പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി ഭയക്കണോ?

 ഇടതുപക്ഷ സർക്കാർ അധികാരത്തിൽ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കേന്ദ്രത്തിലെ സർക്കാരുകളുമായി ഏറ്റുമുട്ടിയിട്ടുണ്ട്.അതിൽ പ്രധാന മന്ത്രി ആരെന്നോ,കക്ഷി ആരെന്നോ ഉള്ള ചിന്തകളൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് ചരിത്രം.നെഹ്റുവോ ഇന്ദിരാ ഗാന്ധിയോ വാജ്പേയിയോ മന്‍മോഹന്‍ സിങ്ങോ ഭരിച്ചപ്പോഴെല്ലാം കടുത്ത വിമര്‍ശനങ്ങള്‍ ഉയരാതിരുന്നിട്ടില്ല. അര്‍ദ്ധ ഫാഷിസ്റ്റ് ഭീകരവാഴ്ച്ചയോട് സി പി എമ്മും പാര്‍ട്ടി പത്രവും സ്വീകരിച്ച സമീപനം നാം ഓര്‍ക്കണം.അധികാരം മൃദുഹിന്ദുത്വത്തിലേക്കും,കോർപ്പറേറ്റ് വത്കരണത്തിലേക്കും  നീങ്ങിയ സമയത്തെല്ലാം കമ്മ്യുണിസ്റ് പാർട്ടികൾ ശക്തമായ എതിർപ്പ് ഉയർത്തിയിട്ടുണ്ട്.എന്നാൽ ഫാസിസത്തിന്റെ ഭീകരമായ ഭരണമുഖങ്ങൾ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആരംഭിക്കപ്പെട്ടപ്പോൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ സുരക്ഷിതമായ,നിലങ്ങളിലേക്ക് പതിയെ പിൻവാങ്ങുന്നതായി കാണാം.

ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ നിന്നും ഇടതുപക്ഷ രാഷ്ട്രീയം ഒലിച്ചുപോയിരിക്കുന്നു.വ്യക്തമായി പറഞ്ഞാൽ ഫാഷിസ്റ് ഭരണ നയങ്ങളോട് പാർട്ടി നേതൃത്വത്തിന് അപകടകരമായ നിഷ്പക്ഷത സ്വീകരിക്കേണ്ടി വരുന്നു.അത് പണ്ട് വാജ്‌പേയ് സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രിയും,മന്ത്രിമാരും നടത്തിയ ഡൽഹി സമരത്തിന്റെ ചരിത്രത്തെ പോലും പിന്നോട്ടടുപ്പിക്കാൻ തക്ക നാണക്കേട് തന്നെയാണ്.

ഏറ്റവുമൊടുവിലായി കർഷക സമരത്തിന്റെ കരുത്ത്,അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ പരസ്സ്യമായ നയപ്രഖ്യാപനം നടത്തുവാനോ,ഭരണത്തിന്റെ കേന്ദ്രമായ പ്രധാനമന്ത്രിയെ സൂചിപ്പിക്കാൻ പോലുമോ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.

 കേന്ദ്ര ഏജൻസികൾ കേരളത്തിലെ ഭരണ സിരാകേന്ദ്രങ്ങളിൽ കയറിയിറങ്ങി പരിശോധന നടത്തുമ്പോൾ പോലും അമിത് ഷായ്‌ക്കെതിരെയോ മോദിക്കെതിരെയോ ഒരക്ഷരം പോലും മുഖ്യൻ മിണ്ടിയില്ല.അതേ സമയം ബ്രസീലിലെ മഴക്കാടുകൾ കത്തിയതിലും,ഉത്തരകൊറിയയുടെ സംരക്ഷണത്തിലും അമേരിക്കൻ പ്രസിഡണ്ട് നയങ്ങൾക്കെതിരെ പോലും ഇടത്പക്ഷ അഭിപ്രായങ്ങൾ ഉണ്ടായി എന്നാൽ......

ഇന്ത്യയുടേയും കേരളത്തിന്റെയും സാമ്പത്തിക മേഖലയുടെ നട്ടെല്ലായ കൃഷിയെ,കുത്തകകൾക്ക് ഏല്പിച്ചുകൊടുക്കുന്ന നിർദ്ദേശങ്ങൾ വ്യക്തമായി അടങ്ങിയിട്ടുള്ള കാർഷിക ബില്ലിനെതിരെ പ്രതികരിക്കുമ്പോൾ,ആ ബില്ലിന്റെ കാരണക്കാരനായ പ്രധാനമന്ത്രിയെ എന്തുകൊണ്ട് പേരെടുത്തു പറഞ്ഞുകൂടാ...?

കേരളമായിരുന്നു  കാർഷിക ബില്ലിനെതിരെ ആദ്യം മുന്നോട്ടിറങ്ങേണ്ടിയിരുന്നത്,അതുണ്ടായില്ല..എന്നാൽ പഞ്ചാബും ഹരിയാനയും മധ്യപ്രദേശുമടക്കമുള്ള സംസ്ഥാനങ്ങൾക്ക് ഈ ബോധം ഉണ്ടായി.കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിലെ വികാര വിസ്ഫോടനം ഉദ്ദേശിച്ചുകൊണ്ടാണ് സർക്കാർ ഈ പ്രമേയ അവതരണം കൊണ്ട് ലക്ഷ്യമിട്ട രാഷ്ട്രീയലാഭം എങ്കിലും,രാഷ്ട്രീയ നിലപാടുകളോട് എങ്കിലും മാന്യത ഉണ്ടാകണമായിരുന്നു.

മുഖ്യമന്ത്രി ,പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നൽകുന്ന നിശബ്ദമായ ആനുകൂല്യം പാർട്ടിയുടെ രാഷ്ട്രീയ നയമാണോ എന്ന് തന്നെ വ്യക്തമാക്കേണ്ടതുണ്ട്.പ്രശ്നങ്ങൾ ഇല്ലാത്തതല്ല,വിമർശനങ്ങൾക്ക് കാഠിന്യം കുറയാനുള്ള കാരണം,നിലപാടുകളിലെ നയമാറ്റമാണ്.

ഫെഡറല്‍ ഘടനയ്ക്കു കടുത്ത ആഘാതമേല്‍പ്പിച്ച കാശ്മീര്‍ ഇടപെടല്‍ കാലത്തോ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്ന സന്ദര്‍ഭത്തിലോ കേരളത്തിലെ ഭരണ നേതൃത്വം രോഷംകൊണ്ടില്ല. നിയമസഭയില്‍ എല്ലാവരും ചേര്‍ന്നുള്ള പ്രമേയം കൊണ്ടുവരുന്നതുതന്നെ ഒഴിഞ്ഞു മാറലിന്റെ കൗശലമാണ്. ഞങ്ങള്‍ പ്രത്യേകമായ എതിര്‍പ്പോ പ്രതിഷേധമോ പ്രകടിപ്പിക്കില്ല എന്ന ഉറപ്പു പാലിക്കലാണ്. 

മുഖ്യമന്ത്രി കേന്ദ്ര ഭരണ നേതൃത്വത്തിനെതിരെ രോഷം കൊള്ളാത്ത ഏക ഇടതുപക്ഷ ഭരണകാലമാണ് കടന്നുപോകുന്നത്.

പരിസ്ഥിതി ആഘാത പഠന വിജ്ഞാപനം പിന്‍വലിക്കണമെന്ന നിലപാടാണ് സി പി ഐ എം സ്വീകരിച്ചതെങ്കിലും ചില ഭേദഗതികള്‍ വരുത്തിയാല്‍ മതി എന്ന ആനുകൂല്യം നല്‍കുകയായിരുന്നു കേരളത്തിലെ ഇടതു സര്‍ക്കാര്‍. കേന്ദ്ര ബി ജെ പി സര്‍ക്കാര്‍ പാസാക്കിയ യു എ പി എ – എന്‍ ഐ എ നിയമ ഭേദഗതി നടപ്പാക്കാനും വ്യാജ ഏറ്റുമുട്ടല്‍ കൊലകളുള്‍പ്പെടെയുള്ള പൊലീസ് നയം നടപ്പാക്കാനും സംസ്ഥാന സര്‍ക്കാര്‍ ഉത്സാഹിച്ചു. 

പൊലീസ് നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള ഓര്‍ഡിനന്‍സും കേന്ദ്ര താല്‍പ്പര്യത്തിന് യോജിച്ചതായിരുന്നു. പശ്ചിമ ബംഗാളില്‍ അമിത്ഷായ്ക്ക് പൊതുയോഗം നടത്താന്‍ മമതാ ബാനര്‍ജി തടസ്സം നിന്ന കാലത്ത് കണ്ണൂര്‍ വിമാനത്താവളം അനൗപചാരികമായി ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാര്‍ അവസരം നല്‍കി. അന്ന് അമിത് ഷാ പാര്‍ട്ടി പ്രസിഡണ്ടു മാത്രമാണ്.

കര്‍ഷക സമരവുമായി ബന്ധപ്പെട്ടു കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തില്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രമേയം നരേന്ദ്രമോദി സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധമാണ്. അതില്‍ പ്രധാനമന്ത്രിയുടെ പേരു വരണമെന്ന് ഏതെങ്കിലും നിയമസഭാംഗം നിര്‍ദ്ദേശിച്ചാല്‍ അതു വേണ്ടെന്നു വെയ്ക്കുന്നതെന്തിന്? അത്രമാത്രം വ്യക്തിപരമോ രാഷ്ട്രീയമോ ആയ കടപ്പാട് സൂക്ഷിക്കുന്നുണ്ട് മുഖ്യമന്ത്രി എന്നു കരുതാമോ?

കര്‍ഷക സമരം ഇത്രയും ദിവസം പിന്നിട്ടിട്ടും പ്രധാനമന്ത്രി ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. അതേക്കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശിക്കണം. ബി.ജെ.പിയുടെ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി 35 ദിവസം കഴിഞ്ഞിട്ടും അവരെ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തതില്‍ പ്രമേയം പ്രതിഷേധിക്കണം എന്നിങ്ങനെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത് ഗൗരവപൂര്‍വ്വം കാണണം. അതു കൂട്ടിച്ചേര്‍ക്കാന്‍ എന്തായിരുന്നു തടസ്സം? മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നതെന്ന് പ്രതിപക്ഷം ചോദിച്ചത് അസ്ഥാനത്തല്ലെന്ന് വ്യക്തം.

കേരളത്തിലെ പ്രമാദമായ പാലത്തായി പോക്സോ കേസ് അട്ടിമറിച്ച ഐ ജി ശ്രീജിത്തെന്ന ക്രിമിനലിനെ എ ഡി ജി പിയാക്കി സ്ഥാനക്കയറ്റം നൽകി ക്രൈം ബ്രാഞ്ചിന്റെ മേധാവിയാക്കി അവരോധിച്ചിട്ടുണ്ട്.

നാഴികയ്ക്ക് നാല്പതു വട്ടം സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും സുരക്ഷയെ കുറിച്ച് വാചാലനാകുന്ന മുഖ്യമന്ത്രി പോക്സോ കേസുകൾ പോലും അട്ടിമറിക്കുന്ന ഉദ്യോഗസ്ഥൻമാർക്ക് സ്ഥാനക്കയറ്റം നൽകി പരവതാനി വിരിക്കുന്നതിന് പിന്നിലെ രാഷ്ട്രീയം ഇരട്ടത്താപ്പിന്റെ രാഷ്ട്രീയമല്ലാതെ മറ്റെന്താണ് …?

ഇതൊക്കെ തന്നെയാണ് കേന്ദ്രത്തിൽ മോദിയും ഷായും,ഉത്തർപ്രദേശിൽ യോഗിയും ചെയ്യുന്നത്.

വാക്കുകൾക്ക് കടപ്പാട്;

Previous Post Next Post