ഏഴ് തട്ടുകളായി നുര ചിതറി താഴേക്ക് പതിക്കുന്ന ചിയപ്പാറ വെള്ളച്ചാട്ടം, റോഡിനു അടിയിലൂടെ താഴെക്ക് പോയി നേര്യമംഗലത്ത് പുഴയിൽ എത്തുന്നു. വർഷകാലത്ത് സമൃദ്ധമായ ഈ വെള്ളച്ചാട്ടം വേനലിൽ വറ്റി വരളും. എന്നാൽ, വനമേഖല സമ്പുഷ്ടമായിരുന്ന കാലത്ത് വേനൽക്കാലത്തും ഇവിടം സമൃദ്ധമായിരുന്നു. ഒഴുവത്തടം, വാളറ തുടങ്ങിയ വനമേഖലകൾ വെട്ടിവെളുപ്പിച്ചതിനാൽ വെള്ളച്ചാട്ടത്തിനു വിനയായി മാറി. വേനലിൽ ഒഴുവത്തടം മേഖലയിൽ നിന്നൊഴുകി വരുന്ന തോട്ടിലെ നീരൊഴുക്ക് നിലക്കുമ്പോൾ വെള്ളച്ചാട്ടം വറ്റിവരളുന്നു.
മൂന്നാറിലേക്ക് പോകുന്ന എല്ലാ സഞ്ചാരികളും വാഹനങ്ങൾ നിർത്തുന്നതിനാൽ
അത്യാവശ്യം തിരക്ക് വെള്ളച്ചാട്ടത്തിൽ അനുഭവപ്പെടാറുണ്ട്. മഴക്കാലത്ത് ശക്തമായ വെള്ളച്ചാട്ടം ഉള്ളതിനാൽ അവിടെ ഇറങ്ങുന്നത് അപകടമാണ്. നേര്യമംഗലം - അടിമാലി ദേശീയപാതയിലൂടെ 20 കിലോമീറ്റർ മൂന്നാർ പാതയിൽ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാം.