നേര്യമംഗലം പാലം | Neriamangalam

''ഹൈറേഞ്ചിന്റെ കവാടം'' എന്ന് അറിയപ്പെടുന്ന മനോഹരമായ നേര്യമംഗലം പാലം എറണാകുളം ജില്ലയിലെ നേര്യമംഗലം എന്ന സ്ഥലത് ആണ് സ്ഥിതിചെയ്യുന്നത്. എറണാകുളം ജില്ലയേ ഇടുക്കി ജില്ലയുമായി ബന്ധിപ്പിക്കുന്ന ഈ പാലം ദേശീയപാത 49-ഇന്റെ ഭാഗമാണ്.


പെരിയാർ നദിക്ക് കുറുകെ സ്ഥാപിച്ചിട്ടുള്ള ഈ പാലം കേരളത്തിലെ രണ്ട് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മുന്നാർ, കൊച്ചി എന്നിവയെ ബന്ധിപ്പിക്കുന്നു. എറണാകുളത്തിന്റെ താഴ്ന്ന പ്രദേശങ്ങളുടെയും ഇടുക്കിയിലെ ഉയർന്ന പ്രദേശങ്ങളുടെയും മനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന മനോഹരമായ ചരിത്ര സ്ഥലമാണിത്.
തെക്കേ ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ബ്രിഡ്ജും മുന്നാറിലേക്കുള്ള കവാടവുമാണ് നേര്യമംഗലം പാലം.
തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്താണ് 1935 ൽ പാലം പണിതത്. തിരുവിതാംകൂർ ഭരണാധികാരിയായ സേതു ലക്ഷ്മി ഭായിയുടെ ഭരണകാലത്താണ് 1924 ൽ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 1935 മാർച്ചിൽ ശ്രീ ചിത്തിര തിരുന്നാൾ  രാമവർമ്മ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

ഹൈറേഞ്ചിൽ നിന്നു തേയിലയും സുഗന്ധ വിളകളും മരങ്ങളും കൊച്ചിയിലേക്ക് കൊണ്ടുപോകാനായി ബ്രിട്ടിഷുകാർ നിർമിച്ചതാണ് ഈ പാലം. ഇതിനു മുന്നോടിയായി മൂന്നാർ റോഡ് 1931 മാർച്ചിൽ തിരുവിതാംകൂർ മഹാറാണി സേതുലക്ഷ്മി ഭായ് ഉദ്ഘാടനം ചെയ്തു. 1872 ൽ ബ്രിട്ടിഷുകാർ മൂന്നാറിൽ തേയിലത്തോട്ടങ്ങൾ ആരംഭിച്ചു. കൊളുന്ത് ഫാക്ടറികളിലെത്തിക്കാനും മറ്റുമായി റെയിൽപാതയുണ്ടാക്കി. തേയില റോപ്‌വേ വഴിയും റോഡ് മാർഗവുമായി തേനി വഴി തൂത്തുക്കുടിയിലെത്തിച്ച് കപ്പലിൽ ബ്രിട്ടനിലേക്കു കൊണ്ടുപോകുകയായിരുന്നു.

1924 ജൂലൈയിലുണ്ടായ മഹാപ്രളയത്തിലും (99 ലെ വെള്ളപ്പൊക്കം) ഉരുൾപൊട്ടലിലും മൂന്നാർ തകർന്നു നാമാവശേഷമായി. അന്ന് മൂന്നാറിൽ ഉണ്ടായിരുന്ന റെയിലും റോപ്‌വേയും നശിച്ചു. റെയിൽവേയും റോപ്‌വേയും നിർമിക്കാനുള്ള സാമഗ്രികൾ കൊണ്ടുപോകാൻ ഉണ്ടാക്കിയ റോഡ് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, പീണ്ടിമേട്, കുറത്തിക്കുടി, മാങ്കുളം വഴി മൂന്നാറിലെത്തുന്നതായിരുന്നു. പ്രളയത്തിൽ പീണ്ടിമേട് ഭാഗത്തെ കരിന്തിരി മലയിടിഞ്ഞ് റോഡ് ഇല്ലാതായതോടെ 1931-32 ഒക്ടോബറിൽ കോതമംഗലം, നേര്യമംഗലം വഴി മൂന്നാർ റോഡ് നിർമാണം പൂർത്തിയായി.
Previous Post Next Post