ഓണം ഒരു ചവിട്ടിത്താഴ്ത്തൽ കഥയല്ല ! Onam 2020


onam

ലയാളികളെല്ലാം ഒരേ മനസോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. കേരളം ഭരിച്ചിരുന്ന മഹാബലി ചക്രവർത്തി തന്റെ പ്രജകളെ കാണാൻ വരുന്ന ദിവസം. പൂക്കളമിട്ടും സദ്യയൊരുക്കിയും പുതുവസ്ത്രങ്ങളണിഞ്ഞും അദ്ദേഹത്തെ നാം സ്വീകരിക്കുന്നു. എന്നാൽ എന്താണ് ശരിക്കുമുള്ള ഓണം.?!

ഓണം എവിടെ, എന്ന് തുടങ്ങി എന്നതിന് ആധികാരികമായ രേഖകൾ ഒന്നുമില്ല. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതാം. സംഘകാല തമിഴ്കൃതികളിലാണ് ഓണത്തെക്കുറിച്ചുള്ള ഏറ്റവും പഴയ ചില പരാമർശങ്ങൾ നമുക്ക് കാണാനാവുക. കൃഷിയുമായി ബന്ധപ്പെട്ട ഒത്തുചേരലുകളും ആഘോഷങ്ങളും മറ്റുമാണ് ഇന്നത്തെ ഓണാഘോഷത്തിലേക്ക് നമ്മെയെത്തിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഒരു കാർഷികോത്സവം തന്നെയാണ് ഓണം. ആ ആഘോഷങ്ങൾ തലമുറകളോളം നീണ്ടുനിൽക്കാനായി അതിനെ ദേവസങ്കല്പങ്ങളുമായും പുരാണകഥകളുമായി കൂട്ടിയിണക്കി. കൃഷിയെ ഭക്തിയുമായി ബന്ധിപ്പിച്ചപ്പോൾ ആ കാർഷികസംസ്‌കൃതി തലമുറകളിലേക്ക് കൈമാറപ്പെട്ടു. 

onam



ഇനി ഓണത്തിന്റെ ഐതിഹ്യത്തിലേക്ക് കടക്കാം. കള്ളവും ചതിയും എള്ളോളം പോലുമില്ലാത്ത, നന്മ മാത്രമുള്ള, എല്ലാരും ഒരുപോലെ ജീവിക്കുന്നൊരു രാജ്യം. അവർക്ക് ജനപ്രിയനായ രാജാവും, മഹാബലി. എന്നാൽ ശരിയായ കേരളത്തിന്റെ ചരിത്രം ഇങ്ങനെയൊരു രാജാവിനെക്കുറിച്ച് പറയുന്നില്ല. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ കഥയും ഒരുപക്ഷേ നമുക്ക് നമ്മുടേതെന്ന് അവകാശപ്പെടാനാവില്ല. ഭഗവതപുരാണത്തിൽ പ്രത്യക്ഷപ്പെടുന്ന മഹാബലിയെയും വാമനനെയും, ആ പുരാണകഥയെയും കൃഷിയുമായി ബന്ധപ്പെട്ട ഒരാഘോഷത്തിലേക്ക് ചേർത്തിണക്കിയതാണ്. ആചരിക്കേണ്ടതും അനുഷ്ഠിക്കേണ്ടതുമായ ഒരുപിടി നല്ല തത്വചിന്തനങ്ങളാണ് അതിലൂടെ പഴമക്കാർ വ്യാഖ്യാനിക്കുന്നത്. അത് കേവലമൊരു ചവിട്ടിത്താഴ്ത്തൽ കഥയായല്ല നാം അതിനെ വീക്ഷിക്കേണ്ടത്. 

വിശ്വജിത് യാഗം നടക്കുമ്പോഴാണ് മഹാബലിയുടെ അടുത്ത് വാമനൻ എത്തുന്നത്. പ്രസ്തുതയാഗം നടത്തുന്നയാൾ തന്റെ പക്കലുള്ള സമ്പത്തെല്ലാം ദാനം ചെയ്യുകയാണ് വേണ്ടത്. അതിനാൽ തന്നെയാണ് മഹാബലി വാമനനോട് എന്തും ആവശ്യപ്പെടാനായി പറയുന്നതും. നടക്കുന്നത് വിശ്വജിത് യാഗമാണ്, ലോകത്തെ മുഴുവൻ ജയിക്കുവാനുള്ളൊരു യജ്‌ഞം. പക്ഷെ ചെയ്യേണ്ടത് കയ്യിലുള്ള സർവതും ദാനം ചെയ്യുകയാണ്, ത്യജിക്കുകയാണ്. വിശ്വത്തെ ജയിക്കുന്നത് വെട്ടിപ്പിടിച്ചുകൊണ്ടല്ല, മറിച്ച് ത്യാഗത്തിലൂടെ മാത്രമാണ്. ഓരോ വർഷവും ഓണമാഘോഷിക്കുന്നതിലൂടെ ഈ തത്വപാഠമാണ് നാം കൊണ്ടാടുന്നത്, അതിലൂടെ ത്യാഗമെന്ന ആശയം വേരുപിടിപ്പിക്കുന്നു. 

onam

   ഒരു പിതാവിനെപ്പോലെ തന്റെ പ്രജകളെ കാണുന്ന, സർവവും ത്യജിക്കാൻ തയ്യാറായ മഹാബലിയെ എന്തിന് ചവിട്ടിത്താഴ്ത്തി? അദ്ദേഹം ചെയ്ത തെറ്റെന്താണ്? വാമനനോട് മഹാബലി പറയുന്ന വാക്കുകൾ നോക്കാം. എന്തുവേണേലും ആവശ്യപ്പെടാനാണ് മഹാബലി പറഞ്ഞത്. അതും ആരോട്? പ്രപഞ്ചം മുഴുവൻ സ്വന്തമായ, അത് പരിപാലിക്കുന്ന ഭഗവാന്റെ അവതാരത്തോട്. മഹാബലി രാജാവാണ്. അദ്ദേഹത്തിനുമുമ്പ് മറ്റാരുടെയോ ആയിരുന്ന, അതിന് ശേഷം മറ്റാരുടെയോ ആവാനുള്ള രാജ്യത്തിന്റെ താത്കാലിക നടത്തിപ്പുകാരൻ മാത്രമാണ് ബലി. ജീവിച്ചിരിക്കുന്ന കാലം മാത്രമേ അദ്ദേഹത്തിന് അതിൽ പേരിനെങ്കിലും അവകാശമുള്ളൂ. അപ്പോൾ എന്തുവേണമെങ്കിലും കൊടുക്കാൻ അവയൊന്നും മഹാബലിയുടേതല്ല. ഭാരതീയധർമങ്ങൾ പ്രകാരം അഹന്ത തെറ്റുതന്നെയാണ്. വിശ്വജിത് യാഗത്തോളം എത്തിനിൽക്കുമ്പോഴും അദ്ദേഹം ഈ തത്വങ്ങൾ അറിയുന്നില്ല. ത്യജിക്കുന്നതെല്ലാം തന്റേതാണെന്ന മിഥ്യാവിചിന്തനത്തിലാണ് അദ്ദേഹം. ആ അഹന്ത ഒഴിവാക്കാനാണ് വാമനൻ മൂന്ന് ലോകവും തന്റെ കാലിനാൽ അളന്നെടുത്തത്. 

ശേഷം തനിക്ക് സംഭവിച്ച തെറ്റിന്റെ തിരിച്ചറിവിനാലാണ് മഹാബലി തലകുനിച്ചുകൊടുക്കുന്നത്.  വാമനൻ അദ്ദേഹത്തെ ചവിട്ടിത്താഴ്ത്തി എന്നതിനേക്കാൾ തലയിൽ കാൽ വെച്ചനുഗ്രഹിച്ചു എന്നതാവും നല്ലൊരു വ്യാഖ്യാനം. മഹാബലിയെ ഇല്ലാതാക്കണമെങ്കിൽ ഭഗവാന് അത് ക്ഷണനേരം കൊണ്ടുചെയ്യാം. പകരം അനുഗ്രഹമെന്നോണം മഹാബലിയെ സ്വർഗവാസികൾ കൊതിക്കുന്ന "സുതലം" എന്ന പാതാളത്തിലെ സുന്ദരലോകത്തിന്റെ ചക്രവർത്തി ആക്കുകയും, അവിടെ മഹാബലിയുടെ കാവൽക്കാരനായി വാമനൻ നിലകൊള്ളുകയും ചെയ്തുവെന്നുമുള്ളതും ഒരൈതിഹ്യമാണ്. ശിരസിൽ കാൽ വെച്ചത് അതിനാൽതന്നെ ഒരു ശിക്ഷയല്ല. 

കഥയായി അവതരിപ്പിച്ചാൽ കേൾക്കുന്തോറും അവ വീണ്ടും ഉറയ്ക്കുമെന്ന ബുദ്ധിയാലാവണം, ത്യാഗത്തിന്റെയും മോക്ഷത്തിന്റെയും ഗുണപാഠകഥയുടെ രൂപത്തിൽ വാമനനും മഹാബലിയും കടന്നുവരുന്നത്. കൂടാതെ അവ തലമുറകളിലേക്ക് കടന്നുചെല്ലും. ഈ കഥയിലെ ആ അറിവിനെയാണ് ശരിക്കും നാം ഓണമെന്ന പേരിൽ കൊണ്ടാടുന്നത്. കള്ളവും ചതിയുമില്ലാതെ, സമൃദ്ധി ഉണ്ടാകുവാൻ രാജാവും പ്രജകളും ഒരുപോലെ വിചാരിക്കണം. ഉള്ളതിൽ തൃപ്തിപ്പെടാനും, അന്യന്റെ വിഷമം മാറ്റുവാനും ഏവരും തയ്യാറാവണം. അതോർമപ്പെടുത്താനുളള ഐതിഹ്യത്തിന്റെ വാർഷികമാണ് ഓണം. 

ഏവർക്കും നന്മയുടെയും ഐശ്വര്യത്തിന്റെയും നല്ലൊരോണം ആശംസിക്കുന്നു.

ടീം കീശ
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.