ആദരവ് മതിയായി ..ഇനി ശമ്പളം തരൂ..!

nurses nurses and midwives council nurses day nurses for home nurses definition nurses and doctors nurses vacancy staff nurse nurses image

nurses


കോവിഡ് 19 എന്ന മഹാമാരിയെ മഹായുദ്ധമായി കണ്ടു പ്രതിരോധിക്കുകയാണ് ആരോഗ്യകേരളം.തുടക്കത്തിൽ കേരളം ലോകത്തിനു തന്നെ മാതൃക ആയെങ്കിലും ചിലയിടങ്ങളിലെങ്കിലും നമുക്ക് വീഴ്ച സംഭവിച്ചെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു.എന്നാൽ സർക്കാർ സംവിധാനങ്ങളിലെ ഈ പിഴവുകൾക്കിടയിലും നിശബ്ദമായി പണി എടുക്കുന്ന ചിലരുണ്ട്.മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളിലെ നഴ്സുമാർ..

നിപ്പയെ അഭിനന്ദനീയമായ മാതൃകയിൽ നേരിട്ട കേരളത്തിന്റെ ആരോഗ്യരംഗത്തിലെ പോരാളികൾ ആയിരുന്നു അവർ.ലിനിയുടെ ജീവത്യാഗം കേരളം മുഴുവൻ ചർച്ച ചെയ്തു.ഒപ്പം തന്നെ അവരുടെ ശമ്പളവര്ധനവിന്റെ കാര്യവും.എന്നാൽ ലിനിയുടെ പേരിൽ ഒരു പുരസ്‌കാരം പ്രഖ്യാപിച്ചു കേരള സർക്കാർ പതിയെ കളത്തിൽ നിന്നും മാറി നിന്നു.

കേരളത്തിലെ സ്റ്റാഫ് നേഴ്‌സ് നിയമന  നടപടികൾ 4 തരത്തിലാണ്..

  • PSC  വഴി നിയമനം ലഭിക്കുന്ന ഒരു നേഴ്‌സ്.പ്രവർത്തന പരിചയത്തിന്റെ അടിസ്ഥാനയത്തിൽ പിനീട് ഇവർ ഗ്രേഡ് 2 ൽ നിന്നും ശമ്പള വർദ്ധനവോടെ ഗ്രേഡ് 1 ആയി മാറും.
  • DME  ( ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ) കേരളത്തിലെ ആശുപത്രികളിൽ ഒഴിവ് രേഖപ്പെടുത്തുന്ന സ്ഥിതിക്ക് മെഡിക്കൽ കോളേജുകളിൽ നിന്നും പഠിച്ചിറങ്ങിയ നേഴ്‌സ് മാരെ (കരാർ അടിസ്ഥാനത്തിൽ) നിയോഗിക്കുന്നു.ഇവരുടെ ശമ്പളം 27800 രൂപയാണ്.അതായത് നിയമപരമായി ഒരു സ്റ്റാഫ് നേഴ്സിന്‌ ലഭിക്കേണ്ട അടിസ്ഥാന ശമ്പളം.
  • NHM (നാഷണൽ ഹെൽത് മിഷൻ ) വഴി നിയമനം ലഭിക്കുന്ന നഴ്സുമാർ.കുറഞ്ഞ കാലത്തേ കരാർ അടിസ്ഥാനത്തിലാണ് നിയമനം.17500 രൂപയാണ് അവരുടെ ശമ്പളം 
  • CNS (കംപൽസറിനഴ്സിംഗ് സർവീസ്  ) ഇവർ മെഡിക്കൽ കോളേജിൽ നിന്നും നഴ്സിംഗ് പഠിച്ചിറങ്ങി ബോണ്ട് വ്യവസ്ഥയിൽ ഒരു വര്ഷം സർക്കാർ മെഡിക്കൽ കോളേജുകളിൽ ഡ്യൂട്ടി ചെയ്യേണ്ടവർ ആണ്.ഇവരാണ് രജിസ്റ്റേർഡ് ജൂനിയർ നഴ്സുമാർ.ശമ്പളം 13900 രൂപ 


കോവിഡ് 19 ന്റെ സാഹചര്യത്തിൽ കേരളത്തിലെ ഭൂരിപക്ഷ മെഡിക്കൽ കോളേജുകളും കോവിഡ് ആശുപത്രികളാണ്.100 പേരെ ഒരു ആശുപത്രി കൊറോണ വാർഡിലേക്ക് നീക്കി വെക്കുമ്പോൾ സാധാ വാർഡുകളിലെ ഒഴിവ് നികത്തുന്നത് രജിസ്റ്റേർഡ് ജൂനിയർ നഴ്സുമാരെ മുന്നിൽ കണ്ടു കൊണ്ടാണ്.

ഭൂരിപക്ഷം മെഡിക്കൽ കോളേജുകളിലും ഇതേ ജൂനിയർ നേഴ്‌സുമാരെ കോവിഡ് വാർഡിലും നിയോഗിച്ചിട്ടുണ്ട്.പി പി ഇ കിറ്റടക്കം ധരിച്ചാണ് കോവിഡ് വാർഡിലെ ഡ്യൂട്ടി എന്നതിനാൽ കൂടുതൽ സുരക്ഷിതത്വം ലഭിക്കുന്നു.വാർഡുകളിലെ രോഗികളുടെ അടുത്തേക്ക് നഴ്സിംഗ് അസിസ്റ്റന്റുമാർ ചെയ്യേണ്ട ജോലി ചെയ്യാൻ പോലും നിയോഗിക്കപ്പെടുന്നത് ജൂനിയർ  നഴ്‌സുമാരാണ്.അവരാകട്ടെ രോഗികളിൽ ആർക്കും കോവിഡ് ബാധ ഇല്ല എന്ന നിഗമനത്തിലാണ് വാർഡിലെ രോഗികളുമായി ഇടപഴകുന്നത്.എന്നാൽ കോഴിക്കോട് അടക്കമുള്ള മെഡിക്കൽ കോളേജുകളുടെ സാധാരണ വാർഡുകളിലും കോവിഡ് റിപ്പോർട്ട് ചെയ്തു തുടങ്ങിയിരിക്കുന്നു.ജൂനിയർ നഴ്‌സുമാർക്കും കോവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യം നിലവിൽ ഉണ്ട്.

കോവിഡ് സാഹചര്യത്തിൽ ജോലിഭാരം കൂടുന്നുണ്ട് എന്ന യാഥാർഥ്യത്തിലേക്ക് എല്ലാവരും മാറിക്കഴിഞ്ഞു.അതിൽ ജൂനിയർ നഴ്സുമാർക്ക് പരാതികളൊന്നുമില്ല.പക്ഷെ തുല്യ ജോലിക്ക് തുല്യ ശമ്പളം എന്ന മാനുഷിക നീതി ഇന്നും അവർക്ക് അന്യമായി തുടരുകയാണ്.

13900 രൂപ.ഒരു ദിവസത്തേക്ക് കണക്ക് കൂട്ടിയാൽ 463 രൂപ.ഇതേ മെഡിക്കൽ കോളേജുകളിലെ തന്നെ അവസാന ഗ്രേഡുകളിൽ ഉൾപ്പെടുന്ന തൊഴിലാളികൾക്ക് പോലും 1000 രൂപയിലധികം ശമ്പളമുണ്ട് എന്ന് മനസ്സിലാക്കുമ്പോഴാണ് ജീവൻ പണയം വെച്ച് പണി എടുക്കേണ്ടി വരുന്ന Bsc നഴ്സുമാരുടെ ഗതികേടിന്റെ വ്യാപ്തി മനസിലാകുന്നത്.
 
ഇതേ സമയം തന്നെ 3 വർഷത്തെ ജനറൽ നഴ്സിംഗ് കഴിഞ്ഞിറങ്ങുന്ന മറ്റൊരാൾ DME വഴി ജോലിക്ക് എത്തിയാൽ അവർക്ക് നൽകപ്പെടുന്നത് 27800 എന്ന അടിസ്ഥാന ശമ്പളമാണ്.4 വർഷത്തെ നഴ്സിംഗ് പഠനത്തിന് ശേഷം അഞ്ചാം വർഷം നിർബന്ധിത ജോലി ചെയ്യേണ്ടി വരുന്ന Bsc നഴ്സിംഗ് വിദ്യാർത്ഥികൾക്കാവട്ടെ 13900 രൂപയും. 

2016 ൽ ആണ് ജൂനിയർ നഴ്സുമാർക്ക് അവസാനമായി ഒരു സ്റ്റൈപ്പൻഡ് വർദ്ധനവ് ഉണ്ടാകുന്നത്.സ്റ്റാഫ് നഴ്സുമാർക്ക് ലഭ്യമാകുന്ന അടിസ്ഥാന ശമ്പളം ഇന്റേൺഷിപ് ചെയ്യുന്ന ജൂനിയർ നഴ്‌സുമാർക്കും നൽകണമെന്ന കോടതി ഉത്തരവിനെ തുടർന്നാണ് 6000 രൂപ 13900 രൂപയാക്കി മാറ്റിയത്.എന്നാൽ അതിലേറെ രസകരമായ വസ്തുത ആ വര്ഷം തന്നെ സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന വേതനം 27800 ആക്കി വർധിപ്പിച്ചു.ആ മാറ്റം ജൂനിയർ നഴ്സുമാരുടെ സ്റ്റൈപ്പന്റിൽ 4 വർഷമായിട്ടും പ്രതിഫലിച്ചില്ല.

100 ബെഡ്ഡുകൾ ഉള്ള ആശുപത്രികൾ 208 മണിക്കൂർ ജോലിക്കായി  20,000 രൂപയും,101 -300  ബെഡ്ഡുകൾ ഉള്ള ആശുപത്രികൾ 22,000 രൂപയും 301 -500 വരെ ബെഡ്ഡുകൾ ഉള്ള ആശുപത്രികൾ 24,000 രൂപയും ഈ കണക്കുകൾ പ്രകാരം 800 ബെഡ്ഡുകൾക്കു മുകളിലേക്ക് ഉള്ള ആശുപത്രികൾ 30,000 രൂപയും  അടിസ്ഥാന ശമ്പളമായി നഴ്സുമാർക്ക് നൽകണം എന്ന് 2017 ഉത്തരവിട്ട കേരള സർക്കാരിന്റെ 3000 ബെഡ്ഡുകൾ ഉള്ള മെഡിക്കൽ കോളേജുകളിൽ തന്നെയാണ്   13900 രൂപയ്ക്കും പണി എടുക്കേണ്ടി വരുന്ന നഴ്സുമാരെ കാണേണ്ടി വരുന്നത്.

ഈ കാലയളവിനുള്ളിൽ  ഡോക്ടർമാരുടെ പ്രമുഖ സംഘടനകൾ എല്ലാം സമരം പ്രഖ്യാപിക്കുകയും അവരുടെ വേതന വർദ്ധനവ് നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.ആശുപത്രികളിലെ മറ്റു ജീവനക്കാരുടെ സംഘടനാ ശക്തിയും വളരെ വലുത് തന്നെയാണ്.അത് കൊണ്ടാവണം കോവിഡ് കാലത്തിന്റെ സാമ്പത്തിക പരാധീനതകൾ പറയുന്ന സർക്കാർ വൻ സാമ്പത്തിക വർദ്ധനവ് നൽകികൊണ്ട് ആശുപത്രികളിലെ അവസാന ഗ്രേഡ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം എടുത്തത്.പ്രതിപക്ഷ സംഘടനകളും ഈ നടപടികളെ  അനുകൂലിച്ചു എന്ന് തന്നെ വേണം കരുതാൻ.

കേരളത്തിലെ നഴ്സിംഗ് സംഘടനകൾ ഇത് വരെയും വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ചിട്ടില്ല എന്നതും ശമ്പള വർദ്ധനവിനെ തടയുന്ന പ്രധാന വസ്തുതകളിൽ ഒന്നാണ്.

അതിലെല്ലാത്തിനും ഉപരി നിർബന്ധിത ജോലി എടുക്കേണ്ടി വരുന്ന ജൂനിയർ നഴ്സുമാരുടെ അവസ്ഥയാണ്.വിദ്യാഭ്യാസത്തിനു വേണ്ടി എടുത്ത ലോൺ തിരിച്ചടവ്,ലോക്ക്ടൗൺ മൂലം ബുദ്ധിമുട്ടുന്ന കുടുംബത്തിന്റെ ബഡ്‌ജറ്റ്‌,തുടങ്ങി ഒത്തിരിയേറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അവർക്കുമുണ്ട്..പ്രതിസന്ധി കാലത്തെ വേവലാതി പറച്ചിൽ എന്നതിനപ്പുറം കാലങ്ങളായി കൈമാറി വരുന്ന സാമ്പത്തിക അരരക്ഷിതാവസ്ഥ കുറച്ചു കൊണ്ട് വരുക എന്നുള്ളത് സർക്കാർ തിരിച്ചറിയേണ്ടുന്ന പ്രധാന വസ്തുതയാണ് 

എത്രയോ വര്ഷങ്ങളായി സ്റ്റൈപ്പൻഡ് വർദ്ധനവ് എന്ന ആവശ്യവുമായി ആരോഗ്യമന്ത്രിയെയും ധനമന്ത്രിയെയും നഴ്സിംഗ് പ്രതിനിധികൾ കണ്ടിരുന്നു.എന്നാൽ വേണ്ടുവോളം ബഹുമാനം മാത്രമാണ് വര്ധിപ്പിക്കപ്പെട്ടത്.

നിപ്പ ഫലപ്രദമായി പ്രതിരോധിക്കപ്പെട്ടപ്പോൾ ആദരവും ബഹുമാനവും സമൂഹത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഉയർന്നു.ഇപ്പോൾ കൊറോണകാലത്തും ഇതേ ആദരവും ബഹുമാനവും.എന്നാൽ വിദ്യാഭ്യാസ ലോണും സാമ്പത്തിക ബാധ്യതകളും ഈ ആദരവിന്റെയും ബഹുമാനത്തിന്റെയും കണക്കിൽ ഉൾപ്പെടുത്താൻ കഴിയാത്തിടത്തോളം കാലം സ്റ്റൈപ്പൻഡ് വർധനവും അനിവാര്യത തന്നെയാണ്.

വാഴ്ത്തിപ്പാടിയതു കേട്ടിട്ട് വയറു നിറയട്ടെ എന്ന് വിചാരിച്ചു മാറ്റി നിർത്തുമ്പോൾ ചെയ്യുന്ന ജോലിയുടെ,പൊടിയുന്ന വിയർപ്പിന്റെ പ്രതിഫലം നൽകാതിരിക്കുക എന്നത് തീർത്തും നീതി നിഷേധയും അവഗണനയും ആണ്.
ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതയും മാനവികതയും കരുതലുമാണ് മാലാഖമാർ എന്ന വിളിപ്പേരിന് പിന്നിൽ.എന്നാൽ ഇന്ന് തുച്ഛമായ ശമ്പളത്തിൽ അവരുടെ രാവും പകലും വിലക്കെടുക്കുന്നതിനുള്ള ലേബൽ മാത്രമായി അത് മാറുകയാണുണ്ടാകുന്നത്.
മാലാഖ എന്ന വിളിപ്പേരല്ല..അർഹമായ ശമ്പളമാണ് വേണ്ടതെന്നു കോവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ കൈ കോർത്ത് പിടിക്കുമ്പോഴും അവർ ഓർമിപ്പിക്കുന്നു..
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.