photo;AFP |
ഇടുക്കി ജില്ലയിലെ രാജമലയിൽ ഉരുൾ പൊട്ടി നിരവധി ജീവനുകൾ മണ്ണിനുള്ളിലാവുന്ന ഈ ദിനങ്ങളിലാണ് തോട്ടം തൊഴിലാളികൾ വീണ്ടും ചർച്ച ആകുന്നത്. അപകടം കഴിഞ്ഞു 9 മണിക്കൂറുകൾക്ക് ശേഷമാണ് വിവരം പുറംലോകം അറിഞ്ഞത്. എത്രയോ വർഷങ്ങളായി കരണ്ട് പോകുമ്പോൾ സേവനം നിർത്തുന്ന ബി എസ് എൻ എൽ ടവർ രാജമലയിൽ ദുരന്തത്തിന് ശേഷം കളക്ടറുടെ നിർദ്ദേശ പ്രകാരം പ്രവർത്തനം ആരംഭിച്ചു. ഒരു കുഴപ്പവുമില്ലാതെ.
യഥാർത്ഥത്തിൽ നമ്മുടെ തൊഴിലാളി സംഘടനകൾ പോലും സൗകര്യപൂർവം വിട്ടുകളഞ്ഞ കേരള -തമിഴ്നാട് അതിർത്തികളിലെ തോട്ടം തൊഴിലാളികളുടെ ജീവിതം പെമ്പിളൈ ഒരുമയുടെ സമരത്തോടെയാണ് സർക്കാർ പോലും ശ്രദ്ധിക്കുന്നത്.ബ്രിട്ടീഷുകാരുടെ വരവിനോളം പഴക്കമുള്ള തോട്ടം തൊഴിലാളികളുടെ ചരിത്രത്തിന്റെ, അടിമത്വത്തിന്റെയും അഭയാർത്ഥിത്വത്തിന്റെയും നിലനില്പിന്റെയും വസ്തുതകൾ നാം ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
പ്രധാനമായും 2 അഭയാർത്ഥി പ്രവാഹമാണ് തോട്ടം തൊഴിലാളികളെ കേരളത്തിലേക്ക് എത്തിച്ചത്.
- 1.ബ്രിട്ടീഷുകാരുടെ വരവോട് കൂടെ.
- 2.ഇന്ത്യയുടെ ഉദാരവത്കരണ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾക്ക് ശേഷം.
ബ്രിട്ടീഷ് ആധിപത്യത്തിന് മുൻപ്, വയനാട്ടിലെ കുറിച്യരും മൂന്നാറിലെ മുതുവാന്മാരുമാണ് ബ്രിട്ടീഷുകാർക്ക് കാടുകൾ കാണിച്ചു കൊടുത്ത് അവരുടെ കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി നൽകിയത്. എന്നാൽ വാണിജ്യ തന്ത്രങ്ങളും സൈനിക ശേഷിയും ഉപയോഗിച്ചു ബ്രിട്ടീഷുകാർ അവരുടെ ഭൂമി കൂടെ പിടിച്ചെടുക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. തോട്ടങ്ങളുടെ വിസ്‌തൃതി വര്ധിപ്പിക്കുകയായിരുന്നു ലക്ഷ്യം.
1920 ൽ പ്രത്യേക വന സംരക്ഷണ നിയമം പാസ്സാക്കിയ ബ്രിട്ടീഷുകാർ വനം കൊള്ളയും വേട്ടയാടലും ആദിവാസി സമൂഹങ്ങൾക്ക് മേൽ ആരോപിച്ചു അവരെ പതിയെ കുടിയിറക്കി.വയനാട്ടിലെയും മൂന്നാറിലെയും തോട്ടം തൊഴിലാളികളുടെ ജീവിതങ്ങൾ ആരംഭിക്കുന്നതിനു മുൻപേ ഇത്തരമൊരു കുടിയിറക്കൽ പ്രക്രിയ നടന്നത് വസ്തുതയാണെന്നു പറയപ്പെടുന്നു.
PHOTO; DESHABHIMANI |
വ്യാപാരർത്ഥമായിട്ടാണ് ബ്രിട്ടീഷുകാർ ഇന്ത്യയിലേക്ക് കടന്ന് വരുന്നത്. പിന്നീട് ഇന്ത്യയുടെ ഭൂപ്രദേശങ്ങളിലായി അവരുടെ ശ്രദ്ധ. വയനാട് അടക്കമുള്ള മല നിരകളിൽ സ്വർണം തേടി ഇറങ്ങിയ ബ്രിട്ടീഷുകാർ ആ മലനിരകളിലെ മണ്ണ് സ്വർണം വിളയിക്കുന്നതാണെന്നു കണ്ടെത്തിയതോടെയാണ് ആദ്യ കുടിയേറ്റം ആരംഭിക്കുന്നത്.
വയനാടും ഇടുക്കിയും അടക്കമുള്ള ജില്ലകളുടെ കാടുകൾ വെട്ടിത്തെളിച്ചു കാപ്പിയും തേയിലയും അവർ കൃഷിയിറക്കി. ഈ തോട്ടങ്ങളിൽ പണി എടുക്കുന്നതിനായി തമിഴർ, കന്നഡ സംസാരിക്കുന്നവർ,കൊങ്ങിണി സംസാരിക്കുന്നവർ തുടങ്ങി സാധ്യമായ ഇടങ്ങളിൽ നിന്നെല്ലാം അവർ തൊഴിലാളികളെ എത്തിച്ചു.
അടിമത്വം സജീവമായി നിലനിന്നിരുന്ന ഇംഗ്ലണ്ടിലെ രീതിയിൽ അവർ തൊഴിലാളികളെ വിന്യസിച്ചു. തൊഴിലാളികൾ ആയിരുന്നില്ല. അടിമകൾ ആയിരുന്നു അവർ. കേരളത്തിലെ തോട്ടം തൊഴിലാളികൾക്കിടയിലെ അടിമ ജീവിതത്തിന്റെ ചരിത്രപരമായ തുടക്കം ഇവിടെ നിന്നാണ്.
1829 ൽ യൂറോപ്പിലെ പ്ലാന്റേഷൻ അതികായരായിരുന്ന PARI & COMPANY ആണ് ആദ്യത്തെ തേയില തോട്ടം വയനാട്ടിൽ ആരംഭിക്കുന്നത്. പിന്നീട് HARISSON MALAYALAM Ltd വയനാട്ടിലെ പ്രധാന തേയിലതോട്ടങ്ങളുടെ ഉടമസ്ഥരായി.പിന്നീട് ഈ രംഗത്തേക്ക് PODAR COMPANY യും AVT COMPANY യും രംഗപ്രവേശനം ചെയ്തു.
1887 ൽ പൂഞ്ഞാർ രാജാവിൽ നിന്നും മൂന്നാറിലെ കണ്ണൻ ദേവൻ മല നിരകൾ പാട്ടത്തിനെടുക്കുന്ന ഉടമ്പടി ഫസ്റ്റ് പൂനിയത് കൺസെക്ഷൻ (Astroy of Munnar)എന്ന പേരിൽ അറിയപ്പെടുന്നു.
തേയില കൃഷിക്ക് ലഭിച്ച സ്വീകാര്യത തോട്ടങ്ങളുടെ വലുപ്പം കൂട്ടുന്നതിലേക്ക് നയിച്ചു. വർഷം തോറും പണിയെടുക്കേണ്ടി വരുന്ന തേയില തോട്ടങ്ങളിലേക്ക് തിരുവിതാംകൂർ നാട്ടുരാജ്യത്തിൽ നിന്നും തൊഴിലാളികളെ എത്തിക്കാൻ ശ്രമിച്ചു. എന്നാൽ തൊഴിലിടങ്ങളിൽ തന്നെ താമസം എന്ന( ലയം ) രീതിയോട് അവർക്ക് യോജിക്കാനായില്ല. അങ്ങനെ ഭൂരിഭാഗം തൊഴിലാളികളും മടങ്ങി. തൊഴിലാളികളുടെ ക്ഷാമം തോട്ടങ്ങളെ ബാധിക്കും എന്ന അവസ്ഥയിൽ ട്രാവൻകൂർ ക്രിമിനൽ ആക്ട് പ്രകാരം പ്രത്യേക കരാർ സൃഷ്ടിച്ചു ദളിതരായ തൊഴിലാളികളെ മദ്രാസ് ന്റെ ഭാഗമായ പ്രദേശങ്ങളിൽ നിന്നും കൊണ്ടുവന്നു.
photo;Mathrubhoomi |
ഈ തോട്ടങ്ങളിലേക്ക് തൊഴിലാളികളെ എത്തിക്കാനും തൊഴിൽ മേല്നോട്ടത്തിനും കങ്കാണിമാർ എന്ന് അറിയപ്പെടുന്ന ഗുണ്ടാസംഘം പ്രവർത്തിച്ചു. മംഗലാപുരം, തേനി, മധുര എന്നിവിടങ്ങളിൽ നിന്നുമാണ് കൂടുതൽ ആൾക്കാർ തോട്ടങ്ങളിലേക്ക് എത്തിച്ചേർന്നത്.
കണ്ണ് മൂടുന്ന കോടമഞ്ഞു, അതിശൈത്യം, മഞ്ഞു മായുമ്പോൾ തൊട്ടുമുന്പിൽ പ്രത്യക്ഷപ്പെടുന്ന ആനകളും, കടുവയും പുലിയും.. എന്നാൽ ഈ വെല്ലുവിളികളേക്കാളേറെ അവർക്ക് കൂടുതൽ ബുദ്ധിമുട്ടായത് എല്ലാ തൊഴിലാളി നിയമങ്ങളും കാറ്റിൽപ്പറത്തി, അടിമകളായി തൊഴിലാളികളെ കണ്ട, ഉപയോഗിച്ച എസ്റ്റേറ്റ് മുതലാളിമാരും കങ്കാണിമാരുമാണ്.
താമസിക്കാൻ പൊട്ടിപ്പൊളിഞ്ഞ ലയങ്ങൾ, കുടിവെള്ളമില്ല, ശൗചാലയമില്ല. കൂലി സമ്പ്രദായം പോലും ഇല്ലായിരുന്നു. പകരം കമ്പനി വക ചീട്ടുനൽകും. ഈ ചീട്ടുകാണിച്ചു വളരെ കുറച്ചു സാധനങ്ങൾ കമ്പനി സ്റ്റോറുകളിൽ നിന്നും വാങ്ങാം. കമ്പനി കൂലി പണമായി നൽകാത്തതിന് പിന്നിൽ വലിയൊരു കാരണമുണ്ടായിരുന്നു. പല ദേശങ്ങളിൽ നിന്നും ഇവിടെ വന്നു അടിമ ജീവിതം നയിക്കുന്ന തൊഴിലാളികൾക്ക് പണിക്ക് കൂലി പണമായി കൊടുത്താൽ അവർ അതുകൊണ്ട് നാടുവിട്ടു പോകും എന്ന് കമ്പനിക്ക് ഉറപ്പായിരുന്നു . ഇതിനൊക്കെ പുറമെ കങ്കാണിപ്പടയുടെ കൊടിയ മർദ്ദനം.(Deshabhimani)
തൊഴിലാളികൾ പതിയെ നിർബന്ധിത തൊഴിലടിമകളായി മാറുകയായിരുന്നു.
ട്രാവൻകൂർ ക്രിമിനൽ ആക്ട് എന്ന നിയമത്തെ പേടിച്ചു അവർ അവരുടെ ജീവിതം ആ ലയങ്ങളിൽ ആരംഭിച്ചു.
photo ;manorama |
1990 കളിലെ LIBERALIZATION, PRIVATIZATION, GLOBALIZATION നടപടികൾ തൊഴിലാളികളുടെ സ്ഥിരം ജോലി അടക്കമുള്ള ആനുകൂല്യങ്ങൾ എടുത്തു കളഞ്ഞു കരാർ അധിഷ്ഠിത, ദിവസക്കൂലി പ്രകാരമുള്ള ജോലികളായി മാറുകയുണ്ടായി. സ്ഥിരം തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിട്ടു.
ടാറ്റ അടക്കമുള്ള കോർപ്പറേറ്റുകളുടെ കീഴിലെ ജോലിക്കാർ മാത്രമായി തോട്ടം തൊഴിലാളികൾ മാറി. ആധുനിക ഇന്ത്യയിൽ മുതലാളിത്വം ഏറ്റവും ഫലപ്രദമായി വിനിയോഗിക്കപ്പെട്ടതു ഈ തൊഴിലാളികൾക്കിടയിലാണെന്നു മനസ്സിലാകും.
- തോട്ടങ്ങൾ വിലക്കപ്പെടുമ്പോൾ അവരെയും കൂട്ടി വിലയിടുന്ന അവസ്ഥ.
- ചെയ്ത ജോലിയുടെ കൂലിക്ക് ആഴ്ചകളോളം സമരം ചെയ്യേണ്ട സമൂഹം.
- 58 വയസ് ആയാൽ ലയങ്ങളിൽ നിന്നും പുറത്താക്കപ്പെടുന്ന സാഹചര്യം. ദശകങ്ങളോളം കൊളുന്ത് നുള്ളിയും അനുബന്ധ തൊഴിലുകൾ ചെയ്യുകയും ചെയ്തു ജീവിച്ച അവർക്കിപ്പോൾ പോകാൻ ഒരിടമില്ല. കിടക്കാൻ ഒരു വീടും.
- പിരിഞ്ഞു പോകുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങൾക്ക് വണ്ടി ചെക്ക് കൊടുത്ത് വിടുന്ന മുതലാളിമാർ, ആ തൊഴിലാളികൾ ഇതേ തോട്ടങ്ങളിൽ ചപ്പും വിറകും പെറുക്കി വിറ്റ് ഇപ്പോഴും ജീവിക്കുന്നു.
മൂന്നാറിലെ തോട്ടം തൊഴിലാളികൾ പെമ്പിളൈ ഒരുമൈ എന്ന സംഘം രൂപീകരിച്ചു നടത്തിയ സമരമാണ് തോട്ടം മേഖലയിലെ തുച്ഛമായ കൂലി എന്ന യാഥാർഥ്യത്തിലേക്ക് ജനങ്ങളെ എത്തിച്ചത്. 300 രൂപ ദിവസ കൂലി എന്ന തുച്ഛമായ ശമ്പളമാണ് സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ നിശ്ചയിച്ചത് എന്നോർക്കണം.
അടിമത്വത്തിന്റെയും അനാഥത്വത്തിന്റെയും അഭയാർത്ഥി മുഖങ്ങൾ തോട്ടം തൊഴിലാളികൾക്കിടയിൽ കാണാൻ ആകും.
ഒരു വിഭാഗം തൊഴിലാളികളുടെ കൂലി പ്രശ്നം എന്നതിൽ മാത്രമായി നടപടികളെ ചുരുക്കാതെ,പതിറ്റാണ്ടുകളായി സമൂഹത്തിലുള്ള അടിമത്വത്തിന്റെയും അഭയാർത്ഥിത്വത്തിന്റെയും തലത്തിൽ നിന്ന് കൊണ്ടുവേണം പുതിയ ക്രിയാത്മക പദ്ധതികൾ സർക്കാർ വിഭാവനം ചെയ്യേണ്ടത്.