വേനൽക്കാലങ്ങളിൽ ആണ് നമ്മൾ തണുപ്പ് തേടുന്നത്.അങ്ങനെ നമ്മൾ പശ്ചിമഘട്ടത്തിലെ കുന്നുകൾക്ക് മുകളിലേക്കും അരുവികളിലെ വെള്ളച്ചാട്ടങ്ങളിലേക്കും എത്തും.ശാന്തതയും തണുപ്പും പ്രകൃതിയുടെ ഭംഗിയും സന്ദർശകർക്കായി ഇവിടെ ഒരുങ്ങിയിട്ടുണ്ടാകും.അങ്ങനെയുള്ള യാത്രയ്ക്കായി,കുടുംബത്തിനൊപ്പമുള്ള യാത്രയ്ക്കായി കേരളത്തിൽ ഉള്ള ഹിൽ സ്റ്റേഷൻ ആണ് പാഞ്ചാലിമേട്.ആകാശം മുട്ടെ ഉയരമുള്ള മലനിരകൾ,തഴുകി കടന്നു പോകുന്ന കോടമഞ്ഞും തണുപ്പും.സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പാഞ്ചാലിമേട്.
ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനു അടുത്തുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പാഞ്ചാലിമേട്. സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിലാണ് പാഞ്ചാലിമേടിന്റെ സ്ഥാനം. പൊന്നമ്പലമേട്ടിൽ തെളിക്കുന്ന മകരവിളക്ക് പാഞ്ചാലിമേട്ടിൽ നിന്നും വ്യക്തമായി കാണാം. ഇത് കാണുന്നതിനായി ആയിരക്കണക്കിനാളുകൾ ഇവിടെ വന്നു ചേരുന്നു. പാഞ്ചാലിമേട്ടിൽ പാണ്ഡവർ അവരുടെ വനവാസകാലത്തു താമസിച്ചിരുന്നു എന്നാണ് കരുതുന്നത്.ഭുവനേശ്വരി എന്ന ദേവതയുടെ പേരിൽ പഴക്കം കണക്കാക്കുവാൻ കഴിയാത്ത ഒരു ക്ഷേത്രവും ഇവിടെ ഉണ്ട്.ആയിരകണക്കിന് സഞ്ചാരികളാണ് ഈ ക്ഷേത്രത്തിലേക്ക് എത്തുന്നത്.
മേഘങ്ങൾ മുട്ടുന്ന മലനിരകളും വെയിലിൽ നിന്നും യാത്രികരെ തണുപ്പിക്കുന്ന കോടമഞ്ഞും മാത്രമല്ല,സുന്ദരമായ പ്രകൃതി ദൃശ്യങ്ങളും സഞ്ചാരികളുടെ ആകർഷണ കേന്ദ്രമാണ്.ഇടുക്കിയിലെ മറ്റ് ഹിൽ സ്റ്റേഷനുകൾ അപേക്ഷിച്ചു മലമുകളിലേക്കുള്ള നടത്തവും ഇവിടെ എളുപ്പമാണ്.മുകളിലെ മൊട്ടക്കുന്നുവരെയും റോഡ് ഉണ്ട്, ബാക്കി അരക്കിലോമീറ്റർ ഒറ്റയടിപ്പാതയാണ്. ഇവിടെ ഉള്ള രണ്ടു കുന്നുകളിൽ ഒന്ന് ഒരു കുരുശുമലയും മറ്റേതിൽ ശ്രീഭുവനേശ്വരിയുടെ ക്ഷേത്രവും തകർന്ന ശിവലിംഗവും ഉണ്ട്. ഇവിടെ നിന്നുള്ള സൂര്യോദയ ദർശനം വളരെ നല്ല കാഴ്ചയാണ്.
യാത്രകൾ എന്നും പുതിയ അറിവുകളിലേക്കാണ് നമ്മളെ നയിക്കുക.എന്നാൽ ആരും അധികം ചെല്ലാത്ത,മലമുകളിൽ കയറിപറ്റി ഒന്ന് കൂക്കു വിളിക്കുക്ക എന്നുള്ളത് ആവേശകരമായ ഒന്നാണ്.ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും സുന്ദരമായ പ്രദേശമാണിത്. കുന്നു കയറിച്ചെല്ലുമ്പോള്‍ ശ്വാസമെടുത്ത് ചുറ്റുമൊന്നു നോക്കുക. കയറിയതിന്റെ ക്ഷീണം തീര്‍ക്കാന്‍ ആ കാഴ്ച മതിയാകും.
പാഞ്ചാലിമേടിനോട് ചേർന്ന് തന്നെയാണ് പരുന്തുംപാറയും👇 പീരു കുന്നുകളും വളഞ്ഞങ്ങാനം വെള്ളച്ചാട്ടവും👇 ഒക്കെ ഉള്ളത്.അതുകൊണ്ടു തന്നെ ഒരു ദിവസത്തേക്കുള്ള യാത്രയ്ക്ക് ഉള്ളതെല്ലാം ഈ റൂട്ടിൽ ഉണ്ട്.കോട്ടയം - കുമളി പാതയിലെ മുറിഞ്ഞപുഴയിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ ദൂരെയായാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്നും വരുമ്പോൾ, മുണ്ടക്കയം-തെക്കേമല വഴിയും ഇവിടെ എത്തിച്ചേരാം. മുണ്ടക്കയത്തു നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ അകലെയാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്.
പാഞ്ചാലിമേട് ഐതിഹ്യം
ആയിരകണക്കിന് വർഷങ്ങൾക്ക് മുൻപേ ഇവിടെ ആദിവാസി ജനവിഭാഗങ്ങൾ ജീവിച്ചിരുന്നു എന്ന് വിശ്വസിച്ചു പോരുന്നു.വനവാസകാലത്തു പാണ്ഡവർ പാഞ്ചാലിക്കൊപ്പം ഇവിടെ എത്തുകയും കുറച്ചു കാലം ജീവിക്കുകയും ചെയ്തു എന്ന് കരുതപ്പെടുന്നു.പാഞ്ചാലി കുളം എന്ന പേരിൽ ഒരു കുളവും പാണ്ഡവ ഗുഹ എന്ന പേരിൽ ഒരു ഗുഹയും ആ വിശ്വസം ദൃഢപ്പെടുത്താൻ എന്ന വണ്ണം ഇവിടെ ഉണ്ട്.പാഞ്ചാലിമേട് കുന്നുകൾക്ക് മുകളിലുള്ള ഭുവനേശ്വരി ക്ഷേത്രം,ആദിവാസി ജനങ്ങളുടെ ആതിഥ്യമര്യാദയിൽ ആശ്ചര്യം കൊണ്ട പാണ്ഡവർ അവർക്കായി സമ്മാനിച്ചതാണ്.ഒരു ടൂറിസം സ്ഥലം എന്ന നിലയിൽ മാത്രമല്ല ചരിത്രമുള്ള,വിശ്വസങ്ങൾ ഉള്ള സ്ഥലം എന്ന നിലയിലും പാഞ്ചാലി മേട് മാറാൻ ഉണ്ടായ കാരണം ഇതാണ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇടിമിന്നൽ ഉള്ളപ്പോൾ ഇവിടേക്ക് വരുന്നത് അപകടം ക്ഷണിച്ചു വരുത്തും. പെട്ടെന്ന് ഇടിമിന്നൽ ഏൽക്കുവാൻ സാധ്യതയുള്ള മേഖലകളിൽ ഒന്നാണ് പാഞ്ചാലിമേട്. ഫാമിലിയായും ദമ്പതികളായും വന്നു കുറച്ചു സമയം ചെലവഴിക്കാൻ പറ്റിയ ഒരു സ്ഥലം അന്വേഷിക്കുകയാണെങ്കിൽ നിങ്ങളുടെ ലിസ്റ്റിൽ പാഞ്ചാലിമേടും കൂടി ഉൾപ്പെടുത്തുക.
കോട്ടയം – കുമളി റൂട്ടിലൂടെ ഇനി എന്നെങ്കിലും നിങ്ങൾ പോകുകയാണെങ്കിൽ കുറച്ചു സമയം പാഞ്ചാലിമേട് സന്ദർശിക്കുവാനായി മാറ്റിവെക്കുക. ഒരിക്കലും നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല എന്നുറപ്പാണ്.