കഥപറയുന്ന ഒളപ്പമണ്ണ മന | Olappamanna Mana, Vellinezhi, Palakkad

ഒളപ്പമണ്ണ മന Olappamanna Mana, Vellinezhi, Palakkad olappamanna olapamana
അതിബൃഹത്തായ അനേകം മനകളും ഇല്ലങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇന്നത്തെ ഒറ്റപ്പാലം, പെരിന്തൽമണ്ണ താലൂക്കുകൾ അടങ്ങുന്ന പഴയ വള്ളുവനാട് പ്രവിശ്യ. ഒട്ടനേകം സിനിമകളിലൂടെയും എഴുത്തുകളിലൂടെയും നാമറിഞ്ഞ, പഴയൊരു പാട്ടിൽ പറയുന്നപോലെ വേലയും പൂരവും കൊടിയേറുന്ന കാവുകളിൽ വെളിച്ചപ്പാടുറയുന്ന അതേ വള്ളുവനാട്. പാലക്കാട് ജില്ലയിലെ വെള്ളിനേഴിയെന്ന കലാഗ്രാമത്തിലാണ് അനേകം നൂറ്റാണ്ടുകൾ പഴക്കമുള്ള ഒളപ്പമണ്ണ മന. കേരളത്തിലെ അതിപുരാതന ബ്രാഹ്മണഇല്ലങ്ങളിൽ ഒന്ന്.

മുൻകാലത്ത് നിലനിന്നിരുന്ന നാടുവാഴികുടുംബങ്ങളിൽ പെട്ടവരായിരുന്നു ഒളപ്പമണ്ണക്കാർ. 
ഏകദേശം അറുന്നൂറ് കൊല്ലങ്ങൾക്ക് മുൻപ്  ഭാരതപ്പുഴയ്ക്കപ്പുറം മായന്നൂരിലെ ഓട്ടൂർ മനയിലേ കുടുംബം വെള്ളിനേഴിയിലേക്ക് കുടിയേറിപ്പാർത്തതായാണ് പറയപ്പെടുന്നത്. പിന്നീട് അന്യം നിന്നുപോകുമെന്ന അവസ്ഥയിലെത്തിയപ്പോൾ വരിക്കാശ്ശേരി മനയിൽ നിന്നും ദത്തെടുത്തവരുടെ പരമ്പരയാണ് ഇന്നത്തെ ഒളപ്പമണ്ണ കുടുംബം എന്നാണ് ചരിത്രം. 
കേരളത്തിന്റെ കലാസാംസ്കാരിക മേഖലകളിൽ സ്തുത്യർഹമായ സംഭാവനകളാണ് ഇവർ നൽകിയിട്ടുള്ളത്. 

കഥകളിയിലെ ഏറെ പ്രചാരത്തിലുള്ള കല്ലുവഴി എന്ന ചിട്ടയുടെ ആരംഭം ഒളപ്പമണ്ണ മനയിലാണ്. അന്ന് നിലവിലുണ്ടായിരുന്ന ഒളപ്പമണ്ണ കളിയോഗം പിന്നീട് കേരള കലാമണ്ഡലത്തോട് കൂട്ടിച്ചേർക്കുകയാണുണ്ടായത്. ഇതുകൂടാതെ പ്രശസ്‌ത കവി ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്, എഴുത്തുകാരി സുമംഗല തുടങ്ങിയവർക്കെല്ലാം ജന്മം കൊടുത്തതും ഇവിടമാണ്. 

ആദ്യകാലത്ത് മനയ്ക്ക് മൺചുമരും ഓലമേഞ്ഞ പുരയുമായിരുന്നുവെന്ന് പറയപ്പെടുന്നു. പിന്നീട് അത് എട്ടുകെട്ടായി മാറി. മുന്നൂറിലേറെ വർഷം പഴക്കം കണക്കാക്കുന്ന ഈ വസതിയുടെ വടക്കിനിയിൽ ഭഗവതിയുടെ ശ്രീചക്ര പ്രതിഷ്ഠയുമുണ്ട്. മനയുടെ എല്ലാ ദിശയിലും അതിവിശാലമായ രണ്ട് ഹാളുകൾ ഉണ്ട്. കിടപ്പുമുറികളും, വിശ്രമമുറികളും മുകൾനിലയിലാണ്. പടിഞ്ഞാറുവശത്തുള്ള കെട്ടിടം മൂന്ന് നിലയിൽ പ്രൗഢിയോടെ നിൽക്കുന്നു. പോരാതെ പലഭാഗത്തായി അനേകം പത്തായപ്പുരകളും. ഒട്ടനേകം ഹിറ്റ് ചലച്ചിത്രങ്ങളുടെ ലൊക്കേഷൻ കൂടെയാണ് ഇവിടം.

വെള്ളിനേഴിയുടെ നെറ്റിയിലെ തിലകക്കുറിയാണ് ഇരുപത് ഏക്കറിലേറെ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഒളപ്പമണ്ണ മന. ഇന്നിത് അറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമാണ്. നമ്മുടെ കലകളും പാരമ്പര്യവും രുചിയും അറിയാനെത്തുന്ന സ്വദേശ, വിദേശ സഞ്ചാരികൾക്ക് ഏറ്റവും പ്രിയങ്കരമായ ഒരിടം. പഴയ വാസ്തുശില്പകലയുടെ വൈദഗ്ധ്യം ഇവിടെ നേരിൽ കാണാം. ശാന്തവും സമാധാനവുമായ കുറച്ച് ദിവസങ്ങൾ ഇവിടെ കഴിച്ചുകൂട്ടാം.Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.