ദളിതന്റെയും ട്രാൻസ് സമൂഹങ്ങളുടെയും ആണോ ഈ തിരഞ്ഞെടുപ്പ് ..?

 ഇന്ത്യയിൽ ശക്തമായിക്കൊണ്ടിരിക്കുന്ന ദളിത് പ്രതിരോധ സമരങ്ങളുടെയും ട്രാൻസ്‌ജെൻഡർ പോരാട്ടങ്ങളുടെയും കേന്ദ്രബിന്ദു അംബേദ്‌കർ ആകുകയാണ്.അംബേദ്കറിസത്തിന്റെ പ്രത്യയശാസ്ത്രപരവും പ്രയോഗികപരവുമായ സാധ്യതകളെ  ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾ പ്രതീക്ഷയോടെ നോക്കി കാണുന്നു.മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ കേരളത്തിൽ ദളിത്-ട്രാൻസ് സമൂഹങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാകുന്നുണ്ടോ എന്നെങ്കിലും നമ്മൾ അന്വേഷിക്കേണ്ടതില്ലേ ...

"ജാതീയതയെ ഉന്മൂലനം ചെയ്യാൻ ആകുന്നില്ല എങ്കിൽ,ദളിതർ സ്വന്തം ജാതിയെ അഭിമാനമായി എടുക്കണം.അപ്പോൾ ജാതി ഹിന്ദുക്കൾക്ക് ജാതി അവസാനിപ്പിക്കേണ്ടി വരും" - അംബേദ്‌കർ.

ഉത്തർപ്രദേശിലെ ജാതീയത തിളച്ചുമറിയുന്ന ഗ്രാമങ്ങളിൽ ദളിതന്റെ നിലനിൽപ്പ് ചന്ദ്രശേഖർ ആസാദ് നേതൃത്വം നൽകുന്ന ഭീം ആർമിയുടെ പിൻബലത്തോട് കൂടെയാണ്.ഹിന്ദുത്വത്തിനെതിരെ പോരാടുവാൻ ഭരണഘടനയെ ആസാദ് ചൂണ്ടികാണിക്കുന്നു.ഭരണകൂടത്തിന്റെ കീഴിൽ നിശ്ശബ്ദരാകാൻ വിധിക്കപ്പെടുകയാണ് ദളിതർ.അവർ ഹിന്ദു അല്ല.ചിലയിടങ്ങളിൽ മനുഷ്യർ അല്ല.ട്രാൻസ് സമൂഹങ്ങളുടെ അവസ്ഥ അതിലും കഷ്ടമാണ്.രാഷ്ട്രീയത്തിലേക്ക് പോകുന്ന ദളിതൻ തന്റെ വിഭാഗത്തെ പാർട്ടിയിൽ പ്രതിനിധീകരിക്കുകയല്ല,പാർട്ടി അയാളുടെ സാമൂഹിക വിഭാഗത്തിന്റെ,വോട്ട് പങ്കാളിത്തത്തെ ഉറപ്പിച്ചു നിർത്തുകയാണ് ചെയ്യുന്നത്.അടുപ്പിച്ചു രണ്ടു തിരഞ്ഞെടുപ്പുകൾക്ക് കളമൊരുങ്ങുന്ന കേരളത്തിൽ പോലും സംവരണമില്ലാത്ത ഏത് വാർഡാണ്‌ ദളിതർക്ക് നൽകിയിട്ടുള്ളത്..?

കണ്ണൂർ കോർപ്പറേഷനിൽ 36 ആം വാർഡിലേക്ക് മത്സരിക്കുന്ന സ്നേഹ എന്ന ട്രാൻസ് വുമൺ മത്സരിക്കുന്നത് സ്വന്തം നിലയിലാണ്.പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തന അജണ്ടകളിൽ പോലും ട്രാൻസ് വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്നില്ല.സജ്‌ന ഷാജി വഴിയോര കച്ചവടത്തിൽ നേരിട്ട വിവേചനത്തിൽ ഇടപെട്ട യൂത്ത് കോൺഗ്രസ് പ്രതീക്ഷയാണ്.രാഷ്ട്രീയ ബഹളങ്ങൾക്കപ്പുറം ഈ മനോഭാവം അവർ തുടർന്നാൽ മാത്രം.എന്നാൽ ട്രാൻസ് സമൂഹത്തിൽ നിന്നും ഒരു ജനപ്രതിനിധി എന്നോ കുറഞ്ഞപക്ഷം സ്ഥാനാർഥി എന്നോ പരിഗണന കേരളത്തിലെ ഇടതു-വലതു മുന്നണികളിൽ നിന്നും കിട്ടുവാൻ ഇനിയുമൊട്ടേറെ കാത്തിരിക്കേണ്ടതായി ഉണ്ട്.

പട്ടിണി കിടന്ന മധുവിനെ ഭക്ഷണ മോഷണം ആരോപിച്ചു ജനക്കൂട്ടം തല്ലിക്കൊന്നത്  മൂലമുണ്ടായ വികാര പ്രകടനങ്ങൾ കേരളത്തിന്റെ ദളിത് മനോഭാവത്തെ മാറ്റിമറിച്ചു എന്നൊന്നും ലേഖകൻ കരുതുന്നില്ല.അങ്ങനെയെങ്കിൽ വാളയാറിലെ കുട്ടികളിൽ ഒരാളുടെയെങ്കിലും മരണം ഒഴിവാക്കാമായിരുന്നു.പകരം സർക്കാർ ചെയ്തത് കുറ്റകരമായ അനാസ്ഥ കാണിച്ച അന്വേഷണ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകി.

ട്രാൻസ് സമൂഹങ്ങളോട് അവരുടെ ജീവിതം എന്ന രീതിയിൽ വന്ന സിനിമകൾ കാണിച്ചതും വല്ലാത്ത നെറികേട് തന്നെയാണ്.സുന്ദരനായ നായകനെയോ,നായികയോ രൂപമാറ്റം വരുത്തി കഥാപാത്രമാക്കി മാറ്റുന്നു.അഭിനയത്തിന്റെ തീഷ്ണതയിൽ അവർ മുഴുകുന്നു.യഥാർത്ഥ ജീവിതത്തിനേക്കാൾ,സാമ്പത്തിക ലാഭം മുന്നോട്ട് വയ്ക്കുന്ന പശ്ചാത്തലങ്ങൾ കാണുന്ന പ്രേക്ഷകൻ അതാണ് അവരുടെ  എന്ന് കരുതുന്നു.മലയാളത്തിൽ ട്രാൻസ് വിഭാഗങ്ങളെ മറ്റൊരു പേരിലേക്ക് ചുരുക്കിയ സിനിമ പോലും ചൂണ്ടിക്കാണിച്ച ജീവിതം കഥാപാത്ര വിജയത്തിന്റേതാണ്.എന്നാൽ വിജയങ്ങൾ സ്വപ്നം കാണുവാൻ പോലും ആഗ്രഹിക്കാനാവാത്ത തരത്തിലാണ് അവരുടെ ജീവിതം.സമൂഹത്തിൽ നിന്നും ട്രാൻസ് വിഭാഗങ്ങളെ ദൂരെ നിർത്തുന്നതിലേക്കാണ് പുതിയ സിനിമകൾ വിരൽ ചൂണ്ടുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഭയപ്പെടുത്തുന്ന കഥാപാത്രങ്ങൾക്ക് ട്രാൻസ്‌ജെൻഡർ മുഖം നൽകുന്നത്.എന്തോ കൂടുതൽ പേടി അവിടെയുണ്ടാക്കണം എന്ന പോലെ..എന്തെല്ലാമോ ഭീകര കഴിവുകൾ അവർക്കുള്ളത് പോലെ.ധാരാളം അന്ധവിശ്വാസം ഉള്ള കേരളത്തിലെ ജനങ്ങൾക്ക് അത് തന്നെ ധാരാളം.എന്തുകൊണ്ട് ട്രാൻസ് സമൂഹത്തിൽ നിന്ന് തന്നെ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നില്ല എന്നൊരു ചോദ്യവും അവർക്ക്  ഉണ്ട്.

തൊണ്ണൂറുകളുടെ തുടക്കത്തിൽ മണ്ഡൽ വിരുദ്ധ പ്രക്ഷോഭത്തിന്‌ ശേഷം ജനിച്ച തലമുറയാണ്  ദലിതത്വത്തെ പുതിയ രീതിയിൽ നിർവചിച്ചത് .അവർ അംബേദ്ക്കറെ ദളിത് മൂല്യങ്ങൾക്ക് ഊർജ്ജം പകരുന്ന ഏകശബ്ദമായി വീണ്ടെടുത്തു .രോഹിത് വെമുലയും ഉന പ്രക്ഷോഭവും ഹത്രാസ് പ്രക്ഷോഭവുമാണ് സമീപകാല ദളിത് മുന്നേറ്റങ്ങൾ എന്ന് ചൂണ്ടികാണിക്കാവുന്ന സംഭവങ്ങൾ.കാലാകാലങ്ങളായി ദളിത് രാഷ്ട്രീയ സംഘടനകൾ പറഞ്ഞിരുന്ന സാമ്പത്തിക സമത്വം എന്ന ആശയത്തിൽ നിന്നും ദളിത് സംഘടനകൾ സാമൂഹിക സമത്വം എന്ന അടിയന്തിര പ്രധാനമുള്ള ആശയം കൂടെ മുന്നോട്ട് വെക്കുന്നു.പുതിയ ദളിത് ആശയങ്ങൾക്ക് തീ പടർത്തുന്ന യുവ തലമുറയ്ക്ക്, ഭൂമിയുടെ ഉടമസ്ഥാവകാശവും വിതരണവും ,ബ്രാഹ്മണിക്കൽ മേധാവിത്വം,അധികാരത്തിലെ രാഷ്ട്രീയ പങ്കാളിത്തം എന്നിവയിലൊക്കെ വ്യക്തമായ അഭിപ്രായമുണ്ട്.ദളിത് തലമുറ സമൂഹത്തിലെ അഭിമാനമുള്ള കൂട്ടായ്മ ആകുന്നതോടെ,പട്ടിക വിഭാഗങ്ങളുടെ സംരക്ഷണത്തിനായുള്ള നിയമങ്ങൾ കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയാത്ത പ്രശ്‍നങ്ങളാണ് ഉയരുന്നത്.എന്നാൽ ഈ ചിന്തകൾക്കൊന്നും കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിലേക്ക് അവരെ കൂട്ടിച്ചേർക്കുന്നില്ല എന്നതാണ് വാസ്തവം.മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം ദളിത് മുഖങ്ങൾ ഉള്ള ചെറു സംഘടനകൾ ഉണ്ട്.എന്നാൽ അവയ്ക്ക് രാഷ്ട്രീയത്തിന്റെ മുഖങ്ങളിലേക്ക് സ്ഥാനവും സ്വാധീനവും ഇല്ല.

ആദിവാസികളുടെ പ്രശനം ദളിത് പ്രശ്നങ്ങളിൽ നിന്നും വ്യത്യസ്തമാണ് .പിന്നാക്ക വിഭാഗക്കാരുടെ പ്രശനവും ദളിത് പ്രശനങ്ങളിൽ നിന്നും വ്യത്യസ്തമാണ്.മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പെണ്മയ് ഒരുമൈ ഒരു പ്രതീക്ഷ ആയിരുന്നു.ആദിവാസി ഗോത്ര മഹാ സഭ യും സി.കെ ജാനുവും  ആയിരുന്നു.എന്നാൽ രാഷ്ട്രീയ  പ്രവേശനം വൻ തകർച്ചയിലേക്കാണ് സംഘടനയെയും നേതാവിനെയും നയിച്ചത്.കേരളത്തിന്റെ ദളിത് വിഭാഗങ്ങളിൽ ഏറെയും ഉൾപ്പെടുന്ന ആദിവാസി സമൂഹങ്ങൾക്കിടയിൽ ഉയർന്നു വരുന്ന സംഘടനകളെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ മുളയോടെ നുള്ളുന്നു.എന്നാൽ ദളിത് പ്രാധിനിത്യം പേരിനു മാത്രം,ശബ്ദങ്ങൾ ഇല്ലാത്തവരെ കൂട്ടിച്ചേർത്തു സൃഷ്ടിച്ചെടുക്കുന്നു.കേരളത്തിന്റെ ദളിത് വിഭാഗങ്ങളിൽ ചായ്‌വുകൾ ഇല്ലാതെയുള്ള പ്രവർത്തനം പിന്നെയുമുള്ളത് മാവോയിസ്റ് സംഘടനകൾക്കാണെന്നു തോന്നുന്നു..ഇതിലൊന്നും ട്രാൻസ് സമൂഹങ്ങളെ പരാമർശിക്കാത്തത് അവർക്ക് ഇവിടെയും സ്ഥാനമൊന്നും ഇല്ല എന്നുള്ളതുകൊണ്ടാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പുതുതായി രൂപപ്പെടുന്ന ദളിത് ഐക്യം കേരളത്തിൽ  മുന്നണി സംവിധാനങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണെന്ന് മാത്രം. അതുകൊണ്ട്ത ന്നെയാണ് കേരളത്തിലെ ദളിതന്റെ രാഷ്ട്രീയ മുന്നേറ്റങ്ങൾ സംവരണങ്ങളിൽ ഒതുങ്ങുന്നതും.ട്രാൻസ് സമൂഹങ്ങളെ ഇതുവരെയും ഒരു വോട്ട് ബാങ്കായിട്ട് രാഷ്ട്രീയ ക്രമത്തിൽ ആരും കണക്കാക്കുന്നില്ല.അത്രത്തോളം "തലയെണ്ണം" ഇല്ലാത്തത് കൊണ്ടാകാം ഒരു പക്ഷെ.കേരളത്തിലെ സമൂഹം അവരെ മനുഷ്യരായി കാണുവാൻ തന്നെ തുടങ്ങിയത്  രണ്ടായിരത്തിനും ശേഷമാണ്.മെട്രോ യിൽ ജോലി നൽകിയതോടെയാണ്‌ കേരളത്തിന്റെ ട്രാൻസ് മനോഭാവത്തിന്റെ മാറ്റങ്ങൾ പ്രകടമായി തുടങ്ങിയത്.സജ്‌ന ഷാജിയുടെ കരച്ചിൽ കോവിഡ് ദിനങ്ങളിൽ ആയിരുന്നില്ല എങ്കിൽ ആരെങ്കിലും അവരെ തിരിഞ്ഞെങ്കിലും നോക്കുമോ എണ്ണത്തിലും ലേഖകന് സംശയമുണ്ട്.

രാഷ്ട്രീയം നാല് തരത്തിലുണ്ട്.വിമോചന രാഷ്ട്രീയം പരിവർത്തനാത്മക രാഷ്ട്രീയം വ്യവസ്ഥിതിയെ നിലനിർത്തുന്ന രാഷ്ട്രീയം പഴയ മൂല്യങ്ങളെ പുനഃസ്ഥാപിക്കുവാനുള്ള രാഷ്ട്രീയം 

-എം കുഞ്ഞാമൻ 

കേരളത്തിന്റെ രാഷ്ട്രീയത്തിൽ ദളിത് ട്രാൻസ് വിഭാഗങ്ങൾക്ക് സംഭവിക്കുന്നത് അധികാരത്തിന്റെ കേന്ദ്രീകരണം ആണ്.എൺപതുകളുടെ ആരംഭത്തിൽ ദേശീയ രാഷ്ട്രീയത്തിൽ അംബേദ്കറെ ഉയർത്തിക്കൊണ്ടു വന്ന രാഷ്ട്രീയ ദളിത് മുന്നേറ്റങ്ങൾ നേതാക്കളുടെ സാമ്പത്തിക വളർച്ചയ്ക്കും അധികാര -അഴിമതികൾക്കുമാണ് കളമൊരുക്കിയത് .അനുസരണയുള്ളവരെയാണ് രാഷ്ട്രീയ പാർട്ടികൾക്ക് ആവശ്യം.ഡെമോക്രസിയെ സൃഷ്ടിക്കുന്ന മൂന്നു ഡി കളായ ഡിബേറ്റ്,ഡിസെന്റ് -വിയോജിപ്പ് ,ഡിസ്കഷൻ എന്നിവ രാഷ്ട്രീയത്തിൽ നിന്നും അപ്രത്യക്ഷമാകുന്നു.ഈ തിരഞ്ഞെടുപ്പിൽ പോലും സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ inability ഒരു ഘടകമായി വരുന്നത് ഇവിടെയാണ്.സിനിമാതാരങ്ങളെ സ്ഥാനാര്ഥികളാക്കുന്നതിന്റെ ഔചിത്യം അതാണ്.അവർ രാഷ്ട്രീയത്തിലേക്കല്ല,നിയമ നിര്മ്മാണ സഭകളിലേക്കാണ്.

അധികാരത്തിന്റെ കേന്ദ്രീകരണമല്ല പ്രശ്‌നം.വികേന്ദ്രീകരണവും അല്ല പ്രശ്‌നം.അധികാരം തന്നെയാണ് പ്രശ്‌നം .

ദളിത് സമൂഹങ്ങളെ ഹിന്ദുത്വത്തിലേക്ക് നയിക്കാനാവില്ല.കാലഘട്ടത്തിന്റെ പരിണാമത്തിൽ ഹിന്ദുത്വം ഉയർത്തിയ ചൂളകളിൽ നിന്ന് കൂടെയാണ് ദളിതർ ശക്തിയാർജ്ജിച്ചതുകളെ രൂപപ്പെട്ടതും.

കാട് വിറപ്പിക്കുന്ന ആനകൾക്ക് മുന്നിൽ പോലും പതറാത്ത ആദിവാസി ജനങ്ങൾ സാധാ ഫോറെസ്റ് വാച്ചർമാർക്ക് മുന്നിൽ നിന്ന് വിറയ്ക്കുന്ന സാഹചര്യമുണ്ട്.ധാരാളം "മധു" മാരുള്ള അട്ടപ്പാടി പോലുള്ള സ്ഥലങ്ങൾ കേരളത്തിലുണ്ട്.സാമ്പത്തികപരമായ അവരുടെ പിന്നോക്ക അവസ്ഥയ്ക്ക് പിന്നിൽ സാമൂഹികമായ അസമത്വങ്ങൾ സൃഷ്ടിക്കുന്ന ,സമകാലീന രാഷ്ട്രീയം ഉൾക്കൊള്ളുന്ന സ്റ്റേറ്റിനും പങ്കുണ്ട്. ആ പങ്ക് കുറച്ചുകൊണ്ട് വരണമെങ്കിൽ രാഷ്ട്രീയത്തിൽ നമ്മുടെ പാർശ്വവത്കരിക്കപ്പെട്ടവരെ കൊണ്ടുവരണം.

വ്യക്തി തലത്തിൽ സാമ്പത്തിക വളർച്ചയുണ്ടാക്കാൻ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ശ്രമിക്കണം.അത് മറ്റുള്ളവരെ ഉപദ്രവിക്കാത്ത പ്രക്രിയ ആണ്.ഓരോ വ്യക്തിയുംസ്വയം സർഗ്ഗശക്തി ഉപയോഗിച്ച് ഉയർന്നു വരേണ്ടതുണ്ട്.അതിനു ജനാധിപത്യ ക്രമത്തിൽ ഉള്ള തടസ്സങ്ങൾ നീക്കപ്പെടേണ്ടതുണ്ട്.മുൻ തെരഞ്ഞെടുപ്പുകൾ നോക്കുമ്പോൾ യുവത്വത്തിന്റെ വലിയ മാറ്റങ്ങൾക്കാണ് 2020 കളമൊരുക്കുന്നത്.ആ തലമുറയിൽ തന്നെയാണ് പ്രതീക്ഷകൾ ഉള്ളതും .

Previous Post Next Post