ലിങ്ക്ഡ് ഇൻ
ലോകമെങ്ങുമുള്ള തൊഴിൽ അന്വേഷകരേയും തൊഴിൽദാതാക്കളേയും ഒന്നിച്ചൊരു പ്ലാറ്റ്ഫോമിലെത്തിച്ച സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റാണ് ലിങ്ക്ഡ് ഇൻ. ബ്രാൻറ് പ്രൊമോഷനും തൊഴിലവസരങ്ങളുമെല്ലാം പരസ്യപ്പെടുത്താനും ആവശ്യക്കാരെ പരസ്പരം ബന്ധിപ്പിക്കാനും സഹായിക്കുന്നുവെന്നതാണ് ഇതിൻറെ പ്രത്യേകത. സൌജന്യമായി തന്നെ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാകുന്നുവെങ്കിലും പ്രീമിയം സേവനങ്ങൾ സബ്സ്ക്രൈബ് ചെയ്തും ഉപയോഗിക്കാവുന്നതാണ്.
പേ പാൽ, സോഷ്യൽനെറ്റ്.കോം എന്നീ കമ്പനികളുടെ സ്ഥാപക ടീം അംഗങ്ങളും റെയ്ഡ് ഹോഫ്മാനും ചേർന്ന് 2002 ഡിസംബറിൽ അമേരിക്കയിൽ ആരംഭിച്ച ലിങ്ക്ഡ് ഇൻ 2003ലാണ് ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചത്. മറ്റു അപ്ലിക്കേഷനുകളിൽ നിന്ന് വ്യത്യസ്ഥമായി ബിസിനസ്- തൊഴിലധിഷ്ഠിത ഓൺലൈൻ സേവനങ്ങളാണ് ലിങ്ക്ഡ്ഇൻ നൽകുന്നത് . വെബ്‌സൈറ്റും മൊബൈൽ ആപ്പും ഉപയോഗിച്ച് പ്രൊഫഷണൽ നെറ്റ്‌വർക്കിംഗിനും കരിയർ വികസനത്തിനുമാണ് പ്രധാനമായും ലിങ്ക്ഡ് ഇൻ ഉപയോഗിക്കുന്നത്.
യഥാർത്ഥത്തിൽ ലോകത്താകമാനം പ്രൊഫഷണലുകളെ ബന്ധിപ്പിക്കുന്ന കണ്ണിയായി ലിങ്ക്ഡ്ഇൻ പ്രവർത്തിക്കുന്നു. ഓൺലൈൻ സോഷ്യൽ നെറ്റ്‌വർക്കിൽ പ്രൊഫൈലുകൾ സൃഷ്‌ടിക്കാനും പരസ്‌പരം "കണക്‌റ്റ്" ചെയ്യാനും അംഗങ്ങളെ (തൊഴിലാളികളും തൊഴിലുടമകളും) ലിങ്ക്ഡ്ഇൻ അനുവദിക്കുന്നു. അംഗങ്ങൾക്ക് ആരെയും (നിലവിലുള്ള അംഗമായാലും അല്ലെങ്കിലും) പ്രൊഫൈലുകൾ വഴി ഒരു "കണക്ഷൻ" ഉണ്ടാക്കാം. ഓഫ്‌ലൈൻ ഇവന്റുകൾ സംഘടിപ്പിക്കാനും ഗ്രൂപ്പുകളിൽ ചേരാനും ലേഖനങ്ങൾ എഴുതാനും ഒഴിവുകൾ പ്രസിദ്ധീകരിക്കാനും ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യാനും ലിങ്ക്ഡ്ഇൻ ഉപയോഗിക്കുന്നു.
ഒരു അംഗത്തിന് കണക്ഷനുകളുടെ ലിസ്റ്റ് പല തരത്തിൽ ഉപയോഗിക്കാം. ഉദാഹരണത്തിന്, ഉപയോക്താക്കൾക്ക് തങ്ങൾക്ക് താൽപ്പര്യമുള്ള ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന സെക്കൻഡ്-ഡിഗ്രി കണക്ഷനുകൾക്കായി തിരയാൻ കഴിയും. പിന്നീട് ഇന്റെർവ്യുവിനു വേണ്ടി പൊതുവായ ഒരു ഫസ്റ്റ്-ഡിഗ്രി കണക്ഷൻ ആവശ്യപ്പെടാം.
പ്രാഥമികമായി ഈ പ്ലാറ്റ്ഫോം തൊഴിലന്വേഷകരെ അവരുടെ ബയോഡാറ്റ പോസ്റ്റുചെയ്യാനും തൊഴിലുടമകൾക്ക് അവസരങ്ങൾ അറിയിക്കാനുമുള്ള സാഹചര്യം ഉണ്ടാക്കുന്നു. 2015-ലെ കണക്കനുസരിച്ച്, കമ്പനിയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും റിക്രൂട്ടർമാർക്കും സെയിൽസ് പ്രൊഫഷണലുകൾക്കും ലിങ്ക്ഡ് ഇനിൽ രജിസ്റ്റർ ചെയ്ത അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വിറ്റതിൽ നിന്നാണ്. 2016 ഡിസംബർ മുതൽ, ഇത് മൈക്രോസോഫ്റ്റിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറി.
2003ന്റെ അവസാനത്തോടെ, സെക്വോയ ക്യാപിറ്റൽ കമ്പനി എ-സീരീസ് നിക്ഷേപം ലിങ്ക്ഡ് ഇനിൽ നടത്തിയതാണ് ആദ്യ ഫണ്ടിങ്ങ്. 2006 മാർച്ചിൽ, ലിങ്ക്ഡ്ഇൻ ആദ്യ ലാഭം കൈവരിച്ചു. 2007 ഏപ്രിലിൽ ആയപ്പോഴേക്കും 10 ദശലക്ഷം ഉപയോക്താക്കളെന്ന ആദ്യ നേട്ടം കൈവരിച്ചു. 2008 ഫെബ്രുവരിയിൽ ലിങ്ക്ഡ്ഇൻ സൈറ്റിന്റെ ഒരു മൊബൈൽ പതിപ്പ് പുറത്തിറക്കി.
നിലവിൽ 2021 സെപ്തംബർ വരെയുള്ള കണക്കനുസരിച്ച് 200-ലധികം രാജ്യങ്ങളിൽ നിന്നും 774ലധികം ദശലക്ഷം അംഗങ്ങൾ ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
#ലിങ്ക്ഡ്ഇൻ #പ്രൊഫഷണൽനെറ്റ്‌വർക്കിംഗ് #ഗേറ്റഡ്-ആക്സസ് #സെക്വോയക്യാപിറ്റൽ #ഫണ്ടിങ്ങ്
#linkedin #proffessionalnetworking #gated-accessapproach #seedfunding #funding #business #profiles
Discover what LinkedIn is, how it works, and why it's essential for job searching, professional networking, and building your personal brand. Get tips for optimizing your profile. (Recommended)
