്ച രീതി തന്നെ എത്രയോ അപ്രായോഗികമാണ്. ഭേദഗതി എവിടെയൊക്കെ എങ്ങനെയൊക്കെയാണ് വേണ്ടതെന്നു മുൻകൂട്ടി തീരുമാനങ്ങൾ  ഉള്ളതായി ചോദ്യങ്ങളിൽ നിന്നും മനസിലാക്കാൻ ആകും.

നിലവിൽ കോടതികളിലാണ്  കുറ്റ സമ്മതം നടത്താനുള്ള അവസരം  കുറ്റാരോപിതന് ലഭിക്കുന്നത്.എന്നാൽ തെളിവുകളുടെ ബലത്തിൽ സ്ഥാപിക്കപ്പെടുന്ന ഒരു കുറ്റകൃത്യം പൊലീസിന് മുന്നിൽ ഏറ്റുപറയാൻ കമ്മിറ്റി നിർദേശിക്കുന്നു. 
  • ഈ പ്രൊപ്പോസൽ കമ്മിറ്റി നിർദേശപ്രകാരം ഇനി കുറ്റം ഏറ്റുകൊണ്ടുള്ള മൊഴി കോടതിക്ക് മുന്നിൽ നിഷേധിച്ചാലും പൊലീസിന് നൽകിയ മൊഴി തെളിവായി സ്വീകരിക്കും. 1872 മുതൽ ഇന്ത്യൻ എവിടെൻസ് ആക്ട് 24, 26, 26 വകുപ്പുകൾ പ്രകാരമുള്ള തെളിവുകൾ ഉണ്ടെങ്കിൽ പോലും ഏതു  സാഹചര്യത്തിലും പൊലീസിന് മുൻപാകെ കുറ്റസമ്മതം നടത്താനാവില്ല എന്നതാണ് ഇന്ത്യൻ നിയമവ്യവസ്ഥയുടെ നിലപാട്. കാലക്രമേണ സുപ്രീം കോടതിയുടേതടക്കമുള്ള വിധി ന്യായങ്ങൾ ഇതിനെ ശക്തിപ്പെടുത്തി. 

കുറ്റസമ്മതം നടത്തുന്നതിന് പോലീസിന്റെ ദേഹോപദ്രവം ഉണ്ടായാൽ IPC 330, 331 പ്രകാരം 10 വർഷത്തെ തടവ് ശിക്ഷ വരെ ഉദ്യോഗസ്ഥർക് വിധിക്കപ്പെടാം. പോലീസ് നിയമത്തിലെ 29 ആം വകുപ്പ് പ്രകാരം പോലീസ് ഉദ്യോഗസ്ഥർ ചെയ്യുന്ന കുറ്റ കൃത്യങ്ങൾക്ക് മൂന്ന് മാസം വരെയും തടവ് അനുഭവിക്കണം. അതിനാൽ ഒരു പോലീസ് ഉദ്യോഗസ്ഥന് മുന്നിൽ നൽകിയ കുറ്റസമ്മതം മൊഴിക്ക് ജഡ്ജിയുടെ മുന്നിലുള്ള മൊഴിക്ക് തുല്യമായ പരിഗണന നൽകരുത് എന്ന മുൻ നിലപാടാണ് ഈ കമ്മീഷൻ തിരുത്താൻ ശ്രമിക്കുന്നത്. 

അമേരിക്കയിൽ ജോർജ് ഫ്ലോയിഡിനെ നിയമപാലകർ തന്നെ മർദിച്ചു കൊന്നത്,  നിയമപാലകരിൽ നിന്നും പൗരന്മാരുടെ പ്രത്യേകിച്ച്, ന്യൂന പക്ഷങ്ങളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും സ്വാതന്ത്ര്യത്തിനും ജീവനും ഭീഷണി ഉയരുന്നു എന്ന യാതാർഥ്യത്തിന് ആഗോള തലത്തിൽ അംഗീകാരത്തിന് കാരണമായി.അതിന്റെ ഫലമായി ലോകരാജ്യങ്ങൾ രാജ്യ സുരക്ഷയെ വ്യക്തി സുരക്ഷയിൽ നിന്നും വേർപ്പെടുത്തി കൂടുതൽ വ്യക്തി സ്വാതന്ത്ര്യം നൽകാനും, പൊലീസിന് അധികാരം കുറച്ചു കൊണ്ടുവരുവാനും നിയമ നിർമാണങ്ങൾ നടത്തുമ്പോഴാണ്, ഇന്ത്യ രാജ്യ സുരക്ഷയും വ്യക്തി സുരക്ഷയും കൂട്ടി യോജിപ്പിച്ച്  ക്രിമിനൽ നിയമങ്ങളിൽ പൊലീസിന് കൂടുതൽ അധികാരം നൽകുന്ന നിയമങ്ങളിലേക്ക് മാറുന്നത്. 

  • ഒരു ക്രിമിനൽ കേസിൽ ഉൾപ്പെടുന്ന വ്യക്തി ഇനി നിരപരാധി ആണോ , എന്ന് തെളിയിക്കേണ്ട ചുമതല അയാളുടേത് കൂടെയാക്കി  മാറ്റുക എന്നതാണ് കമ്മിറ്റിയുടെ മറ്റൊരു നിർദേശം.തെളിവുകളുടെ ഭാരം പ്രോസിക്യൂഷനിൽ നിന്നും കുറ്റാരോപിതനിലേക്ക് മാറ്റപ്പെടുന്നു. നിലവിൽ പ്രോസിക്യൂഷന്  സംശയത്തിന് അതീതമായി കുറ്റം തെളിയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ മാത്രമേ ഒരാൾ കുറ്റവാളി ആകുമായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ താൻ കുറ്റവാളി അല്ല എന്ന് തെളിയിക്കേണ്ട അവസ്ഥ കുറ്റാരോപിതനും വന്നിരിക്കുന്നു. 
ഇങ്ങനൊരു മാറ്റം ഉണ്ടായാൽ അത് ഭരണഘടനയുടെ മൗലികാവകാശങ്ങൾ, മനുഷ്യാവകാശങ്ങളുടെ ലംഘനം, രാഷ്ട്രീയ അവകാശങ്ങൾ സംബന്ധിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടികൾക്കും കരാറുകൾക്കും വിരുദ്ധമായ തീരുമാനമായിരിക്കും. 

  • നിരവധി ഭാഷകൾ ഉള്ള ഇന്ത്യയിൽ 2020 ജൂലൈ 4 ന് രൂപീകരിക്കപ്പെട്ട കമ്മിറ്റിയുടെ വെബ്സൈറ്റ് ചോദ്യങ്ങൾ ഒരു മാസത്തെ കൺസൾട്ടേഷൻ നടപടികൾക്ക് ശേഷവും പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കിയിട്ടില്ല. ചോദ്യങ്ങൾ എല്ലാ ഭാഷയിലും ലഭ്യമാക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ഇത് വരെയും നടപ്പായിട്ടില്ല. സമീപകാല EIA വിഷയത്തിലും കരട് പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കാതെ ബന്ധപ്പെട്ടവർ ഒളിച്ചു കളിക്കുകയായിരുന്നു. 

സ്ട്രിക്ട് ലയബിലിറ്റി (strict liability) എന്ന ആശയം IPC പ്രകാരം നിർവചിക്കപ്പെട്ടിട്ടുള്ള കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതാണ് മറ്റൊരു നിർദേശം. 
ക്രിമിനൽ നിയമ നടപടികൾ പ്രകാരം MENS REA /MENTAL ELEMENT പ്രോസിക്യൂഷൻ കുറ്റാരോപിതന്റെ  മേൽ തെളിയിക്കണം. അതായത് കുറ്റകൃത്യം നടത്തിയത് പൂർണമായ ഉദ്ദേശവും ലക്ഷ്യവും വെച്ചുകൊണ്ടാണ് എന്ന്. എന്നാൽ സ്ട്രിക്ട് ലയബിലിറ്റി (strict liability )എന്ന പരിധിയിൽ  mental element തെളിയിക്കപ്പെടേണ്ടതില്ല. ഈ സാങ്കേതികത്വം ഇതിന് മുൻപ് സ്വീകരിച്ചത് ഭോപ്പാൽ വാതക ദുരന്തം പോലുള്ള വലിയ കേസുകളിൽ ആയിരുന്നു. എന്നാൽ ഇനിയിത് താരതമ്യേന ചെറിയ കേസുകളിലും ഉൾപ്പെടുത്താം. ഇത്തരം മാറ്റങ്ങൾ പതിറ്റാണ്ടുകളുടെ ഫലമായി രൂപപ്പെട്ട ക്രിമിനൽ നിയമങ്ങളിലെ ന്യായ വിചാരണ എന്ന തത്വത്തെ ഹനിക്കുന്നതാണ് എന്ന് നിയമ വിദഗ്ദ്ധർ ഭയപ്പെടുന്നു. 

law reforms


ഡൽഹി കൂട്ട മാനഭംഗ കേസിലും സമീപകാല രാഷ്ട്രീയ കൊലപാതക കേസുകളിലും തെളിവുകളുടെ അഭാവത്തിൽ പ്രതികൾ എന്ന് പോലീസ് കണ്ടെത്തിയവർ രക്ഷപെടുന്ന സാഹചര്യങ്ങൾ ഉണ്ടായി. 2019 ലെ അഖിലേന്ത്യാ പോലീസ് സയൻസ് കോൺഗ്രസ്‌ പരിപാടിയിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യത്തെ ശിക്ഷ നിരക്ക് വളരെ മോശമാണെന്നു അഭിപ്രായപ്പെട്ടിരുന്നു. നീണ്ട നിയമ നടപടികളും ഉദ്യോഗസ്ഥരുടെ മാറ്റവുമാണ് ഇതിന് കാരണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് വിരൽ ചൂണ്ടുന്നത് ഇന്ത്യയിലെ പോലീസിന്റെ കഴിവ് കേടുകളിലേക്കാണ്. 

രാഷ്ട്രീയം നന്നായി സേനയിലേക്ക് കലർന്നിരിക്കുന്നു. അന്വേഷണത്തിലെ പിഴവുകൾ, നിയമ ദുരുപയോഗം, വളച്ചൊടിക്കൽ മുതലായവ മൂലമാണ് ശിക്ഷ നിരക്ക് കുറയുന്നത്.ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണം ഉയർത്തുന്നതിന് ഇത്തരം പിഴവുകളാണ് തിരുത്തപ്പെടേണ്ടത്. അല്ലാതെ ന്യായമായ വിചാരണ എന്ന അവകാശം എടുത്തു കളയുകയല്ല വേണ്ടത്. 

ജൂലൈ 4 ന് ആരംഭിച്ചു 2020 ഒക്ടോബർ ന് അവസാനിക്കുന്ന ഒരു സമിതി നൂറ്റാണ്ടുകളുടെ പഴക്കമുള്ള IPC,CRPC, INDIAN EVIDENCE ACT എന്നിവയിലെ മാറ്റങ്ങൾ നിർദേശിക്കും എന്നത് എത്രയോ ബാലിശമാണ്. ആ തിരിച്ചറിവിൽ നിന്നാകണം സുപ്രീം കോടതിയിലെ 16 മുൻ ജഡ്ജിമാരും വിവിധ ഹൈക്കോടതി അഭിഭാഷകരും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും സമിതിയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തണമെന്ന് ആവശ്യപ്പെടുന്നത്.  
പൊലീസിന് കൂടുതൽ അധികാരം നൽകുന്ന ഈ നിയമ പരിഷ്‌കാരങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാം. പൊലീസിന് എതിരെയുള്ള പരാതികൾ നല്കാനാവാത്ത അവസ്ഥ ഉണ്ടാകാം... ചുരുക്കത്തിൽ ഒരു സമരം ചെയ്യാൻ പോലും ജനങ്ങൾ പേടിക്കുന്ന സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത്. 

വൈവിധ്യങ്ങൾ ഏറെയുള്ള ജനാധിപത്യ രാജ്യത്ത് കൊളോണിയലിസത്തിനു ശേഷമുള്ള ഒരു കമ്മിറ്റി  വിയോജിപ്പിന്റെ ജനാധിപത്യ ശബ്ദങ്ങളെ മാനിക്കുകയും, കമ്മിറ്റിയുടെ ഘടനയിൽ പുനരാലോചന നടത്തുകയും, ലക്ഷ്യം വ്യക്തമാക്കുകയും ചെയ്യും എന്ന വിശ്വാസം ഇപ്പോഴും നിലവിലുണ്ട്. 
Previous Post Next Post