സ്ഥലം / കെട്ടിടം വാങ്ങുമ്പോള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ Things the public should consider when purchasing land / building

 വാങ്ങുന്ന  വേളയില്‍ മരടിലെ ഫ്ലാറ്റുടമകള്‍ വേണ്ടത്ര ഗൗനിക്കാതെ പോയ നിയമവശങ്ങള്‍ ഇവയാണ്.  കെട്ടിട നിര്‍മ്മാണത്തിനായി സ്ഥലം വാങ്ങുമ്പോഴും, വീടുകള്‍, ഫ്ലാറ്റുകള്‍, കടമുറികള്‍ മറ്റുകെട്ടിടങ്ങള്‍ എന്നിവ വാങ്ങുമ്പോഴും പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ 2007- മുതല്‍ പല തവണ ഉത്തരവിറക്കിയിട്ടുള്ളതാണ്. ടി ഉത്തരവില്‍ നിന്നും...


⦁    ഭൂമി / കെട്ടിടം സംരക്ഷിത സ്മാരകങ്ങള്‍, തീരദേശങ്ങള്‍ തുടങ്ങിയവയ്ക്ക് ബാധകമായിട്ടുള്ള എന്തെങ്കിലും നിയന്ത്രണങ്ങള്‍ പ്രസ്തുത സ്ഥലത്തിന് ബാധകമാണോ എന്ന് പരിശോധിക്കണം. ഇക്കാര്യം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പില്‍ നിന്നും (എസ്.റ്റി.ഇ.ഡി) അറിയാം.

⦁    സര്‍ക്കാര്‍ സ്ഥാപനങ്ങളോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ നടപടി സ്വീകരിച്ചു കൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് അറിയുന്ന പക്ഷം അവ വാങ്ങുന്നത് ഒഴിവാക്കുക.

⦁ വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടം/ഫ്ലാറ്റുകള്‍/കടമുറികള്‍ എന്നിവ കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി/പഞ്ചായത്ത് എന്നിവയില്‍ നിന്നും നിയമപ്രകാരം പെര്‍മിറ്റ്‌ വാങ്ങി നിര്‍മ്മിച്ചതാണോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൂടാതെ, കെട്ടിടത്തിന് കമ്പ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം ബില്‍ഡിംഗ് നമ്പര്‍ നല്‍കിയിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതാണ്.

ഈ തരത്തില്‍ പൊതുജനം ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍ 3. 11.2007 -ലെ സര്‍ക്കാര്‍ ഉത്തരവ് നം 66500/RA1/07/തസ്വഭവ -യില്‍ പറഞ്ഞിട്ടുണ്ട്.  2013-ല്‍ ഇക്കാര്യങ്ങള്‍ വീണ്ടും 64804/ആര്‍.എ1/2013/തസ്വഭവ  നമ്പരായി സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത് ഇതോടൊപ്പം കൊടുക്കുന്നു. കേവലം ഒരു മിഠായി മേടിക്കും മുന്‍പ് പോലും പല കടകളില്‍ / സൈറ്റുകളില്‍ കയറി വിലയും ഗുണവും നോക്കുന്ന നമ്മള്‍ ലക്ഷങ്ങള്‍ / കോടികള്‍ മുടക്കി വസ്തുവകകള്‍ വാങ്ങുമ്പോള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല എന്നത് എന്തൊരു വിരോധാഭാസമാണ്.  ഇക്കാര്യങ്ങള്‍ എല്ലാം വിശദമായി പരിശോധിക്കുകയും ഒപ്പം നല്ലൊരു സിവില്‍ അഭിഭാഷകന്റെ നിയമോപദേശം കൂടി തേടിയശേഷം വസ്തു/കെട്ടിടം വാങ്ങുന്നതാണ് ഏറ്റവും അഭികാമ്യം. ഭാവിയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പ്രമാണ വിലയുടെ പത്ത് ശതമാനം കോര്‍ട്ട് ഫീ ആയി കോടതിയില്‍ കെട്ടി വെച്ചാല്‍ മാത്രമേ സിവില്‍ കേസ് നല്‍കാന്‍ സാധിക്കുകയുള്ളൂ എന്നും ഓര്‍മ്മിക്കുമല്ലോ. പ്രമാണത്തില്‍ വില കുറച്ച് കാണിച്ചിരിക്കുന്നതെങ്കില്‍ ആ തുക മാത്രമേ ക്ലെയിം ചെയ്യാന്‍ സാധിക്കൂകയുള്ളൂ; നഷ്ടം വാങ്ങിയ ആള്‍ക്ക് മാത്രമാകും.

കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍, ടൗണ്‍ പ്ലാനിംഗ് സ്‌കീമുകള്‍, ഹെറിറ്റേജ് മേഖലയില്‍ ഉള്‍പ്പെട്ട സ്ഥലങ്ങള്‍ എന്നിവയെക്കുറിച്ച് സംശയങ്ങള്‍ ഉള്ള പക്ഷം എല്ലാ ബുധനാഴ്ചയും രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ എല്ലാ ജില്ലാ ടൗണ്‍ പ്ലാനര്‍മാരുടെ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സേവനം പ്രയോജനപ്പെടുത്തുക.
Previous Post Next Post