ആഞ്ഞടിച്ച് തെന്നിന്ത്യൻ സിനിമകൾ,ആടിയുലഞ്ഞ് ബോളിവുഡ് ബോക്സോഫീസുകൾ !

1983 ലെ ദേശീയ സിനിമാ അവാർഡുകളുടെ പുരസ്‌കാര വേദി.

ഇന്ത്യൻ സിനിമയുടെ പഴമയും പ്രൗഢിയും വിളിച്ചോതുന്ന പോസ്റ്ററുകളും അലങ്കാരങ്ങളും ഉണ്ടായിരുന്ന ആ ഹാളിൽ അന്ന് പൃഥ്വിരാജ് കപൂർ, രാജ് കപൂർ, ദിലീപ് കുമാർ, ദേവാനന്ദ്, അമിതാഭ് ബച്ചൻ, രാജേഷ് ഖന്ന, ധർമേന്ദ്ര തുടങ്ങിയ ബോളിവുഡ് അഭിനേതാക്കളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു.
തെലുങ്ക്,കന്നഡ,തമിഴ്,മലയാളം എന്നിവയടങ്ങിയ തെന്നിന്ത്യൻ സിനിമയിൽ നിന്നും അവിടെ ഉണ്ടായിരുന്നത്,ഏറ്റവും കൂടുതൽ സിനിമകളിൽ നായക വേഷം ചെയ്തു എന്നതിനാൽ പ്രേം നസീറിന്റെയും ,നൃത്തം ചെയ്യുന്ന എം ജി ആറിന്റെയും  ജയലളിതയുടെയും ചിത്രങ്ങൾ മാത്രം.


എന്നാൽ ഇന്ന് കഥ മാറി,തെന്നിന്ത്യൻ സിനിമകൾ തിയേറ്ററുകളിൽ നിറഞ്ഞോടുന്നു.കളക്ഷൻ റെക്കോർഡുകൾ മത്സരിച്ച് തകർക്കുന്നു.ബാഹുബലിയും കെ ജി എഫും പുഷ്പയും ഇപ്പോൾ വിക്രമും തീ കോരിയിടുന്നത് തിയേറ്ററുകളിലെ ആവേശങ്ങളിലേക്ക് മാത്രമല്ല,ബോളിവുഡിന്റെ അപ്രമാദിത്വത്തിനും  മുകളിലേക്ക് കൂടെയാണ്.

തട്ടുപൊളിപ്പൻ മസാല പടങ്ങളിൽ നിന്നും തെന്നിന്ത്യൻ സിനിമകളുടെ ഉയർത്തെണീക്കൽ അത്ര പെട്ടെന്ന് ആയിരുന്നില്ല.സിനിമകളെ പഠിച്ച,നിർമാണം പഠിച്ച,അതിലുപരി സിനിമകളുടെ കച്ചവട സാധ്യതകളെ വ്യക്തമായി മനസ്സിലാക്കിയ സംവിധായകരും,സാങ്കേതികപ്രവർത്തകരും,നിർമാതാക്കളും ഉണ്ടായി എന്നതാണ് വാസ്തവം.ഒരു പക്ഷെ ഉണ്ടാക്കിയെടുത്തു എന്ന് പറയുന്നതാകും കൂടുതൽ ശെരി.

കളക്ഷൻ റെക്കോർഡുകൾ തിരുത്തികുറിക്കുന്ന തെന്നിന്ത്യൻ സിനിമകൾ

തെന്നിന്ത്യൻ സിനിമകളുടെ കൊടുങ്കാറ്റിൽ ആടിയുലയുകയാണ് ബോളിവുഡ് ഇപ്പോൾ.റീമേക്കുകളും ജീവചരിത്രങ്ങളും വെച്ച് ബോക്സോഫിസിൽ മാജിക്ക് സൃഷ്ടിക്കാം എന്ന കണ്ടെത്തൽ ഒന്നും വിലപ്പോകുന്നില്ല.

കമല്‍ ഹാസൻ,ഫഹദ് ഫാസിൽ ,സൂര്യ,വിജയ് സേതുപതീ  സിനിമ  'വിക്ര'മാണ് ബോക്‌സ് ഓഫീസില്‍ ഇപ്പോൾ തരംഗമാകുന്നത്.വിക്രത്തിനൊപ്പം റിലീസ് ചെയ്ത ബോളിവുഡ്  സിനിമ 'സാമ്രാട്ട് പൃഥ്വിരാജി'നാകട്ടെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.'ബോളിവുഡിൽ' തുടർ വിജയങ്ങൾ നേടുന്ന അക്ഷയ് കുമാര്‍ നായകനായെത്തിയ പൃഥ്വിരാജ് ബോളിവുഡിനെ കരകയറ്റുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വിക്രത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ അക്ഷയ് കുമാര്‍ ചിത്രത്തിനും സാധിച്ചില്ല. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 150 കോടി രൂപയാണ് വിക്രമിന് ലഭിച്ചതെങ്കില്‍ 40 കോടി മാത്രമാണ് പൃഥ്വിരാജിന് നേടാനായത്.
ഇന്ത്യൻ സിനിമയിൽ 1000 കോടി കളക്ഷൻ നേടിയത്  ഇതുവരെ നാല് സിനിമകളാണ്.2024 കോടി നേടിയ 'ദംഗൽ'. 1810 കോടി വാരിയ 'ബാഹുബലി 2' 1100 കോടി നേടിയ 'ആർആർആർ' ,1239 കോടിയുമായി കെജിഎഫ് 2 എന്നിവയാണ് അവ.പട്ടികയിൽ ആകെ ഉള്ളത് ഒരേ ഒരു ബോളിവുഡ് സിനിമ മാത്രം.

90 കളിലെ വസന്തത്തിന്റെ ആലസ്യത്തിലാണ് ബോളിവുഡ് എന്ന് വിമർശിക്കുന്നവരെ തെറ്റ് പറയുവാനാകില്ല.രക്ഷപെടാനായി തെന്നിന്ത്യൻ ഭാഷകളിൽ നിന്നും സിനിമകൾ എടുത്ത് റീമേക്ക് ചെയ്തിട്ടും രക്ഷയില്ല.എന്നാൽ പുഷ്പയും കെ ജി എഫും ആര്‍ആര്‍ആറും ഡബ്ബിങ് മാത്രം മാറ്റി ചെയ്ത് ഹിന്ദിയിൽ നിന്നും നേടിയത് കോടികളാണ്.

പുഷ്പയുടെ ഹിന്ദി പതിപ്പ് 100 കോടിയിലേറെ വരുമാനം നേടി. രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ ഹിന്ദി പതിപ്പ് 270 കോടിയിലേറെയും കെജിഎഫ് ചാപ്റ്റര്‍ 2 412 കോടിയിലേറെയും കരസ്ഥമാക്കി.


നാനി നായകനായ 'ജേഴ്‌സി' എന്ന സിനിമ ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നെങ്കിൽ നിർമ്മാതാവിന് 10 ലക്ഷം രൂപ മാത്രമേ ചെലവ് ഉണ്ടാവുമായിരുന്നുള്ളു. എന്നാൽ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തതിലൂടെ 100 കോടിയോളം രൂപ നഷ്ടമുണ്ടായെന്ന സംവിധായകൻ റാം ഗോപാൽ വർമയുടെ പ്രസ്താവനയും ഇതിനോട് ചേർത്ത് വെക്കേണ്ടതാണ്.
'ആർആർആർ', 'പുഷ്പ', 'കെജിഎഫ്' തുടങ്ങിയ സിനിമകളുടെ വമ്പൻ വിജയത്തിന് ശേഷം നല്ല ഉള്ളടക്കമുള്ള ഒരു തെന്നിന്ത്യൻ സിനിമയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്ന് തോന്നുന്നില്ല. ഹിന്ദി പ്രേക്ഷകരും പ്രാദേശിക താരങ്ങളെയും സിനിമകളെയും ഇഷ്ടപ്പെട്ടു തുടങ്ങി എന്നുമദ്ദേഹം അന്ന് കൂട്ടിച്ചേർത്തിരുന്നു.

ബോളിവുഡ് എന്തുകൊണ്ട് പിന്തള്ളപ്പെട്ടുപോകുന്നു?

പറയുന്ന കഥകളിലെ വ്യത്യസ്തത അല്ല,കഥകൾ പറയുന്ന രീതികളെയാണ് ബോളിവുഡ് പ്രേക്ഷകരും ഇഷ്ടപ്പെട്ടു തുടങ്ങിയത്.ആക്ഷൻ രംഗങ്ങളും,വർണാഭമായ സെറ്റും,ഗാനരംഗങ്ങൾക്ക് ലഭിച്ചിരുന്ന പ്രാധാന്യവും,താരത്തിളക്കവും വെച്ച് മാത്രം ഇന്ത്യൻ പ്രേക്ഷകരെ അളക്കാൻ ശ്രമിച്ചയിടത്താണ് ബോളിവുഡിന് അടി പതറിയത്.

ഒടിടി പ്ലാറ്റുഫോമുകൾ സജീവമായതോടെ സിനിമാസ്വാദകർ കൂടുതലായും അന്യഭാഷാ സിനിമകളിലേക്ക് കൂടെ ശ്രദ്ധ കൊടുത്തിരുന്നു.ഡബ്ബിങ് സിനിമകൾ കാത്തിരുന്നതിനേക്കാൾ എളുപ്പമായിരുന്നു സബ്ടൈറ്റിൽ ഉപയോഗിച്ചുള്ള ഒടിടി യിലെ സിനിമകൾ.കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിക്കാൻ കഴിഞ്ഞിരുന്നില്ല എങ്കിലും ലോകനിലവാരമുള്ള സിനിമകളുടെ നിര്മാണത്തിലേക്ക് മോളിവുഡും തിരിഞ്ഞു.


ഗ്രേറ്റ് ഇന്ത്യൻ കിച്ചനും,ജനഗണമനയും,പട യും,മിന്നൽ മുരളിയും,അടക്കമുള്ള മലയാള സിനിമകളിലേറെയും പ്രമേയത്തിലോ,അവതരണരീതിയിലോ പാൻ ഇന്ത്യൻ നിലവാരത്തിലേക്ക് ഉയരുന്നവയായിരുന്നു.അതായത് സിനിമക്കിടയിലെ ഭാഷാപരമായ അതിർത്തികൾ മായുകയാണ്.

സിനിമയും ദേശീയതയും

ദേശീയതയുടെയും ദേശീയ ഭാഷയുടെയും പേരിൽ ഉയരുന്ന തർക്കങ്ങളിലേക്ക് സിനിമ എത്തിപ്പെടുന്നതും തെന്നിന്ത്യൻ സിനിമകൾക്ക് ലഭിക്കുന്ന അദ്ഭുതകരമായ വളർച്ച മുന്നിൽ കണ്ടു കൊണ്ടാവണം.

കെജിഎഫ് അടക്കമുള്ള ചിത്രങ്ങളുടെ പാൻ ഇന്ത്യ വിജയം കണക്കിലെടുത്താൽ ഹിന്ദിയെ എങ്ങനെ ദേശീയഭാഷ എന്ന് പറയാനാകും എന്നായിരുന്നു കിച്ച സുദീപിന്റെ ചോദ്യം.മറുപടിയുമായി അക്ഷയ്കുമാറും രംഗത്ത് വന്നതോടെ ആ വിഷയത്തിൽ അഭിപ്രയ പ്രകടനങ്ങൾ മുറുകി.

ബോളിവുഡ് അഭിനേതാവായ രൺവീർ സിങ് ' വിക്രം ' സിനിമയുടെ ട്രെയ്‌ലർ പങ്കുവെച്ചുകൊണ്ടു ചെയ്ത ട്വീറ്റിനെയും ചിലർ ആക്രമിച്ചിരുന്നു.ബോളിവുഡ് മുങ്ങിത്താഴുമ്പോൾ മറ്റ് ഇൻഡസ്ട്രികളിൽ ബന്ധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം.എന്തൊക്കെയായാലും തെന്നിന്ത്യൻ സിനിമ വ്യവസായം കുതിക്കുകയാണ്.ബോളിവുഡിലെ വിജയ കൂട്ടുകെട്ടുകളും സിനിമാ സമവാക്യങ്ങളും അതിനൊപ്പം എത്താനാവാതെ കിതയ്ക്കുകയുമാണ്.
ഭാഷയുടെ പേരിൽ രൂപം കൊണ്ടിട്ടുള്ള ഇന്ഡസ്ട്രികളാണ് ടോളിവുഡും,കോളിവുഡും,മോളിവുഡും,ബോളിവുഡും ഒക്കെ എന്നതിനാൽ ഇപ്പോൾ ഉയരുന്ന ദേശീയതയുടെ ചർച്ചകളിൽ പോലും സിനിമകളുടെ പ്രമേയങ്ങളും,സാമ്പത്തിക വിജയങ്ങളും ചർച്ചയായേക്കാം

Previous Post Next Post