ഹോണ്ടയുടെ എൻഫീൽഡ് കില്ലർ, ഹൈനസ്സ് Honda CB 350 H'ness

honda cb 350 highness

കുറെ നാളത്തെ ഒളിച്ചുകളിക്ക് ശേഷം ഹോണ്ടയുടെ പുതിയ CB350 ഹൈനെസ്സ് ഇന്ത്യയിൽ അവതരിപ്പിച്ചു. കമ്പനിയുടെ പഴയകാല CB റോഡ്സ്റ്റർ മോഡലിനെ ഓർമിപ്പിക്കുന്ന ഹൈനസ്സിലൂടെ മിഡ്സൈസ് ടൂ വീലർ വിഭാഗം അടക്കിവാഴുന്ന റോയൽ എൻഫീൽഡിനെ തന്നെയാണ് ഹോണ്ട ലക്ഷ്യം വെക്കുന്നത്. 

രണ്ട് വേരിയന്റുകളിൽ എത്തുന്ന CB350യുടെ വില ഏകദേശം 1.90 ലക്ഷം രൂപയായിരിക്കുമെന്ന് ലൗഞ്ചിങ് വേളയിൽ കമ്പനി സൂചിപ്പിക്കുകയുണ്ടായി. അടുത്ത മാസം പകുതിയോടുകൂടെ ഹോണ്ടയുടെ പ്രീമിയം ബിഗ് വിങ് ഡീലറുകളിലൂടെ ഹൈനസ്സ് ലഭ്യമാവും. 
ഒരു ക്രൂയ്സർ ബൈക്കിന് ലഭിക്കാവുന്ന പരമാവധി ഫീച്ചറുകൾ ഹോണ്ട ഈ വാഹനത്തിന് നൽകിയിട്ടുണ്ട്. LED ഹെഡ്ലൈറ്റുകൾ, സ്മാർട്ട് വോയ്സ് കൺട്രോൾ സിസ്റ്റം, ബ്ലൂടൂത്ത് കണക്ടിവിറ്റി മുതലായ സംവിധാനങ്ങൾ DLX, DLX പ്രോ വേരിയന്റുകളിൽ കാണാം.

 എല്ലാ പ്രതലങ്ങളും കയ്യടക്കാനുള്ള ബോഡിയാണ് ഹൈനസിന് എന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. റൈഡർക്ക് സൗകര്യപ്രദമായ ക്രൂയ്സർ സ്റ്റൈൽ ഫ്ലാറ്റ് ഹാൻഡിൽ ബാർ ആണ് നൽകിയിട്ടുള്ളത്. ഫുട്പെഗുകൾ മധ്യഭാഗത്തായി നൽകിയിട്ടുള്ളതിലൂടെ യാത്രക്കാരന് നിവർന്നുതന്നെയിരിക്കാം. ഹാഫ് ഡ്യൂപ്ലെക്‌സ് ക്രേഡിൽ ഫ്രയിമുള്ള ബൈക്കിന് ടെലിസ്കോപിക് ഫോർക്ക് സസ്‌പെൻഷനാണ്. ഇരുവശത്തുമുള്ള ഡിസ്ക് ബ്രെക്കുകൾ ഡ്യുവൽ ചാനൽ ABSനാൽ സുരക്ഷിതം.

സെമി ഡിജിറ്റൽ മീറ്റർ കൺസോൾ ആണ് CB350ക്ക്. ക്ലസ്റ്ററിലെ ചെറിയ ഡിജിറ്റൽ ഇൻസെറ്റിൽ ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, ഫ്യുവൽ ഗേജ്, ക്ലോക്ക്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവ കാണാം. DLX പ്രോ മോഡലിൽ ആണെങ്കിൽ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ നാവിഗേഷൻ, കാൾ/മ്യൂസിക് കൺട്രോൾ മുതലായവയുമുണ്ട്. പുതിയ 348cc സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിൻ ആണ് CB350 ഹൈനസ്സിന്റെ ഹൃദയം. 3000rpm ൽ നൽകുന്ന 30Nm ടോർക്ക് വാഹനത്തെ ഈ സെഗ്മെന്റിലെ ഏറ്റവും കരുത്തനാക്കുന്നു. കൂടെ 21ps പവറും. ഹോണ്ടയുടെ തനത് സെക്ടബിൾ ടോർക്ക് കൺട്രോൾ എന്ന ട്രാക്ഷൻ കൺട്രോൾ സംവിധാനവും CB350ക്കുണ്ട്. കൂടുതൽ വിവരങ്ങൾ ഹോണ്ട പുറത്തുവിടുന്നതേയുള്ളൂ.

ആറുനിറങ്ങളിൽ ഇറങ്ങുന്ന ഹൈനസ്സ് എൻഫീൽഡിന്റെ ക്ലാസ്സിക് 350, ഇറങ്ങാനിരിക്കുന്ന മീറ്റിയോർ 350, ജാവ ഫോർട്ടി ടു മുതലായ മോഡലുകൾക്ക് തികഞ്ഞ ഒരു എതിരാളി തന്നെയാണ്. വലിയ പ്രതീക്ഷയിൽ ഹോണ്ട അവതരിപ്പിക്കുന്ന CB350 ഹൈനസ് റോയൽ എൻഫീൽഡ് മോഡലുകളെ കൂടുതൽ വിറപ്പിക്കുമോയെന്ന് കാത്തിരുന്നു കാണാം.

Copyright © Team Keesa. All Rights Reserved
Previous Post Next Post