അയ്യപ്പൻകോവിൽ തൂക്കുപാലം Ayyappankovil Suspension Bridge Idukki

ayyappan kovil hanging bridge
ayyappankovil suspension bridge

വെള്ളച്ചാട്ടങ്ങളുടെയും ഡാമുകളുടെയും നാട് മാത്രമല്ല ഇടുക്കി.മനോഹരമായ തൂക്കുപാലങ്ങളുടെ കൂടെ നാടാണ്.കേരളത്തിലെ തന്നെ ഏറ്റവും വലിയ തൂക്കുപാലങ്ങൾ ഇടുക്കി ജില്ലയിലാണ് ഉള്ളത്.ഇഞ്ചത്തൊട്ടി തൂക്കുപാലം പോലെ തന്നെ ഒരു അടിപൊളി സ്ഥലമാണ് അയ്യപ്പൻകോവിൽ തൂക്കുപാലം.

കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലമാണ് അയ്യപ്പൻകോവിൽ തൂക്കുപാലം.പെരിയാർ നദിക്ക് കുറുകെ അയ്യപ്പൻകോവിൽ പഞ്ചായത്തിനെയും കാഞ്ചിയാർ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ തൂക്കുപാലം മനോഹരമായ ഒരു കാഴ്ചയാണ്.

1960 കളിൽ ഇടുക്കി ജില്ലയിലെ തന്നെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു അയ്യപ്പൻകോവിൽ. കേരളത്തിലെ ഏറ്റവും വലിയ കുടിയിറക്ക് നടന്നത് ഇവിടെയാണ്. പെരിയാറിന്റെ തീരത്ത് അയ്യപ്പൻകോവിലിൽ പുരാതന കാലം മുതൽ ഒരു ക്ഷേത്രമുണ്ടായിരുന്നു. 1963-ൽ ഇടുക്കി ജലവൈദ്യുത പദ്ധതിക്കു വേണ്ടി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയപ്പോൾ ഈ ക്ഷേത്രം ജലാശയമാകേണ്ട ഭാഗത്തായി. സ്വരാജ് -തൊപ്പിപ്പാളക്കടുത്ത് പകരമായി ഒരു ക്ഷേത്രം നിർമ്മിച്ച് സർക്കാർ നൽകുകയുണ്ടായി.

അയ്യപ്പൻകോവിൽ, വെള്ളിലാംകണ്ടം,മടുക്ക, എന്നീ പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് പകരം ഭൂമി നൽകി കുടിയൊഴിപ്പിച്ചു. 1976-ൽ ഇടുക്കി അണക്കെട്ടിന്റെ പണി പൂർത്തിയായപ്പോൾ അയ്യപ്പൻകോവിൽ ചന്തയും ചുറ്റുപാടുമുള്ള പ്രദേശങ്ങളും വെള്ളത്തിലായി. അക്കാലത്തെ ഹൈറേഞ്ചിലെ ഏറ്റവും വലിയ ചന്തയായിരുന്നു അയ്യപ്പൻകോവിൽ ചന്ത. ചന്തയിലൂടെ കട്ടപ്പനയിലേക്കുള്ള വഴി വെള്ളത്തിനടിയിലായി. ഇതിനു മുമ്പു തന്നെ തോണിത്തടി എന്ന സ്ഥലത്തു നിന്നും മേരികുളം,മാട്ടുക്കട്ട, വെള്ളിലാംകണ്ടം വഴി സ്വരാജിലേക്ക് റോഡിലേക്ക് പണി തീർത്തിരുന്നു.

ayyappan kovil hanging bridge
ayyappankovil suspension bridge

ഇടുക്കി റിസെർവോയറിന്റെ കുറുകെ പണി കഴിപ്പിച്ചിട്ടുള്ള ഈ തൂക്കുപാലത്തിന്റെ നീളം 200 മീറ്ററാണ്.ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ നിന്നും  15 കിലോമീറ്റർ മാറി 2012 -13  വർഷത്തിൽ 2 കോടി രൂപ മുടക്കി കെ ഇ ൽ (KEL ) ആണ് ഇത് നിർമിച്ചത്.

കാഞ്ചിയാർ പഞ്ചായത്തിലെ ചന്തക്കടവ് നിവാസികൾ ഇടുക്കി റിസെർവോയർ മുറിച്ചു കടന്നാണ് അയ്യപ്പന്കോവിലിലേക്കും ഇടുക്കിയിലെ മറ്റു പ്രദേശങ്ങളുമായും ബന്ധപ്പെട്ടിരുന്നത്.എന്നാൽ മൺസൂൺ ശക്തിയാർജ്ജിക്കുന്നതോടെ ചന്തക്കടവിലെ ചെറിയ പാലം വെള്ളത്തിൽ മുങ്ങും.

അതോടു കൂടെ യാത്ര പൂർണമായും ദുരിതത്തിലാകും.പിന്നീട് അപകടകരമായ രീതിയിൽ ചങ്ങാടവും മറ്റും ഉപയോഗിച്ചാണ് കുട്ടികളടക്കം,അത്യാവശ്യ ആശുപത്രി കേസുകൾ പോലും മറുകര കടന്നിരുന്നത്‌.

രണ്ടു പഞ്ചായത്തിലെ ജനങ്ങളുടെ ഈ ബുദ്ധിമുട്ട് മനസ്സിലാക്കിയ നദീതല സംരക്ഷണ വകുപ്പ് ഈ തൂക്കുപാലം നിർമിച്ചതോടെ ആദിവാസി വിഭാഗങ്ങൾ അടക്കമുള്ള ജനങ്ങൾക്ക് എത്രത്തോളം വെള്ളം ഉയർന്നാലും ആയാസം കൂടാതെ യാത്ര ചെയ്യാം.

ayyappan kovil hanging bridge
ayyappankovil suspension bridge


റിസെർവോയറിനു കുറുകെ രണ്ടു തൂണുകളിൽ പണിതുയർത്തിയ ഈ ഭീമാകാരമായ തൂക്കുപാലം കേരളത്തിന് പുതുമയുള്ള കാഴ്ചകളിൽ ഒന്ന് തന്നെ ആയിരുന്നു.വേനലിൽ ഈ പ്രദേശങ്ങൾ വറ്റിവരളും.

മഴക്കാലത്തു പൂർവാധികം ശക്തിയാർജ്ജിക്കും.ഇടുക്കിയുടെ സുന്ദരമായ മുഖം ക്യാമെറയിൽ പകർത്താൻ ചലച്ചിത്രകാരന്മാർ തിരഞ്ഞെടുക്കുന്ന ഒരു പ്രദേശം കൂടെയാണ് കട്ടപ്പനയും പരിസരങ്ങളും എല്ലാം.

കട്ടപ്പന -കുട്ടിക്കാനം റൂട്ടിൽ നിന്നും മാട്ടുകട്ടയിൽ എത്തുമ്പോൾ തിരിഞ്ഞു അയ്യപ്പൻ കോവിലിലേക്ക് എത്താം.കട്ടപ്പനയിൽ നിന്നും 14 കിലോമീറ്ററാണ്.ഇവിടേക്കുള്ള ദൂരം.മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ ഉള്ള ഈ പ്രദേശം ഇപ്പോൾ വലിയ തോതിൽ ജനങ്ങളെ ആകർഷിക്കുന്നുണ്ട്.വെള്ളം അധികം ഉയരാത്ത സമയം ആണ് എങ്കിൽ തോണിയിൽ കേറി ഒരു യാത്രയൊക്കെ ആകാം.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ക്ഷേത്രവും ഈ പ്രദേശത്തുണ്ട്.അഞ്ചുരുളി ഡാം വളരെ  അടുത്താണ്.മഴക്കാലത്താണെങ്കിൽ തൂക്കുപാലത്തിന്റെ പ്രദേശങ്ങളിൽ മുഴുവൻ വെള്ളം നിറയും ഇത് വിനോദ സഞ്ചാരികൾക്ക് മികച്ചൊരു കാഴ്ചയാണ് നൽകുന്നത്..


Previous Post Next Post