ലീന നായരും ഗബ്രിയേൽ കൊക്കോയും | Leena Nair and Gabriel Coco
ഫാഷൻ ലോകത്തെ ഇതിഹാസമെന്നാണ് ഗബ്രിയേൽ കൊക്കോ അറിയപ്പെടുന്നത്.1910 ൽ അവർ സ്ഥാപിച്ച ഷനേൽ എന്ന ബ്രാൻഡിന്റെ തലപ്പത്തേക്ക് പുതിയ മേധാവി എത്തുമ്പോൾ,കേരളത്തിനും സന്തോഷിക്കാൻ വകയുണ്ട്.
അവർ മലയാളിയാണ്.
ലീന നായർ.
ഈ നിയമനത്തോടെ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഗോള കമ്പനികളുടെ തലപ്പത്തെ ഉയർന്ന ചുമതലകൾ ഏറ്റെടുക്കുന്ന ഇന്ത്യക്കാരുടെ പട്ടികയിൽ ചേരുന്ന ഏറ്റവും പുതിയ ആളായി ലീന നായർ മാറി.
യൂണിലിവറിൽ ട്രെയിനിയായി കരിയർ ആരംഭിച്ച ലീന 30 കൊല്ലത്തോളം ഹിന്ദുസ്ഥാൻ ലിവറിലും മാതൃ കമ്പനിയായ യൂണിലിവറിലുമായി തുടർന്നു.
കരിയറിന്റെ തുടക്കത്തിൽ കൊൽക്കത്ത, തമിഴ്‌നാട്ടിലെ അമ്പത്തൂർ, മഹാരാഷ്ട്രയിലെ തലോജ എന്നിവിടങ്ങളിലെ എച്ച്‌യുഎല്ലിന്റെ വിവിധ ഫാക്ടറികളിൽ ജോലി ചെയ്ത അവർ യൂണിലിവറിൽ നിന്നുമാണ് ഷനേലിന്റെ തലപ്പത്തേക്ക് എത്തുന്നത്.
2016 ൽ യൂണിലിവറിന്റെ ഹ്യൂമൻ റിസോർസ് വിഭാഗം മേധാവിയായി അവർ സ്ഥാനമേൽക്കുമ്പോൾ ആ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ വനിത ആയിരുന്നു.ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ ആളായിരുന്നു.ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായിരുന്നു.
അതോടെ 100 രാജ്യങ്ങളിലായുള്ള 1.6 ലക്ഷം ജീവനക്കാരുടെ മേല്‍നോട്ടവും ലീനയുടെ ചുമതലയായി.
ആഗോള നിലവാരത്തിൽ കമ്പനിയിലെ ജീവനക്കാർക്ക് ശമ്പളം നൽകുവാനും ,ലിംഗ സമത്വം ഉറപ്പാക്കുന്നതിനും അവർ നടത്തിയ പ്രവർത്തനങ്ങൾ ബിസിനസ് ലോകത്ത് ഏറെ ശ്രദ്ധ നേടി.
‘എനിക്കൊരു കാര്യം ഉറപ്പാണ്, നീയൊരു മോശം എന്‍ജിയീയറായിരിക്കും. പക്ഷേ കാര്യങ്ങൾ മാനേജ് ചെയ്യുന്ന കാര്യത്തിൽ നിനക്ക് നിന്റേതായൊരു കഴിവുണ്ട്. മറ്റുള്ളവർക്കൊപ്പം നിന്നു പ്രവർത്തിക്കാനും നീ മിടുക്കിയാണ്'
എൻജിനിയറിങ് കോളേജിലെ പ്രൊഫസർമാരിലൊരാൾ പറഞ്ഞ ആ വാക്കുകളാണ്
ഇലെക്ട്രോണിക്സിലെ എൻജിനിയറിങ് ബിരുദം കയ്യിൽ വെച്ച് മാനേജമെന്റ് പഠിക്കാൻ തന്നെ പ്രേരിപ്പിച്ചത് എന്ന് ലീന പിന്നീട് പറഞ്ഞിട്ടുണ്ട്.
എല്ലാം പഠിക്കാൻ ,വളരാൻ,എന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം നൽകിയ സ്ഥാപനം എന്നാണ് അവർ ട്വീറ്റിൽ യൂണിലിവറിനെ വിശേഷിപ്പിച്ചത്.സുസ്ഥിരമായ ലോകമെന്ന യൂണിലിവറിന്റെ ലക്ഷ്യത്തിലേക്ക് ഷാനെലിൽ ആണെങ്കിൽ പോലും തന്റെ പിന്തുണ ഉണ്ടാകുമെന്നും അവർ കുറിക്കുന്നു.
ഫോർച്യുൺ മാഗസിനു 2021 ലെ കരുത്തുറ്റ വനിതയായി ലീനയെ തിരഞ്ഞെടുക്കുവാൻ രണ്ടാമതൊന്നു ആലോചിക്കുക പോലും വേണ്ടി വന്നില്ല.
ഒന്നാം ലോകയുദ്ധകാലത്ത് സ്ത്രീകൾക്കായിൻ ഒരുക്കിയ കറുത്ത ഗൗണുകളാണ് ഷാനെലിനെ പ്രശസ്തിയിലേക്ക് എത്തിക്കുന്നത്.
ഇരുപതാം നൂറ്റാണ്ടിലെ സ്ത്രീകളുടെ ഫാഷൻ സങ്കൽപ്പങ്ങളെ നിർണയിക്കുന്നതിൽ വലിയ പങ്ക് വഹിച്ച ഷാനെലിന്റെ ഇപ്പോഴത്തെ വിപണി മൂല്യം ഏകദേശം 75000 കോടി രൂപയാണ്
എന്നാൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഷാനെൽ കനത്ത വെല്ലുവിളികൾ നേരിടുന്നുണ്ട്.
പ്രതിസന്ധികളെ തരണം ചെയ്യുന്നതിൽ ഇന്ദ്ര നൂയിയെ മാതൃകയാക്കുന്ന ലീന നായർക്ക് വിജയത്തിലേക്കുള്ള ഷാനെൽ എന്ന പാതയും എളുപ്പം തന്നെയാവാനാണ് സാധ്യത.