Kadalundi |
കോഴിക്കോട് ജില്ലയിലെ ഒരു തീരദേശ ഗ്രാമം ആണ് കടലുണ്ടി.അതിലെല്ലാം ഉപരി കണ്ടൽക്കാടുകളുടെയും യാത്രക്കാരായ സഞ്ചാരികളുടെയും ഏറ്റവും പ്രിയപ്പെട്ട താവളം.ചുറ്റും കുന്നുകളാണ്.
എന്നാൽ പക്ഷികൾ അല്ലാതെ ചരിത്രപരമായും കടലുണ്ടിക്ക് പ്രത്യേകതകൾ ഏറെ ഉണ്ട്.മലപ്പുറം -കോഴിക്കോട് ജില്ലകളുടെ അതിർത്തി ഗ്രാമമായ കടലുണ്ടിക്ക് നൂറ്റാണ്ടുകളുടെ വ്യാപാര ബന്ധം പല രാജ്യങ്ങളുമായും ഉണ്ടായിരുന്നു.
|
ഭാരതീയ ചരിത്രത്തിലെ സംഘ് സാഹിത്യ സമയത്തു ചേര രാജാക്കന്മാരുടെ തലസ്ഥാനം കടലുണ്ടി ആയിരുന്നു എന്ന് പറയപ്പെടുന്നു.റോമുമായും അറേബ്യാ ആയും വ്യപാര ബന്ധങ്ങൾ ഉണ്ടായിരുന്ന ചേര രാജാക്കന്മാരുടെ പതനത്തിനു ശേഷം ഈ പ്രദേശം പരപ്പനങ്ങാട് കോവിലകത്തിന്റെ നിയന്ത്രണത്തിന്റെ കീഴിലായി.അവരാണ് ഡച്ചുകാര്ക്ക് കോട്ട നിർമിക്കാൻ അനുമതി നൽകിയത്.മുല്ല കോട്ട എന്ന പേരിൽ കടലുണ്ടിയിൽ ഇന്നും അതിന്റെ അവശിഷ്ടങ്ങൾ ഉണ്ട്.
|
ഇവിടെ വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടി റെയിൽവേ പാത ചാലിയത്ത് നിർമ്മിച്ചത് ബ്രിടീഷുകാർ ആയിരുന്നു.എന്നാൽ ബേപ്പൂരും ചാലിയവും കേന്ദ്രീകരിച്ചു നടന്നിരുന്ന വ്യാപാരങ്ങൾ കോഴിക്കോട് തുറമുഖത്തേക്ക് മാറിയതോടെ അവയുടെ പ്രാധാന്യം കുറഞ്ഞു.കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി ദുരന്തങ്ങളിൽ ഒന്നായ കടലുണ്ടി അപകടം നടന്നത് 2001 ൽ ആയിരുന്നു.
എന്നാൽ ഇവിടെ നിന്നുള്ള ഏറ്റവും സുന്ദരമായ കാഴ്ചയും തീവണ്ടി പോകുന്നത് തന്നെയാണ്.പച്ചപ്പിനും ഓളങ്ങൾക്കും മുകളിലൂടെ ചൂളം വിളിച്ചു തീവണ്ടി കുതിച്ചു പായും.
|
സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തിച്ചേരുന്നത് പക്ഷി സങ്കേതം കാണാൻ ആണ്.എത്രയോ ദൂരങ്ങൾ താണ്ടി പക്ഷികൾ ഇവിടെ എത്തുന്നു.
എല്ലാവർഷവും തന്നെ പുതിയ തരം പക്ഷികളെ ഇവിടെ കണ്ടെത്തുന്നുണ്ട്.കഴിഞ്ഞ വര്ഷം ബയോ റിസേർവ് ആയി പ്രഖ്യാപിക്കപ്പെട്ട ഇവിടം രാജ്യത്തെ തന്നെ ആദ്യ കമ്മ്യൂണിറ്റി റിസേർവ് സെന്റർകൂടെയാണ്.
|
കടലുണ്ടിപ്പുഴയാണ് ഈ പ്രദേശത്തിന്റെ ഏറ്റവും വലിയ ജൈവ സമ്പത്തു.അതുമായി ബന്ധപ്പെട്ട ധാരാളം തുരുത്തുകളിൽ ആയിട്ടാണ് ഈ കമ്മ്യൂണിറ്റി സെന്റർ.കടലുണ്ടി പുഴയും അറബിക്കടലും തമ്മിൽ ചേരുന്ന അഴിമുഖത്തോടു ചേർന്നാണ് ഈ തുരുത്തുകൾ കിടക്കുന്നത്.
ഇത് മലപ്പുറം ജില്ലയുടെ കൂടെ ഭാഗമായ വള്ളിക്കുന്നുമായും അതിരുകൾ പങ്കിടുന്നു.100 ൽ അധികം തദ്ദേശീയ പക്ഷി ഇനങ്ങളും 60 ൽ അധികം ദേശാടന പക്ഷികളും അപൂർവയിനം കണ്ടൽക്കാടുകളും മീനുകളും ഈ പ്രദേശവുമായി ബന്ധപ്പെട്ട ജീവിക്കുന്നു.
കോഴിക്കോട് മലപ്പുറം നഗര വാസികളുടെ അവധി ദിവസങ്ങളിലെ പ്രധാനപ്പെട്ട സ്ഥലം കൂടെയാണ് കടലുണ്ടി.
|
വംശ നാശം സംഭവിക്കുന്ന കണ്ടൽക്കാടുകൾ ഇവിടെ സമൃദ്ധമായി വളരുന്നു.അത് കൊണ്ട് തന്നെ കണ്ടലുകളുമായി ബന്ധപ്പെട്ട പഠനങ്ങൾക്കായും ഇവിടെ സന്ദർശിക്കുന്നവർ ഉണ്ട്.
അതെ പോലെ തന്നെ പക്ഷികളെ കാണാനും ആസ്വദിക്കാനും മനസ്സിനെ തണുപ്പിക്കുന്ന കാഴ്ചകൾക്കായും സഞ്ചാരികൾ ഇവിടേക്ക് എത്തുന്നു..
അഴിമുഖത്തുള്ള കടലുണ്ടിക്കടവ് പാലം വൈകുന്നേരങ്ങളിൽ സഞ്ചാരികളെ കൊണ്ട് നിറയും.സൂര്യാസ്തമയം ഇവിടെ നിന്നുള്ള വര്ണനകൾക്ക് അതീതമായ കാഴ്ചയാണ്.