അതേ... ഈ ക്യാമ്പസ്സിൽ ആണും പെണ്ണും ഒരുമിച്ചാണ്..| Students in Calicut University

 അതേ... ഈ ക്യാമ്പസ്സിൽ ആണും പെണ്ണും ഒരുമിച്ചാണ്..

അഴിഞ്ഞാടുകയാണ്..

അതിൽ... അതിൽ.... അതിലെന്താണ് കുഴപ്പം?
പെണ്ണായതിന്റെ പേരിൽ ഒരു വിദ്യാർത്ഥിനിക്കും ഈ ക്യാമ്പസ്സിലെ ഒരു വേദിയിൽ നിന്നും ഇറങ്ങിപോകേണ്ടി വന്നിട്ടില്ല..

രാഷ്ട്രീയ പാർട്ടികളിൽ വിലക്കോ, പച്ചയ്ക്കുള്ള കമന്റടിയോ, പീഡന-ബലാത്സംഗ -മറ്റ് ദുരനുഭവങ്ങളോ നേരിടേണ്ടിവന്നിട്ടില്ല.

ഇഷ്ടമുള്ളവർക്കൊപ്പം ഇരിക്കാനും, സംസാരിക്കാനും, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും, യാത്രകൾ ചെയ്യാനും, ചിന്തിക്കാനും, പാടാനും, ആടാനും, രാത്രികളിൽ ഇറങ്ങി നടക്കാനും ഈ ക്യാമ്പസ്സിൽ ഇപ്പോഴും ഏതൊരു പെൺകുട്ടിക്കും കഴിയും.

തളർന്നു പോകുന്നവർക്ക് തണലാകുന്ന സുഹൃത്തുക്കളുണ്ട്. സാമൂഹിക തിരിച്ചറിവുകളുള്ള അധ്യാപകരുണ്ട്.
സത്യേട്ടനെ പോലുള്ള മനുഷ്യരുണ്ട്.

ഇവിടെ രാത്രിയിൽ ഇറങ്ങി നടക്കുവാനുള്ള അവകാശം പെൺകുട്ടികൾ നേടിയെടുത്തത് പലപ്പോഴായി സമരം ചെയ്താണ്.

ആ സമരങ്ങളിൽ തട്ടം ഇട്ടവരുമുണ്ടായിരുന്നു.
അവരിൽ പലരെയും (തട്ടം ഇട്ടവരെയും ഇടാത്തവരെയും) പല സ്ഥലങ്ങളിലും വെച്ചു രാത്രിയിലും പകലും കണ്ടിട്ടുണ്ട്. അവരൊന്നും വ്യഭിചാരത്തിനു പോയതായിരുന്നില്ല.
(ഇപ്പോൾ കലൂർ തട്ടുകടയ്ക്ക് മുന്നിൽ പോലും 😂)

ഈ തുരുത്തിൽ മനുഷ്യരുണ്ട്. പ്രത്യേക മതിൽകെട്ടുകൾ ഇല്ലാതെ അവർ നിങ്ങൾക്ക് മുൻപിൽ ജീവിക്കുന്നുമുണ്ട്.

ആണിനൊപ്പം ആണ് മാത്രമല്ല, പെണ്ണിരുന്നാലും, മറ്റ് ലൈംഗിക വിഭാഗങ്ങൾ ഇരുന്നാലും നിങ്ങൾക്കുള്ള മസാല കിട്ടേണ്ട ഇടത്ത് കിട്ടും.

മെൻസ് ഹോസ്റ്റലിന് പുറകിൽ കോണ്ടത്തിന്റെ പാക്കറ്റുകൾ, സിറിഞ്ച്, - ലേഡീസ് ഹോസ്റ്റലിൽ ഗർഭനിരോധന മെഡിക്കൽ ക്യാമ്പ്.. മുതലായ പ്രചാരണങ്ങൾക്ക് ശേഷം "അഴിഞ്ഞാടൽ" നാടകം അവതരിപ്പിക്കുന്നതിനു പ്രത്യേക ലക്ഷ്യങ്ങൾ ഒന്നുമില്ല എന്നായിരിക്കും പറഞ്ഞു വരുന്നത്.

ഈ പ്രചാരണങ്ങൾ തദ്ദേശിയ വിദ്യാർത്ഥിനികളെ പ്രത്യേകിച്ചും മുസ്ലിം വിഭാഗത്തിലെ, ഉയർന്ന വിദ്യാഭ്യാസം നേടേണ്ട കുട്ടികളെ, നിലവാരമുള്ള അക്കാദമിക് സൗകര്യങ്ങളിൽ നിന്നും പിന്നോട്ടടുപ്പിക്കും.

അത് സർവകലാശാല സ്ഥാപകൻ സി എച്ച് കണ്ട സ്വപ്നങ്ങളുടെ തകർച്ചയാണ്.

മറ്റ് ദേശങ്ങളിൽ നിന്നുള്ളവർ അപ്പോഴും ആ ക്യാമ്പസ്സിലേക്ക് എത്തും.

ഒരു സമുദായത്തിന്റെ എന്നല്ല, ഒരു വിഭാഗത്തിന്റെ സാമൂഹികപരമായ തകർച്ചയിലേക്കാണ് ഇത്തരം പ്രസ്താവനകൾ (അത് ഏതു പാഴാണ് പറയുന്നത് എങ്കിലും ) നയിക്കൂ, എന്ന തിരിച്ചറിവ് വിദ്യാഭ്യാസം നേടിയിട്ടുള്ള സമുദായ വിഭാഗ അംഗങ്ങൾക്ക് എങ്കിലും തോന്നണം.

ഈ ഭൂമി മനുഷ്യരുടേതാണ്....❤
Previous Post Next Post