അമിതമായി മധുരപലഹാരങ്ങൾ കഴിക്കുന്ന തന്റെ മകനെ ഉപദേശിച്ച് ആ ശീലം മാറ്റിയെടുക്കാൻ ആവശ്യപ്പെട്ട് ഒരു സ്ത്രീ സ്വാമി ശ്രീരാമകൃഷ്ണപരമഹംസരുടെ അടുത്ത് മകനുമായി എത്തി.
കാര്യം ശ്രവിച്ച സ്വാമി ഒരാഴ്ച കഴിഞ്ഞ് വരാൻ പറഞ്ഞു തിരിച്ചയച്ചു.
അമ്മയും മകനും ഒരാഴ്ചകഴിഞ്ഞ് വീണ്ടുമെത്തുകയും സ്വാമി ആ മകനെ അടുത്ത് വിളിച്ച് അമിതമായി മധുരപലഹാരങ്ങൾ കഴിക്കരുതെന്നും അത് പലവിധ രോഗങ്ങൾക്കും കാരണമാവുമെന്നും ഉപദേശിക്കുകയും ആ ശീലം വെടിയുമെന്ന് ആ കുട്ടിയിൽനിന്ന് ഉറപ്പുവാങ്ങുകയും ചെയ്തു.
ഇറങ്ങാൻ നേരം ആ അമ്മ അടുത്ത് വന്നു സ്വാമിയോട് ചോദിച്ചു "എന്തുകൊണ്ടാണ് അന്ന് വന്നപ്പോൾ അങ്ങ് ഇത് മകനോട് പറയാതെ ഒരാഴ്ച കഴിഞ്ഞ് വരാൻ പറഞ്ഞത് ?"
സ്വാമി പറഞ്ഞു:
"കാരണം എനിക്ക് മധുരപലഹാരങ്ങൾ കഴിക്കുന്ന ശീലം നിർത്താൻ ഒരാഴ്ച വേണമായിരുന്നു...!!"
-താൻ അനുവർത്തിക്കാത്ത കാര്യങ്ങൾ മറ്റുള്ളവർക്ക് ഉപദേശിക്കാൻ നാം അർഹരല്ല എന്ന സ്വാമിയുടെ ഈ വാക്കുകൾ ബോധ്യപ്പെടുത്തുന്നു.
ഈ കഥ ഇപ്പോൾ ഇവിടെ പറഞ്ഞതിന്റെ കാരണമെന്തെന്നാൽ ഞാൻ ഒരുപാട് സ്നേഹിക്കുകയും ആരാധിക്കുകയും ജീവിതത്തിൽ അനുകരിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന ഗുരു ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിതത്തിലെ മുകളിൽ പറഞ്ഞ സംഭവകഥ എന്നെ ചെറുതല്ലാത്ത രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.ഈ കഥ വായിച്ചറിഞ്ഞതിനു ശേഷം ഞാൻ ചെയ്തിട്ടില്ലാത്ത എന്റെ ശീലങ്ങളിൽ ഇല്ലാത്ത ഒരു ആദർശവും പ്രവൃത്തികളും മറ്റുള്ളവർക്ക് ഉപദേശിക്കാതാരിക്കാനും അവരോട് അത്തരം കാര്യങ്ങൾ ചെയ്തു നോക്കു ... എന്ന് നിർദേശിക്കാതിരിയ്ക്കാനും ഞാൻ കണിശമായി ശ്രമിക്കാറുണ്ട്.അതുകൊണ്ട് തന്നെയാണ് ഒരുമാസം മുൻപ് വായിച്ചു കഴിഞ്ഞിട്ടും നിങ്ങളുടെ മനസ്സിലെ അസന്തുഷ്ടിയും ശരീരത്തിലെ അനാരോഗ്യവും മാറ്റിയെടുത്ത് ദീർഘായുസ്സോടെ ജീവിക്കാനായി ഈ പുസ്തകം നിർദ്ദേശിക്കുന്ന ,നിങ്ങൾക്ക് ഉപദേശിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ ജീവിതത്തിൽ ചെയ്തുതുടങ്ങി അത് നൽകുന്ന അനുഭവങ്ങൾ ആസ്വദിച്ചുകൊണ്ടു മാത്രമേ ഈ പുസ്തകത്തെക്കുറിച്ചൊരു നിരൂപണം എഴുതൂ എന്ന് തീരുമാനിച്ചതും അത് ഇത്ര വൈകിയതും ഇപ്പോൾ ഏറ്റവും സത്യസന്ധമായി സംഭവിക്കാൻ പോകുന്നതും ...😊
ജപ്പാനിലെ ശരാശരി ആയുർദൈർഘ്യം നമ്മുടെ രാജ്യത്തെ ആയുർദൈർഘ്യത്തേക്കാൾ 20% കൂടുതലാണ് !
അതിൽ തന്നെ ഒകിനാവ ദ്വീപസമൂഹത്തിലെ ജനവിഭാഗത്തിന്റെ കുറഞ്ഞ ആയുസ് 94 ആണ്!
ഒരുലക്ഷംപേരുടെ കണക്കെടുത്താൽ അതിൽ മുപ്പതോള പേർ 100 വയസ്സിന് മുകളിലുള്ളവരാണ്!!
ഹെക്തർ ഗാർസിയ, ഫ്രാൻസെസ്ക് മിറാല്യെസ് എന്നീ രണ്ടു സുഹൃത്തുക്കൾ അവിടെ വർഷങ്ങളോളം താമസിച്ച് അതിന്റെ കാരണങ്ങൾ കണ്ടെത്തി ആ കാരണങ്ങൾ ശാസ്ത്രവുമായി ബദ്ധിപ്പിക്കുകകൂടി ചെയ്ത് നിങ്ങൾക്ക് പറഞ്ഞു തരുന്ന ഒരു ഗംഭീര പുസ്തമാണ് ഇക്കിഗായ് .
നിങ്ങളെ കണ്ടെത്താൻ സഹായിക്കുക എന്നതാണ് ഈ കൃതിയുടെ ലക്ഷ്യം,ഒപ്പം, ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും ആരോഗ്യം നിലനിർത്തുന്നതിനുള്ള ജപ്പാനീസ് ദർശനത്തിന്റെ ഉൾക്കാഴ്ച പങ്കുവെക്കുക എന്നതും.
അതിനാൽ ജീവന്റെ വിലയുള്ള പുസ്തകമെന്നോ,നിങ്ങളുടെ ആയുസ് നിർണയിക്കുന്ന പുസ്തകമെന്നോ ഇതിനെ വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
'ഇക്കിഗായ്' എന്നാൽ ജീവിക്കാനുള്ള കാരണം,നിലനിൽക്കാനുള്ള കാരണം എന്നൊക്കെയാണ് അർത്ഥം.നിങ്ങളുടെ ഇക്കിഗായിയെ കണ്ടെത്തുകയും അവയ്ക്ക് വേണ്ടി പരിശ്രമിക്കുകയും ചെയ്യാൻ ആഗ്രഹിച്ചാൽ ജീവിതത്തോടൊപ്പം നിങ്ങളുടെ ശരീരവും വിസ്മയകരമായ പലതും നിങ്ങൾക്ക് നൽകിക്കൊണ്ടിരിയ്ക്കും എന്ന് ആദ്യമായ് ഈ പുസ്തകം നമ്മോട് പറയുന്നു.
വ്യക്തമായ ലക്ഷ്യമുള്ള ഇക്കിഗായ് ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് സംതൃപ്തിയും ആഹ്ളാദവും ജീവിതത്തിന് അർത്ഥവും നൽകും .
ജപ്പാൻകാരിൽ ഭൂരിപക്ഷം ആളുകളും ഒരിക്കലും വിരമിക്കുന്നില്ല എന്നതാണ് സത്യം.ആരോഗ്യം അനുവദിക്കുന്നതുവരെ അവർ തങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തുകൊണ്ടിരിക്കുന്നു.യഥാർത്ഥത്തിൽ 'Retired' എന്നതിന് സമാനമായ വാക്ക് പോലും ജപ്പാൻ ഭാഷയിൽ ഇല്ല!
കൂടാതെ ഇവരിൽ ഏറെ പേർക്കും മറ്റുള്ളവരെ സഹായിക്കുക എന്നത് ഒരു ഇക്കിഗായ് ആണ്,
അതാണ് അവരെ ഉഷാറാക്കി നിലനിർത്തുന്നത്.
ജപ്പാനിൽ സാധാരണ പറയുന്ന ഒരു കാര്യമുണ്ട്
"ഹര ഹാച്ചിബു " ഭക്ഷണം കഴിക്കുന്നതിന് മുമ്പും പിമ്പും അവർ ആവർത്തിക്കുന്ന വാക്കാണിത്. ' നിങ്ങളുടെ വയർ 80 ശതമാനം മാത്രം നിറയ്ക്കുക ' എന്നാണ് അതിന്റെ അർത്ഥം.
ഒക്കിനാവക്കാർ അവരുടെ വയർ 80 ശതമാനം നിറഞ്ഞുകഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് നിർത്തുന്നു.ഇതുവഴി അമിത ഭക്ഷണം അവർക്ക് ഒഴിവാക്കാൻ കഴിയുന്നു,മാത്രമല്ല,കോശങ്ങളുടെ ഓക്സീകരണത്തിന്റെ വേഗംകൂട്ടുന്ന ദീർഘമായ ദഹനപ്രക്രിയയിലൂടെ ശരീരം തളർന്നുപോകുന്നത് ഒഴിവാക്കാനും കഴിയുന്നു.
നിങ്ങളുടെ വയർ 80 ശതമാനമാണ് നിറഞ്ഞത് എന്ന് അറിയാൻ തീർച്ചയായും വഴികളില്ല.
വയർ നിറഞ്ഞു എന്ന് തോന്നിത്തുടങ്ങുമ്പോൾ ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുകയേ ചെയ്യാനാകൂ.അതായത് അൽപ്പം വിശപ്പ് ബാക്കിയായി കഴിക്കുന്നത് അവസാനിപ്പിക്കുക.!
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ എന്ന ചൊല്ല് പ്രസക്തമാണ്.മനസ്സും ശരീരവും ഒരുപോലെ പ്രധാനമാണ് എന്നതാണ് ഇതിനർഥം.
ഒന്നിന്റെ ആരോഗ്യം മറ്റൊന്നിന്റേതിനെ ആശ്രയിച്ചിരിക്കുന്നു. ഊർജ സ്വലമായ, ചുറ്റുപാടുകളുമായി ഇണങ്ങിച്ചേരുന്ന ഒരു മനസ്സ് യൗവനം നിലനിർത്തുന്നതിൽ പ്രധാനഘടകമാണ് എന്ന് ഓർക്കുക.
യൗവനയുക്തമായ മനസ്സ് നമ്മളെ ആരോഗ്യകരമായ ജീവിത ശൈലിയിലേക്ക് നയിക്കുന്നു,അത് പ്രായമാകലിനെ സാവധാനത്തിലാക്കുന്നു.
ശാരീരിക വ്യായാമമില്ലായ്മ നമ്മളുടെ ശരീരത്തെയും മനോഭാവത്തെയും പ്രതികൂലമായി ബാധിക്കുന്നതുപോലെ , മാനസികമായ വ്യായാമമില്ലായ്മ നമുക്ക് ദോഷം ചെയ്യും. കാരണം അത് നമ്മുടെ ന്യൂറോണുകളെയും ന്യൂറോൺ കണക്ഷനുകളെയും നശിപ്പിക്കും- തൽഫലമായി, ചുറ്റുപാടുകളോട് പ്രതികരിക്കാനുള്ള നമ്മുടെ ശേഷി ഇല്ലാതാക്കും.
അതുകൊണ്ട് പ്രത്യേകം ഓർക്കേണ്ട പ്രധാന കാര്യം ഇതാണ് - നിങ്ങളുടെ തലച്ചോറിനെ സദാ പ്രവർത്തനനിരതമാക്കി സൂക്ഷിക്കുക.
പുതിയ പാഠങ്ങൾ പഠിക്കാൻ ,ടീച്ചറുടെ വാക്കുകൾ കൃത്യമായി കേൾക്കാൻ ആർത്തിയോടെ ക്ലാസിൽ മുൻ ബെഞ്ചലിരിക്കുന്ന 'പഠിപ്പിസ്റ്റ് ' പയ്യനെ പോലെ പുതിയ കാര്യങ്ങൾ അറിയാനായി-പഠിക്കാനായി നിങ്ങളുടെ തലച്ചോർ എപ്പോഴും ദാഹിക്കുന്നുണ്ട്.
അത് തലച്ചോറിന് നൽകാത്ത നിങ്ങളാണ് കുറ്റക്കാർ .
ഇടയ്ക്കെങ്കിലും വലതു കൈകൊണ്ട് പല്ലു തേയ്ക്കുന്നത് ഇടതു കൈകൊണ്ട് ചെയ്തു നോക്കു,
വലതുകൈകൊണ്ട് ഇടുന്ന ഷർട്ടിന്റെ ബട്ടൺ ഇടതു കൈകൊണ്ടിടാൻ ശ്രമിക്കു.ജോലി തിരക്കുകൾ കഴിഞ്ഞ് തളർന്ന ശരീരവും, കനമുള്ള തലയുമായി എത്തുന്ന നിങ്ങൾ നേരിട്ടോ ഓൺലൈൻ വഴിയോ സംഗീതമോ സംഗീതോപകരണങ്ങളോ പഠിക്കാൻ ശ്രമിച്ചു നോക്കു, ചെടികളെ പരിപാലിച്ചു അൽപ്പ സമയം ചിലവഴിച്ചു നോക്കു .
അതിശയിപ്പിക്കുന്ന മാറ്റങ്ങളും ആഹ്ളാദവും നിറയുന്ന ദിനങ്ങൾ നിങ്ങളിലേക്കെത്തുന്നത് അനുഭവിച്ചറിയാം.
നിരവധിപേർ അകാലത്തിൽ വൃദ്ധരായവരാണ്.
ഇതേക്കുറിച്ച് ഗവേഷണങ്ങൾ കാണിക്കുന്നത്, മാനസിക പിരിമുറുക്കം അകാല വാർധക്യത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് എന്നതാണ്, കാരണം പ്രതിസന്ധിഘട്ടങ്ങളിൽ ശരീരം കൂടുതൽ വേഗത്തിൽ ക്ഷീണിക്കും.മാനസിക പിരിമുറുക്കമാണ് ഏറെ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നതെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു.
കോശത്തിന്റെ വാർധക്യത്തെ മാനസിക പിരിമുറുക്കം ദ്രുതഗതിയിലാക്കുന്നു.
ഇത് നമ്മുടെ കോശങ്ങളുടെ നാശത്തിനും അതിവേഗമുള്ള വാർധക്യത്തിനും ഇടയാക്കുന്നു.
പഠനങ്ങൾ വെളിപ്പെടുത്തുന്നതുപോലെ മാനസിക പിരിമുറുക്കം എത്ര കൂടുന്നുവോ, അത്രയും വേഗം കോശങ്ങൾ വാർധക്യത്തിലേക്ക് സഞ്ചരിയ്ക്കുമെന്ന സത്യം ഇനിയെങ്കിലും നിങ്ങൾ ഓർക്കുക.
എന്തിനും ഏതിനും ആശങ്കപ്പെടുന്ന സ്വഭാവത്തോടൊപ്പം ശാരീരികരോഗങ്ങൾക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനും മാനസിക പിരിമുറുക്കം കാരണമാവുന്നു.
അത് നിങ്ങളുടെ ദഹനപ്രക്രിയയെ മുതൽ തൊലിയെ വരെ ബാധിക്കുന്നു.
ഞാൻ ഒന്ന് ചോദിച്ചോട്ടെ ... നിങ്ങൾ എങ്ങോട്ടാണ് ഇങ്ങിനെ ഓടുന്നത് ?എന്തിനാണിത്ര തിരക്കും വെപ്രാളവും?
ബന്ധുക്കളുടെ മക്കളുടെ കല്യാണം വലിയ ആർഭാടങ്ങളോടെ ആഘോഷിക്കുന്നതു കാണുമ്പോൾ അതിലും ആഘോഷമാക്കണം തന്റെ മക്കളുടെ കല്യാണം എന്ന് ചിന്തിക്കുന്നത് ,കാണുമ്പോൾ ആളുകൾ അന്തം വിടണം എന്ന് ചിന്തിക്കുന്നതും ,ഇരുന്നൂറും മുന്നൂറും പവൻ മകൾക്ക് സ്ത്രീധനമായി നൽകാനായി ചക്രശ്വാസം വലിച്ച് ഓടുന്നതെന്തിനാണ്?
പ്രിയ്യപ്പെട്ടവരുടെ വേർപാടിനു ശേഷം എല്ലാ സന്തോഷങ്ങളും പിന്നിലുപേക്ഷിച്ച് സന്ന്യസിക്കാൻ പോവുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്?
നിങ്ങളെ വേണ്ടേന്നു പറഞ്ഞ് ഒഴിവാക്കിയ കാമുകിയെ / കാമുകനെ ഓർത്ത് ഇപ്പോഴും കരഞ്ഞ്കൊണ്ടിരിക്കുന്നത് എന്തിനാണ് ?
അവരോട് നിങ്ങളെ ഉപേക്ഷിക്കരുതെന്ന് പറഞ്ഞ് ഇപ്പോഴും കാല് പിടിച്ച് യാചിച്ചുകൊണ്ടിരിയ്ക്കുന്നത് എന്തിനാണ് ?
അയൽവാസി ഒരു കാറ് മേടിച്ചാൽ നെടു വീർപ്പിടുന്നത് എന്തിനാണ് ?
അപ്പുറത്തെ വീട് രണ്ടു നിലയാണെങ്കിൽ തന്റെ വീട് മൂന്ന് നിലയാക്കാനുള്ള ചിന്തയിൽ ഉറക്കം കളയുന്നതെന്തിനാണ് ?
ജനിക്കാനിരിക്കുന്ന കുഞ്ഞിനെ എഞ്ചിനീയറാക്കണോ ഡോക്ടറാക്കണോ എന്ന് നിങ്ങൾ തല പുകയ്ക്കുന്നതെന്തിനാണ് ?
മക്കളുടെ മാർക്ക് അൽപ്പം കുറഞാൽ അവർക്ക് മുമ്പിൽ കലി തുള്ളി ശാപവാക്കുകൾ ആക്രോഷിച്ച് തിറ പോലെ ഉറഞ്ഞാടുന്നതെന്തിനാണ് ? ലോകത്തിന്റെ വേഗതകണ്ട്, മാറ്റം കണ്ട് തളർന്നു പോവുന്നതും അതിനൊപ്പം എത്താൻ സാധിക്കാതാവുമ്പോൾ ആത്മഹത്യ ചെയ്യണോ എന്നു പോലും ചിന്തിച്ചുപോവുന്നതെന്തിനാണ് ??
അങ്ങിനെയുള്ള സാഹചര്യങ്ങളിൽ എനിക്കേറെ പ്രിയ്യപ്പെട്ട,കൃഷ്ണഭഗവാന്റെ വചസ്സുകളിലൂടെ പുറത്തുവന്ന ഗീതാ സന്ദേശമൊന്ന് ഓർക്കുക ....
" സംഭവിച്ചതെല്ലാം നല്ലതിന് .
സംഭവിക്കുന്നതെല്ലാം നല്ലതിന് .
ഇനി സംഭവിക്കുന്നതും നല്ലതിന് .
നഷ്ടപ്പെട്ടതോർത്ത് എന്തിന് ദു:ഖിക്കുന്നു.
നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണൊ?
നശിച്ചതെന്തെങ്കിലും നീ സൃഷ്ടിച്ചതാണൊ?
നീ നേടിയതെല്ലാം നിനക്ക് ഇവിടെ നിന്ന് ലഭിച്ചതാണ്.
നിനക്കുള്ളതെല്ലാം ഇവിടെ നിന്ന് നേടിയതാണ്.
ഇന്ന് നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടെയോ ആയിരുന്നു.
നാളെ അത് മറ്റാരുടേതോ ആകും ....
മാറ്റം പ്രകൃതി നിയമമാണ് ....
so just chill...(അത് ഞാൻ ചേർത്തതാണ് 😁🤭)
മുകളിലെ ഉപദേശം തന്നെയാണ് ഇക്കിഗായിയും പരമപ്രധാനമായി നിങ്ങളോട് പങ്കുവെക്കുന്ന രഹസ്യം.
ചെയ്യുന്ന പ്രവൃത്തികളിൽ നിങ്ങൾ സന്തോഷവന്മാരാണോ എന്നു മാത്രം ചിന്തിക്കുക,നിങ്ങളുടെ ചെറിയ വീട്ടിലും,സെക്കൻഹാന്റ് വാഹനത്തിലും നിങ്ങൾ സംതൃപ്തനാണോ എന്നതുമാത്രം പരിഗണിയ്ക്കുക.
ഇന്ന് ഒരു ഉപകാരമെങ്കിലും ഒരാൾക്ക് ചെയ്തുകൊടുക്കാൻ , ഒരാളുടെയെങ്കിലും സന്തോഷത്തിന് കാരണക്കാരനാവാൻ തനിക്ക് കഴിഞ്ഞോ എന്ന് ഉറങ്ങാൻ പോവും മുൻപ് നിത്യവും ചിന്തിക്കുക.
അതാണ് പ്രധാനം...
മറ്റുള്ളവർക്ക് നിങ്ങൾ നൽകുന്ന സന്തോഷം നിങ്ങളിലേക്കുതന്നെയാണ് എത്തുന്നതെന്ന സത്യം നിങ്ങൾ ഓർക്കുക.ആ ദർശനശുദ്ധി ജീവിതത്തിൽ പാലിക്കുക...
മനസ്സിന് ശരീരത്തിനു മേൽ,അതിന്റെ പ്രായത്തിനുമേൽ അസാമാന്യ നിയന്ത്രണമുണ്ട്.ശരീരത്തിന്റെ യൗവനം കാത്തുസൂക്ഷിക്കാനുള്ള ഏറ്റവും പ്രധാന മാർഗം മനസ്സിനെ ഊർജസ്വലമാക്കിവെയ്ക്കുക എന്നതാണ്.ഇക്കിഗായിയുടെ മറ്റൊരു പ്രധാന ഘടകം - നമ്മുടെ ജീവിതത്തിലുടനീളം പ്രതിസന്ധികൾ നേരിടേണ്ടിവന്നാലും അതിന് കീഴടങ്ങാതിരിക്കുക എന്നതാണ്.
ഒരു യൂണിവേഴ്സിറ്റി നടത്തിയ സർവേയിൽ കണ്ടെത്തിയത് ദീർഘകാലം ജീവിച്ചിരിക്കുന്നവർക്ക് പൊതുവായി രണ്ട് സ്വഭാവ സവിശേഷതകളുണ്ടായിരിക്കും എന്നാണ് : പൊസിറ്റീവ് മനോഭാവം, ഉയർന്ന അളവിലുള്ള വൈകാരിക അവബോധം.മറ്റൊരുവിധത്തിൽ പറഞ്ഞാൽ,വെല്ലുവിളികൾ പൊസിറ്റീവ് മനോഭാവത്തോടെ അഭിമുഖീകരിക്കുന്നവർക്കും വൈകാരികതയെ പക്വമായി കൈകാര്യം ചെയ്യാൻ കഴിയുന്നവർക്കും നല്ല ആയുസ്സുണ്ടായിരിക്കും !
ഇനിയുമേറെ - കുറേയേറെ പറയാൻ ഉണ്ട് .
സത്യത്തിൽ ഞാൻ ഈ പുസ്തകത്തിലെ ചില ആരംഭവസ്ഥുതകൾ മാത്രമാണ് പറഞ്ഞതെന്നാണ് സത്യം.
നിങ്ങൾക്കറിയാത്തതും അറിയാമെന്നാലും നിത്യകർമ്മങ്ങളിൽ പ്രാവർത്തികമാക്കാത്ത കാര്യങ്ങളും അവ നൽകുന്ന അവിശ്വസനീയമായ മാറ്റങ്ങളും ഈ പുസ്തകം നിങ്ങൾക്ക് പറഞ്ഞുതരും ...
ഒട്ടും ആരോഗ്യകരമല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ നിങ്ങൾ പിന്തുടരുന്ന,നിങ്ങളെ പിന്തുടരുന്ന ദു:ശീലങ്ങളെ നിർത്താൻ ശക്തമായി താക്കീത് ചെയ്യും ...അത്തരത്തിൽ ഒരു മാറ്റം ജീവിതത്തിൽ വരുത്തിയാൽ നിങ്ങൾക്ക് പല സമ്മാനങ്ങളും വാഗ്ദാനം ചെയ്യും !
ഇപ്പോൾ ഈ കുറിപ്പ് പോലും വായിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ കൈയ്യിലെ മൊബൈൽ ഫോണിന് അമിതമായി അടിമപ്പെട്ട വ്യക്തിയാണ് നിങ്ങളെങ്കിൽ അതിൽ നിന്ന് പുറത്ത് കടക്കാനും അത് ഭാവിയിൽ നിങ്ങളിൽ സൃഷ്ടിക്കുന്ന വിഘാതങ്ങളെക്കുറിച്ചും ഈ പുസ്തകം നിങ്ങൾക്ക് അറിവേകും.
അതെല്ലാം നിങ്ങൾ വായനയിലൂടെ മാത്രം തിരിച്ചറിയേണ്ടതും അനുഭവിക്കേണ്ടതുമാണ്.
നിങ്ങളോരോരുത്തരേയും നേരിട്ട്കണ്ട് സംവദിക്കാൻ ഈ പുസ്തകവും രചയിതാക്കളും ആഗ്രഹിക്കുന്ന കാര്യങ്ങളാണ്.
നൂറ് വയസിന് മുകളിൽ പ്രായമുള്ള ഒകിനാവ സ്വദേശികളായ മിസാവോ ഒകാവ (117)യുടേയും, മരിയകാപോവില്ല (116)യുടേയും, ജീൻ കാൽ മെന്റി (122) ന്റേയും, വാൾട്ടർ ബ്രൂണിംഗി(114) ന്റേയും,അലക്സാണ്ടർ ഇമിച്ചി(111)ന്റേയും ജീവിതാനുഭവങ്ങൾ നിങ്ങൾ നേരിട്ട് ശ്രവിക്കേണ്ടതാണ്.
എനിക്ക് നവ്യമായതും ,അത്രമേൽ പ്രാധാന്യം അർഹിക്കുന്നതുമായ ഈ പുസ്തകത്തിലെ കാര്യങ്ങൾ ഇനിയും ഇവിടെ പങ്കുവെക്കാനൊരുമ്പെട്ടാൽ ഈ പുസ്തകത്തിലെ മുഴുവൻ താളുകളും ഇവിടെ പകർത്തേണ്ടി വരും !
അതിനാൽ വിരാമമിടുകയാണ്......
തീർച്ചയായും വായിക്കാൻ ശ്രമിക്കുക.
നേരത്തെ പറഞ്ഞ വാക്കുകൾ ആവർത്തിക്കുന്നു നിങ്ങളുടെ ആയുസ് നിർണയിക്കുന്ന -നിങ്ങളുടെ ജീവന്റെ വിലയുള്ളതായ് മാറാൻ പൂർണ അർഹതയുള്ള ഒരു വ്യത്യസ്ഥ ഗ്രന്ഥമാണിത്...
ഇത് സ്വന്തമാക്കുന്നതിനും വായിക്കുന്നതിനും മുൻപ് എന്റെ ഈ അനുഭവം കൂടി കേൾക്കൂ ...അതിൽ നിന്നുള്ള ഉപദേശം മനസാവരിക്കൂ ...
'ലോക്ക് ഡൗൺ നിരോധനാജ്ഞകാരണം 2 മണിക്ക് അടയ്ക്കാൻ തയ്യാറെടുക്കുന്ന വിച്ചുകാക്കയുടെ കടയിലേക്ക് രസത്തിലിടാനുള്ള മല്ലിചെപ്പ് വേടിക്കാൻ ഓടിപ്പാഞ്ഞ് എത്തിയതായിരുന്നു ഞാൻ അന്ന് .
അവിടെ ഉണ്ടായിരുന്ന ബാബു ഏട്ടനും രവിയേട്ടനും വിച്ചു കാക്കയും മാസങ്ങൾക്കുമുമ്പ് മരിച്ചുപോയ സജി (അയഥാർത്ഥ നാമങ്ങൾ) ഏട്ടനെക്കുറിച്ചാണ് സംസാരിച്ചിരുന്നത്.
ആ സംസാരത്തിൽ പങ്കുചേർന്ന് ഒരു നാട്ടുമര്യാദയ്ക്കെന്നോണം 'എന്തായാലും കഷ്ടമായി പോയി' എന്നൊരു വാക്ക് ഞാൻ പറഞ്ഞതും ബാബു ഏട്ടൻ ഒരാട്ട് ആട്ടിയിട്ട് പറഞ്ഞു
" എന്ത്ത്ത് കഷ്ടായി പോയീന്നാടൊ! ഓൻ ഇല്യാതായതോണ്ട് രാത്രി ഓന്റെ രണ്ട് പെൺകുട്ട്യേൾക്കും ഭാര്യയ്ക്കും സുഖായിട്ട് കെടന്നൊറങ്ങാൻ പറ്റണ്ട് " - ആ പറഞ്ഞത് പരമസത്യവുമായിരുന്നു.
നന്നായി മദ്യപിക്കുന്ന,നിത്യവും രാത്രി മദ്യപിച്ച് വന്ന് മക്കളേയും ഭാര്യയേയും മർദിക്കുന്ന,വീടു പണിക്ക് ഭാര്യ ഓഫീസുകളും ബാങ്കുകളും കയറിയിറങ്ങി ശരിയാക്കിയെടുത്ത കാശ് വരെ കൊണ്ടുപോയി കുടിച്ച്തീർത്ത ,നാട്ടുകാരോടൊക്കെ കലഹിച്ചു നടന്ന ഒരാളായിരുന്നു സജിയേട്ടൻ .
അവിടെ വച്ച് ഞാൻ മനസ്സിലാക്കി - സജിയേട്ടന്റെ മരണം ആരിലും വലിയ നഷ്ടങ്ങളോ വേദനയോ ഉണ്ടാക്കിയിട്ടില്ല.സജിയേട്ടന്റെ ദീർഘയാസ്സ് ആരുംതന്നെ ചിലപ്പോൾ കുടുംബംപോലും ആഗ്രഹിച്ചിട്ടില്ല.അങ്ങിനെ ദീർഘായുസ്സോടെ ജീവിച്ചിരുന്നെങ്കിൽതന്നെ സജി ഏട്ടന് കൂടുതൽ ആരുടേയും ഇഷ്ടം സ്വന്തമാക്കാനോ ലോകത്തിനായി എന്തെങ്കിലും നന്മ ചെയ്യാനോ കഴിയുമായിരുന്നില്ല.
ഇത് എന്തിനാണ് പറഞ്ഞതെന്നാൽ ആർക്കും ഒരു ഉപകാരമില്ലാത്ത,ഒരുപാട്പേരെ വേദനിപ്പിച്ചുകൊണ്ടുള്ള ദീർഘായുസ്സുകൊണ്ട് ഒരു ഫലമില്ലെന്നും അങ്ങിനെ ജീവിക്കുന്നതിനേക്കാൾ ഭേദം വേഗം ഭഗവദ് പാദങ്ങളിൽനിദ്രപ്രാപിക്കുന്നതാണ് എന്ന വലിയ സത്യം നിങ്ങളെ ബോധ്യപ്പെടുത്താനുമാണ്.
ആ സത്യംകൂടി മനസ്സിലാക്കികൊണ്ട് ആഹ്ളാദകരമായ ദീർഘായുസ്സിനുള്ള വഴികൾ പറഞ്ഞു തരുന്ന ഈ പുസ്തകം വായിക്കാൻ ശ്രമിക്കുക.
സുദീർഘവും ആഹ്ലാദകരവും ലക്ഷ്യബോധമുള്ളതുമായ ഒരു ജീവിതം ആശംസിക്കുന്നു...
നന്ദി
സ്നേഹം 😊🌼
Charles Ravan Babyy♥️