പ്രിയപ്പെട്ട ധ്യാൻ, മാപ്പ് പറച്ചിലിനുമപ്പുറം മറ്റുചില കാര്യങ്ങൾ കൂടെയുണ്ട്! |Dear Dhyan , There are other things besides apologizing!

 പ്രിയപ്പെട്ട ധ്യാൻ..

കുറച്ചു ദിവസമായി ഒരു നാടിനെ അവഹേളിച്ചു എന്നും പറഞ്ഞു താങ്കൾക്കെതിരെ നടക്കുന്ന 'സൈബർ ആക്രമണം' ഞാനും കാണുന്നുണ്ട്. അതിൽ താങ്കൾ പറയുന്ന 'നാട്' അതിൽ ജനിച്ചുവളർന്ന ഒരാളാണ് ഞാനും. അതുകൊണ്ട് തന്നെ മുൻപ് പറഞ്ഞ 'സൈബർ ആക്രമണം' എന്ന വാക്ക് ഞാൻ തിരുത്തുകയാണ്.

കാരണം താഴെ പറയുന്നവയാണ്..

1. തിരുവമ്പാടിയുടെ പല മലയോര മേഖലകളിലും നിങ്ങൾ ഷൂട്ടിങ് നടത്തിയിട്ടുണ്ട്. കൊറോണയുടെ എല്ലാ നിയന്ത്രണങ്ങളും ഉണ്ടായിട്ടും അവർ നിങ്ങളോട് കാണിച്ച സഹകരണത്തെ ബഹുമാനിക്കേണ്ടിയിരുന്നു.

2. ദയവായി ഇത്തരം കോമഡികൾ ഒഴിവാക്കുക, നസീർ മരിച്ചത് അറിയാത്ത നാട്, കോവിഡ് എത്തിയിട്ടില്ല പോലുള്ള കോമഡികൾ നല്ലതല്ലാതാകുന്നത് അത് ഉൾകൊള്ളുന്ന അധിക്ഷേപ അർഥങ്ങൾ കൊണ്ടാണ്. (ഇതേ കോമെഡിയുടെ മറ്റൊരു മുഖമാണ് കോമഡി സ്റ്റാർസിലും സ്റ്റാർ മാജിക്കിലും വിമർശനങ്ങൾ നേരിട്ടത്,അവിടെ നിറവും ലിംഗവുമെങ്കിൽ ഇവിടെ നാട് )

3. നിങ്ങളുടെ സകല പോസ്റ്റുകളിലും വന്നു 'മാന്യമായ രീതിയിൽ 'പ്രതിഷേധിക്കുന്ന ഏതൊരാളും ചെയ്യുന്നത് ജനാധിപത്യപരമായ ആ പൗരന്റെ അവകാശമാണ്.തെറി വിളിക്കുന്ന ഏതൊരുവനും ചെയ്യുന്നത് തോന്യാസവുമാണ്.തെറിവിളികളെല്ലാം സൈബർ അക്രമണവുമാണ്.

4. ധ്യാനിൽ നിന്നും 'പൊളിറ്റിക്കൽ കറക്റ്റനെസ്സ്' ഞാൻ പ്രതീക്ഷിക്കുന്നില്ല.ആഗ്രഹിക്കുന്നില്ല എന്നതാകും കൂടുതൽ ശരി. കാരണം,തുറന്നു പറച്ചിലുകളെ ഞാൻ ആസ്വദിക്കുന്നുണ്ട്. ആ ധൈര്യത്തെ ആദരവോടെ കാണുന്നുമുണ്ട്. എന്നാൽ മറ്റൊരാളെയോ വസ്തുതകളെയോ സംസാരത്തിലേക്ക് കൊണ്ടുവരുമ്പോൾ 'ശ്രദ്ധ' വേണം. കാരണം വാക്കുകൾ സൃഷ്ടിക്കുന്ന മുറിവുകൾ വലുതാണ്.


img source ;malayalam samayam.com

5. ഏറ്റവുമൊടുവിലായ്.. ധ്യാനൊഴികെയുള്ള വായനക്കാരോടാണ്,ആ കോമഡി കേട്ടു നിങ്ങൾക്കും ചിരിക്കാൻ തോന്നിയിരുന്നോ?

എങ്കിൽ നേരത്തെ പറഞ്ഞ 4 കാര്യങ്ങൾ നിങ്ങളും ഒന്നുകൂടെ വായിക്കുന്നത് നന്നായിരിക്കും.

പിന്നെ ഈ നാട്, കുടിയേറ്റ മേഖലകളാണ്. മനുഷ്യർ ജീവിക്കുന്നുമുണ്ട്,ഉയർന്ന ജീവിത നിലവാരത്തിലേക്ക് എത്തുന്നുമുണ്ട്.

പണ്ട് ആ കോമഡി കേട്ട് ചിരിക്കേണ്ടി വന്നതിൽ ഗവി നിവാസികളോട് ക്ഷമ ചോദിക്കുന്നു...

Previous Post Next Post